2 ദിനവൃത്താന്തം 21:1-20
2 ദിനവൃത്താന്തം 21:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവനു പകരം രാജാവായി. അവനു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നീ സഹോദരന്മാർ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ. അവരുടെ അപ്പൻ അവർക്കു വെള്ളിയും പൊന്നും വിശേഷവസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദായിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനായിരിക്കയാൽ രാജത്വം അവനു കൊടുത്തു. യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നെത്താൻ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെയൊക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു. യെഹോരാം വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു. ആഹാബ്ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവനു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമം നിമിത്തവും അവനും അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്ക നിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാൻ അവനു മനസ്സില്ലായിരുന്നു. അവന്റെ കാലത്ത് എദോം യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു. യെഹോരാം തന്റെ പ്രഭുക്കന്മാരോടും സകല രഥങ്ങളോടുംകൂടെ ചെന്ന് രാത്രിയിൽ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു. എന്നാൽ എദോം ഇന്നുവരെ യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ചുനില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് ആ കാലത്തു തന്നെ ലിബ്നായും അവന്റെ മേലധികാരത്തോടു മത്സരിച്ചു. അവൻ യെഹൂദാപർവതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദായെ തെറ്റിച്ചു കളഞ്ഞു. അവന് ഏലീയാപ്രവാചകന്റെ പക്കൽനിന്ന് ഒരു എഴുത്തു വന്നതെന്തെന്നാൽ: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസായുടെ വഴികളിലും നടക്കാതെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ്ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദായെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാൾ നല്ലവരായ നിന്റെ പിതൃഭവനത്തിലുള്ള നിന്റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിന്റെ സകല വസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും. നിനക്കോ ദീനത്താൽ നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടുംവരെ കുടലിൽ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും. യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അറബികളുടെയും മനസ്സ് യെഹോരാമിന്റെ നേരേ ഉണർത്തി; അവർ യെഹൂദായിലേക്കു വന്ന് അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകല വസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ട് അവന്റെ ഇളയമകനായ യെഹോവാഹാസ്സല്ലാതെ ഒരു മകനും അവനു ശേഷിച്ചില്ല. ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു. കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ട് ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവനുവേണ്ടി ദഹനം കഴിച്ചില്ല. അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണ് ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.
