2 ദിനവൃത്താന്തം 10:1-19

2 ദിനവൃത്താന്തം 10:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രെഹബെയാമിനെ രാജാവാക്കേണ്ടതിനു യിസ്രായേലെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു. എന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമിൽനിന്നു മടങ്ങിവന്നു. അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലാ യിസ്രായേലും വന്നു രെഹബെയാമിനോട്: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു. അവൻ അവരോട്: മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി. രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോൻ ജീവനോടിരിക്കുമ്പോൾ അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ഈ ജനത്തോട് ഉത്തരം പറയേണ്ടതിനു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു. അതിന് അവർ അവനോട്: നീ ജനത്തോടു ദയ കാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോടു നല്ല വാക്ക് പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു. എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു: നിന്റെ അപ്പൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിനു നിങ്ങൾ എന്താലോചന പറയുന്നു എന്ന് അവരോടു ചോദിച്ചു. അവനോടുകൂടെ വളർന്നിരുന്ന യൗവനക്കാർ അവനോട്: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു: നീ അതു ഭാരം കുറച്ചു തരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോട്: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും. എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിനു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു. മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു രാജാവ് പറഞ്ഞതുപോലെ യൊരോബെയാമും സകല ജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ വന്നു. എന്നാൽ രാജാവ് അവരോടു കഠിനമായിട്ട് ഉത്തരം പറഞ്ഞു; രെഹബെയാംരാജാവ് വൃദ്ധന്മാരുടെ ആലോചന ത്യജിച്ച് യൗവനക്കാരുടെ ആലോചനപ്രകാരം അവരോട്: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു; ഞാനോ അതിനു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്ന് ഉത്തരം പറഞ്ഞു. ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാ മുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു. രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ല എന്ന് എല്ലാ യിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: ദാവീദിങ്കൽ ഞങ്ങൾക്ക് എന്തോഹരിയുള്ളൂ? യിശ്ശായിയുടെ പുത്രങ്കൽ ഞങ്ങൾക്ക് അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്ന് ഉത്തരം പറഞ്ഞു. യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി. യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായിത്തീർന്നു. പിന്നെ രെഹബെയാംരാജാവ് ഊഴിയവേലയ്ക്ക് മേൽവിചാരകനായ ഹദോരാമിനെ അയച്ചു; എന്നാൽ യിസ്രായേല്യർ അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവ് വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോയി. ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദുഗൃഹത്തോടു മത്സരിച്ചുനില്ക്കുന്നു.

