2 ദിനവൃത്താന്തം 20:1-24

2 ദിനവൃത്താന്തം 20:1-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിന്റെശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിന്റെ നേരേ യുദ്ധത്തിനു വന്നു. ചിലർ വന്നു യെഹോശാഫാത്തിനോട്: വലിയൊരു ജനസമൂഹം കടലിനക്കരെനിന്ന്, അരാമിൽനിന്നു നിന്റെ നേരേ വരുന്നു; ഇതാ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ട് എന്ന് അറിയിച്ചു. യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താൽപര്യപ്പെട്ട് യെഹൂദായിലൊക്കെയും ഒരു ഉപവാസം പ്രസിദ്ധം ചെയ്തു. യഹോവയോടു സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്ന് അവർ യഹോവയെ അന്വേഷിപ്പാൻ വന്നു. യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദായുടെയും യെരൂശലേമിന്റെയും സഭാമധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ: ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകല രാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ. ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞ് അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ. അവർ അതിൽ പാർത്തു; ന്യായവിധിയുടെ വാൾ, മഹാമാരി, ക്ഷാമം എന്നിങ്ങനെയുള്ള വല്ല അനർഥവും ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു- നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു. അതിൽ തിരുനാമത്തിനുവേണ്ടി നിനക്ക് ഒരു വിശുദ്ധമന്ദിരം പണിതു. യിസ്രായേൽ മിസ്രയീംദേശത്തുനിന്നു വരുമ്പോൾ അവർ അമ്മോന്യരെയും മോവാബ്യരെയും സേയീർപർവതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി. ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്ക് ഇങ്ങനെ പ്രതിഫലം തരുന്നു. ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരേ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടൂ എന്ന് അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു. അങ്ങനെ യെഹൂദ്യരൊക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടുംകൂടെ യഹോവയുടെ സന്നിധിയിൽ നിന്നു. അപ്പോൾ സഭാമധ്യേ വച്ചു യഹോവയുടെ ആത്മാവ് ആസാഫിന്റെ പുത്രന്മാരിൽ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്യാവിന്റെ മകൻ യഹസീയേൽ എന്ന ഒരു ലേവ്യന്റെമേൽ വന്നു. അവൻ പറഞ്ഞത് എന്തെന്നാൽ: യെഹൂദ്യരൊക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത്‍രാജാവും ആയുള്ളോരേ, കേട്ടുകൊൾവിൻ; യഹോവ ഇപ്രകാരം നിങ്ങളോട് അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിൻറേതത്രേ. നാളെ അവരുടെ നേരേ ചെല്ലുവിൻ; ഇതാ, അവർ സീസ്കയറ്റത്തിൽക്കൂടി കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കെതിരേ തോട്ടിന്റെ അറ്റത്തുവച്ചു കാണും. ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്ക് ആവശ്യം ഇല്ല; യെഹൂദായും യെരൂശലേമും ആയുള്ളോരേ, നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; നാളെ അവരുടെ നേരേ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ട്. അപ്പോൾ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യരൊക്കെയും യെരൂശലേംനിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു. കെഹാത്യരും കോരഹ്യരുമായ ലേവ്യർ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാൻ എഴുന്നേറ്റു. പിന്നെ അവർ അതികാലത്ത് എഴുന്നേറ്റ് തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യെഹോശാഫാത്ത് നിന്നുകൊണ്ട്: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരെയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർഥരാകും എന്നു പറഞ്ഞു. പിന്നെ അവൻ ജനത്തോട് ആലോചിച്ചിട്ട്, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിനു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവയ്ക്കു സംഗീതക്കാരെ നിയമിച്ചു. അവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോൾ: യഹോവ യെഹൂദായ്ക്ക് വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവതക്കാരുടെയും നേരേ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരും സേയീർപർവതനിവാസികളോട് എതിർത്ത് അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല.

2 ദിനവൃത്താന്തം 20:1-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോവാബ്യരും അമ്മോന്യരും ചില മെയൂന്യരും ഒത്തുചേർന്നു യെഹോശാഫാത്തിനോടു യുദ്ധം ചെയ്യാൻ വന്നു. ചിലർ യെഹോശാഫാത്തിന്റെ അടുക്കൽ വന്നു പറഞ്ഞു: “ഒരു വലിയ ജനസമൂഹം ചാവുകടലിനക്കരെയുള്ള എദോമിൽനിന്ന് അങ്ങേക്കെതിരെ വരുന്നു. അവർ ഹസസോൻ-താമാരിൽ അതായത് എൻ-ഗെദിൽ എത്തിക്കഴിഞ്ഞു.” യെഹോശാഫാത്ത് ഭയപ്പെട്ടു; സർവേശ്വരനിൽ ആശ്രയിക്കാൻ നിശ്ചയിച്ചു. യെഹൂദ്യയിൽ എല്ലാം അദ്ദേഹം ഉപവാസം പ്രഖ്യാപിച്ചു. സർവേശ്വരന്റെ സഹായം തേടാൻ യെഹൂദാനിവാസികൾ ഒരുമിച്ചുകൂടി. യെഹൂദ്യയിലെ എല്ലാ നഗരങ്ങളിൽനിന്നും അവർ സർവേശ്വരന്റെ ഹിതം അന്വേഷിക്കാൻ വന്നു. സർവേശ്വര ആലയത്തിലെ പുതിയ അങ്കണത്തിൽ സമ്മേളിച്ച യെഹൂദാ-യെരൂശലേംനിവാസികളുടെ മുമ്പിൽ നിന്നുകൊണ്ട് യെഹോശാഫാത്തു പറഞ്ഞു: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരാ, അവിടുന്നു സ്വർഗസ്ഥനായ ദൈവമാണല്ലോ; ഭൂമിയിലുള്ള സകല ജനതകളെയും ഭരിക്കുന്നത് അവിടുന്നാണല്ലോ. ആർക്കും എതിർത്തു നില്‌ക്കാൻ കഴിയാത്തവിധം അങ്ങയുടെ കരം ശക്തവും കനത്തതും ആണ്. ഞങ്ങളുടെ ദൈവമേ, അവിടുത്തെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശവാസികളെ നീക്കിക്കളയുകയും ദേശമെല്ലാം അവിടുത്തെ സ്നേഹിതനായ അബ്രഹാമിന്റെ സന്തതികൾക്ക് എന്നേക്കുമായി നല്‌കുകയും ചെയ്തുവല്ലോ. അവർ അവിടെ പാർത്തു; അവിടുത്തെ നാമമഹത്ത്വത്തിന് ഒരു വിശുദ്ധമന്ദിരം പണിതു. അവർ പറഞ്ഞു: ‘യുദ്ധം, പകർച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനർഥങ്ങൾ ഞങ്ങളെ നേരിടുമ്പോൾ ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിൽ അവിടുത്തെ സന്നിധിയിൽ വന്നു ഞങ്ങളുടെ കഷ്ടതയിൽ അവിടുത്തോടു നിലവിളിക്കും; ഞങ്ങളുടെ പ്രാർഥന കേട്ട് അവിടുന്നു ഞങ്ങളെ രക്ഷിക്കും. അവിടുത്തെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ.’ ഇസ്രായേൽജനം ഈജിപ്തിൽനിന്നു വന്നപ്പോൾ അമ്മോന്യരെയും മോവാബ്യരെയും സേയീർപർവതനിവാസികളെയും ആക്രമിച്ചു നശിപ്പിക്കാൻ അവരെ അവിടുന്നു അനുവദിച്ചില്ല. അങ്ങനെ ഇസ്രായേല്യർ അവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോയി. അതിനുള്ള പ്രതിഫലമായി ഇതാ, അവർ അവിടുന്നു ഞങ്ങൾക്ക് അവകാശമായിത്തന്ന ദേശത്തുനിന്നു ഞങ്ങളെ പുറത്താക്കാൻ വന്നിരിക്കുന്നു. ഞങ്ങളുടെ ദൈവമേ, അവിടുന്ന് അവരുടെമേൽ ന്യായവിധി നടത്തുകയില്ലേ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനസമൂഹത്തോടു പൊരുതാൻ ഞങ്ങൾ അശക്തരാണ്. എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ; എങ്കിലും ഞങ്ങൾ സഹായത്തിനായി അങ്ങയെ നോക്കിയിരിക്കുന്നു.” യെഹൂദ്യരെല്ലാം ഭാര്യമാരോടും കുട്ടികളോടുംകൂടി സർവേശ്വരസന്നിധിയിൽ നില്‌ക്കുകയായിരുന്നു. അപ്പോൾ സർവേശ്വരന്റെ ആത്മാവ് അവിടെ സന്നിഹിതനായിരുന്ന ആസാഫ്‍വംശജനായ യഹസീയേൽ എന്ന ഒരു ലേവ്യന്റെമേൽ വന്നു. അയാൾ സെഖര്യായുടെയും സെഖര്യാ ബെനായായുടെയും ബെനായാ യെയീലിന്റെയും യെയീൽ മത്ഥന്യായുടെയും പുത്രനായിരുന്നു. യഹസീയേൽ പറഞ്ഞു: “സർവ യെഹൂദ്യരും യെരൂശലേംനിവാസികളും യെഹോശാഫാത്ത്‍രാജാവും കേൾക്കട്ടെ. സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ വലിയ ജനസമൂഹത്തെ കണ്ടു ഭയപ്പെടേണ്ടതില്ല; ഭ്രമിക്കയും വേണ്ടാ; യുദ്ധം ചെയ്യുന്നതു നിങ്ങളല്ല; ദൈവമാണ്. നാളെ അവരുടെ നേരെ ചെല്ലുക. അവർ സീസ്കയറ്റം കയറി വരുന്നുണ്ട്. യെരൂവേൽ മരുഭൂമിയുടെ കിഴക്ക് താഴ്‌വര അവസാനിക്കുന്നിടത്തുവച്ച് നിങ്ങൾ അവരെ കാണും. ഈ യുദ്ധത്തിൽ നിങ്ങൾ പൊരുതേണ്ടിവരികയില്ല; യെഹൂദാ-യെരൂശലേം നിവാസികളേ, നിങ്ങൾ നിശ്ചലരായി സ്വസ്ഥാനത്തു നിന്നുകൊണ്ടു നിങ്ങൾക്കുവേണ്ടി സർവേശ്വരൻ നേടുന്ന വിജയം കണ്ടുകൊള്ളുക. നിങ്ങൾ ഭയപ്പെടേണ്ടാ, പരിഭ്രമിക്കുകയും വേണ്ടാ, അവർക്കെതിരെ നാളെ പുറപ്പെടുക; സർവേശ്വരൻ നിങ്ങളുടെ കൂടെയുണ്ട്.” അപ്പോൾ യെഹോശാഫാത്ത്‍രാജാവും സർവയെഹൂദ്യരും യെരൂശലേംനിവാസികളും സർവേശ്വരന്റെ സന്നിധിയിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. കെഹാത്യരും കോരഹ്യരുമായ ലേവ്യർ എഴുന്നേറ്റു ദൈവമായ സർവേശ്വരനെ ഉച്ചത്തിൽ സ്തുതിച്ചു. അടുത്ത ദിവസം അതിരാവിലെ അവർ തെക്കോവ മരുഭൂമിയിലേക്കു പുറപ്പെട്ടു. അപ്പോൾ യെഹോശാഫാത്ത് എഴുന്നേറ്റു പറഞ്ഞു: “യെഹൂദാ-യെരൂശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുവിൻ, നിങ്ങളുടെ ദൈവമായ സർവേശ്വരനിൽ വിശ്വസിക്കുക; നിങ്ങൾ സുരക്ഷിതരായിരിക്കും. അവിടുത്തെ പ്രവാചകരെയും വിശ്വസിക്കുക; നിങ്ങൾ വിജയിക്കും.” വിശുദ്ധവസ്ത്രങ്ങളണിഞ്ഞു സൈന്യത്തിന്റെ മുമ്പേ നടന്നു സർവേശ്വരനു സ്തുതിഗീതങ്ങൾ ആലപിക്കാനുള്ളവരെ ജനങ്ങളുമായി കൂടി ആലോചിച്ച് അദ്ദേഹം നിയമിച്ചു. അവർ ഇങ്ങനെ പാടി: “സർവേശ്വരനു സ്തോത്രമർപ്പിക്കുവിൻ! അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാകുന്നു.” അവർ സ്തുതിഗീതങ്ങൾ ആലപിക്കാൻ തുടങ്ങി. അപ്പോൾ യെഹൂദ്യരെ ആക്രമിക്കാൻ വന്ന അമ്മോന്യർക്കും മോവാബ്യർക്കും സേയീർപർവതനിവാസികൾക്കും എതിരെ സർവേശ്വരൻ പതിയിരിക്കുന്നവരെ ഒരുക്കി അവരെ തുരത്തി. അമ്മോന്യരും മോവാബ്യരും ചേർന്നു സേയീർപർവതനിവാസികളോടു യുദ്ധം ചെയ്തു; അവരെ നിശ്ശേഷം സംഹരിച്ചു. പിന്നീട് അമ്മോന്യരും മോവാബ്യരും അന്യോന്യം പൊരുതി നശിച്ചു. യെഹൂദ്യർ മരുഭൂമിയിലുള്ള കാവൽഗോപുരത്തിങ്കൽ എത്തി, ശത്രുസൈന്യത്തെ നോക്കിയപ്പോൾ അവരുടെ മൃതശരീരങ്ങൾ നിലത്തു കിടക്കുന്നതു കണ്ടു. ആരും അവശേഷിച്ചിരുന്നില്ല.

