2 ദിനവൃത്താന്തം 24:1-27
2 ദിനവൃത്താന്തം 24:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മയ്ക്കു സിബ്യാ എന്നു പേർ. യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. യെഹോയാദാ അവനു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ മനസ്സുവച്ചു. അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോട്: യെഹൂദാനഗരങ്ങളിലേക്കു ചെന്ന് നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാൻ എല്ലാ യിസ്രായേലിലുംനിന്നു ദ്രവ്യം ശേഖരിപ്പിൻ; ഈ കാര്യം വേഗം നിവർത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിനു ബദ്ധപ്പെട്ടില്ല. ആകയാൽ രാജാവ് തലവനായ യെഹോയാദായെ വിളിപ്പിച്ച് അവനോട്: സാക്ഷ്യകൂടാരത്തിനു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവ് യെഹൂദായിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നത് എന്ത്? ദുഷ്ടസ്ത്രീയായ അഥല്യായുടെ പുത്രന്മാർ ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകല നിവേദിതങ്ങളെയും ബാൽവിഗ്രഹങ്ങൾക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ അവർ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ പുറത്തു വച്ചു. ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽവച്ച് യിസ്രായേലിന്മേൽ ചുമത്തിയ പിരിവു യഹോവയുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ യെഹൂദായിലും യെരൂശലേമിലും പരസ്യംചെയ്തു. സകല പ്രഭുക്കന്മാരും സർവജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവർ കൊണ്ടുവന്നു പെട്ടകത്തിൽ ഇട്ടു. ലേവ്യർ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാൽ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്ത് അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വയ്ക്കയും ചെയ്യും. ഇങ്ങനെ അവർ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു. രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവർക്കു കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരുമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വച്ചു. അങ്ങനെ പണിക്കാർ വേലചെയ്ത് അറ്റകുറ്റം തീർത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു. പണിതീർത്തിട്ടു ശേഷിച്ച ദ്രവ്യം അവർ രാജാവിന്റെയും യെഹോയാദായുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ടു യഹോവയുടെ ആലയംവകയ്ക്ക് ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷയ്ക്കായും ഹോമയാഗത്തിനായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നെ; അവർ യെഹോയാദായുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു. യെഹോയാദാ വയോധികനും കാലസമ്പൂർണനുമായി മരിച്ചു; മരിക്കുമ്പോൾ അവനു നൂറ്റിമുപ്പതു വയസ്സായിരുന്നു; അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ട് അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കംചെയ്തു. യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവ് അവരുടെ വാക്കു കേട്ടു. അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ട് യെഹൂദായുടെമേലും യെരൂശലേമിന്മേലും കോപം വന്നു. അവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോടു സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല. എന്നാറെ ദൈവത്തിന്റെ ആത്മാവ് യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യാവിന്റെമേൽ വന്നു; അവൻ ജനത്തിനെതിരേ നിന്ന് അവരോടു പറഞ്ഞത്: ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശുഭം വരുവാൻ കഴിയാതവണ്ണം നിങ്ങൾ യഹോവയുടെ കല്പനകളെ ലംഘിക്കുന്നത് എന്ത്? നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു. എന്നാൽ അവർ അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവച്ച് അവനെ കല്ലെറിഞ്ഞു. അങ്ങനെ യോവാശ്‍രാജാവ് അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവൻ മരിക്കുമ്പോൾ: യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. ആയാണ്ടു കഴിഞ്ഞപ്പോൾ അരാമ്യസൈന്യം അവന്റെ നേരേ പുറപ്പെട്ടു; അവർ യെഹൂദായിലും യെരൂശലേമിലും വന്നു ജനത്തിന്റെ സകല പ്രഭുക്കന്മാരെയും ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിച്ചു കൊള്ളയൊക്കെയും ദമ്മേശെക് രാജാവിനു കൊടുത്തയച്ചു. അരാമ്യസൈന്യം ആൾ ചുരുക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കൈയിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോട് അവർ ന്യായവിധി നടത്തി. അവർ അവനെ വിട്ടുപോയ ശേഷം-മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയത്- യെഹോയാദാപുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്ത ഭൃത്യന്മാർ അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽവച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ലതാനും. അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും തന്നെ. അവന്റെ പുത്രന്മാരുടെയും അവനു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവാലയം അറ്റകുറ്റം തീർത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവ് അവനു പകരം രാജാവായി.
2 ദിനവൃത്താന്തം 24:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏഴാമത്തെ വയസ്സിൽ യോവാശ് രാജാവായി. നാല്പതു വർഷം അദ്ദേഹം യെരൂശലേമിൽ ഭരണം നടത്തി. അദ്ദേഹത്തിന്റെ മാതാവ് ബേർ-ശേബക്കാരി സിബ്യാ ആയിരുന്നു. യെഹോയാദപുരോഹിതന്റെ ജീവിതകാലമത്രയും യോവാശ് സർവേശ്വരനു ഹിതകരമായി വർത്തിച്ചു. യെഹോയാദ രണ്ടു സ്‍ത്രീകളെ തിരഞ്ഞെടുത്തു രാജാവിനു ഭാര്യമാരായി നല്‌കി. അദ്ദേഹത്തിന് അവരിൽ പുത്രന്മാരും പുത്രിമാരും ജനിച്ചു. ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ യോവാശ് തീരുമാനിച്ചു. അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “നിങ്ങൾ യെഹൂദാനഗരങ്ങളിൽ ചെന്ന് ഇസ്രായേൽജനത്തിൽനിന്ന് നിങ്ങളുടെ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ ആണ്ടുതോറും നടത്തുന്നതിന് ആവശ്യമായ പണം ശേഖരിക്കുക. ഇക്കാര്യം നിങ്ങൾ അടിയന്തരമായി ചെയ്യണം.” എന്നാൽ ലേവ്യർ അതിൽ അത്ര തിടുക്കം കാട്ടിയില്ല. അതുകൊണ്ടു രാജാവ് അവരുടെ നേതാവായ യെഹോയാദയെ വിളിപ്പിച്ചു ചോദിച്ചു: “തിരുസാന്നിധ്യകൂടാരത്തിനുവേണ്ടി സർവേശ്വരന്റെ ദാസനായ മോശ ഇസ്രായേൽ സമൂഹത്തിന്മേൽ ചുമത്തിയിരുന്ന നികുതി യെഹൂദ്യയിൽനിന്നും യെരൂശലേമിൽനിന്നും പിരിച്ചെടുക്കാൻ ലേവ്യരോടു താങ്കൾ ആവശ്യപ്പെടാത്തതെന്ത്?” ദുഷ്ടയായ അഥല്യായുടെ പുത്രന്മാർ ദേവാലയത്തിനു നാശം വരുത്തുകയും അതിനുള്ളിലെ നിവേദിതവസ്തുക്കൾ ബാൽദേവന്റെ ആരാധനയ്‍ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. രാജകല്പനയനുസരിച്ച് ഒരു പെട്ടിയുണ്ടാക്കി സർവേശ്വരന്റെ ആലയവാതില്‌ക്കൽ പുറത്തു വച്ചു. ദൈവത്തിന്റെ ദാസനായ മോശ മരുഭൂമിയിൽ വച്ച് ഇസ്രായേലിന്റെമേൽ ചുമത്തിയിരുന്ന നികുതി സർവേശ്വരനു നല്‌കണമെന്ന് യെഹൂദ്യയിലും യെരൂശലേമിലും വിളംബരം ചെയ്തു. സകല പ്രഭുക്കന്മാരും ജനങ്ങളും സന്തോഷപൂർവം തങ്ങളുടെ നികുതി പെട്ടി നിറയുവോളം നിക്ഷേപിച്ചു. രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ ലേവ്യർ പെട്ടി കൊണ്ടുവരുമ്പോൾ അതു നിറഞ്ഞിരിക്കുന്നതായി കണ്ടാൽ രാജാവിന്റെ കാര്യവിചാരകനും മുഖ്യപുരോഹിതന്റെ ഉദ്യോഗസ്ഥനും