2 ദിനവൃത്താന്തം 10:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രെഹബെയാം ശെഖേമിലേക്കു പോയി. അവിടെ ഇസ്രായേൽജനമെല്ലാം അദ്ദേഹത്തെ രാജാവാക്കാൻ ഒരുമിച്ചുകൂടിയിരുന്നു. ശലോമോൻരാജാവിന്റെ അടുക്കൽനിന്ന് ഓടി ഒളിച്ച് ഈജിപ്തിൽ പാർത്തിരുന്ന നെബാത്തിന്റെ പുത്രൻ യെരോബെയാം ഈ വിവരം അറിഞ്ഞപ്പോൾ അവിടെനിന്നു മടങ്ങിവന്നു. ഇസ്രായേലിന്റെ ഉത്തരപ്രദേശത്തുള്ള ഗോത്രക്കാർ യെരോബെയാമിനെ ആളയച്ചു വരുത്തി. അവർ അയാളോടൊപ്പം രെഹബെയാമിന്റെ അടുക്കൽ വന്നു പറഞ്ഞു: “അങ്ങയുടെ പിതാവ് ഭാരമുള്ള നുകമായിരുന്നു ഞങ്ങളുടെമേൽ വച്ചിരുന്നത്. ആ ഭാരിച്ച നുകവും കഠിനാധ്വാനവും ഞങ്ങൾക്കു ലഘൂകരിച്ചുതരണം. അങ്ങനെ ചെയ്താൽ ഞങ്ങൾ അങ്ങയെ സേവിക്കാം.” മൂന്നു ദിവസം കഴിഞ്ഞ് മടങ്ങിവരാൻ രെഹബെയാം അവരോടു പറഞ്ഞു. അതനുസരിച്ച് അവർ പിരിഞ്ഞുപോയി. തന്റെ പിതാവായ ശലോമോന്റെ ഉപദേശകരായിരുന്ന വൃദ്ധജനത്തോടു രെഹബെയാം രാജാവ് ആലോചിച്ചു. “ഇവരോട് എന്തു മറുപടിയാണ് പറയേണ്ടത്?” എന്ന് അദ്ദേഹം അവരോട് ആരാഞ്ഞു. അവർ പറഞ്ഞു: “അങ്ങ് ജനത്തോടു നല്ലവാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും അവരോടു ദയാപൂർവം വർത്തിക്കുകയും ചെയ്താൽ അവർ എന്നും അങ്ങയെ സേവിച്ചുകൊള്ളും.” എന്നാൽ രാജാവ് പക്വമതികളായ അവരുടെ ഉപദേശം തിരസ്കരിച്ചു; പിന്നീട് തന്റെ കൂടെ വളർന്നവരും ഇപ്പോൾ പാർശ്വവർത്തികളുമായ യുവാക്കന്മാരോട് ആലോചിച്ചു. “അങ്ങയുടെ പിതാവ് ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകത്തിന്റെ ഭാരം ലഘൂകരിച്ചുതരണം എന്നാവശ്യപ്പെടുന്ന ജനത്തിന് എന്ത് ഉത്തരമാണ് നല്‌കേണ്ടത്; എന്താണു നിങ്ങളുടെ അഭിപ്രായം” അവരോട് ചോദിച്ചു. അദ്ദേഹത്തിന്റെകൂടെ വളർന്ന യുവാക്കൾ പറഞ്ഞു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകം ഭാരമുള്ളതാക്കി; അതു ലഘുവാക്കിത്തരണം എന്നാവശ്യപ്പെട്ട ജനത്തോട് ഇപ്രകാരം പറയുക. എന്റെ ചെറുവിരൽ പിതാവിന്റെ അരക്കെട്ടിനെക്കാൾ വലുതാണ്. എന്റെ പിതാവു ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു. ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും. അദ്ദേഹം നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു. ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് അടിക്കും.” രാജാവു പറഞ്ഞതനുസരിച്ച് മൂന്നു ദിവസം കഴിഞ്ഞ് യെരോബെയാമും ജനങ്ങളും രെഹബെയാമിന്റെ അടുക്കൽ വന്നു. പക്വമതികളായ വൃദ്ധജനം നല്‌കിയ ഉപദേശം അവഗണിച്ച് രാജാവു ജനങ്ങളോടു പരുഷമായി സംസാരിച്ചു. യുവാക്കൾ നല്‌കിയ ഉപദേശമനുസരിച്ചു രാജാവ് പറഞ്ഞു: “എന്റെ പിതാവ് ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു. ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും. എന്റെ പിതാവു നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു. ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് അടിക്കും.” അങ്ങനെ രാജാവ് ജനങ്ങളുടെ അപേക്ഷ നിരസിച്ചു. സർവേശ്വരൻ ശീലോഹ്യനായ അഹീയായിലൂടെ നെബാത്തിന്റെ പുത്രനായ യെരോബെയാമിനോട് അരുളിച്ചെയ്ത വചനം നിറവേറുന്നതിന് ദൈവഹിതത്താൽ ഇപ്രകാരം സംഭവിച്ചു. രാജാവ് തങ്ങളുടെ അപേക്ഷ നിരസിച്ചു എന്നു കണ്ടപ്പോൾ വന്നുകൂടിയ ഇസ്രായേൽജനം പറഞ്ഞു: “ദാവീദുമായി ഞങ്ങൾക്കെന്തു ബന്ധം? യിശ്ശായിയുടെ പുത്രനിൽ ഞങ്ങൾക്ക് എന്തവകാശം? ഇസ്രായേൽജനമേ, നിങ്ങൾ സ്വന്തം കൂടാരങ്ങളിലേക്കു പൊയ്‍ക്കൊള്ളുക; ദാവീദേ, ഇനി സ്വന്തം ഭവനം നോക്കിക്കൊള്ളുക, അങ്ങനെ ഇസ്രായേൽജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി. രെഹബെയാം യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന ഇസ്രായേല്യരുടെ രാജാവായി വാണു. രെഹബെയാംരാജാവ് അടിമവേലക്കാരുടെ ചുമതല വഹിക്കുന്ന ഹദോരാമിനെ ഉത്തരദേശത്തു പാർത്തിരുന്ന ഇസ്രായേൽജനത്തിന്റെ അടുക്കലേക്കയച്ചു. അവർ അയാളെ കല്ലെറിഞ്ഞു കൊന്നു. ഇതറിഞ്ഞ ഉടൻ രെഹബെയാംരാജാവ് രഥത്തിൽ കയറി യെരൂശലേമിലേക്കു പോയി. അങ്ങനെ ഉത്തരദേശത്തുള്ള ഇസ്രായേല്യർ ഇന്നും ദാവീദിന്റെ ഭവനവുമായി മത്സരിച്ചു നില്‌ക്കുന്നു.