2 ദിനവൃത്താന്തം 21:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹോശാഫാത്ത് മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരുടെകൂടെ അടക്കം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രൻ യെഹോരാം പകരം രാജാവായി. യെഹൂദാരാജാവായിരുന്ന യെഹോശാഫാത്തിന്റെ പുത്രനായ യെഹോരാമിന്റെ സഹോദരന്മാർ: അസര്യാ, യെഹീയേൽ, സെഖര്യാ, അസര്യാ, മീഖായേൽ, ശെഫത്യാ. അവരുടെ പിതാവ് അവർക്ക് ധാരാളം സ്വർണവും വെള്ളിയും അമൂല്യവസ്തുക്കളും കൂടാതെ യെഹൂദ്യയിൽ കോട്ട കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളും സമ്മാനമായി നല്‌കിയിരുന്നു. ആദ്യജാതൻ ആയിരുന്നതിനാൽ യെഹോരാമിനാണ് രാജസ്ഥാനം ലഭിച്ചത്. യെഹോരാം രാജസ്ഥാനം ഏറ്റെടുത്തു തന്റെ നില ഭദ്രമാക്കിയതിനുശേഷം എല്ലാ സഹോദരന്മാരെയും ഇസ്രായേലിലെ ചില പ്രഭുക്കന്മാരെയും വധിച്ചു. വാഴ്ച ആരംഭിച്ചപ്പോൾ യെഹോരാമിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; എട്ടു വർഷം അദ്ദേഹം യെരൂശലേമിൽ രാജ്യഭാരം നടത്തി. അദ്ദേഹം ആഹാബ് ഭവനത്തെപ്പോലെ ഇസ്രായേൽരാജാക്കന്മാരുടെ മാർഗം പിന്തുടർന്നു. കാരണം അദ്ദേഹത്തിന്റെ ഭാര്യ ഇസ്രായേൽരാജാവായിരുന്ന ആഹാബിന്റെ പുത്രിയായിരുന്നു. സർവേശ്വരന്റെ മുമ്പിൽ അദ്ദേഹം തിന്മയായതു പ്രവർത്തിച്ചു. എങ്കിലും അവിടുന്ന് ദാവീദിനോടു ചെയ്ത ഉടമ്പടിയും “ദാവീദിനും അദ്ദേഹത്തിന്റെ സന്താനപരമ്പരകൾക്കും അണഞ്ഞുപോകാത്ത ഒരു ദീപം നല്‌കും” എന്ന വാഗ്ദാനവും നിമിത്തം ദാവീദുവംശത്തെ നശിപ്പിക്കാൻ സർവേശ്വരനു മനസ്സുവന്നില്ല. യെഹോരാമിന്റെ ഭരണകാലത്ത് എദോമ്യർ യെഹൂദായുടെ മേൽക്കോയ്മയ്‍ക്ക് എതിരെ മത്സരിച്ചു; തങ്ങൾക്കുവേണ്ടി അവർ സ്വന്തമായി ഒരു രാജാവിനെ വാഴിക്കുകയും ചെയ്തു. യെഹോരാം സൈന്യാധിപന്മാരോടും രഥങ്ങളോടുംകൂടി രാത്രിയിൽ അവർക്കെതിരെ ചെന്ന് തങ്ങളെ വളഞ്ഞ എദോമ്യരെ തകർത്തു. എദോമ്യർ ഇന്നും യെഹൂദായുടെ മേൽക്കോയ്മയോടു മത്സരിക്കുന്നു. ആ കാലത്തു തന്നെ ലിബ്നയും അദ്ദേഹത്തിന്റെ മേലധികാരത്തെ എതിർത്തു. യെഹോരാം തന്റെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിച്ചതായിരുന്നു അതിനു കാരണം. അദ്ദേഹം യെഹൂദ്യ മലമ്പ്രദേശങ്ങളിൽ പൂജാഗിരികൾ സ്ഥാപിച്ചു. അങ്ങനെ യെരൂശലേംനിവാസികളെ അവിശ്വസ്തതയിലേക്ക് നയിച്ച് യെഹൂദ്യയെ വഴിതെറ്റിച്ചു. ഏലിയാപ്രവാചകനിൽനിന്നു യെഹോരാമിന് ഒരു കത്തു ലഭിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: താങ്കളുടെ പിതാവായ ദാവീദിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു, നീ നിന്റെ പിതാവായ യെഹോശാഫാത്തിന്റെയോ, യെഹൂദാരാജാവായ ആസയുടെയോ ജീവിതമാതൃക കൈക്കൊണ്ടില്ല. പ്രത്യുത, ഇസ്രായേൽരാജാക്കന്മാരുടെ പാതയിലൂടെയാണു ചരിച്ചത്; ആഹാബ്‍രാജാവും അദ്ദേഹത്തിന്റെ കുടുംബവും ഇസ്രായേലിനെ നയിച്ചതുപോലെ നീ യെഹൂദായെയും യെരൂശലേം നിവാസികളെയും അവിശ്വസ്തതയിലേക്കു നയിച്ചു. നിന്റെ പിതൃഭവനത്തിൽ ഉൾപ്പെട്ടവരും നിന്നെക്കാൾ ശ്രേഷ്ഠരും ആയിരുന്ന നിന്റെ സഹോദരന്മാരെ നീ വധിച്ചു. അതുകൊണ്ടു നിന്റെ ജനം, നിന്റെ മക്കൾ, ഭാര്യമാർ, വസ്തുവകകൾ എന്നിവയുടെമേൽ സർവേശ്വരൻ മഹാമാരി വരുത്തും. നിന്റെ കുടലിൽ കഠിനരോഗം ബാധിക്കും. അതു ദിനംപ്രതി വർധിച്ചു കുടൽ പുറത്തുവരും. യെഹോരാമിനെതിരെ പോരാടാനുള്ള ആവേശം എത്യോപ്യരുടെ അടുത്തു പാർത്തിരുന്ന ഫെലിസ്ത്യരിലും അറബികളിലും സർവേശ്വരൻ ഉണർത്തി. അവർ യെഹൂദ്യയെ ആക്രമിച്ചു; രാജകൊട്ടാരത്തിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; രാജാവിന്റെ പുത്രന്മാരെയും ഭാര്യമാരെയും അവർ പിടിച്ചുകൊണ്ടുപോയി. ഇളയപുത്രൻ അഹസ്യാ അല്ലാതെ ആരും ശേഷിച്ചില്ല. അതിനുശേഷം സർവേശ്വരൻ അദ്ദേഹത്തിന്റെ കുടലിൽ ഒരു തീരാവ്യാധി വരുത്തി. ക്രമേണ അദ്ദേഹത്തിന്റെ രോഗം വർധിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം, കുടൽ പുറത്തു ചാടി കഠിനവേദനയോടെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ മരണാനന്തരം അഗ്നികുണ്ഡം ഒരുക്കി അവരെ ബഹുമാനിച്ചിരുന്നതുപോലെ ജനം അദ്ദേഹത്തെ ബഹുമാനിച്ചില്ല. വാഴ്ച ആരംഭിച്ചപ്പോൾ അദ്ദേഹത്തിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. എട്ടു വർഷം അദ്ദേഹം യെരൂശലേമിൽ ഭരിച്ചു; അദ്ദേഹത്തിന്റെ വേർപാടിൽ ആരും ദുഃഖിച്ചില്ല. ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ ആയിരുന്നില്ല അദ്ദേഹത്തെ സംസ്കരിച്ചത്.
2 ദിനവൃത്താന്തം 21:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവനു പകരം രാജാവായി. അവന്‍റെ സഹോദരന്മാർ, അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നിവർ ആയിരുന്നു; ഇവരെല്ലാവരും യെഹൂദാ രാജാവായ യെഹോശാഫാത്തിന്‍റെ പുത്രന്മാർ. അവരുടെ അപ്പൻ അവർക്ക്, വെള്ളി, പൊന്ന്, വിശേഷവസ്തുക്കൾ തുടങ്ങി വിലയേറിയ ദാനങ്ങളും യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനാകയാൽ രാജത്വം അവനു കൊടുത്തു. യെഹോരാം തന്റെ അപ്പന്‍റെ രാജ്യഭാരം ഏറ്റ് ശക്തനായതിനുശേഷം, തന്‍റെ സഹോദരന്മാരെ എല്ലാവരേയും, യിസ്രായേൽ പ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ട് കൊന്നു. യെഹോരാം വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ട് വര്‍ഷം യെരൂശലേമിൽ വാണു. ആഹാബിന്‍റെ കുടുംബത്തെപ്പോലെ അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവനു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു. എന്നാൽ യഹോവ ദാവീദിനോട് ചെയ്തിരുന്ന നിയമം നിമിത്തം അവനും, അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്‌പ്പോഴും കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതിനാൽ, ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവനു മനസ്സില്ലായിരുന്നു. അവന്റെ കാലത്ത് ഏദോം യെഹൂദായുടെ അധികാരത്തോട് മത്സരിച്ച് തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു. യെഹോരാം തന്റെ പ്രഭുക്കന്മാരോടും രഥങ്ങളോടുംകൂടെ രാത്രിയിൽ എഴുന്നേറ്റു ചെന്നു തന്നെ വളഞ്ഞിരുന്ന ഏദോമ്യരെയും തേരാളികളെയും ആക്രമിച്ചു. അങ്ങനെ ഏദോം ഇന്നുവരെ യെഹൂദായുടെ അധികാരത്തോട് മത്സരിച്ചു നില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് ആ കാലത്ത് ലിബ്നയും അവന്‍റെ അധികാരത്തോട് മത്സരിച്ചു. അവൻ യെഹൂദാപർവ്വതങ്ങളിൽ പൂജാഗിരികൾ ഉണ്ടാക്കി; യെരൂശലേം നിവാസികൾ പരസംഗം ചെയ്യുവാൻ ഇടയാക്കി, യെഹൂദായെ തെറ്റിച്ചുകളഞ്ഞു. അവന് ഏലീയാപ്രവാചകന്‍റെ ഒരു എഴുത്ത് വന്നതെന്തെന്നാൽ: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാ രാജാവായ ആസായുടെ വഴികളിലും നടക്കാതെ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ് ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദായെയും യെരൂശലേം നിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും, നിന്നെക്കാൾ നല്ലവരായ, നിന്റെ പിതൃഭവനത്തിലുള്ള സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ട് യഹോവ നിന്‍റെ മക്കളും, ഭാര്യമാരും അടങ്ങുന്ന സ്വന്തക്കാരെയും, നിന്‍റെ സകലവസ്തുവകകളെയും കഠിനമായി പീഡിപ്പിക്കും. നീ കുടലിൽ രോഗബാധിതനാകും. നിന്‍റെ കുടൽ കാലക്രമേണ പുറത്തു ചാടും വരെ കുടലിൽ കഠിന വ്യാധി പിടിക്കും.” യഹോവ കൂശ്യരുടെ സമീപത്തുള്ള ഫെലിസ്ത്യരേയും, അരാബ്യരെയും യെഹോരാമിനോട് പോരാടാൻ പ്രേരിപ്പിച്ചു; അവർ യെഹൂദയിൽ വന്ന് അതിനെ ആക്രമിച്ചു; രാജധാനിയിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; അവന്‍റെ ഭാര്യമാരെയും പുത്രന്മാരെയും പിടിച്ചു കൊണ്ടുപോയി; അവന്‍റെ ഇളയമകനായ യെഹോവാഹാസ് അല്ലാതെ ഒരു മകനും അവനു ശേഷിച്ചില്ല. ഇതെല്ലാം കഴിഞ്ഞശേഷം യഹോവ, അവന്‍റെ കുടലിൽ, പൊറുക്കാത്ത ഒരു രോഗം അയച്ചു. കാലക്രമേണ രോഗം മൂർഛിക്കയും രണ്ടു വര്‍ഷം കഴിഞ്ഞ് അവന്‍റെ കുടൽ പുറത്തുചാടി, അവൻ കഠിനവേദനയാൽ മരിക്കയും ചെയ്തു; അവന്‍റെ ജനം അവന്‍റെ പിതാക്കന്മാരെപോലെ അവനെ ബഹുമാനിച്ച് അഗ്നികുണ്ഡം ഒരുക്കിയില്ല. അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ട് വര്‍ഷം യെരൂശലേമിൽ വാണു. അവന്‍റെ മരണത്തിൽ ആരും ദുഖിച്ചില്ല. അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു എങ്കിലും രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു.
2 ദിനവൃത്താന്തം 21:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി. അവന്നു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസര്യാവു, യെഹീയേൽ, സെഖര്യാവു, അസര്യാവു, മീഖായേൽ, ശെഫത്യാവു എന്നീ സഹോദരന്മാർ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ. അവരുടെ അപ്പൻ അവർക്കു വെള്ളിയും പൊന്നും വിശേഷവസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനായിരിക്കയാൽ രാജത്വം അവന്നു കൊടുത്തു. യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താൻ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു. യെഹോരാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു. ആഹാബ് ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. അവന്റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു. യെഹോരാം തന്റെ പ്രഭുക്കന്മാരോടും സകലരഥങ്ങളോടുംകൂടെ ചെന്നു രാത്രിയിൽ എഴുന്നേറ്റു തന്നേ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു. എന്നാൽ എദോം ഇന്നുവരെ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചുനില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു ആ കാലത്തു തന്നേ ലിബ്നയും അവന്റെ മേലധികാരത്തോടു മത്സരിച്ചു. അവൻ യെഹൂദാപർവ്വതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു. അവന്നു എലീയാപ്രവാചകന്റെ പക്കൽനിന്നു ഒരു എഴുത്തു വന്നതെന്തെന്നാൽ: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസയുടെ വഴികളിലും നടക്കാതെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ് ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാൾ നല്ലവരായ നിന്റെ പിതൃഭവനത്തിലുള്ള നിന്റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിന്റെ സകലവസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും. നിനക്കോ ദീനത്താൽ നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടുംവരെ കുടലിൽ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും. യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അരബികളുടെയും മനസ്സു യെഹോരാമിന്റെ നേരെ ഉണർത്തി; അവർ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല. ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു. കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല. അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.
