2 ദിനവൃത്താന്തം 17:1-6

2 ദിനവൃത്താന്തം 17:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവന്റെ മകനായ യെഹോശാഫാത്ത് അവനു പകരം രാജാവായി; അവൻ യിസ്രായേലിനെതിരേ പ്രബലനായിത്തീർന്നു. അവൻ യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവൽപട്ടാളങ്ങളെയും ആക്കി. യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ട് യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; എല്ലാ യെഹൂദായും യെഹോശാഫാത്തിനു കാഴ്ച കൊണ്ടുവന്നു; അവനു ധനവും മാനവും വളരെ ഉണ്ടായി. അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ട് അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദായിൽനിന്നു നീക്കിക്കളഞ്ഞു.

2 ദിനവൃത്താന്തം 17:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആസയ്‍ക്കുശേഷം പുത്രനായ യെഹോശാഫാത്ത് രാജാവായി. അദ്ദേഹം ഇസ്രായേലിനെതിരെ തന്റെ നില ശക്തമാക്കി. യെഹൂദ്യയിലെ സുരക്ഷിതമാക്കിയിരുന്ന പട്ടണങ്ങളിലെല്ലാം അദ്ദേഹം സൈന്യങ്ങളെ നിയോഗിച്ചു. യെഹൂദാദേശത്തു തന്റെ പിതാവ് ആസ പിടിച്ചെടുത്ത എഫ്രയീംപട്ടണങ്ങളിലും കാവൽപട്ടാളക്കാരെ നിർത്തി. യെഹോശാഫാത്ത് തന്റെ പിതാവിന്റെ ആദ്യകാല ജീവിതരീതി സ്വീകരിച്ചതുകൊണ്ട്, സർവേശ്വരൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു; അയാൾ ബാൽവിഗ്രഹങ്ങളിലേക്കു തിരിഞ്ഞില്ല. ഇസ്രായേൽരാജാക്കന്മാരുടെ മാർഗം സ്വീകരിക്കാതെ തന്റെ പിതാവിന്റെ ദൈവത്തെ ആരാധിക്കുകയും അവിടുത്തെ കല്പനകൾ അനുസരിക്കുകയും ചെയ്തു. അതുകൊണ്ട് സർവേശ്വരൻ അദ്ദേഹത്തിന്റെ രാജത്വം സുസ്ഥിരമാക്കി. യെഹൂദാനിവാസികൾ എല്ലാവരും അദ്ദേഹത്തിനു കാഴ്ചകൾ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വളരെ ഉണ്ടായി. അദ്ദേഹത്തിന്റെ ഹൃദയം സർവേശ്വരന്റെ വഴികളിൽ ഉറച്ചിരുന്നു; പൂജാഗിരികളും അശേരാ പ്രതിഷ്ഠകളും യെഹൂദ്യയിൽനിന്ന് അദ്ദേഹം നീക്കം ചെയ്തു.

2 ദിനവൃത്താന്തം 17:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവന്‍റെ മകൻ യെഹോശാഫാത്ത് അവനു പകരം രാജാവായി; അവൻ യിസ്രായേലിനെതിരെ പ്രബലനായിത്തീർന്നു. അവൻ യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം സൈന്യങ്ങളെ ആക്കി; യെഹൂദാ ദേശത്തും തന്‍റെ അപ്പനായ ആസാ പിടിച്ചടക്കിയ എഫ്രയീം പട്ടണങ്ങളിലും കാവൽ പട്ടാളങ്ങളെയും നിർത്തി. യെഹോശാഫാത്ത് തന്‍റെ പൂർവപിതാവായ ദാവീദിന്‍റെ ആദ്യകാലത്തെ വഴികളിൽ നടക്കയും ബാല്‍ വിഗ്രഹങ്ങളെ ആശ്രയിക്കാതെ തന്‍റെ പിതാവിന്‍റെ ദൈവത്തെ അന്വേഷിക്കുകയും യിസ്രായേലിന്‍റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്‍റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ട് യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; യെഹൂദാ ജനമെല്ലാം യെഹോശാഫാത്തിനു കാഴ്ച കൊണ്ടു വന്നു; അവനു വളരെ ധനവും ബഹുമാനവും ഉണ്ടായി. അവന്‍റെ ഹൃദയം യഹോവയുടെ വഴികളിൽ സന്തോഷിക്കയും അവൻ പൂജാഗിരികളും അശേരാപ്രതിഷ്ഠകളും യെഹൂദയിൽനിന്ന് നീക്കിക്കളയുകയും ചെയ്തു.

2 ദിനവൃത്താന്തം 17:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവൻ യിസ്രായേലിന്നെതിരെ പ്രബലനായ്തീർന്നു. അവൻ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി. യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. യഹോവ അവന്നു രാജത്വം ഉറപ്പിച്ചുകൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി. അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ടു അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയിൽനിന്നു നീക്കിക്കളഞ്ഞു.

2 ദിനവൃത്താന്തം 17:1-6 സമകാലിക മലയാളവിവർത്തനം (MCV)

ആസായുടെ മകനായ യെഹോശാഫാത്ത് അനന്തരാവകാശിയായി രാജ്യഭാരമേറ്റു. അദ്ദേഹം ഇസ്രായേലിനെതിരേ പ്രബലനായിത്തീർന്നു. കോട്ടകെട്ടി ബലപ്പെടുത്തിയിരുന്ന യെഹൂദ്യനഗരങ്ങളിലെല്ലാം അദ്ദേഹം പട്ടാളത്തെ പാർപ്പിച്ചു. യെഹൂദ്യയിലും അദ്ദേഹത്തിന്റെ പിതാവായ ആസാ പിടിച്ചടക്കിയിരുന്ന എഫ്രയീമ്യ നഗരങ്ങളിലും അദ്ദേഹം കാവൽസേനയെ നിയോഗിച്ചു. യെഹോശാഫാത്ത് ബാൽവിഗ്രഹങ്ങളെ അന്വേഷിക്കാതെ തന്റെ പൂർവപിതാവായ ദാവീദിന്റെ ഭരണത്തിന്റെ ആദ്യ വർഷങ്ങളിലേതുപോലെ ജീവിച്ചതുമൂലം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. അദ്ദേഹം ഇസ്രായേലിന്റെ പ്രവർത്തനമാർഗം പിൻതുടരാതെ, തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കുകയും അവിടത്തെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തു. തന്മൂലം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. അവിടന്ന് അദ്ദേഹത്തിന്റെ രാജത്വം സ്ഥിരമാക്കി. യെഹൂദാമുഴുവനും യെഹോശാഫാത്തിനു കാഴ്ചകൾ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വർധിച്ചു. അദ്ദേഹത്തിന്റെ ഹൃദയം യഹോവയുടെ വഴികളിൽ ഏകാഗ്രമായിത്തീരുകയും യെഹൂദ്യയിൽനിന്ന് അദ്ദേഹം ക്ഷേത്രങ്ങളും അശേരാപ്രതിഷ്ഠകളും നീക്കിക്കളയുകയും ചെയ്തു.