2 ദിനവൃത്താന്തം 10:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

രെഹബെയാമിനെ രാജാവാക്കേണ്ടതിന് യിസ്രായേൽ ജനമെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു. എന്നാൽ ശലോമോൻ രാജാവിന്‍റെ സന്നിധിയിൽനിന്ന് ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നെബാത്തിന്‍റെ മകൻ യൊരോബെയാം അതു കേട്ടു അവിടെനിന്ന് മടങ്ങിവന്നു. അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും യിസ്രായേൽ ജനവും വന്ന് രെഹബെയാമിനോട്: “നിന്‍റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; ആകയാൽ നിന്‍റെ അപ്പന്‍റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറച്ചു തരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു. അവൻ അവരോട്: “മൂന്നുദിവസം കഴിഞ്ഞിട്ട് വീണ്ടും എന്‍റെ അടുക്കൽ വരുവീൻ” എന്നു പറഞ്ഞു. അങ്ങനെ ജനം പോയി. രെഹബെയാം രാജാവ് തന്‍റെ അപ്പനായ ശലോമോന്‍റെ കാലത്ത് അവന്‍റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധജനത്തോട് ആലോചിച്ചു: “ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾക്ക് എന്തുപദേശം നൽകാനുണ്ട്” എന്നു ചോദിച്ചു. അവർ അവനോട്: “നീ ജനത്തോടു ദയകാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോട് നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും” എന്നു പറഞ്ഞു. എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്ന, തന്നോടൊപ്പം നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു: “നിന്‍റെ അപ്പൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നു എന്നോടു ആവശ്യപ്പെടുന്ന ഈ ജനത്തോട് ഞാൻ ഉത്തരം പറയാൻ നിങ്ങൾ എന്താലോചന നൽകുന്നു” എന്നു അവരോടു ചോദിച്ചു. അവനോട് കൂടെ വളർന്ന യൗവനക്കാർ അവനോട്: “നിന്‍റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നീ അത് ഭാരം കുറച്ചുതരേണം എന്നു നിന്നോട് പറഞ്ഞ ജനത്തോട്, ‘എന്‍റെ ചെറുവിരൽ എന്‍റെ അപ്പന്‍റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും. എന്‍റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വച്ചു; ഞാൻ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്‍റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് അടിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ട് ദണ്ഡിപ്പിക്കും’ എന്നിങ്ങനെ നീ ഉത്തരം പറയേണം” എന്നു പറഞ്ഞു. മൂന്നാംദിവസം വീണ്ടും എന്‍റെ അടുക്കൽ വരുവീൻ എന്നു രാജാവ് പറഞ്ഞ പ്രകാരം യൊരോബെയാമും സകലജനവും മൂന്നാംദിവസം അവന്‍റെ അടുക്കൽ വന്നു. എന്നാൽ രാജാവ് അവരോട് കഠിനമായി ഉത്തരം പറഞ്ഞു; രെഹബെയാം വൃദ്ധന്മാരുടെ ആലോചന തള്ളിക്കളഞ്ഞ് യൗവനക്കാരുടെ ആലോചനപ്രകാരം അവരോട്: “എന്‍റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന് ഭാരം കൂട്ടും; എന്‍റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു; ഞാനോ മുൾചാട്ടകൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും” എന്നു ഉത്തരം പറഞ്ഞു. ഇങ്ങനെ രാജാവ് ജനത്തിന്‍റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്‍റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു. രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കുകയില്ല എന്നു യിസ്രായേൽജനം കണ്ടപ്പോൾ അവർ രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരിയാണുള്ളത്? യിശ്ശായിയുടെ പുത്രന്‍റെ മേൽ ഞങ്ങൾക്ക് അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്‍റെ കൂടാരത്തിലേക്ക് പൊയ്ക്കൊൾക; ദാവീദേ, നിന്‍റെ ഗൃഹം നീ തന്നെ നോക്കിക്കൊൾക” എന്നു ഉത്തരം പറഞ്ഞ് യിസ്രായേൽ ജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി. യെഹൂദാ നഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കു മാത്രം രെഹബെയാം രാജാവായിത്തീർന്നു. പിന്നെ രെഹബെയാംരാജാവ് അടിമവേലക്കാരുടെ മേൽവിചാരകനായ ഹദോരാമിനെ യിസ്രായേൽ ജനത്തിന്‍റെ അടുക്കൽ അയച്ചു; എന്നാൽ അവർ അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവ് വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിച്ചുപോയി. ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോട് മത്സരിച്ചു നില്ക്കുന്നു.