കൂടി പണമെടുത്തശേഷം പെട്ടി യഥാസ്ഥാനത്തു കൊണ്ടുചെന്നു വയ്‍ക്കും. ദിവസേന ഇങ്ങനെ അവർ ധാരാളം പണം ശേഖരിച്ചു. രാജാവും യെഹോയാദയും ആ പണം സർവേശ്വരന്റെ ആലയത്തിലെ പണിയുടെ ചുമതലക്കാരെ ഏല്പിച്ചു. അവർ സർവേശ്വരമന്ദിരത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനു കല്പണിക്കാരെയും മരപ്പണിക്കാരെയും ഇരുമ്പും ഓടുംകൊണ്ടു പണിയുന്നവരെയും ഏർപ്പെടുത്തി. അവർ അത്യധ്വാനം ചെയ്തു ദേവാലയത്തിന്റെ കേടുപാടുകൾ തീർത്തു. അങ്ങനെ ദേവാലയം പൂർവസ്ഥിതിയിൽ ബലവത്തായിത്തീർന്നു. പണി തീർത്തശേഷം ബാക്കിയുണ്ടായിരുന്ന പണം അവർ രാജാവിന്റെയും യെഹോയാദയുടെയും അടുത്തു കൊണ്ടുവന്നു. അതുപയോഗിച്ചു ദേവാലയത്തിലെ ശുശ്രൂഷയ്‍ക്കും ഹോമയാഗത്തിനും ധൂപാർപ്പണത്തിനും ആവശ്യമായ ഉപകരണങ്ങൾ, വെള്ളിയും പൊന്നും കൊണ്ടുള്ള പാത്രങ്ങൾ എന്നിവ നിർമ്മിച്ചു. യെഹോയാദയുടെ ജീവിതകാലമത്രയും സർവേശ്വരന്റെ ആലയത്തിൽ മുടക്കം കൂടാതെ ഹോമയാഗം അർപ്പിച്ചുവന്നു. യെഹോയാദപുരോഹിതൻ പൂർണവാർധക്യത്തിലെത്തി മരിച്ചു; മരിക്കുമ്പോൾ അദ്ദേഹത്തിനു നൂറ്റിമുപ്പതു വയസ്സായിരുന്നു. ഇസ്രായേലിൽ ദൈവത്തിനും അവിടുത്തെ ആലയത്തിനുംവേണ്ടി ധാരാളം നന്മ പ്രവർത്തിച്ചതുകൊണ്ടു ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ കല്ലറയിൽ അദ്ദേഹത്തെ സംസ്കരിച്ചു. യെഹോയാദയുടെ മരണത്തിനുശേഷം യെഹൂദാപ്രഭുക്കന്മാർ രാജാവിനെ സമീപിച്ച് അഭിവാദനങ്ങൾ അർപ്പിച്ചു. അവർ പറഞ്ഞതു രാജാവ് ശ്രദ്ധിച്ചു. അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരന്റെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ആരാധിച്ചു. അവരുടെ ഈ ദുഷ്കൃത്യങ്ങൾ മൂലം ദൈവകോപം യെഹൂദായുടെയും യെരൂശലേമിന്റെയുംമേൽ വന്നു. സർവേശ്വരനിലേക്കു ജനത്തെ മടക്കിക്കൊണ്ടുവരാൻ അവിടുന്നു പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു. അവർ ജനത്തിന്റെ അകൃത്യം തുറന്നുകാട്ടി. എന്നാൽ ജനം അവർ പറഞ്ഞതു ശ്രദ്ധിച്ചില്ല. അപ്പോൾ ദൈവത്തിന്റെ ആത്മാവ് യെഹോയാദപുരോഹിതന്റെ പുത്രൻ സെഖര്യായിൽ വന്നു. ജനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു: “ദൈവം അരുളിച്ചെയ്യുന്നു, നിങ്ങൾക്ക് അധഃപതനം ഉണ്ടാകത്തക്കവിധം ദൈവകല്പനകൾ ലംഘിക്കുന്നതെന്ത്? നിങ്ങൾ സർവേശ്വരനെ ഉപേക്ഷിച്ചതുകൊണ്ട് അവിടുന്ന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.” എന്നാൽ അവർ സെഖര്യാക്ക് എതിരെ ഗൂഢാലോചന നടത്തി; രാജകല്പനപ്രകാരം അദ്ദേഹത്തെ ദേവാലയാങ്കണത്തിൽവച്ചു കല്ലെറിഞ്ഞു കൊന്നു. യെഹോയാദ തന്നോടു കാട്ടിയ കാരുണ്യം വിസ്മരിച്ച രാജാവ് യെഹോയാദയുടെ പുത്രൻ സെഖര്യായെ വധിച്ചു. മരിക്കുമ്പോൾ സെഖര്യാ പറഞ്ഞു: “സർവേശ്വരൻ ഇതിനു നിങ്ങളോടു പ്രതികാരം ചെയ്യട്ടെ.” ആ വർഷത്തിന്റെ അവസാനത്തിൽ സിറിയൻ സൈന്യം യോവാശിനെതിരെ വന്നു യെഹൂദ്യയും യെരൂശലേമും ആക്രമിച്ചു. അവർ പ്രഭുക്കന്മാരെ വധിക്കയും അവരുടെ സമ്പത്തു കൊള്ളയടിച്ചു സിറിയായിലെ രാജാവിന് അയച്ചുകൊടുക്കുകയും ചെയ്തു. സിറിയൻ സൈന്യം എണ്ണത്തിൽ കുറവായിരുന്നെങ്കിലും സർവേശ്വരൻ യെഹൂദായുടെ വലിയ സൈന്യത്തെ അവരുടെ കൈയിൽ ഏല്പിച്ചു കൊടുത്തു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ അവർ ഉപേക്ഷിച്ചുവല്ലോ. അങ്ങനെ അവർ യോവാശിന്റെമേൽ ന്യായവിധി നടത്തി. ദാരുണമായി മുറിവേറ്റു കിടന്ന രാജാവിനെ അവർ ഉപേക്ഷിച്ചുപോയി. സ്വന്തഭൃത്യന്മാർ തന്നെ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി കിടക്കയിൽ വച്ചു അദ്ദേഹത്തെ വധിച്ചു. അങ്ങനെ യോവാശ് യെഹോയാദപുരോഹിതന്റെ പുത്രനെ വധിച്ചതിന് അവർ പകരം വീട്ടി. യോവാശ് മരിച്ചു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ അല്ല അദ്ദേഹത്തെ അടക്കം ചെയ്തത്. അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയത് അമ്മോന്യയായ ശിമെയാത്തിന്റെ പുത്രൻ സാബാദും മോവാബ്യയായ ശിമ്രീത്തിന്റെ പുത്രൻ യെഹോസാബാദും ആയിരുന്നു. യോവാശിന്റെ പുത്രന്മാരുടെ പ്രവർത്തനങ്ങളും അവനെതിരെയുള്ള അരുളപ്പാടുകളും ദേവാലയം കേടുപാടുകൾ തീർത്തതിന്റെ വിവരണങ്ങളും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യോവാശിന്റെ പുത്രൻ അമസ്യാ പകരം രാജാവായി.
2 ദിനവൃത്താന്തം 24:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഏഴു വയസ്സായിരുന്നു; അവൻ നാല്പത് വര്‍ഷം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്‍റെ അമ്മയുടെ പേര് സിബ്യാ എന്നായിരുന്നു. യെഹോയാദാ പുരോഹിതൻ ജീവിച്ചിരുന്ന കാലത്തൊക്കെയും യോവാശ് യഹോവയ്ക്കു പ്രസാദമുള്ളത് ചെയ്തു. യെഹോയാദാ അവന് രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ച് കൊടുത്തു; അവന് പുത്രന്മാരും പുത്രിമാരും ജനിച്ചു. അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ മനസ്സുവച്ചു. അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോട്: “യെഹൂദാനഗരങ്ങളിലേക്കു ചെന്നു ആണ്ടുതോറും നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിന്‍റെ അറ്റകുറ്റം തീർക്കുവാൻ യിസ്രായേൽ ജനത്തിൽനിന്ന് പണം ശേഖരിപ്പിൻ; ഈ കാര്യം വേഗം നിവർത്തിക്കേണം” എന്നു കല്പിച്ചു. ലേവ്യരോ അതിനു ബദ്ധപ്പെട്ടില്ല. ആകയാൽ രാജാവ് പുരോഹിതന്മാരുടെ തലവനായ യെഹോയാദായെ വിളിപ്പിച്ച് അവനോട്: “സാക്ഷ്യകൂടാരത്തിന് യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവ് യെഹൂദയിൽനിന്നും യെരൂശലേമിൽ നിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നത് എന്ത്? ദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാർ ദൈവാലയത്തിലേക്ക് അതിക്രമിച്ച് കടന്ന്, യഹോവയുടെ ആലയത്തിലെ സകലനിവേദിത വസ്തുക്കളേയും ബാല്‍ വിഗ്രഹങ്ങൾക്ക് അർപ്പിച്ചുവല്ലോ” എന്നു പറഞ്ഞു. അങ്ങനെ അവർ രാജകല്പനപ്രകാരം ഒരു പണപ്പെട്ടി ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ പുറത്തു വച്ചു. ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽ വച്ചു യിസ്രായേൽജനത്തിന്മേൽ ചുമത്തിയ പിരിവ് യഹോവയുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു. സകലപ്രഭുക്കന്മാരും സർവ്വജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവർ കൊണ്ടുവന്നത് പണപ്പെട്ടിയിൽ നിക്ഷേപിച്ചു. ലേവ്യർ പണപ്പെട്ടി എടുത്ത് രാജാവിന്‍റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുമ്പോൾ പണം വളരെ ഉണ്ടെന്ന് കണ്ടാൽ രാജാവിന്റെ കാര്യവിചാരകനും മഹാപുരോഹിതന്‍റെ കാര്യസ്ഥനും വന്ന് പെട്ടി ഒഴിക്കയും വീണ്ടും അതിന്‍റെ സ്ഥലത്ത് കൊണ്ടുചെന്ന് വെക്കുകയും ചെയ്യും. ഇങ്ങനെ അവർ ദിവസംപ്രതി ചെയ്കയും ധാരാളം പണം ശേഖരിക്കയും ചെയ്തു. രാജാവും യെഹോയാദായും അത് യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവർക്ക് കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരിമ്പും താമ്രവുംകൊണ്ട് പണിചെയ്യുന്നവരെയും കൂലിക്കു വച്ചു. അങ്ങനെ പണിക്കാർ വേലചെയ്ത് കേടുപാടുകൾ തീർത്ത് ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു. പണിതീർത്തിട്ട് ശേഷിച്ച പണം അവർ രാജാവിന്റെയും യെഹോയാദായുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ട് യഹോവയുടെ ആലയത്തിലേക്ക് ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷക്കും ഹോമയാഗത്തിനുമുള്ള ഉപകരണങ്ങളും, തവികളും, പൊന്നും, വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നെ; അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു. യെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവനു നൂറ്റിമുപ്പത് വയസ്സായിരുന്നു. അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ട് അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു. യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്ന് രാജാവിനെ വണങ്ങി; രാജാവ് അവരുടെ വാക്കു കേട്ടു. അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായി യെഹൂദയുടെയും യെരൂശലേമിന്‍റെയും മേൽ ദൈവകോപം വന്നു. എങ്കിലും അവരെ യഹോവയിലേക്ക് തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോട് സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല. അപ്പോൾ ദൈവത്തിന്റെ ആത്മാവ് യെഹോയാദാ പുരോഹിതന്‍റെ മകനായ സെഖര്യാവിന്റെ മേൽ വന്നു; അവൻ ജനത്തിന്നെതിരെ നിന്ന് അവരോട് പറഞ്ഞത്: “ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്ക് നന്മ വരുവാൻ കഴിയാതെ നിങ്ങൾ യഹോവയുടെ കല്പനകൾ ലംഘിക്കുന്നത് എന്ത്? നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.” എന്നാൽ അവർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്‍റെ പ്രാകാരത്തിൽ വച്ചു അവനെ കല്ലെറിഞ്ഞു. അങ്ങനെ യോവാശ് രാജാവ് അവന്‍റെ അപ്പനായ യെഹോയാദാ തന്നോട് കാണിച്ച ദയ ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവൻ മരിക്കുമ്പോൾ: “യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു. ആ വർഷം കഴിഞ്ഞപ്പോൾ അരാമ്യസൈന്യം അവന്റെ നേരെ പുറപ്പെട്ടു; അവർ യെഹൂദയിലും യെരൂശലേമിലും വന്ന് ജനത്തിന്‍റെ ഇടയിൽനിന്ന് സകലപ്രഭുക്കന്മാരെയും നശിപ്പിച്ച് കൊള്ളവസ്തുക്കൾ ദമ്മേശെക് രാജാവിനു കൊടുത്തയച്ചു. അരാമ്യസൈന്യം എണ്ണത്തിൽ ചുരുക്കമായിരുന്നെങ്കിലും യഹോവ അവരുടെ കയ്യിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോട് അവർ ന്യായവിധി നടത്തി. അവർ അവനെ വിട്ടുപോയ ശേഷം - കഠിനമായി മുറിവേറ്റ നിലയിലായിരുന്നു അവനെ വിട്ടേച്ചുപോയത് യെഹോയാദാ പുരോഹിതന്‍റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്തഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽവച്ച് കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ല. അവന്‍റെനേരെ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും തന്നെ. അവന്റെ പുത്രന്മാരുടെയും, അവന് വിരോധമായുള്ള അനേക പ്രവചനങ്ങളുടെയും, ദൈവാലയം കേടുപാട് തീർത്തതിന്‍റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവ് അവനു പകരം രാജാവായി.
2 ദിനവൃത്താന്തം 24:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ. യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. യെഹോയാദാ അവന്നു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ മനസ്സുവെച്ചു. അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു: യെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാൻ എല്ലായിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിൻ; ഈ കാര്യം വേഗം നിവർത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല. ആകയാൽ രാജാവു തലവനായ യെഹോയാദയെ വിളിപ്പിച്ചു അവനോടു: സാക്ഷ്യകൂടാരത്തിന്നു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവു യെഹൂദയിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നതു എന്തു? ദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാർ ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകലനിവേദിതങ്ങളെയും ബാൽവിഗ്രഹങ്ങൾക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ അവർ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ പുറത്തു വെച്ചു. ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽ വെച്ചു യിസ്രായേലിന്മേൽ ചുമത്തിയ പിരിവു യഹോവയുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു. സകലപ്രഭുക്കന്മാരും സർവ്വജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവർ കൊണ്ടുവന്നു പെട്ടകത്തിൽ ഇട്ടു. ലേവ്യർ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാൽ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്തു അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. ഇങ്ങനെ അവർ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു. രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവർക്കു കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരിമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വെച്ചു. അങ്ങനെ പണിക്കാർ വേല ചെയ്തു അറ്റകുറ്റം തീർത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു. പണിതീർത്തിട്ടു ശേഷിച്ച ദ്രവ്യം അവർ രാജാവിന്റെയും യെഹോയാദയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ടു യഹോവയുടെ ആലയം വകെക്കു ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷെക്കായും ഹോമയാഗത്തിന്നായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു. യെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു. അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ടു അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു. യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു. അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ചു അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ടു യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം വന്നു. അവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോടു സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല. എന്നാറെ ദൈവത്തിന്റെ ആത്മാവു യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യാവിന്റെ മേൽ വന്നു; അവൻ ജനത്തിന്നെതിരെ നിന്നു അവരോടു പറഞ്ഞതു: ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശുഭം വരുവാൻ കഴിയാതവണ്ണം നിങ്ങൾ യഹോവയുടെ കല്പനകളെ ലംഘിക്കുന്നതു എന്തു? നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു. എന്നാൽ അവർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവെച്ചു അവനെ കല്ലെറിഞ്ഞു. അങ്ങനെ യോവാശ്‌രാജാവു അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവൻ മരിക്കുമ്പോൾ: യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. ആയാണ്ടു കഴിഞ്ഞപ്പോൾ അരാമ്യസൈന്യം അവന്റെ നേരെ പുറപ്പെട്ടു; അവർ യെഹൂദയിലും യെരൂശലേമിലും വന്നു ജനത്തിന്റെ സകലപ്രഭുക്കന്മാരെയും ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിച്ചു കൊള്ള ഒക്കെയും ദമ്മേശെക്‌രാജാവിന്നു കൊടുത്തയച്ചു. അരാമ്യസൈന്യം ആൾ ചുരൂക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കയ്യിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോടു അവർ ന്യായവിധി നടത്തി. അവർ അവനെ വിട്ടുപോയ ശേഷം -മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയതു- യെഹോയാദാപുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്തഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽവെച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ലതാനും. അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും തന്നേ. അവന്റെ പുത്രന്മാരുടെയും അവന്നു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവലായം അറ്റകുറ്റം തീർത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായി.
