1 തിമൊഥെയൊസ് 4:6-10

1 തിമൊഥെയൊസ് 4:6-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിനു നല്ല ശുശ്രൂഷകൻ ആകും. ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിനും പ്രയോജനകരമാകുന്നു. ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം. അതിനായിട്ടുതന്നെ നാം സകല മനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവച്ച് അധ്വാനിച്ചും പോരാടിയും വരുന്നു.

1 തിമൊഥെയൊസ് 4:6-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഈ നിർദേശങ്ങൾ നമ്മുടെ സഹോദരന്മാരെ അനുസ്മരിപ്പിക്കുമെങ്കിൽ നീ ക്രിസ്തുയേശുവിന്റെ നല്ല ശുശ്രൂഷകനായിരിക്കും. വിശ്വാസത്തിന്റെ വചനങ്ങളാലും, നീ അനുസരിക്കുന്ന സദുപദേശങ്ങളാലും പരിപോഷിപ്പിക്കപ്പെട്ട സേവകൻതന്നെ. ദൈവവിശ്വാസത്തിനു വിരുദ്ധമായ കിഴവിക്കഥകളെ നീ പാടേ ഉപേക്ഷിക്കണം; ഭക്തിപരമായ ജീവിതം അഭ്യസിക്കുകയും വേണം. കായികമായ വ്യായാമംകൊണ്ട് അല്പം പ്രയോജനമുണ്ട്. എന്നാൽ ആത്മീയ ജീവിത പരിശീലനം എല്ലാ പ്രകാരത്തിലും പ്രയോജനമുള്ളതാണ്. എന്തുകൊണ്ടെന്നാൽ ഈ ലോകജീവിതത്തിനും വരുവാനുള്ളതിനുംവേണ്ടിയുള്ള വാഗ്ദാനങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. ഇതു വിശ്വാസ്യവും തികച്ചും സ്വീകാര്യവുമായ ആപ്തവചനമാണ്. ഇതിനുവേണ്ടി നാം കഠിനമായി യത്നിക്കുകയും ക്ലേശപൂർവം മല്ലിട്ടു മുന്നേറുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ എല്ലാ മനുഷ്യരുടെയും വിശിഷ്യ വിശ്വസിക്കുന്നവരുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തിൽ നാം പ്രത്യാശ ഉറപ്പിച്ചിരിക്കുന്നു.

1 തിമൊഥെയൊസ് 4:6-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ പിൻപറ്റിയ വിശ്വാസത്തിൻ്റെയും സദുപദേശത്തിൻ്റെയും വചനത്താൽ പോഷിപ്പിക്കപ്പെട്ടവനായി ക്രിസ്തുയേശുവിൻ്റെ നല്ല ശുശ്രൂഷകൻ ആകും. എന്നാൽ ഭക്തിവിരുദ്ധമായതും അമ്മൂമ്മക്കഥകളും ഒഴിവാക്കി ദൈവഭക്തിയ്ക്ക് തക്കവണ്ണം നിന്നെത്തന്നെ പരിശീലിപ്പിക്കുക. ശരീരവ്യായാമം അല്പം പ്രയോജനമുള്ളതത്രേ; എന്നാൽ ഇപ്പോഴുള്ളതും വരുവാനുള്ളതുമായ ജീവന്‍റെ വാഗ്ദത്തമുള്ളതാകയാൽ, ദൈവഭക്തിയോ സകലത്തിനും പ്രയോജനകരമാകുന്നു. ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിക്കുവാൻ യോഗ്യവുമായ വചനം തന്നെ. അതിനുവേണ്ടി തന്നെ, സകലമനുഷ്യരുടെയും പ്രത്യേകാൽ വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ പ്രത്യാശവച്ച്, നാം അദ്ധ്വാനിച്ചും പോരാടിയും വരുന്നു.

1 തിമൊഥെയൊസ് 4:6-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകൻ ആകും. ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു. ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം. അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.

1 തിമൊഥെയൊസ് 4:6-10 സമകാലിക മലയാളവിവർത്തനം (MCV)

ഈ കാര്യങ്ങൾ നീ സഹോദരങ്ങൾക്കു വ്യക്തമാക്കിയാൽ, വിശ്വാസവചസ്സുകളാലും നീ പിൻതുടർന്നുവന്ന ഉത്തമ ഉപദേശത്താലും പരിപോഷിപ്പിക്കപ്പെട്ട് ക്രിസ്തുയേശുവിന്റെ ഒരു ഉത്തമശുശ്രൂഷകനായിത്തീരും. ലൗകികവും സാങ്കൽപ്പികവുമായ കഥകൾ ഒഴിവാക്കുക; ദൈവഭക്തനാകാൻ നിന്നെത്തന്നെ പരിശീലിപ്പിക്കുക. കായികാഭ്യാസം കുറച്ചുമാത്രം പ്രയോജനമുള്ളതാണ്; എന്നാൽ അതിലും മഹത്തരമാണ് ആത്മികാഭ്യസനം. കാരണം, ഐഹികജീവിതത്തിലും വരാനുള്ള ജീവിതത്തിലും അതുമൂലം പ്രയോജനങ്ങൾ വരുമെന്നുള്ള വാഗ്ദാനമുണ്ടല്ലോ. ഇത് തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവുമായ വചനമാണ്. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് നാം പരിശ്രമിക്കുകയും പോരാടുകയുംചെയ്യുന്നത്. എല്ലാ മനുഷ്യരുടെയും, വിശിഷ്യ വിശ്വാസികളുടെയും, രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ നാം പ്രത്യാശ അർപ്പിച്ചിരിക്കുന്നു.