2 ദിനവൃത്താന്തം 20:1-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിനുശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിനോട് യുദ്ധം ചെയ്യുവാൻ വന്നു. അപ്പോൾ ചിലർ വന്ന് യെഹോശാഫാത്തിനോട്: “വലിയോരു ജനസമൂഹം കടലിനക്കരെയുള്ള, അരാമിൽനിന്ന് നിനക്കെതിരെ വരുന്നു; ഇപ്പോൾ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ട്” എന്നു അറിയിച്ചു. യെഹോശാഫാത്ത് ഭയപ്പെട്ട് യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ട് യെഹൂദയിൽ മുഴുവൻ ഒരു ഉപവാസം പ്രസിദ്ധം ചെയ്തു. യഹോവയോട് സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകലയെഹൂദാ നഗരങ്ങളിൽ നിന്നും അവർ യഹോവയെ അന്വേഷിപ്പാൻ വന്നു. യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്‍റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്‍റെയും സഭാമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞതെന്തെന്നാൽ: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജനതകളുടെ സകലരാജ്യങ്ങളും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പ്രാപ്തിയും നിനക്കുണ്ടല്ലോ. ഞങ്ങളുടെ ദൈവമേ, നീ നിന്‍റെ ജനമായ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ നീക്കിക്കളഞ്ഞ് അത് നിന്‍റെ സ്നേഹിതനായ അബ്രാഹാമിന്‍റെ സന്തതിക്ക് ശാശ്വതമായി കൊടുത്തുവല്ലോ. അവർ അതിൽ പാർത്തു; ‘ന്യായവിധിയുടെ വാൾ, പകർച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനർത്ഥങ്ങൾ ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്‍റെ മുമ്പിലും നിന്‍റെ സന്നിധിയിലും നിന്ന് - നിന്‍റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ ഞങ്ങളുടെ സങ്കടത്തിൽ നിന്നോട് നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും’ എന്നു പറഞ്ഞു. ആ ദേശത്ത് തിരുനാമത്തിനുവേണ്ടി ഒരു വിശുദ്ധമന്ദിരം പണിയുകയും ചെയ്തു. യിസ്രായേൽജനം മിസ്രയീമിൽ നിന്ന് വരുമ്പോൾ അവർ അമ്മോന്യരേയും മോവാബ്യരേയും സേയീർപർവ്വതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി. ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്‍റെ അവകാശ ദേശത്തിൽനിന്ന് ഞങ്ങളെ നീക്കിക്കളവാൻ അവർ വന്ന് ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു. ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കുകയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്ക് ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു ഞങ്ങൾ അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു.” അങ്ങനെ യെഹൂദ്യർ എല്ലാം അവരുടെ ഭാര്യമാരോടും കുഞ്ഞുകുട്ടികളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു. അപ്പോൾ സഭാമദ്ധ്യേ വച്ചു യഹോവയുടെ ആത്മാവ് ആസാഫിന്‍റെ പുത്രന്മാരിൽ മത്ഥന്യാവിന്‍റെ മകനായ യെയീയേലിന്‍റെ മകനായ ബെനായാവിന്‍റെ മകനായ സെഖര്യാവിന്‍റെ മകൻ യഹസീയേൽ എന്ന ഒരു ലേവ്യന്‍റെമേൽ വന്നു. അവൻ പറഞ്ഞത് എന്തെന്നാൽ: “യെഹൂദ്യരെ, യെരൂശലേം നിവാസികളെ, യെഹോശാഫാത്ത് രാജാവേ! കേട്ടാലും; യഹോവ ഇപ്രകാരം നിങ്ങളോട് അരുളിച്ചെയ്യുന്നു: ‘ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്‍റെതത്രേ.’ നാളെ അവരുടെ നേരെ ചെല്ലുക; ഇതാ, അവർ സീസ് കയറ്റം കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കു മുമ്പുള്ള തോടിന്‍റെ അറ്റത്തു വച്ചു കാണും. ഈ യുദ്ധത്തിൽ നിങ്ങൾ പോരാടേണ്ട ആവശ്യം ഇല്ല; യെഹൂദാ - യെരൂശലേം നിവാസികളെ, നിങ്ങൾ സ്വസ്ഥമായി നിന്ന് യഹോവ നിങ്ങൾക്ക് വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ട്.” അപ്പോൾ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യരും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണ് നമസ്കരിച്ചു. കെഹാത്യരും കോരഹ്യരുമായ ലേവ്യർ യിസ്രായേലിന്‍റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാൻ എഴുന്നേറ്റു. പിന്നെ അവർ അതികാലത്ത് എഴുന്നേറ്റ് തെക്കോവ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യെഹോശാഫാത്ത് അവരുടെ മുമ്പിൽ നിന്നുകൊണ്ട്: “യെഹൂദ്യരേ, യെരൂശലേംനിവാസികളേ, എന്‍റെ വാക്ക് ശ്രദ്ധിപ്പിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്‍റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും” എന്നു പറഞ്ഞു. പിന്നെ അവൻ ജനത്തോട് ആലോചിച്ച ശേഷം, വിശുദ്ധമായ അലങ്കാരവസ്ത്രം ധരിച്ച് സൈന്യത്തിന് മുമ്പിൽ നടന്നുകൊണ്ട് വാഴ്ത്തുവാനും, “യഹോവയെ സ്തുതിപ്പിൻ, അവന്‍റെ ദയ എന്നേക്കും ഉള്ളതല്ലോ” എന്നു പാടുവാനും സംഗീതക്കാരെ നിയമിച്ചു. അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ, യഹോവ യെഹൂദായ്ക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോട് എതിർത്ത് അവരെ പൂർണ്ണമായി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്ത് ശവങ്ങളായി കിടക്കുന്നത് കണ്ടു; ഒരുത്തനും രക്ഷപെട്ടിരുന്നില്ല.

