2 ദിനവൃത്താന്തം 2:1-6
2 ദിനവൃത്താന്തം 2:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു. ശലോമോൻ എഴുപതിനായിരം ചുമട്ടുകാരെയും മലയിൽ എൺപതിനായിരം കല്ലുവെട്ടുകാരെയും അവർക്കു മേൽവിചാരകന്മാരായി മൂവായിരത്തി അറുനൂറു പേരെയും നിയമിച്ചു. പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് തനിക്കു പാർപ്പാൻ ഒരു അരമന പണിയേണ്ടതിന് അവന് ദേവദാരു കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടും ചെയ്യേണം. ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിവാൻ പോകുന്നു; അത് അവനു പ്രതിഷ്ഠിച്ചിട്ട് അതിൽ അവന്റെ സന്നിധിയിൽ സുഗന്ധധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസികളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നെ. ഇതു യിസ്രായേലിന് ഒരു ശാശ്വതനിയമം ആകുന്നു. ഞങ്ങളുടെ ദൈവം സകല ദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻ പോകുന്ന ആലയം വലിയത്. എന്നാൽ അവന് ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം കാട്ടുവാനല്ലാതെ അവന് ഒരു ആലയം പണിയേണ്ടതിന് ഞാൻ ആർ?
2 ദിനവൃത്താന്തം 2:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ ആരാധിക്കാൻ ഒരു ആലയവും തനിക്കുവേണ്ടി ഒരു കൊട്ടാരവും പണിയാൻ ശലോമോൻ തീരുമാനിച്ചു. എഴുപതിനായിരം ചുമട്ടുകാരെയും എൺപതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേൽനോട്ടം വഹിക്കാൻ മൂവായിരത്തറുനൂറു പേരെയും ശലോമോൻ നിയമിച്ചു. സോർരാജാവായ ഹൂരാമിന് അദ്ദേഹം ഈ സന്ദേശം കൊടുത്തയച്ചു: “എന്റെ പിതാവായ ദാവീദ് കൊട്ടാരം പണിതപ്പോൾ അതിനുവേണ്ട ദേവദാരു നല്‌കിയത് അങ്ങായിരുന്നല്ലോ. അതുപോലെ എന്നോടും വർത്തിച്ചാലും. ദൈവം ഇസ്രായേലിനോടു കല്പിച്ചിട്ടുള്ളതുപോലെ അവിടുത്തെ സന്നിധിയിൽ ധൂപാർപ്പണം നടത്താനും കാഴ്ചയപ്പം അർപ്പിക്കാനും കാലത്തും വൈകിട്ടും ശബത്തുകളിലും അമാവാസികളിലും ദൈവമായ സർവേശ്വരന്റെ ഉത്സവദിനങ്ങളിലും ഹോമയാഗം അർപ്പിക്കാനുമായി ഞാൻ എന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ ഒരു ആലയം നിർമ്മിച്ചു സമർപ്പിക്കും. ഞങ്ങളുടെ ദൈവം സകല ദേവന്മാരെക്കാളും വലിയവനാണ്; അതുകൊണ്ട് ഞാൻ പണിയാൻ പോകുന്ന ദേവാലയവും വലുതായിരിക്കും. സ്വർഗത്തിനോ ഉന്നത സ്വർഗത്തിനു തന്നെയോ ഉൾക്കൊള്ളാൻ കഴിയാത്ത അവിടുത്തേക്ക് ഒരു ആലയം പണിയാൻ ആർക്കു കഴിയും? അവിടുത്തെ മുമ്പാകെ ധൂപം അർപ്പിക്കുന്നതിനുള്ള ഇടമല്ലാതെ ഒരു ആലയം പണിയാൻ ഞാൻ ആരാണ്?
2 ദിനവൃത്താന്തം 2:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു. എഴുപതിനായിരം (70,000) ചുമട്ടുകാരെയും എൺപതിനായിരം (80,000) കല്ലുവെട്ടുകാരെയും അവർക്ക് മേൽനോട്ടം വഹിക്കാൻ മൂവായിരത്തി അറുനൂറു (3,600) പേരെയും ശലോമോൻ നിയമിച്ചു. പിന്നെ ശലോമോൻ സോർരാജാവായ ഹീരാമിന്‍റെ അടുക്കൽ കൊടുത്തയച്ച സന്ദേശം എന്തെന്നാൽ: “എന്റെ അപ്പനായ ദാവീദ് രാജാവിന് ഒരു അരമന പണിയേണ്ടതിന് ദേവദാരു കൊടുത്തയച്ച നീ എനിക്കുവേണ്ടിയും അപ്രകാരം ചെയ്യേണം. ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിവാൻ പോകുന്നു; അത് അവനു പ്രതിഷ്ഠിച്ചിട്ട് അവന്‍റെ സന്നിധിയിൽ സുഗന്ധധൂപം അർപ്പിക്കുവാനും നിരന്തരമായി കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിക്കുവാനും തന്നെ. ഇതു യിസ്രായേലിനു ഒരു ശാശ്വതനിയമം ആകുന്നു. ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻപോകുന്ന ആലയം മഹത്വമേറിയതായിരിക്കും. “എന്നാൽ അവന് ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം അർപ്പിക്കുവാനല്ലാതെ അവന് ഒരു ആലയം പണിയേണ്ടതിന് ഞാൻ ആർ?
2 ദിനവൃത്താന്തം 2:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു. ശലോമോൻ എഴുപതിനായിരം ചുമട്ടുകാരെയും മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവർക്കു മേൽവിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു. പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് തനിക്കു പാർപ്പാൻ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം. ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാൻ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതിൽ അവന്റെ സന്നിധിയിൽ സുഗന്ധധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു. ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻപോകുന്ന ആലയം വലിയതു. എന്നാൽ അവന്നു ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാൻ ആർ?
2 ദിനവൃത്താന്തം 2:1-6 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്കായി ഒരു രാജകൊട്ടാരവും പണിയുന്നതിനു ശലോമോൻ നിശ്ചയിച്ചു. അദ്ദേഹം നിർബന്ധിതസേവനത്തിന് 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലയിൽ കല്ലുവെട്ടുകാരായും 3,600 പേരെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരായും നിയോഗിച്ചു. ശലോമോൻ സോർരാജാവായ ഹൂരാമിന് ഒരു സന്ദേശമയച്ചു: “എന്റെ പിതാവായ ദാവീദിന് പാർക്കുന്നതിന് ഒരു കൊട്ടാരം പണിയാൻ അങ്ങ് ദേവദാരു അയച്ചുകൊടുത്തതുപോലെ എനിക്കും ദേവദാരുത്തടികൾ അയച്ചുതരിക! യഹോവയുടെമുമ്പാകെ സുഗന്ധധൂപം അർപ്പിക്കുന്നതിനും നിരന്തരം കാഴ്ചയപ്പം ഒരുക്കുന്നതിനും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായിരിക്കുന്നപ്രകാരം എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ശബ്ബത്തുകളിലും അമാവാസികളിലും നിയമിക്കപ്പെട്ടിരിക്കുന്ന മറ്റ് ഉത്സവവേളകളിലും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനുമായി എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിതു പ്രതിഷ്ഠിക്കാൻ ഞാൻ ഒരുങ്ങുകയാണ്. “ഞങ്ങളുടെ ദൈവം സകലദേവന്മാരിലും ശ്രേഷ്ഠനാണ്; അതിനാൽ ഞാൻ പണിയാൻപോകുന്ന ആലയം ഏറ്റവും മഹത്തായിരിക്കും. സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അവിടത്തെ ഉൾക്കൊള്ളാൻ കഴിയാതിരിക്കേ, അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ആർക്കാണു കഴിയുക? തിരുമുമ്പിൽ യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ഒരിടം എന്നതല്ലാതെ അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ഞാൻ ആരാണ്?