2 ദിനവൃത്താന്തം 21:1-20 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെ, യെഹോശാഫാത്ത് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടൊപ്പം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യെഹോരാം അനന്തരാവകാശിയായി രാജസ്ഥാനമേറ്റു. അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നിവർ യെഹോരാമിന്റെ സഹോദരന്മാരായിരുന്നു. ഇവരെല്ലാം ഇസ്രായേൽരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാരായിരുന്നു. ഇവർക്കെല്ലാം അവരുടെ പിതാവ് ധാരാളം വെള്ളിയും സ്വർണവും വിലപിടിപ്പുള്ള സാധനങ്ങളും കൊടുത്തിരുന്നു. കൂടാതെ, യെഹൂദ്യയിലുടനീളം കോട്ടകെട്ടി ബലപ്പെടുത്തിയ സംരക്ഷിതനഗരങ്ങളും പിതൃദത്തമായി അവർക്കു കിട്ടിയിരുന്നു. എന്നാൽ യെഹോരാം ആദ്യജാതനായിരുന്നതിനാൽ രാജ്യം അദ്ദേഹത്തിനാണ് നൽകിയത്. യെഹോരാം പിതാവിന്റെ സിംഹാസനത്തിൽ ആരൂഢനായി, തന്റെ നില ഭദ്രമാക്കിക്കഴിഞ്ഞപ്പോൾ തന്റെ എല്ലാ സഹോദരന്മാരെയും ചില ഇസ്രായേൽ പ്രഭുക്കന്മാരെയും വാളിനിരയാക്കി. രാജാവാകുമ്പോൾ യെഹോരാമിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ എട്ടുവർഷം വാണു. അദ്ദേഹം ആഹാബിന്റെ ഒരു മകളെയാണ് വിവാഹംചെയ്തിരുന്നത്. അതിനാൽ ആഹാബുഗൃഹം ചെയ്തതുപോലെതന്നെ അദ്ദേഹവും ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിച്ചു. യെഹോരാം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. എന്നിരുന്നാലും താൻ ദാവീദുമായി ചെയ്തിരുന്ന ഉടമ്പടിമൂലം അദ്ദേഹത്തിന്റെ ഭവനത്തെ നശിപ്പിക്കാൻ യഹോവയ്ക്കു മനസ്സുവന്നില്ല. ദാവീദിനും അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കുംവേണ്ടി ഒരു വിളക്ക് എപ്പോഴും പരിരക്ഷിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു. യെഹോരാമിന്റെ കാലത്ത് ഏദോമ്യർ യെഹൂദയുടെ അധികാരത്തോടു മത്സരിച്ചു. അവർ തങ്ങളുടേതായ ഒരു രാജാവിനെ വാഴിച്ചു. യെഹോരാം തന്റെ ഉദ്യോഗസ്ഥന്മാരോടും രഥങ്ങളോടുംകൂടി അവിടേക്കു ചെന്നു. ഏദോമ്യർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രഥനായകന്മാരെയും വളഞ്ഞു. എന്നാൽ അദ്ദേഹം രാത്രിയിൽ എഴുന്നേറ്റ് ശത്രുക്കളുടെ അണികളെ ഭേദിച്ചു. ഇന്നുവരെയും ഏദോമ്യർ യെഹൂദയുടെ അധികാരത്തിനു കീഴ്പ്പെടാതെ മത്സരിച്ചുനിൽക്കുന്നു. യെഹോരാം തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞതുകൊണ്ട് അക്കാലത്തുതന്നെ ലിബ്നായും മത്സരിച്ചു. അദ്ദേഹം യെഹൂദ്യയുടെ മലകളിൽ ക്ഷേത്രങ്ങൾ പണിയിച്ചു; അങ്ങനെ ജെറുശലേം ജനതയെ പരസംഗം ചെയ്യിക്കുകയും യെഹൂദയെ വഴിതെറ്റിച്ചുകളയുകയും ചെയ്തു. ഏലിയാ പ്രവാചകനിൽനിന്നു യെഹോരാമിന് ഒരു കത്തുകിട്ടി. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “നിന്റെ പൂർവപിതാവ് ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ നിന്റെ പിതാവായ യെഹോശാഫാത്തിന്റെയോ യെഹൂദാരാജാവായ ആസായുടെയോ വഴിയിൽ ജീവിച്ചില്ല. പിന്നെയോ, നീ ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ ജീവിച്ചു; ആഹാബ് ഗൃഹം ചെയ്തതുപോലെ നീ യെഹൂദ്യയെയും ജെറുശലേമിലെ ജനത്തെയും പരസംഗം ചെയ്യിച്ചു. നീ സ്വന്തം സഹോദരന്മാരെ വധിച്ചു. അവർ സ്വന്തം ഭവനത്തിലെ അംഗങ്ങളും നിന്നെക്കാൾ വളരെയേറെ ഭേദപ്പെട്ടവരും ആയിരുന്നു. അതുകൊണ്ട് ഇപ്പോൾ നിന്റെ ജനത്തെയും നിന്റെ പുത്രന്മാരെയും നിന്റെ ഭാര്യമാരെയും നിനക്കുള്ള സകലതിനെയും യഹോവ വളരെ കഠിനമായി ശിക്ഷിക്കും. നിനക്കോ, കുടലിൽ ഒരു വ്യാധിമൂലം കഠിനരോഗം പിടിപെടും; നിന്റെ കുടൽമാല വെളിയിൽ ചാടുന്നതുവരെയും ഈ വ്യാധി വിട്ടുമാറുകയില്ല.’ ” കൂശ്യരുടെ അടുത്ത് താമസിച്ചിരുന്ന ഫെലിസ്ത്യരിലും അറബികളിലും യഹോവ യെഹോരാമിനെതിരേ ശത്രുത ഉളവാക്കി. അവർ യെഹൂദയ്ക്കെതിരേ പുറപ്പെട്ട് അതിനെ ആക്രമിച്ചു. രാജകൊട്ടാരത്തിൽക്കണ്ട സകലവസ്തുവകകളും, അദ്ദേഹത്തിന്റെ ഭാര്യമാർ, പുത്രന്മാർ എന്നിവരോടൊപ്പം അപഹരിച്ചുകൊണ്ടുപോയി. ഇളയമകൻ യഹോവാഹാസല്ലാതെ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരുവനും ശേഷിച്ചില്ല. ഇതെല്ലാം കഴിഞ്ഞപ്പോൾ, യഹോവ അദ്ദേഹത്തെ കുടലിലെ മാറാവ്യാധിയാൽ പീഡിപ്പിച്ചു. ക്രമേണ, രണ്ടുവർഷം കഴിഞ്ഞപ്പോൾ വ്യാധിമൂലം അദ്ദേഹത്തിന്റെ കുടൽമാല വെളിയിൽ വന്നു. അദ്ദേഹം കഠിനവേദനയിൽ മരിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാർക്കുവേണ്ടി ചെയ്തതുപോലെ ജനം അഗ്നികുണ്ഡം കൂട്ടി അദ്ദേഹത്തെ ബഹുമാനിച്ചില്ല. രാജാവാകുമ്പോൾ യെഹോരാമിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം എട്ടുവർഷം ജെറുശലേമിൽ ഭരണംനടത്തി. അദ്ദേഹത്തിന്റെ വേർപാടിൽ ആരും ദുഃഖിച്ചില്ല. അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറയിൽ ആയിരുന്നില്ലതാനും.