2 ദിനവൃത്താന്തം 10:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമിൽ ചെന്നു. എന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമിൽനിന്നു മടങ്ങിവന്നു. അവർ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു. അവൻ അവരോടു: മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി. രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോൻ ജീവനോടിരിക്കുമ്പോൾ അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു. അതിന്നു അവർ അവനോടു: നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു. എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൗവനക്കാരോടു ആലോചിച്ചു: നിന്റെ അപ്പൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടും നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു. അവനോടു കൂടെ വളർന്നിരുന്ന യൗവനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു: നീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും. എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു. മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ വന്നു. എന്നാൽ രാജാവു അവരോടു കഠിനമായിട്ടു ഉത്തരം പറഞ്ഞു; രെഹബെയാംരാജാവു വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു യൗവനക്കാരുടെ ആലോചനപ്രകാരം അവരോടു: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു. ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു. രാജാവു തങ്ങളുടെ അപേക്ഷ കേൾക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കൽ ഞങ്ങൾക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കൽ ഞങ്ങൾക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി. യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു. പിന്നെ രെഹബെയാംരാജാവു ഊഴിയവേലക്കു മേൽവിചാരകനായ ഹദോരാമിനെ അയച്ചു; എന്നാൽ യിസ്രായേല്യർ അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവു വേഗത്തിൽ രഥം കയറി യെരൂശലേമിലേക്കു ഓടിപ്പോയി. ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനില്ക്കുന്നു.

2 ദിനവൃത്താന്തം 10:1-19 സമകാലിക മലയാളവിവർത്തനം (MCV)

രെഹബെയാമിനെ രാജാവായി വാഴിക്കുന്നതിന് ഇസ്രായേൽമുഴുവൻ ശേഖേമിൽ എത്തിച്ചേർന്നതിനാൽ അദ്ദേഹവും അവിടെയെത്തി. ഇതു കേട്ടപ്പോൾ നെബാത്തിന്റെ മകനായ യൊരോബെയാം—അദ്ദേഹം ശലോമോൻരാജാവിന്റെ അടുത്തുനിന്ന് ഓടിപ്പോയി താമസിച്ചിരുന്ന ഈജിപ്റ്റിലായിരുന്നു—ഈജിപ്റ്റിൽനിന്ന് മടങ്ങിയെത്തി. അതിനാൽ ഇസ്രായേൽ പ്രഭുക്കന്മാർ യൊരോബെയാമിനെ വിളിച്ചുവരുത്തി; അദ്ദേഹവും ഇസ്രായേല്യർ എല്ലാവരുംകൂടി രെഹബെയാമിന്റെ അടുക്കലെത്തി ഇപ്രകാരം ഉണർത്തിച്ചു: “അങ്ങയുടെ പിതാവ് ഭാരമുള്ള ഒരു നുകമാണ് ഞങ്ങളുടെമേൽ ചുമത്തിയിരുന്നത്; ആകയാൽ, ഇപ്പോൾ അങ്ങ് ഞങ്ങളുടെ കഠിനവേലയും അദ്ദേഹം ഞങ്ങളുടെമേൽ ചുമത്തിയിരുന്ന ഭാരമേറിയ നുകവും ലഘുവാക്കിത്തന്നാലും. അങ്ങനെയെങ്കിൽ, ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.” “മൂന്നുദിവസത്തിനകം നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവരിക,” എന്ന് രെഹബെയാം മറുപടികൊടുത്തു. അങ്ങനെ ജനം മടങ്ങിപ്പോയി. അതിനുശേഷം, രാജാവ് തന്റെ പിതാവായ ശലോമോനെ അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ സേവിച്ചുനിന്നിരുന്ന വൃദ്ധജനങ്ങളുമായി കൂടിയാലോചിച്ചു. “ഞാൻ ഈ ജനത്തോട് എന്ത് മറുപടി പറയണം? നിങ്ങളുടെ ആലോചനയും അഭിപ്രായവും എന്ത്?” എന്ന് രെഹബെയാം അവരോടു ചോദിച്ചു. അവർ അദ്ദേഹത്തോട്: “അങ്ങ് ഈ ജനത്തോടു ദയ കാണിക്കുകയും അവരെ സന്തോഷിപ്പിക്കുകയും അവരോട് അനുകൂലമായ മറുപടി പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും,” എന്ന് ഉത്തരം പറഞ്ഞു. എന്നാൽ, രെഹബെയാം വൃദ്ധജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. തന്നോടൊപ്പം വളർന്നവരും തന്നെ സേവിച്ചുനിൽക്കുന്നവരുമായ യുവജനങ്ങളുമായി അദ്ദേഹം കൂടിയാലോചിച്ചു. “നിങ്ങളുടെ ഉപദേശം എന്താണ്? ‘നിന്റെ പിതാവു ഞങ്ങളുടെമേൽ ചുമത്തിയ നുകത്തിന്റെ ഭാരം കുറച്ചുതരിക,’ എന്ന് എന്നോടു പറയുന്ന ഈ ജനത്തോടു നാം എന്തു മറുപടി പറയണം?” എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തോടൊപ്പം വളർന്നുവന്ന ആ യുവജനങ്ങൾ മറുപടി പറഞ്ഞത്: “ ‘അങ്ങയുടെ പിതാവു ഞങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; അതിന്റെ ഭാരം കുറച്ചുതരണം,’ എന്ന് അങ്ങയോടാവശ്യപ്പെട്ട ജനത്തോട് ഈ വിധം പറയണം: ‘എന്റെ ചെറുവിരൽ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാളും വലുപ്പമുള്ളതായിരിക്കും. എന്റെ പിതാവ് നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാനതിനെ ഇനിയും കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാനോ, നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും.’ ” “മൂന്നുദിവസത്തിനുശേഷം എന്റെ അടുക്കൽ മടങ്ങിവരിക,” എന്നു രാജാവു നിർദേശിച്ചിരുന്നതുപോലെ യൊരോബെയാമും സർവജനവും രെഹബെയാമിന്റെ അടുക്കൽ മടങ്ങിവന്നു. വൃദ്ധജനങ്ങളുടെ ആലോചന നിരസിച്ച് രാജാവ് ജനത്തോടു വളരെ പരുഷമായി സംസാരിച്ചു. യുവാക്കന്മാർ നൽകിയ ഉപദേശമനുസരിച്ച് അദ്ദേഹം അവരോട്: “എന്റെ പിതാവു നിങ്ങളുടെ നുകത്തെ ഭാരമുള്ളതാക്കി; ഞാനതിനെ കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാൻ നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും” എന്നു പറഞ്ഞു. ഇങ്ങനെ, രാജാവ് ജനങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല. നെബാത്തിന്റെ മകനായ യൊരോബെയാമിനോട് ശീലോന്യനായ അഹീയാവിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഈ സംഭവവികാസം ദൈവഹിതപ്രകാരം ആയിരുന്നു. രാജാവു തങ്ങളുടെ അപേക്ഷ ചെവിക്കൊള്ളുന്നില്ല എന്നുകണ്ടപ്പോൾ ഇസ്രായേൽജനമെല്ലാം അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്: “ദാവീദിങ്കൽ നമുക്കെന്ത് ഓഹരി? യിശ്ശായിയുടെ പുത്രനിൽ നമുക്കെന്ത് ഓഹരി? ഇസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്ളൂ. ദാവീദേ, ഇനി സ്വന്തഭവനത്തെ നോക്കിക്കൊള്ളുക!” അങ്ങനെ, ഇസ്രായേൽജനമെല്ലാം താന്താങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി. എന്നാൽ, യെഹൂദ്യനഗരങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേല്യർക്ക് രെഹബെയാം രാജാവായി തുടർന്നു. നിർബന്ധിതമായി വേലചെയ്യുന്നവരുടെ ചുമതല വഹിച്ചിരുന്ന അദോനിരാമിനെ രെഹബെയാംരാജാവ് ഇസ്രായേല്യരുടെ അടുക്കലേക്കയച്ചു. എന്നാൽ, അവർ അദ്ദേഹത്തെ കല്ലെറിഞ്ഞുകൊന്നു. രെഹബെയാംരാജാവാകട്ടെ, കഷ്ടിച്ച് രഥത്തിലേറി ജെറുശലേമിലേക്ക് ഓടിപ്പോന്നു. ഇപ്രകാരം, ഇസ്രായേൽ ഇന്നുവരെ ദാവീദിന്റെ ഭവനത്തോടുള്ള മാത്സര്യത്തിൽ കഴിയുന്നു.