2 ദിനവൃത്താന്തം 20:1-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിന്റെശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിന്റെ നേരെ യുദ്ധത്തിന്നു വന്നു. ചിലർ വന്നു യെഹോശാഫാത്തിനോടു: വലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമിൽനിന്നു നിന്റെ നേരെ വരുന്നു; ഇതാ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ടു എന്നു അറിയിച്ചു. യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ടു യെഹൂദയിൽ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു. യഹോവയോടു സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകലയെഹൂദാനഗരങ്ങളിലുംനിന്നു അവർ യഹോവയെ അന്വേഷിപ്പാൻ വന്നു. യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ: ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ. ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ. അവർ അതിൽ പാർത്തു; ന്യായവിധിയുടെ വാൾ, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനർത്ഥവും ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു -നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു. അതിൽ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു. യിസ്രായേൽ മിസ്രയീംദേശത്തുനിന്നു വരുമ്പോൾ അവർ അമ്മോന്യരേയും മോവാബ്യരേയും സേയീർപർവ്വതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി. ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു. ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു. അങ്ങനെ യെഹൂദ്യർ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു. അപ്പോൾ സഭാമദ്ധ്യേവെച്ചു യഹോവയുടെ ആത്മാവു ആസാഫിന്റെ പുത്രന്മാരിൽ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്യാവിന്റെ മകൻ യഹസീയേൽ എന്ന ഒരു ലേവ്യന്റെമേൽ വന്നു. അവൻ പറഞ്ഞതു എന്തെന്നാൽ: യെഹൂദ്യർ ഒക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത് രാജാവും ആയുള്ളോരേ, കേട്ടുകൊൾവിൻ; യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹംനിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ. നാളെ അവരുടെ നേരെ ചെല്ലുവിൻ; ഇതാ, അവർ സീസ് കയറ്റത്തിൽകൂടി കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽമരുഭൂമിക്കെതിരെ തോട്ടിന്റെ അറ്റത്തുവെച്ചു കാണും. ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല; യെഹൂദയും യെരൂശലേമും ആയുള്ളോരേ, നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ടു. അപ്പോൾ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യർ ഒക്കെയും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു. കെഹാത്യരും കോരഹ്യരുമായ ലേവ്യർ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാൻ എഴുന്നേറ്റു. പിന്നെ അവർ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യഹോശാഫാത്ത് നിന്നുകൊണ്ടു: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും എന്നു പറഞ്ഞു. പിന്നെ അവൻ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവെക്കു സംഗീതക്കാരെ നിയമിച്ചു. അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ: യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോടു എതിർത്തു അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിന്നരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല.

