1 തിമൊഥെയൊസ് 6:6-19

1 തിമൊഥെയൊസ് 6:6-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു. നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ. നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവച്ചു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാൺമാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവനു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. ഈ ലോകത്തിലെ ധനവാന്മാരോട് ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വയ്പാനും നന്മ ചെയ്‍വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിനു വരുംകാലത്തേക്കു നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.

1 തിമൊഥെയൊസ് 6:6-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരുവൻ തനിക്കുള്ളതിൽ സംതൃപ്തനായിരിക്കുന്നെങ്കിൽ അവന്റെ ദൈവഭക്തി ഒരു വലിയ ധനമാണ്; എന്തുകൊണ്ടെന്നാൽ ഈ ലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുവാൻ സാധ്യവുമല്ല. അതുകൊണ്ട് ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കിൽ അതു നമുക്ക് ധാരാളം മതി. ധനവാന്മാർ ആകുവാൻ മോഹിക്കുന്നവർ പ്രലോഭനത്തിൽ വീഴുന്നു. നാശത്തിലും കെടുതിയിലും നിപതിക്കുന്ന നിരവധി ബുദ്ധിശൂന്യവും ഉപദ്രവകരവുമായ മോഹങ്ങളുടെ കെണിയിൽ അകപ്പെടുകയും ചെയ്യുന്നു. എല്ലാ തിന്മകളുടെയും തായ്‍വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലർ വിശ്വാസത്തിൽനിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകൾകൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ മനുഷ്യനായ നീ ഇതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ലക്ഷ്യമാക്കിക്കൊള്ളുക. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; അനശ്വരജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. അതിനുവേണ്ടിയാണ് നീ വിളിക്കപ്പെട്ടത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ആ വിശ്വാസം സ്പഷ്ടമായി ഏറ്റുപറയുകയും ചെയ്തിട്ടുള്ളതാണല്ലോ. എല്ലാറ്റിനും ജീവൻ നല്‌കുന്ന ദൈവത്തിന്റെ മുമ്പാകെയും, പൊന്തിയൊസ് പീലാത്തോസിന്റെ മുമ്പിൽ തന്റെ വിശ്വാസം സ്പഷ്ടമായി ഏറ്റു പറഞ്ഞ ക്രിസ്തുയേശുവിന്റെ മുമ്പാകെയും ഞാൻ നിന്നോട് അധികാരപൂർവം ആവശ്യപ്പെടുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തു പ്രത്യക്ഷനാകുന്നതുവരെ ഈ കല്പനകൾ മാലിന്യംകൂടാതെ നിരാക്ഷേപം പാലിക്കുക. വാഴ്ത്തപ്പെട്ടവനും ഏക പരമാധികാരിയും രാജാധിരാജനും, കർത്താധികർത്താവുമായ ദൈവം ഇത് യഥാസമയം വെളിപ്പെടുത്തും. അവിടുന്നു മാത്രമാണ് അമർത്യൻ. ആർക്കും കടന്നുചെല്ലാനാവാത്ത പ്രകാശത്തിൽ നിവസിക്കുന്ന ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആർക്കും അത് സാധ്യവുമല്ല. സകല ബഹുമാനവും അനന്തമായ അധികാരവും അവിടുത്തേക്കുള്ളതുതന്നെ. ആമേൻ. ഗർവ്വ് കാണിക്കുകയോ, അനിശ്ചിതമായ സമ്പത്തിൽ തങ്ങളുടെ പ്രത്യാശ ഊന്നുകയോ ചെയ്യരുതെന്ന് ഈ ലോകത്തിലെ സമ്പന്നന്മാരെ ഉദ്ബോധിപ്പിക്കുക. നമുക്ക് അനുഭവിക്കുന്നതിനായി സകലവും നല്‌കിയിട്ടുള്ള ദൈവത്തിൽതന്നെ തങ്ങളുടെ പ്രത്യാശ അവർ ഉറപ്പിക്കട്ടെ. നന്മ ചെയ്യുവാൻ അവരോട് ആജ്ഞാപിക്കുക; സൽപ്രവൃത്തികളിൽ അവർ സമ്പന്നരാകണം; ഉദാരമതികളും തങ്ങൾക്കുള്ളത് പരസ്പരം പങ്കു വയ്‍ക്കുന്നവരുമായിരിക്കുകയും വേണം. അങ്ങനെ സാക്ഷാത്തായ ജീവൻ നേടേണ്ടതിന് തങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള നല്ല അടിസ്ഥാനമായി ഒരു നിധി അവർ സമ്പാദിക്കുന്നു.

