2 ദിനവൃത്താന്തം 18:9-26
2 ദിനവൃത്താന്തം 18:9-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാരൊക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ട് കൊമ്പുണ്ടാക്കി: നീ ഇവകൊണ്ട് അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർഥനാകും; യഹോവ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു. മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോട്: നോക്കൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തൻറേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു. അതിനു മീഖായാവ്: യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നെ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു. അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർഥരാകും; അവർ നിങ്ങളുടെ കൈയിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു. രാജാവ് അവനോട്: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നോട് സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു. അതിന് അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ! യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗത്തിലെ സൈന്യം എല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു. യിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന് അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു. എന്നാറെ ഒരു ആത്മാവ് മുമ്പോട്ടുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോട്: ഏതിനാൽ എന്നു ചോദിച്ചു. അതിന് അവൻ: ഞാൻ ചെന്ന് അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക എന്ന് അവൻ കല്പിച്ചു. ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനർഥം കല്പിച്ചുമിരിക്കുന്നു. അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്നു മീഖായാവെ ചെകിട്ടത്ത് അടിച്ചു: നിന്നോടു സംസാരിപ്പാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു. അതിനു മീഖായാവ്: നീ ഒളിക്കേണ്ടതിന് അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവ് പറഞ്ഞത്: നിങ്ങൾ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന്: ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോഷിപ്പിക്കേണ്ടതിനു രാജാവ് കല്പിച്ചിരിക്കുന്നു എന്നു പറവിൻ.
2 ദിനവൃത്താന്തം 18:9-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പടിവാതില്‌ക്കലുള്ള മെതിക്കളത്തിൽ തങ്ങളുടെ സിംഹാസനങ്ങളിൽ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. അവരിൽ കെനയനായുടെ പുത്രൻ സിദെക്കീയാ ഇരുമ്പുകൊണ്ടു കൊമ്പുകളുണ്ടാക്കി. അയാൾ പറഞ്ഞു: “ഇവകൊണ്ട് അങ്ങു സിറിയാക്കാരെയെല്ലാം കുത്തി നശിപ്പിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. പ്രവാചകന്മാരെല്ലാം അങ്ങനെതന്നെ പ്രവചിച്ചു പറഞ്ഞു: “ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെട്ട് വിജയം കൈവരിക്കുക. അവിടുന്ന് അത് രാജാവിന്റെ കൈകളിൽ ഏല്പിക്കും.” മീഖായായെ വിളിക്കാൻ പോയ രാജഭൃത്യൻ അയാളോടു പറഞ്ഞു: “പ്രവാചകന്മാരെല്ലാം ഏകസ്വരത്തിൽ രാജാവിന് അനുകൂലമായി പ്രവചിച്ചിരിക്കുകയാണ്. അങ്ങും അവരെപ്പോലെ പ്രവചിക്കണം. അങ്ങയുടെ വാക്കും അവരുടെ വാക്കുപോലെ ആയിരിക്കട്ടെ.” എന്നാൽ മീഖായാ പറഞ്ഞു: “സർവേശ്വരന്റെ നാമത്തിൽ ഞാൻ ശപഥം ചെയ്തു പറയുന്നു. എന്റെ ദൈവം അരുളിച്ചെയ്യുന്നതു മാത്രമേ ഞാൻ പ്രവചിക്കൂ.” അദ്ദേഹം വന്നപ്പോൾ രാജാവു ചോദിച്ചു: “മീഖായാ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിനെതിരെ യുദ്ധം ചെയ്യാൻ പോകണമോ വേണ്ടയോ?” മീഖായാ പറഞ്ഞു: “പോയി വിജയം കൈവരിക്കുക. സർവേശ്വരൻ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും.” ആഹാബ് പ്രതിവചിച്ചു: “സർവേശ്വരന്റെ നാമത്തിൽ സത്യമേ പറയാവൂ എന്ന് എത്ര പ്രാവശ്യം ഞാൻ പറയണം.” മീഖായാ പറഞ്ഞു: “ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേൽജനം ചിതറിയിരിക്കുന്നതു ഞാൻ കണ്ടു.” അപ്പോൾ സർവേശ്വരൻ കല്പിച്ചു: “ഇവർക്കു നാഥനില്ല; ഇവർ ഓരോരുത്തൻ സ്വന്തഭവനത്തിലേക്കു സമാധാനമായി മടങ്ങിപ്പോകട്ടെ.” ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇയാൾ എന്നെക്കുറിച്ച് തിന്മയല്ലാതെ നന്മയൊന്നും പറയുകയില്ല എന്നു ഞാൻ അങ്ങയോടു പറഞ്ഞില്ലേ?” മീഖായാ തുടർന്നു പറഞ്ഞു: “സർവേശ്വരന്റെ വചനം ശ്രവിക്കുക; അവിടുന്നു തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗീയസൈന്യമെല്ലാം അവിടുത്തെ ഇടതും വലതും നില്‌ക്കുന്നതും ഞാൻ കണ്ടു.” അപ്പോൾ അവിടുന്നു ചോദിച്ചു: “ഇസ്രായേൽരാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തിൽ ചെന്നു നശിക്കാൻ തക്കവിധം ആര് അയാളെ വശീകരിക്കും?” അതിന് ഓരോരുത്തർ ഓരോ വിധത്തിൽ ഉത്തരം നല്‌കി. അപ്പോൾ ഒരു ആത്മാവ് മുമ്പോട്ടു വന്ന് “ഞാൻ വശീകരിക്കാം” എന്നു പറഞ്ഞു. “എങ്ങനെ” എന്നു സർവേശ്വരൻ ചോദിച്ചു. ആത്മാവു പറഞ്ഞു: “ഞാൻ പോയി രാജാവിന്റെ പ്രവാചകന്മാരുടെയെല്ലാം അധരങ്ങളിൽ അസത്യത്തിന്റെ ആത്മാവായി വർത്തിക്കും.” അവിടുന്ന് അരുളിച്ചെയ്തു: “നീ പോയി അങ്ങനെ അയാളെ വശീകരിക്കുക; നീ വിജയിക്കും.” അതുകൊണ്ട് സർവേശ്വരൻ ഇപ്പോൾ വ്യാജത്തിന്റെ ആത്മാവിനെയാണ് ഈ പ്രവാചകന്മാരുടെ അധരങ്ങളിൽ കൊടുത്തിരിക്കുന്നത്. അവിടുന്ന് അങ്ങേക്കെതിരെ അനർഥം അരുളിച്ചെയ്തിരിക്കുന്നു.” അപ്പോൾ കെനയനായുടെ പുത്രൻ സിദെക്കീയാ അടുത്തുചെന്നു മീഖായായുടെ ചെകിട്ടത്തടിച്ചു. അയാൾ ചോദിച്ചു: “നിന്നോടു സംസാരിക്കുന്നതിന് എന്നെ കടന്നു ഏതു വഴിക്കാണ് സർവേശ്വരന്റെ ആത്മാവ് നിന്റെ അടുത്തെത്തിയത്?” മീഖായാ പ്രതിവചിച്ചു: “ഒളിച്ചിരിക്കാനുള്ള അറ തേടി പോകുന്ന ദിവസം നീ അതു മനസ്സിലാക്കും.” ഇസ്രായേൽരാജാവു കല്പിച്ചു: “നിങ്ങൾ മീഖായായെ നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ പിടിച്ചു കൊണ്ടുചെന്നു പറയുക. ഞാൻ സമാധാനമായി തിരിച്ചെത്തുന്നതുവരെ ഇയാളെ തടവിലാക്കുക; കഴിക്കാൻ അല്പം ഭക്ഷണവും വെള്ളവും മാത്രമേ കൊടുക്കാവൂ.”
2 ദിനവൃത്താന്തം 18:9-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേൽ രാജാവും യെഹൂദാ രാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പ്രവേശനകവാടത്തിൽ ഉള്ള ഒരു മെതിക്കളത്തിൽ താന്താന്‍റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ എല്ലാവരും അവരുടെ മുമ്പാകെ പ്രവചിച്ചുകൊണ്ടിരുന്നു. കെനയനയുടെ മകനായ സിദെക്കീയാവ് തനിക്കായി ഇരിമ്പുകൊണ്ട് കൊമ്പുണ്ടാക്കി: “നീ ഇവകൊണ്ട് അരാമ്യരെ എല്ലാം കുത്തി നശിപ്പിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. പ്രവാചകന്മാർ എല്ലാം അങ്ങനെ തന്നെ പ്രവചിച്ചു: “ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അത് രാജാവിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു പറഞ്ഞു. മീഖായാവിനെ വിളിക്കാൻ പോയ ദൂതൻ അവനോട്: “നോക്കൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന് അനുകൂലമായിരിക്കുന്നു; നിന്‍റെ വാക്കും അവരിൽ ഒരുത്തന്‍റെതുപോലെ ഇരിക്കട്ടെ; നീയും അനുകൂലമായി പറയേണമേ” എന്നു പറഞ്ഞു. അതിന് മീഖായാവ്: “യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നത് തന്നെ ഞാൻ പ്രസ്താവിക്കും” എന്നു പറഞ്ഞു. അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന് പോകയോ പോകാതിരിക്കയോ എന്തു വേണ്ടു?” എന്നു ചോദിച്ചു. അതിന് അവൻ: “പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; അവർ നിങ്ങളുടെ കയ്യിൽ ഏല്പിക്കപ്പെടും” എന്നു പറഞ്ഞു. രാജാവ് അവനോട്: “നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോട് പറയുകയില്ലെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നെക്കൊണ്ട് സത്യംചെയ്യിക്കേണം?” എന്നു ചോദിച്ചു. അതിന് അവൻ: “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ജനമെല്ലാം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്ക് നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു” എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “ഇവൻ എന്നെക്കുറിച്ച് ദോഷമല്ലാതെ നല്ലത് പ്രവചിക്കയില്ല എന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ” എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: “എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു. യിസ്രായേൽ രാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തിൽ വച്ചു കൊല്ലപ്പെടേണ്ടതിന് അവിടേക്കു പോകാൻ അവനെ ആർ പ്രേരിപ്പിക്കും? എന്നു യഹോവ ചോദിച്ചപ്പോൾ, ഓരോരുത്തർ ഓരോ വിധത്തിൽ ഉത്തരം പറഞ്ഞു. അപ്പോൾ ഒരു ആത്മാവ് മുമ്പോട്ട് വന്ന് യഹോവയുടെ സന്നിധിയിൽ നിന്നുകൊണ്ട് ‘ഞാൻ അവനെ പ്രേരിപ്പിക്കും’ എന്നു പറഞ്ഞു. യഹോവ അവനോട്: ‘ഏതിനാൽ?’ എന്നു ചോദിച്ചു. ”അതിന് അവൻ: ‘ഞാൻ പുറപ്പെട്ടു അവന്‍റെ സകലപ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും’ എന്നു പറഞ്ഞു. ‘നീ അവനെ പ്രേരിപ്പിക്കും; നിനക്കത് സാധിക്കും; നീ പോയി അങ്ങനെ ചെയ്ക’ എന്നു അവൻ കല്പിച്ചു. ”ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനർത്ഥം കല്പിച്ചുമിരിക്കുന്നു.” അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിനെ ചെകിട്ടത്ത് അടിച്ചു: “നിന്നോട് സംസാരിപ്പാൻ യഹോവയുടെ ആത്മാവ് എന്നെ കടന്ന് ഏതു വഴിയായി വന്നു?” എന്നു ചോദിച്ചു. അതിന് മീഖായാവ്: “നീ ഒളിക്കേണ്ടതിന് അറ തേടിനടക്കുന്ന ദിവസം നീ അത് കാണും” എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവു പറഞ്ഞത്: “നിങ്ങൾ മീഖായാവിനെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന്, ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം വളരെ കുറച്ച് അപ്പവും വെള്ളവും നൽകി ഞെരുക്കത്തിന്‍റെ അനുഭവം കൊടുക്കേണം’ എന്നു രാജാവ് കല്പിച്ചിരിക്കുന്നു” എന്നു പറയുവീൻ.
2 ദിനവൃത്താന്തം 18:9-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽപ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പുണ്ടാക്കി: നീ ഇവകൊണ്ടു അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. പ്രവാചകന്മാർ ഒക്കെയും അങ്ങനെ തന്നേ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു. മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോക്കു, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു. അതിന്നു മീഖായാവു: യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു. അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവു അവനോടു: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; അവർ നിങ്ങളുടെ കയ്യിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു. രാജാവു അവനോടു: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാൻ നിന്നോടു സത്യംചെയ്തു പറയേണം എന്നു ചോദിച്ചു. അതിന്നു അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ! യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു. യിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന്നു അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു. എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോടു: ഏതിനാൽ എന്നു ചോദിച്ചു. അതിന്നു അവൻ: ഞാൻ ചെന്നു അവന്റെ സകലപ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവൻ കല്പിച്ചു. ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു. അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവെ ചെകിട്ടത്തു അടിച്ചു: നിന്നോടു സംസാരിപ്പാൻ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു. അതിന്നു മീഖായാവു: നീ ഒളിക്കേണ്ടതിന്നു അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവു പറഞ്ഞതു: നിങ്ങൾ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്നു: ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോക്ഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു പറവിൻ.
2 ദിനവൃത്താന്തം 18:9-26 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജകീയ വേഷധാരികളായി അവരവരുടെ സിംഹാസനങ്ങളിൽ ശമര്യയുടെ കവാടത്തിനുവെളിയിൽ ധാന്യം മെതിക്കുന്ന വിശാലമായ ഒരു മൈതാനത്തിൽ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെമുമ്പിൽ പ്രവചിച്ചുകൊണ്ടിരുന്നു. കെനയനയുടെ മകനായ സിദെക്കീയാവ് ഇരുമ്പുകൊണ്ടു കൊമ്പുകളുണ്ടാക്കി, “ ‘ഇതുകൊണ്ട് നീ അരാമ്യരെ ആക്രമിച്ച് അവരെ കുത്തിക്കീറിക്കളയും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. മറ്റു പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു: “രാമോത്തിലെ ഗിലെയാദിനെ ആക്രമിക്കുക! വിജയിയാകുക! യഹോവ അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.” മീഖായാവെ ആനയിക്കാൻപോയ ഉദ്യോഗസ്ഥൻ അദ്ദേഹത്തോട്: “നോക്കൂ, മറ്റു പ്രവാചകന്മാരെല്ലാം ഏകകണ്ഠമായി രാജാവിനു വിജയം പ്രവചിച്ചിരിക്കുന്നു. അങ്ങയുടെ പ്രവചനവും അവരുടേതുപോലെ രാജാവിന് അനുകൂലമായിരിക്കട്ടെ!” എന്നു പറഞ്ഞു. എന്നാൽ മീഖായാവ്: “ജീവിക്കുന്ന യഹോവയാണെ, ദൈവം എന്നോട് എന്ത് അരുളിച്ചെയ്യുന്നോ അതുതന്നെ ഞാൻ പ്രസ്താവിക്കും” എന്നുത്തരം പറഞ്ഞു. മീഖായാവു രാജസന്നിധിയിലെത്തിയപ്പോൾ രാജാവ് അദ്ദേഹത്തോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനു പുറപ്പെടണമോ അഥവാ, ഞാൻ പുറപ്പെടാതിരിക്കണമോ എന്തു ചെയ്യേണം?” എന്നു ചോദിച്ചു. മീഖായാവു പരിഹാസത്തോടെ മറുപടികൊടുത്തു: “ആക്രമിക്കുക! വിജയം വരിക്കുക! അവർ നിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും.” രാജാവ് അദ്ദേഹത്തോട്: “യഹോവയുടെ നാമത്തിൽ, എന്നോടു സത്യമല്ലാതെ മറ്റൊന്നും പറയരുതെന്നു ഞാൻ നിങ്ങളെക്കൊണ്ട് എത്രപ്രാവശ്യം ശപഥംചെയ്യിക്കണം?” എന്നു ചോദിച്ചു. അപ്പോൾ മീഖായാവു മറുപടി പറഞ്ഞു: “ഇസ്രായേൽസൈന്യം ഇടയനില്ലാത്ത ആടുകളെപ്പോലെ മലമുകളിൽ ചിതറിയിരിക്കുന്നതു ഞാൻ ദർശനത്തിൽ കണ്ടു. ‘ഈ ജനത്തിനു നായകനില്ല; ഓരോരുത്തനും സമാധാനത്തോടെ ഭവനങ്ങളിലേക്കു പോകട്ടെ’ എന്ന് യഹോവ കൽപ്പിക്കുകയും ചെയ്തു.” അപ്പോൾ, ഇസ്രായേൽരാജാവായ ആഹാബ് യെഹോശാഫാത്തിനോട്: “ഈ മനുഷ്യൻ എന്നെക്കുറിച്ച് ദോഷമായതല്ലാതെ, നന്മയായുള്ളത് യാതൊന്നും പ്രവചിക്കുകയില്ലെന്ന് ഞാൻ അങ്ങയോടു പറഞ്ഞിരുന്നില്ലേ?” എന്നു ചോദിച്ചു. മീഖായാവു തുടർന്നു പറഞ്ഞത്: “എന്നാൽ, യഹോവയുടെ വാക്കു ശ്രദ്ധിക്കുക. യഹോവ തന്റെ സിംഹാസനത്തിലിരിക്കുന്നതും തന്റെ സകലസ്വർഗീയസൈന്യവും അവിടത്തെ വലത്തും ഇടത്തുമായി അണിനിരന്നുനിൽക്കുന്നതും ഞാൻ ദർശിച്ചു. അപ്പോൾ യഹോവ, ‘ഇസ്രായേൽരാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തിൽച്ചെന്ന്, യുദ്ധത്തിൽ വധിക്കപ്പെടുംവിധം അതിനെ ആക്രമിക്കുന്നതിലേക്ക് ആര് അവനെ പ്രലോഭിപ്പിക്കും?’ എന്നു ചോദിച്ചു. “ചിലർ ഇത്തരത്തിലും മറ്റുചിലർ മറ്റൊരുതരത്തിലും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാൽ, അവസാനം ഒരാത്മാവ് മുൻപോട്ടുവന്നു യഹോവയുടെമുമ്പിൽ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഞാൻ അവനെ പ്രലോഭിപ്പിക്കും.’ “ ‘എങ്ങനെ?’ എന്ന് യഹോവ ചോദിച്ചു. “ ‘ഞാൻ ചെന്ന് അയാളുടെ സകലപ്രവാചകന്മാരുടെയും അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവായി പ്രവർത്തിക്കും’ എന്ന് ആ ആത്മാവ് മറുപടി നൽകി. “അപ്പോൾ യഹോവ: ‘അവനെ വശീകരിക്കുന്നതിൽ നീ വിജയിക്കും; നീ പോയി അപ്രകാരം ചെയ്യുക!’ എന്നു കൽപ്പിച്ചു. “അങ്ങനെ, യഹോവ ഇപ്പോൾ നിന്റെ ഈ പ്രവാചകന്മാരുടെ അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവിനെ അയച്ചിരിക്കുന്നു. യഹോവ നിനക്കു നാശം നിർണയിച്ചിരിക്കുന്നു.” അപ്പോൾ, കെനയനയുടെ മകനായ സിദെക്കീയാവ് മുൻപോട്ടുചെന്ന് മീഖായാവിന്റെ മുഖത്തടിച്ചു. “യഹോവയുടെ ആത്മാവ് എന്നെവിട്ടു നിന്നോടു സംസാരിക്കാൻ ഏതുവഴിയായി വന്നു?” എന്നു ചോദിച്ചു. “ഒരു രഹസ്യ അറയിൽ ഒളിക്കാൻ പോകുന്നനാളിൽ നീ അതു കണ്ടെത്തും,” എന്നു മീഖായാവു മറുപടി പറഞ്ഞു. അതിനുശേഷം ഇസ്രായേൽരാജാവ്: “മീഖായാവിനെ നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ തിരികെ കൊണ്ടുപോകുക. ‘അവനെ കാരാഗൃഹത്തിലടയ്ക്കുകയും ഞാൻ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ അപ്പവും വെള്ളവുംമാത്രം കൊടുക്കുകയും ചെയ്യുക എന്നതാണ് രാജാവിന്റെ ഉത്തരവ്,’ എന്ന് അവനോടു പറയുക” എന്ന് ആജ്ഞാപിച്ചു.