2 ദിനവൃത്താന്തം 20:1-24 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം മോവാബ്യരും അമ്മോന്യരും മെയൂന്യരിൽ ചിലരും ചേർന്ന് യെഹോശാഫാത്തിനെതിരേ യുദ്ധത്തിനുവന്നു. ചിലർ വന്ന് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇതാ ഉപ്പുകടലിനക്കരെ ഏദോമിൽനിന്ന് ഒരു മഹാസൈന്യം അങ്ങേക്കെതിരേ വരുന്നു. അവർ എൻ-ഗെദി എന്ന ഹസെസോൻ-താമാരിൽ എത്തിയിരിക്കുന്നു.” യെഹോശാഫാത്ത് ഭയന്നുവിറച്ച് യഹോവയുടെഹിതം ആരായാൻ തീരുമാനിച്ചു. അദ്ദേഹം യെഹൂദ്യയിലെങ്ങും ഒരു ഉപവാസം പ്രഖ്യാപിച്ചു. യഹോവയിൽനിന്ന് സഹായം തേടാൻ യെഹൂദാജനമെല്ലാം ഒരുമിച്ചുകൂടി. അവർ യെഹൂദ്യയുടെ എല്ലാ നഗരത്തിൽനിന്നും യഥാർഥമായി യഹോവയെ അന്വേഷിച്ചു വന്നെത്തി. യഹോവയുടെ ആലയത്തിൽ പുതിയ അങ്കണത്തിനുമുമ്പിൽ യെഹൂദ്യ-ജെറുശലേംനിവാസികൾ ഒരുമിച്ചുകൂടി. ആ മഹാസഭയിൽ യെഹോശാഫാത്ത് എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ! സ്വർഗസ്ഥനായ ദൈവം അങ്ങുമാത്രമാണല്ലോ! ഭൂമിയിലെ സകലരാജ്യങ്ങളെയും ഭരിക്കുന്നത് അവിടന്നാണ്. ബലവും ശക്തിയും അവിടത്തെ കൈകളിലാകുന്നു. അങ്ങയോട് എതിർത്തുനിൽക്കാൻ ഒരുത്തനും സാധ്യമല്ലല്ലോ! ഞങ്ങളുടെ ദൈവമേ! അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ പൂർവനിവാസികളെ അങ്ങു തുരത്തുകയും ദേശത്തെ അങ്ങയുടെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികൾക്ക് ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്തല്ലോ! അവർ ഇവിടെ വസിച്ചു; തിരുനാമത്തിന് ഒരു വിശുദ്ധമന്ദിരം ഇവിടെ നിർമിക്കുകയും ചെയ്തു. അന്ന് അവർ പറഞ്ഞു: ‘ഞങ്ങൾക്ക് അത്യാപത്തു വന്നുഭവിച്ചാൽ—ന്യായവിധിയുടെ വാളോ മഹാമാരിയോ ക്ഷാമമോ ഏതു വിധത്തിലുള്ളതായാലും—ഞങ്ങൾ അവിടത്തെ സന്നിധിയിൽ, തിരുനാമം വഹിക്കുന്ന ഈ ആലയത്തിനുമുമ്പിൽ നിൽക്കുകയും ഞങ്ങളുടെ കഷ്ടതയിൽ അങ്ങയോടു നിലവിളിക്കുകയും ചെയ്യും; അങ്ങ് ഞങ്ങളുടെ നിലവിളി കേൾക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യും.’ “എന്നാൽ ഇപ്പോൾ ഇവിടെയിതാ അമ്മോന്യരും മോവാബ്യരും സേയീർ പർവതനിവാസികളും! ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ ഇവരുടെ ദേശങ്ങളെ ആക്രമിക്കാൻ അങ്ങ് ഞങ്ങളുടെ പൂർവികരെ അനുവദിച്ചിരുന്നില്ലല്ലോ! അതിനാൽ ഇസ്രായേൽ ഇവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോന്നു. അങ്ങു ഞങ്ങൾക്ക് അവകാശമായിത്തന്ന സമ്പത്തിൽനിന്ന് ഞങ്ങളെ തുരത്തിയോടിക്കാൻ ഇവർ വന്നിരിക്കുന്നതുകൊണ്ട് ഇവർ എപ്രകാരം പ്രത്യുപകാരം ചെയ്യുന്നു എന്നു കാണണമേ! ഞങ്ങളുടെ ദൈവമേ! അങ്ങ് ഇവരെ ന്യായംവിധിക്കുകയില്ലേ? കാരണം ഞങ്ങളെ ആക്രമിക്കുന്ന ഈ മഹാസൈന്യത്തെ നേരിടാനുള്ള ശക്തി ഞങ്ങൾക്കില്ല. യഹോവേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നറിയുന്നില്ല. എന്നാൽ ഞങ്ങൾ തിരുസന്നിധിയിലേക്ക് കണ്ണുകൾ ഉയർത്തിയിരിക്കുന്നു.” യെഹൂദാപുരുഷന്മാരെല്ലാവരും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടി യഹോവയുടെ സന്നിധിയിൽ നിന്നു. അപ്പോൾ ആ സഭയിൽ നിന്നിരുന്ന യഹസീയേൽ എന്ന പുരുഷന്റെമേൽ യഹോവയുടെ ആത്മാവു വന്നു. യഹസീയേൽ സെഖര്യാവിന്റെ മകൻ; സെഖര്യാവ് ബെനായാവിന്റെ മകൻ; ബെനായാവ് യെയീയേലിന്റെ മകൻ; യെയീയേൽ മത്ഥന്യാവിന്റെ മകൻ; മത്ഥന്യാവ് ലേവ്യനും ആസാഫിന്റെ പുത്രന്മാരിൽ ഒരാളുമായിരുന്നു. യഹസീയേൽ പറഞ്ഞു: “യെഹോശാഫാത്ത് രാജാവേ, യെഹൂദ്യയിലെയും ജെറുശലേമിലെയും നിവാസികളേ, ശ്രദ്ധയോടെ കേൾക്കുക! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യംമൂലം നിങ്ങൾ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്. കാരണം യുദ്ധം നിങ്ങൾക്കുള്ളതല്ല, ദൈവത്തിന്റേതാണ്. നാളെ നിങ്ങൾ അവർക്കെതിരേ ചെല്ലുക! അവർ സീസ്‌കയറ്റം കയറിവരുന്നുണ്ടാകും. നിങ്ങൾ അവരെ യെരുവേൽ മരുഭൂമിയിൽ മലയിടുക്കിന്റെ അതിർത്തിയിൽവെച്ചു കണ്ടുമുട്ടും. ഈ യുദ്ധത്തിൽ നിങ്ങൾക്കു പൊരുതേണ്ടതായി വരികയില്ല. യെഹൂദയേ, ജെറുശലേമേ, നിങ്ങളുടെ സ്ഥാനങ്ങളിൽ നിലകൊള്ളുക; അചഞ്ചലരായിത്തന്നെ നിൽക്കുക. എന്നിട്ട് യഹോവ നിങ്ങൾക്കു തരുന്ന വിടുതൽ കാണുക, ഭയപ്പെടരുത്! അധൈര്യരാകരുത്! നാളെ അവരെ നേരിടാനായി പുറപ്പെടുക. യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.’ ” യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി. സകല യെഹൂദയും ഇസ്രായേലും വീണുവണങ്ങി യഹോവയെ ആരാധിച്ചു. അപ്പോൾ കെഹാത്യരും കോരഹ്യരുമായ ചില ലേവ്യർ എഴുന്നേറ്റ് അത്യുച്ചനാദത്തിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയെ സ്തുതിച്ചു. അതിരാവിലെതന്നെ അവർ തെക്കോവാ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവർ പുറപ്പെടുമ്പോൾ യെഹോശാഫാത്ത് എഴുന്നേറ്റ് അവരെ അഭിസംബോധനചെയ്തു പറഞ്ഞു: “യെഹൂദയേ, ജെറുശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുക! നിങ്ങളുടെ ദൈവമായ യഹോവയെ വിശ്വസിക്കുക; എന്നാൽ നിങ്ങൾക്കു നിങ്ങളുടെ സ്ഥാനങ്ങളിൽ നിൽക്കാൻ കഴിയും. അവിടത്തെ പ്രവാചകരെയും വിശ്വസിക്കുക; എന്നാൽ നിങ്ങൾ വിജയം കൈവരിക്കും.” യെഹോശാഫാത്ത് ജനങ്ങളുമായി ആലോചിച്ച് അവിടത്തെ വിശുദ്ധിയുടെ പ്രതാപത്തിന് അനുഗുണമായി യഹോവയെ വാഴ്ത്തിപ്പാടാൻ ആളുകളെ നിയോഗിച്ചു. അവർ സൈന്യത്തിനുമുമ്പിൽ നടന്നുകൊണ്ട്: “യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു” എന്നു പാടി. അവർ ഈ വിധം സ്തുതിച്ചുപാടാൻ തുടങ്ങിയപ്പോൾ യെഹൂദയെ ആക്രമിക്കാൻവന്ന മോവാബ്യർക്കും അമ്മോന്യർക്കും സേയീർപർവതനിവാസികൾക്കും എതിരായി യഹോവ പതിയിരിപ്പുകാരെ വരുത്തി. അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരുംകൂടി സേയീർ പർവതനിവാസികൾക്കെതിരേ തിരിഞ്ഞ് അവരെ നശിപ്പിച്ച് ഉന്മൂലനംചെയ്തു. അവരെ കൊന്നുമുടിച്ചു കഴിഞ്ഞപ്പോൾ അമ്മോന്യരും മോവാബ്യരും പരസ്പരം കൊല്ലുന്നതിനു തുടങ്ങി. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ ആ മഹാസൈന്യത്തിനുനേരേ നോക്കി. അവരെല്ലാം ശവങ്ങളായി തറയിൽക്കിടക്കുന്നതു കണ്ടു; ഒരുത്തനും രക്ഷപ്പെട്ടിരുന്നില്ല.