1 തിമൊഥെയൊസ് 6:6-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും. എന്തെന്നാൽ ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ നാം സംതൃപ്തർ ആകുന്നു. എന്നാൽ ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യരെ സംഹാരത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന ചിന്താശൂന്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. എന്തെന്നാൽ ദ്രവ്യാഗ്രഹം സകലവിധദോഷത്തിനും മൂലകാരണമല്ലോ. ചിലർ ഇത് വാഞ്ചിച്ചിട്ട് വിശ്വാസം വിട്ടകന്ന് ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു. എന്നാൽ ദൈവമനുഷ്യനായ നീ, ഈ വക കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക. വിശ്വാസത്തിന്‍റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്ളുക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സാക്ഷ്യം വഹിച്ചുവല്ലോ. നീ നിഷ്കളങ്കനും യാതൊരു അപവാദവും ഏൽക്കാത്തവനായി ഈ കല്പന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം എന്നു സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും, പൊന്തിയൊസ് പീലാത്തോസിന്‍റെ മുമ്പിൽ നല്ല സാക്ഷ്യം വഹിച്ച ക്രിസ്തുയേശുവിനെയും സാക്ഷിനിർത്തി ഞാൻ നിന്നോട് കല്പിക്കുന്നു. ധന്യനും ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണുവാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവനു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. ഈ ലോകത്തിലെ ധനവാന്മാരോട്, ഉന്നതഭാവം കൂടാതെയോ നിശ്ചയമില്ലാത്ത ധനത്തിൽ ആശ്രയിക്കാതെയോ ഇരിക്കുവാനും, നമുക്ക് സകലവും ധാരാളമായി അനുഭവിക്കുവാൻ തരുന്ന ദൈവത്തിൽ ആശ വയ്ക്കുവാനും നന്മചെയ്ത് സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യം ഉള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന് വരുംകാലത്തേക്കു തങ്ങൾക്കുതന്നെ നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്ളുവാനും ആജ്ഞാപിക്കുക.

1 തിമൊഥെയൊസ് 6:6-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു. നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ. നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവെപ്പാനും നന്മചെയ്‌വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.

1 തിമൊഥെയൊസ് 6:6-19 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ, സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്. ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല. ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം. ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും ഉറവിടമാണ്. ധനമോഹത്താൽ ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച്, പലവിധ വേദനകൾക്ക് തങ്ങളെത്തന്നെ അധീനരാക്കുകയുംചെയ്തിരിക്കുന്നു. എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക. വിശ്വാസത്തിന്റെ നല്ല യുദ്ധംചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക; അതിനായി നീ വിളിക്കപ്പെടുകയും അനേകസാക്ഷികളുടെമുമ്പിൽ ആ കാര്യം ഏറ്റുപറയുകയും ചെയ്തിട്ടുണ്ടല്ലോ. സകലത്തിനും ജീവൻ നൽകുന്ന ദൈവത്തെയും പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ ഉത്തമവിശ്വാസപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നത്: നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനംവരെ നീ ഈ കൽപ്പനകൾ നിഷ്കളങ്കമായും നിരാക്ഷേപമായും പാലിച്ചുകൊള്ളണം എന്നാണ്. രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും വാഴ്ത്തപ്പെട്ട ഏകാധിപതിയുമായ ദൈവം ക്രിസ്തുവിനെ യഥാകാലം വെളിപ്പെടുത്തും. അവിടന്നുമാത്രമാണ് മരണരഹിതൻ. ആർക്കും അടുത്തുകൂടാത്ത പ്രകാശത്തിൽ നിവസിക്കുന്ന അവിടത്തെ മാനവരാരും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. ബഹുമാനവും ആധിപത്യവും എന്നേക്കും അവിടത്തേക്ക് ഉണ്ടാകുമാറാകട്ടെ. ആമേൻ. ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക. അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക. ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ.