2 ദിനവൃത്താന്തം 26:1-23

2 ദിനവൃത്താന്തം 26:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടുവന്ന് അവന്റെ അപ്പനായ അമസ്യാവിനു പകരം രാജാവാക്കി. രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദായ്ക്കു വീണ്ടുകൊണ്ടതും ഇവൻ തന്നെ. ഉസ്സീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവനു പതിനാറു വയസ്സായിരുന്നു. അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു യെഖൊല്യാ എന്നു പേർ. അവൾ യെരൂശലേംകാരത്തി ആയിരുന്നു. അവൻ തന്റെ അപ്പനായ അമസ്യാവ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തു. ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖര്യാവിന്റെ ആയുഷ്കാലത്ത് അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി. അവൻ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ്നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു. ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി അവനെ സഹായിച്ചു. അമ്മോന്യരും ഉസ്സീയാവിനു കാഴ്ച കൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ട് അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു. ഉസ്സീയാവ് യെരൂശലേമിൽ കോൺവാതിൽക്കലും താഴ്‌വരവാതിൽക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിത് ഉറപ്പിച്ചു. അവനു താഴ്‌വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട് അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവനു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു. ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിനു പുറപ്പെടും. യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകെത്തുക രണ്ടായിരത്തി അറുനൂറ്. അവരുടെ അധികാരത്തിൻകീഴിൽ ശത്രുക്കളുടെ നേരേ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറു പേരുള്ള ഒരു സൈന്യബലം ഉണ്ടായിരുന്നു. ഉസ്സീയാവ് അവർക്ക്, സർവസൈന്യത്തിനും തന്നെ, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല് എന്നിവ ഉണ്ടാക്കിക്കൊടുത്തു. അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വയ്ക്കേണ്ടതിനു കൗശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാൻ തക്കവണ്ണം അതിശയമായി അവനു സഹായം ലഭിച്ചതുകൊണ്ട് അവന്റെ ശ്രുതി ബഹുദൂരം പരന്നു. എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിനായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റംചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു. അസര്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എൺപതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തുചെന്ന് ഉസ്സീയാരാജാവിനെ തടുത്ത് അവനോട്: ഉസ്സീയാവേ, യഹോവയ്ക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാർക്കത്രേ; വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്ക്കൊൾക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നത്; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു. ധൂപം കാട്ടുവാൻ കൈയിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവ് കോപിച്ചു; അവൻ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയിൽതന്നെ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെവച്ചു പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിമേൽ കുഷ്ഠം പൊങ്ങി. മഹാപുരോഹിതനായ അസര്യാവും സകല പുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ട് അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ട് അവൻ തന്നെയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു. അങ്ങനെ ഉസ്സീയാരാജാവ് ജീവപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേൽവിചാരകനായി ദേശത്തിലെ ജനത്തിനു ന്യായപാലനം ചെയ്തുവന്നു. ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു. ഉസ്സീയാവ് അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവൻ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞ് അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവനു പകരം രാജാവായി.

2 ദിനവൃത്താന്തം 26:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹൂദ്യയിലെ ജനം പതിനാറു വയസ്സുള്ള ഉസ്സിയായെ പിതാവായ അമസ്യാക്കു പകരം രാജാവാക്കി. പിതാവിന്റെ മരണശേഷം ഉസ്സിയാ ഏലോത്ത് വീണ്ടെടുത്ത് പുതുക്കിപ്പണിത് യെഹൂദായോടു ചേർത്തു. വാഴ്ച ആരംഭിച്ചപ്പോൾ ഉസ്സിയായ്‍ക്ക് പതിനാറു വയസ്സായിരുന്നു; അമ്പത്തിരണ്ടു വർഷം അദ്ദേഹം യെരൂശലേമിൽ ഭരണം നടത്തി. യെരൂശലേംകാരി യെഖൊല്യ ആയിരുന്നു മാതാവ്. തന്റെ പിതാവ് അമസ്യായെപ്പോലെ ഉസ്സിയായും സർവേശ്വരനു ഹിതകരമായവിധം ജീവിച്ചു. ദൈവഭക്തിയിൽ ജീവിക്കാൻ തന്നെ അഭ്യസിപ്പിച്ച സെഖര്യായുടെ ജീവിതകാലം മുഴുവൻ ഉസ്സിയാ ദൈവഹിതം അന്വേഷിച്ചു. ആ കാലമത്രയും ദൈവം അദ്ദേഹത്തിന് ഐശ്വര്യം നല്‌കി. അദ്ദേഹം ഫെലിസ്ത്യരോടു യുദ്ധത്തിനു പുറപ്പെട്ടു. ഗത്ത്, യബ്നെ, അസ്തോദ് എന്നീ നഗരങ്ങളുടെ മതിലുകൾ തകർത്തു. അസ്തോദിലും ഫെലിസ്ത്യരുടെ മറ്റു സ്ഥലങ്ങളിലും അദ്ദേഹം നഗരങ്ങൾ നിർമ്മിച്ചു. ഫെലിസ്ത്യരോടും ഗുർ-ബാലിലുള്ള അറബികളോടും മെയൂന്യരോടും യുദ്ധം ചെയ്യാൻ ദൈവം അദ്ദേഹത്തെ സഹായിച്ചു. അമ്മോന്യർ ഉസ്സിയായ്‍ക്ക് കപ്പം കൊടുത്തു. അദ്ദേഹം അതിശക്തനായിത്തീർന്നു. അദ്ദേഹത്തിന്റെ കീർത്തി ഈജിപ്തുവരെ പരന്നു. കോൺവാതില്‌ക്കലും താഴ്‌വരവാതില്‌ക്കലും മതിൽ തിരിവിങ്കലും ഗോപുരങ്ങൾ പണിതു യെരൂശലേംനഗരം അദ്ദേഹം സുരക്ഷിതമാക്കി. അദ്ദേഹം മരുഭൂമിയിൽ ഗോപുരങ്ങൾ പണിയുകയും ധാരാളം കിണറുകൾ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനു താഴ്‌വരയിലും സമതലപ്രദേശത്തും ധാരാളം കന്നുകാലികൾ ഉണ്ടായിരുന്നു. കൃഷിയിൽ തല്പരനായിരുന്നതുകൊണ്ടു മലമ്പ്രദേശത്തും ഫലപുഷ്ടമായ സ്ഥലങ്ങളിലും കൃഷിക്കാരെയും മുന്തിരികൃഷിക്കാരെയും അദ്ദേഹം നിയമിച്ചു. യുദ്ധസജ്ജരായ ഒരു വലിയ സൈന്യം ഉസ്സിയാരാജാവിനുണ്ടായിരുന്നു. രാജാവിന്റെ സൈന്യാധിപന്മാരിൽ ഒരാളായ ഹനാനിയുടെ നിർദ്ദേശപ്രകാരം കാര്യവിചാരകനായ യെയീയേലും ഉദ്യോഗസ്ഥനായ മയശേയായും തയ്യാറാക്കിയ കണക്കനുസരിച്ച് പല ഗണങ്ങളായി സൈന്യത്തെ വിഭജിച്ചിരുന്നു. യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാർ രണ്ടായിരത്തറുനൂറു പേരായിരുന്നു. അവരുടെ ആജ്ഞയനുസരിച്ച് രാജാവിനുവേണ്ടി ശത്രുക്കളോടു ശക്തമായി പോരാടാൻ പ്രാപ്തരായ മൂന്നു ലക്ഷത്തി ഏഴായിരത്തഞ്ഞൂറു പേരടങ്ങുന്ന ഒരു വലിയ സൈന്യവുമുണ്ടായിരുന്നു. അവർക്കെല്ലാം പരിച, കുന്തം, ശിരോവസ്ത്രം, പടച്ചട്ട, വില്ല്, കവണക്കല്ല് എന്നിവ ഉസ്സിയാരാജാവ് ഒരുക്കിയിരുന്നു. ഗോപുരങ്ങളുടെയും കോട്ടകളുടെയും മുകളിൽനിന്ന് അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിക്കുന്നതിനുവേണ്ടി വിദഗ്ദ്ധന്മാർ രൂപകല്പന ചെയ്ത യന്ത്രങ്ങൾ അദ്ദേഹം ഉണ്ടാക്കി. സർവേശ്വരനിൽനിന്ന് അദ്ഭുതകരമായ സഹായം ലഭിച്ചതുകൊണ്ട് അദ്ദേഹം പ്രബലനായിത്തീരുകയും അദ്ദേഹത്തിന്റെ കീർത്തി വിദൂരദേശങ്ങളിൽ പരക്കുകയും ചെയ്തു. ശക്തനായിത്തീർന്നതോടെ അദ്ദേഹം അഹങ്കരിച്ചു; അത് അദ്ദേഹത്തിന്റെ നാശത്തിലേക്കു നയിച്ചു. തന്റെ ദൈവമായ സർവേശ്വരനോട് അവിശ്വസ്തമായി അദ്ദേഹം പെരുമാറി; യാഗപീഠത്തിൽ ധൂപം അർപ്പിക്കുന്നതിനു സർവേശ്വരന്റെ ആലയത്തിൽ അദ്ദേഹം പ്രവേശിച്ചു. ധീരന്മാരും സർവേശ്വരന്റെ പുരോഹിതന്മാരുമായ എൺപതു പേരോടൊത്ത് അസര്യാപുരോഹിതൻ അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. അവർ ഉസ്സിയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സിയായേ, സർവേശ്വരനു ധൂപം അർപ്പിക്കുന്നത് അങ്ങേക്കു ചേർന്നതല്ല; അഹരോൻവംശജരും ധൂപം കാട്ടുവാൻ പ്രത്യേകം വേർതിരിക്കപ്പെട്ടവരുമായ പുരോഹിതന്മാരുണ്ടല്ലോ; വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തുപോകൂ; അങ്ങ് ചെയ്തതു തെറ്റാണ്; ഇതുമൂലം ദൈവമായ സർവേശ്വരനിൽനിന്ന് ഒരു ബഹുമതിയും അങ്ങേക്ക് ലഭിക്കുകയില്ല.” ഉസ്സിയാ കുപിതനായി. ധൂപാർപ്പണത്തിനുവേണ്ടി അദ്ദേഹം ധൂപകലശം കൈയിൽ പിടിച്ചിരുന്നു. അദ്ദേഹം പുരോഹിതന്മാരോടു കോപിച്ചപ്പോൾ അവരുടെ സാന്നിധ്യത്തിൽ വച്ചുതന്നെ സർവേശ്വരന്റെ ആലയത്തിലെ ധൂപപീഠത്തിനരികെ നിന്നിരുന്ന ഉസ്സിയായുടെ നെറ്റിയിൽ കുഷ്ഠം ബാധിച്ചു. മുഖ്യപുരോഹിതനായ അസര്യായും മറ്റു പുരോഹിതന്മാരും അദ്ദേഹത്തെ സൂക്ഷിച്ചുനോക്കിയപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠം ബാധിച്ചിരിക്കുന്നതായി കണ്ടു. ഉടനെതന്നെ അദ്ദേഹത്തെ അവർ അവിടെനിന്നു പുറത്താക്കി. സർവേശ്വരൻ തന്നെ ശിക്ഷിച്ചതുകൊണ്ട് പുറത്തുകടക്കാൻ അദ്ദേഹവും തിടുക്കം കൂട്ടി. അങ്ങനെ ഉസ്സിയാരാജാവ് മരണംവരെ കുഷ്ഠരോഗിയായി ജീവിച്ചു. സർവേശ്വരന്റെ ആലയത്തിൽനിന്നു പുറത്താക്കപ്പെട്ടിരുന്നതിനാൽ ഒരു പ്രത്യേക ഭവനത്തിൽ അദ്ദേഹം പാർത്തു. അദ്ദേഹത്തിന്റെ പുത്രനായ യോഥാം കൊട്ടാരത്തിന്റെ ചുമതല വഹിക്കുകയും ദേശം ഭരിക്കുകയും ചെയ്തു. ഉസ്സിയായുടെ മറ്റു പ്രവർത്തനങ്ങൾ ആദ്യന്തം ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഉസ്സിയാ മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. “അദ്ദേഹം ഒരു കുഷ്ഠരോഗിയാണ്” എന്നു പറഞ്ഞു രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ പിതാക്കന്മാരുടെ കല്ലറകൾക്കു സമീപം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ യോഥാം പകരം രാജാവായി.

2 ദിനവൃത്താന്തം 26:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യെഹൂദാജനം എല്ലാവരും ചേർന്ന് പതിനാറു വയസ്സു പ്രായമുള്ള ഉസ്സീയാവിനെ അവന്‍റെ അപ്പനായ അമസ്യാവിനു പകരം രാജാവാക്കി. രാജാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്ത് പുതുക്കി പണിതതും അതിനെ യെഹൂദാ ദേശത്തോട് ചേർത്തതും ഉസ്സീയാവ് തന്നെ. ഉസ്സീയാവ് വാഴ്ച തുടങ്ങിയപ്പോൾ പതിനാറു വയസ്സായിരുന്നു. ഉസ്സീയാവ് അമ്പത്തിരണ്ട് വര്‍ഷം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയുടെ പേർ യെഖൊല്യാ എന്നായിരുന്നു. അവൾ യെരൂശലേംകാരത്തി ആയിരുന്നു. അവൻ തന്‍റെ അപ്പനായ അമസ്യാവ് തുടക്കത്തിൽ ചെയ്തതുപോലെ യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തു. ദൈവിക ദർശനം പ്രാപിച്ച സെഖര്യാവിന്‍റെ ആയുഷ്കാലത്ത് ഉസ്സിയാവിനെ ദൈവത്തെ അന്വേഷിപ്പാന്‍ പഠിപ്പിച്ചു, അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി. അവൻ പുറപ്പെട്ടു ഫെലിസ്ത്യരോട് യുദ്ധം ചെയ്തു ഗത്തിന്‍റെയും, യബ്നെയുടെയും, അസ്തോദിന്‍റെയും മതിലുകൾ ഇടിച്ചുകളഞ്ഞു; അസ്തോദ് ദേശത്തും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു. ദൈവം, ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും നേരെ അവനു വിജയം നൽകി. അമ്മോന്യരും ഉസ്സീയാവിന് കാഴ്ച കൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ട് അവന്‍റെ ശ്രുതി മിസ്രയീം വരെ പരന്നു. ഉസ്സീയാവ് യെരൂശലേമിൽ കോൺ വാതില്‍ക്കലും താഴ്വരവാതില്ക്കലും മതിൽ തിരിവിങ്കലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി. താഴ്വരയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട്, അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറുകളും കുഴിപ്പിച്ചു; കൃഷിയിൽ തത്പരനായിരുന്നതിനാൽ അവനു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു. കൂടാതെ ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ കാര്യവിചാരകനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്‍റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്‍റെ നേതൃത്വത്തിൽ യുദ്ധത്തിനു പുറപ്പെടും. യുദ്ധവീരന്മാരായ തലവന്മാർ ആകെ രണ്ടായിരത്തി അറുനൂറ് ആയിരുന്നു. അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിക്കുവാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്യുന്നവരായി മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് പേരുള്ള ഒരു സൈന്യം ഉണ്ടായിരുന്നു. ഉസ്സീയാവ് സർവ്വസൈന്യത്തിനും, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല്, എന്നിവ ഉണ്ടാക്കിക്കൊടുത്തു. അവൻ, അസ്ത്രങ്ങളും വലിയ കല്ലുകളും തൊടുക്കുവാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ കൗശലപ്പണിക്കാർ രൂപകൽപ്പന ചെയ്ത യന്ത്രങ്ങൾ, യെരൂശലേമിൽ സ്ഥാപിച്ചു; അവൻ പ്രബലനായിത്തീരുവാൻ തക്കവണ്ണം അതിശയകരമായി ദൈവിക സഹായം ലഭിച്ചതുകൊണ്ട് അവന്‍റെ ശ്രുതി എല്ലായിടത്തും പരന്നു. എന്നാൽ ബലവാനായപ്പോൾ അവന്‍റെ ഹൃദയം അവന്‍റെ നാശത്തിനായി നിഗളിച്ചു; അവൻ തന്‍റെ ദൈവമായ യഹോവയോട് പാപംചെയ്ത് ധൂപപീഠത്തിൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു. അസര്യാ പുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായ യഹോവയുടെ എൺപതു പുരോഹിതന്മാരും അവന്‍റെ പിന്നാലെ അകത്ത് ചെന്നു. ഉസ്സീയാ രാജാവിനെ വിലക്കി, അവനോട്: “ഉസ്സീയാവേ, യഹോവയ്ക്കു ധൂപം കാട്ടുന്നത് നിനക്കു അനുവദിച്ചിട്ടില്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട, അഹരോന്യരായ പുരോഹിതന്മാർ ഉണ്ടല്ലോ? നീ ലംഘനം ചെയ്തിരിക്കയാൽ വിശുദ്ധമന്ദിരത്തിൽ നിന്നു പുറത്ത് പോകുക; നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ മാനിക്കപ്പെടുകയില്ല” എന്നു പറഞ്ഞു. ധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവ് കോപിച്ചു; അവൻ പുരോഹിതന്മാരോട് കോപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്‍റെ അരികെ വച്ചു പുരോഹിതന്മാർ കാൺകെ അവന്‍റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി. മഹാപുരോഹിതനായ അസര്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്‍റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നത് കണ്ടിട്ട് അവനെ വേഗത്തിൽ അവിടെനിന്നു പുറത്താക്കി; യഹോവ അവനെ ശിക്ഷിച്ചതിനാൽ അവൻ തന്നെ പുറത്തു പോകുവാൻ ബദ്ധപ്പെട്ടു. അങ്ങനെ ഉസ്സീയാരാജാവ് മരണപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്ന് ഭ്രഷ്ടനായിരുന്നതിനാൽ ഒറ്റപ്പെട്ട ഒരു ഭവനത്തിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്‍റെ മകനായ യോഥാം രാജധാനിക്ക് മേൽവിചാരകനായി ദേശത്തിലെ ജനത്തിന് ന്യായപാലനം ചെയ്തുവന്നു. ഉസ്സീയാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു. ഉസ്സീയാവ് അവന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; “അവൻ കുഷ്ഠരോഗിയല്ലോ” എന്നു പറഞ്ഞ് അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്‍റെ പിതാക്കന്മാരോടൊപ്പം അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ യോഥാം അവനു പകരം രാജാവായി.

2 ദിനവൃത്താന്തം 26:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെഹൂദാജനമൊക്കെയും പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടു വന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി. രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ. ഉസ്സീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു. അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെഖൊല്യാ എന്നു പേർ. അവൾ യെരൂശലേംകാരത്തി ആയിരുന്നു. അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖര്യാവിന്റെ ആയുഷ്കാലത്തു അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി. അവൻ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു. ദൈവം പെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി അവനെ സഹായിച്ചു. അമ്മോന്യരും ഉസ്സീയാവിന്നു കാഴ്ചകൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ടു അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു. ഉസ്സീയാവു യെരൂശലേമിൽ കോൺവാതില്ക്കലും താഴ്‌വരവാതില്ക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിതു ഉറപ്പിച്ചു. അവന്നു താഴ്‌വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു. ഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും. യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു. അവരുടെ അധികാരത്തിൻകീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു. ഉസ്സീയാവു അവർക്കു, സർവ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു. അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വെക്കേണ്ടതിന്നു കൗശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു. എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു. അസര്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു: ഉസ്സീയാവേ, യഹോവെക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാർക്കത്രേ; വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്ക്കൊൾക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു. ധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവു കോപിച്ചു; അവൻ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയിൽ തന്നേ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെ വെച്ചു പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിമേൽ കുഷ്ഠം പൊങ്ങി. മഹാപുരോഹിതനായ അസര്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നേ ബാധിച്ചതുകൊണ്ടു അവൻ തന്നേയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു. അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേൽവിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു. ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു. ഉസ്സീയാവു അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവൻ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞു അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.

2 ദിനവൃത്താന്തം 26:1-23 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം യെഹൂദാജനമെല്ലാം ചേർന്ന് പതിനാറുവയസ്സുള്ള ഉസ്സീയാവിനെ അദ്ദേഹത്തിന്റെ പിതാവിന്റെ പിതാവായ അമസ്യാവിന്റെ സ്ഥാനത്തു രാജാവായി അവരോധിച്ചു. അമസ്യാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നശേഷം ഏലാത്ത് പുതുക്കിപ്പണിതതും അതിനെ യെഹൂദയ്ക്കായി വീണ്ടെടുത്തതും ഇദ്ദേഹമാണ്. ഉസ്സീയാവ് രാജാവാകുമ്പോൾ അദ്ദേഹത്തിനു പതിനാറുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിരണ്ടു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് യെഖൊല്യാ എന്നു പേരായിരുന്നു; അവൾ ജെറുശലേംകാരിയായിരുന്നു. തന്റെ പിതാവായ അമസ്യാവു ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായതു പ്രവർത്തിച്ചു. തന്നെ ദൈവഭയത്തിൽ അഭ്യസിപ്പിച്ച സെഖര്യാവിന്റെ ആയുഷ്കാലമെല്ലാം അദ്ദേഹം യഹോവയെ അന്വേഷിച്ചിരുന്നു; അക്കാലമത്രയും യഹോവ അദ്ദേഹത്തിനു വിജയം കൊടുക്കുകയും ചെയ്തു. ഉസ്സീയാവ് ഫെലിസ്ത്യർക്കെതിരേ യുദ്ധത്തിനു പുറപ്പെട്ടു; ഗത്ത്, യബ്നേഹ്, അശ്ദോദ് എന്നീ പട്ടണങ്ങൾ പിടിച്ച് അവയുടെ മതിലുകൾ തകർത്തുകളഞ്ഞു. അദ്ദേഹം അശ്ദോദിനു ചുറ്റുപാടും, ഫെലിസ്ത്യരുടെ ഇടയിൽ മറ്റിടങ്ങളിലും പട്ടണങ്ങൾ പണിതു. ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ താമസിച്ചിരുന്ന അറബികൾക്കും മെയൂന്യർക്കും എതിരായുള്ള യുദ്ധത്തിൽ ഉസ്സീയാവിനെ സഹായിച്ചു. അമ്മോന്യർ അദ്ദേഹത്തിനു കപ്പം കൊടുത്തിരുന്നു. ഉസ്സീയാവ് ഏറ്റവും ശക്തനായിത്തീർന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ കീർത്തി ഈജിപ്റ്റിന്റെ അതിർത്തിവരെയും പരന്നു. ഉസ്സീയാവ് ജെറുശലേമിൽ കോൺകവാടത്തിലും താഴ്വരവാതിൽക്കലും മതിലിന്റെ തിരിവിലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി. കുന്നിൻപ്രദേശങ്ങളിലും സമഭൂമിയിലും അദ്ദേഹത്തിനു വളരെയേറെ കാലിക്കൂട്ടങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം മരുഭൂമിയിൽ ഗോപുരങ്ങൾ പണിയിക്കുകയും അനേകം ജലസംഭരണികൾ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹം കൃഷിയിൽ അതീവ തത്പരനായിരുന്നതിനാൽ മലകളിലും താഴ്വരകളിലുമായി കർഷകരും മുന്തിരിത്തോപ്പുകളിൽ പണിചെയ്യുന്ന ജോലിക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു. ഏതു നിമിഷവും യുദ്ധത്തിനു പുറപ്പെടാൻ ഒരുക്കമുള്ള നല്ല തഴക്കം സിദ്ധിച്ച സൈന്യം ഉസ്സീയാവിന് ഉണ്ടായിരുന്നു. രാജാവിന്റെ സേനാപതികളിൽ ഒരാളായ ഹനന്യായുടെ നിർദേശമനുസരിച്ച് ലേഖകനായ യെയീയേലും ഉദ്യോഗസ്ഥനായ മയസേയാവുംകൂടി സൈനികരുടെ എണ്ണം തിട്ടപ്പെടുത്തി, ഗണംതിരിച്ച് രേഖപ്പെടുത്തി. പരാക്രമശാലികളായ പിതൃഭവനത്തലവന്മാരുടെ ആകെ എണ്ണം 2,600 ആയിരുന്നു. ശത്രുക്കൾക്കെതിരേ രാജാവിനെ സഹായിക്കാൻ, ഈ കുടുംബത്തലവന്മാരുടെ ആധിപത്യത്തിൽ ശിക്ഷണം നേടിയ 3,07,500 പേരുള്ള ശക്തമായ ഒരു സൈന്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുഴുവൻ സൈന്യത്തിനും ആവശ്യമായ പരിച, കുന്തം, ശിരോകവചം, പടച്ചട്ട, വില്ല്, കവിണക്കല്ല് എന്നിവയെല്ലാം ഉസ്സീയാവ് ഒരുക്കിക്കൊടുത്തു. ഗോപുരങ്ങളിലും മതിലിന്റെ മൂലക്കൊത്തളങ്ങളിലും സ്ഥാപിച്ച് ശത്രുക്കളുടെനേരേ അസ്ത്രങ്ങൾ എയ്യുന്നതിനും വലിയ കല്ലുകൾ ചുഴറ്റിയെറിയുന്നതിനും കൗശലവേലയിലെ വിദഗ്ദ്ധന്മാർ രൂപകൽപ്പനചെയ്ത യന്ത്രങ്ങൾ അദ്ദേഹം ജെറുശലേമിൽ ഉണ്ടാക്കിച്ചു. ഏറ്റവും പ്രബലനായിത്തീരുന്നതുവരെ അദ്ദേഹത്തിന് യഹോവയിൽനിന്ന് അത്ഭുതകരമായി സഹായം ലഭിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ കീർത്തി നാലുപാടും പരന്നു. എന്നാൽ പ്രബലനായിക്കഴിഞ്ഞപ്പോൾ ഉസ്സീയാവിനുണ്ടായ നിഗളം അദ്ദേഹത്തിന്റെ പതനത്തിനു വഴിതെളിച്ചു. അദ്ദേഹം തന്റെ ദൈവമായ യഹോവയോട് അവിശ്വസ്തനായിത്തീർന്നു. സുഗന്ധധൂപപീഠത്തിന്മേൽ സ്വയം ധൂപവർഗം കത്തിക്കുന്നതിനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു. അസര്യാപുരോഹിതനും യഹോവയുടെ പുരോഹിതന്മാരിൽ ധൈര്യശാലികളായ എൺപതുപേരും അദ്ദേഹത്തെ പിൻതുടർന്ന് അകത്തുകടന്നു. അവർ ഉസ്സീയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സീയാവേ, യഹോവയ്ക്കു ധൂപവർഗം കത്തിക്കുന്ന ശുശ്രൂഷ അങ്ങേക്കുള്ളതല്ല; അത് പുരോഹിതന്മാരും അഹരോന്റെ പിൻഗാമികളുമായ ശുദ്ധീകരിക്കപ്പെട്ടവർക്കു മാത്രമുള്ളതാണ്. അതിനാൽ അങ്ങ് വിശുദ്ധമന്ദിരം വിട്ടുപോകൂ; പാപംചെയ്തിരിക്കുന്നു. അതുകൊണ്ട് ദൈവമായ യഹോവയിൽനിന്ന് അങ്ങേക്കു ബഹുമതി ലഭിക്കുകയില്ല.” ധൂപവർഗം കത്തിക്കുന്നതിനുള്ള ധൂപകലശം കൈയിൽ ഉണ്ടായിരുന്ന ഉസ്സീയാവു കുപിതനായി. യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെമുമ്പിൽ പുരോഹിതന്മാരുടെനേരേ ക്രോധാവേശം പൂണ്ടുനിൽക്കുമ്പോൾ, അവരുടെ കണ്മുമ്പിൽവെച്ചുതന്നെ അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി. പുരോഹിതമുഖ്യനായ അസര്യാവും മറ്റെല്ലാ പുരോഹിതന്മാരും അദ്ദേഹത്തെ നോക്കിയപ്പോൾ, അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠമുള്ളതായിക്കണ്ടു. അവർ അദ്ദേഹത്തെ തിടുക്കത്തിൽ പുറത്താക്കി; യഹോവ തന്നെ ദണ്ഡിപ്പിച്ചിരിക്കുകയാൽ വളരെവേഗത്തിൽ പുറത്തുകടക്കാൻ അദ്ദേഹവും നിർബന്ധിതനായിരുന്നു. മരണപര്യന്തം ഉസ്സീയാവു കുഷ്ഠരോഗിയായിരുന്നു. യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്താക്കപ്പെട്ട്, കുഷ്ഠരോഗിയായ അദ്ദേഹം ഒരു പ്രത്യേക ഭവനത്തിൽ താമസിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം കൊട്ടാരത്തിന്റെ ചുമതലയേറ്റു; അദ്ദേഹമായിരുന്നു ദേശത്തു ഭരണംനടത്തിയിരുന്നത്. ഉസ്സീയാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ ആദ്യവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഉസ്സീയാവു നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. “അദ്ദേഹം കുഷ്ഠരോഗിയായിരുന്നല്ലോ,” എന്നു ജനം പറയുകയാൽ രാജാക്കന്മാരുടെ കല്ലറകൾക്കടുത്ത് അവരുടെതന്നെ വകയായ ഒരു ശ്മശാനഭൂമിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം അദ്ദേഹത്തിനുശേഷം രാജാവായി.