2 ദിനവൃത്താന്തം 24:1-27 സമകാലിക മലയാളവിവർത്തനം (MCV)
യോവാശിന് ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി. അദ്ദേഹം നാൽപ്പതുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേരു സിബ്യാ എന്നായിരുന്നു; അവൾ ബേർ-ശേബാക്കാരി ആയിരുന്നു. യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തെല്ലാം യോവാശ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. അദ്ദേഹം യോവാശിനുവേണ്ടി രണ്ടു ഭാര്യമാരെ തെരഞ്ഞെടുത്തിരുന്നു; യോവാശിന് പുത്രന്മാരും പുത്രിമാരും ഉണ്ടായിരുന്നു. അൽപ്പകാലം കഴിഞ്ഞ് യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിക്കാൻ തീരുമാനിച്ചു. അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു പറഞ്ഞു: “നിങ്ങൾ യെഹൂദാനഗരങ്ങളിൽചെന്ന് ദൈവത്തിന്റെ ആലയത്തിന്റെ കേടുപാടുകൾ പോക്കുന്നതിന് എല്ലാ ഇസ്രായേലും ആണ്ടുതോറും കൊടുക്കേണ്ടതായ ദ്രവ്യം ശേഖരിക്കുക! ഇക്കാര്യം വേഗം നിർവഹിക്കുക.” എന്നാൽ ലേവ്യർ വേഗത്തിൽ ഈ കാര്യം ചെയ്തില്ല. അതിനാൽ രാജാവ് പുരോഹിതമുഖ്യനായ യെഹോയാദായെ വരുത്തി അദ്ദേഹത്തോടു ചോദിച്ചു: “ഉടമ്പടിയുടെ കൂടാരത്തിനുവേണ്ടി യഹോവയുടെ ദാസനായ മോശയും ഇസ്രായേലിന്റെ സർവസഭയും ചുമത്തിയ കരം യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും പിരിച്ചെടുത്തുകൊണ്ടുവരാൻ അങ്ങ് ലേവ്യരോട് ആവശ്യപ്പെടാത്തതെന്ത്?” ആ ദുഷ്ടസ്ത്രീ അഥല്യയുടെ പുത്രന്മാർ ദൈവത്തിന്റെ മന്ദിരത്തിൽ അതിക്രമിച്ചുകടന്ന് യഹോവയുടെ ആലയത്തിലെ വിശുദ്ധവസ്തുക്കൾപോലും ബാലിനുവേണ്ടി ഉപയോഗിച്ചിരുന്നു. രാജകൽപ്പനയനുസരിച്ച് അവർ ഒരു കാണിക്കവഞ്ചിയുണ്ടാക്കി യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ പുറത്തുവെച്ചു. ദൈവദാസനായ മോശ മരുഭൂമിയിൽവെച്ച് ഇസ്രായേലിന്മേൽ ചുമത്തിയിരുന്ന കരം സകല യെഹൂദാനിവാസികളും ജെറുശലേമ്യരും കൊണ്ടുവന്ന് യഹോവയ്ക്കു നൽകണം എന്ന് ഒരു വിളംബരവും ഇറക്കി. സകലപ്രഭുക്കന്മാരും ജനങ്ങളും സന്തോഷപൂർവം തങ്ങളുടെ വിഹിതം കൊണ്ടുവന്ന് ആ വഞ്ചി നിറയുന്നതുവരെ നിക്ഷേപിച്ചു. വഞ്ചിയിൽ ധാരാളം പണം വീണു എന്നു കാണുമ്പോൾ ലേവ്യർ അതെടുത്ത് രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുത്തുകൊണ്ടുവരും. അപ്പോഴൊക്കെ രാജാവിന്റെ ലേഖകനും പുരോഹിതമുഖ്യന്റെ കാര്യസ്ഥനുംകൂടി വഞ്ചി ഒഴിച്ചശേഷം പൂർവസ്ഥാനത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. അവർ ദിനംപ്രതി ഈ വിധം ചെയ്യുമായിരുന്നു; അങ്ങനെ വളരെ വലിയൊരു തുക സമാഹരിക്കുകയും ചെയ്തു. ഈ ദ്രവ്യം രാജാവും യെഹോയാദാ പുരോഹിതനുംകൂടി, യഹോവയുടെ ആലയത്തിൽ ആവശ്യമായ പണികൾ ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നവരെ ഏൽപ്പിച്ചു. അവർ യഹോവയുടെ ആലയം പുനരുദ്ധരിക്കുന്നതിന് കൽപ്പണിക്കാരെയും മരപ്പണിക്കാരെയും കൂലിക്കെടുത്തു; കൂടാതെ, ഇരുമ്പും വെങ്കലവുംകൊണ്ടു പണിചെയ്യുന്ന ആളുകളെയും അവർ നിയോഗിച്ചു. പണിയുടെ ചുമതലക്കാർ കഠിനാധ്വാനശീലമുള്ളവരായിരുന്നു. അവരുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിച്ചു. അവർ ദൈവാലയത്തെ ആദ്യത്തെ രൂപകൽപ്പനകൾക്കനുസൃതമായി പുനരുദ്ധരിച്ചു ബലപ്പെടുത്തി. പണികളെല്ലാം തീർത്തുകഴിഞ്ഞപ്പോൾ അവർ അധികമുള്ള പണം രാജാവിന്റെയും യെഹോയാദാ പുരോഹിതന്റെയും മുമ്പാകെ സമർപ്പിച്ചു. ആ പണംകൊണ്ട് യഹോവയുടെ ആലയത്തിൽവേണ്ടതായ സാധനസാമഗ്രികൾ ഉണ്ടാക്കി. ആരാധനയ്ക്കും ഹോമയാഗങ്ങൾക്കും വേണ്ടതായ ഉപകരണങ്ങൾ, സ്വർണവും വെള്ളിയുംകൊണ്ടുള്ള തളികകളും മറ്റു സാധനങ്ങളും എല്ലാം ആ പണംകൊണ്ടുണ്ടാക്കി. യെഹോയാദാപുരോഹിതന്റെ ജീവിതകാലംമുഴുവൻ യഹോവയുടെ ആലയത്തിൽ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗങ്ങൾ അർപ്പിക്കപ്പെട്ടിരുന്നു. യെഹോയാദാ വൃദ്ധനും കാലസമ്പൂർണനുമായി നൂറ്റിമുപ്പതാമത്തെ വയസ്സിൽ മരിച്ചു. ഇസ്രായേലിൽ, ദൈവത്തിനും അവന്റെ ജനങ്ങൾക്കുംവേണ്ടി അദ്ദേഹം ചെയ്ത നന്മകളെ പരിഗണിച്ച് അവർ അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരോടൊപ്പം സംസ്കരിച്ചു. യെഹോയാദായുടെ മരണശേഷം യെഹൂദ്യയിൽനിന്നുള്ള ഉദ്യോഗസ്ഥന്മാർ വന്ന് രാജാവിനെ വണങ്ങി. അദ്ദേഹം അവർക്കു ചെവികൊടുക്കുകയും ചെയ്തു. അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെ ഉപേക്ഷിച്ചുചെന്ന് അശേരാപ്രതിഷ്ഠകളെയും ബിംബങ്ങളെയും ആരാധിച്ചു. അവരുടെ ഈ കുറ്റംനിമിത്തം ദൈവകോപം യെഹൂദ്യയുടെയും ജെറുശലേമിന്റെയുംമേൽ പതിച്ചു. അവരെ തിരികെ വരുത്താനായി യഹോവ അവരുടെ ഇടയിലേക്കു പ്രവാചകന്മാരെ അയയ്ക്കുകയും ആ പ്രവാചകന്മാർ അവർക്കെതിരേ സാക്ഷ്യം പറയുകയും ചെയ്തെങ്കിലും അവർ ചെവിക്കൊണ്ടില്ല. യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു. അദ്ദേഹം ജനത്തിനുമുമ്പാകെ നിന്ന് ഈ വിധം പറഞ്ഞു: “ഇതാ ദൈവം അരുളിച്ചെയ്യുന്നു; ‘നിങ്ങൾ യഹോവയുടെ കൽപ്പനകൾ അനുസരിക്കാതിരിക്കുന്നതെന്ത്? അതിനാൽ നിങ്ങൾക്കു ശുഭം വരികയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ചിരിക്കുന്നതിനാൽ അവിടന്ന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.’ ” എന്നാൽ അവർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി; രാജകൽപ്പനയനുസരിച്ച് അവർ അദ്ദേഹത്തെ യഹോവയുടെ ആലയാങ്കണത്തിൽവെച്ച് കല്ലെറിഞ്ഞുകൊന്നു. സെഖര്യാവിന്റെ പിതാവായ യെഹോയാദാ തന്നോടു കാണിച്ച ദയ യോവാശ് രാജാവ് ഓർമിച്ചില്ല; അയാൾ അദ്ദേഹത്തിന്റെ മകനെ കൊന്നു. “യഹോവ ഇതു കാണട്ടെ! നിനക്കെതിരേ കണക്കു തീർക്കട്ടെ,” എന്നു പറഞ്ഞുകൊണ്ട് സെഖര്യാവു മരിച്ചുവീണു. ആ വർഷം തീരാറായപ്പോൾ അരാമ്യസൈന്യം യോവാശിനെതിരേ വന്നുചേർന്നു. അവർ യെഹൂദ്യയെയും ജെറുശലേമിനെയും ആക്രമിച്ച് സകലജനനായകന്മാരെയും വധിച്ചു; കൊള്ളമുതൽ മുഴുവൻ അവർ ദമസ്കോസിലേക്ക്, അവരുടെ രാജാവിന് കൊടുത്തയച്ചു. വളരെക്കുറച്ച് ആളുകളുമായാണ് അരാമ്യസൈന്യം വന്നതെങ്കിലും യഹോവ ഒരു വലിയ സൈന്യത്തെ അവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു. യെഹൂദാ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് യോവാശിന്റെമേൽ ന്യായവിധി നടത്തപ്പെട്ടു. അരാമ്യസൈന്യം പിൻവാങ്ങിയപ്പോൾ യോവാശിനെ വളരെ മാരകമായ നിലയിൽ മുറിവേൽപ്പിച്ചിട്ടാണ് അവർ വിട്ടുപോയത്. പുരോഹിതനായ യെഹോയാദായുടെ പുത്രനെ വധിച്ചതുമൂലം അദ്ദേഹത്തിന്റെ ഭൃത്യന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും, കിടക്കയിൽവെച്ച് അദ്ദേഹത്തെ കൊന്നുകളയുകയും ചെയ്തു. അങ്ങനെ യോവാശ് മരിച്ചു; ദാവീദിന്റെ നഗരത്തിൽ അടക്കപ്പെടുകയും ചെയ്തു. എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു അദ്ദേഹത്തെ അടക്കിയത്. ഒരു അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും, മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും ആയിരുന്നു യോവാശിനെതിരേ ഗൂഢാലോചന നടത്തിയത്. യോവാശിന്റെ പുത്രന്മാരുടെയും അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി പ്രവചനങ്ങളുടെയും അദ്ദേഹം ദൈവാലയം പുനരുദ്ധരിച്ചതിന്റെയും വിവരങ്ങൾ രാജാക്കന്മാരുടെ ചരിത്രവ്യാഖ്യാന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകനായ അമസ്യാവ് അദ്ദേഹത്തിനുപകരം രാജാവായി.