1 തിമൊഥെയൊസ് 4:1-5
1 തിമൊഥെയൊസ് 4:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജിക്കേണം എന്നു കല്പിക്കയും ചെയ്യും. എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജിക്കേണ്ടതല്ല; ദൈവവചനത്താലും പ്രാർഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
1 തിമൊഥെയൊസ് 4:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിൽക്കാലത്ത് ചിലർ വഴിതെറ്റിക്കുന്ന ആത്മാക്കളെയും പിശാചിന്റെ ഉപദേശങ്ങളെയും ശ്രദ്ധിച്ചുകൊണ്ട് വിശ്വാസം ഉപേക്ഷിക്കുമെന്ന് ആത്മാവു വ്യക്തമായി പറയുന്നു. അത്തരം ഉപദേശങ്ങൾ പ്രചരിപ്പിക്കുന്ന നുണയന്മാരുടെ മനസ്സാക്ഷി മരവിച്ചു നിർജീവമായിപ്പോയതാണ്. വിവാഹം പാടില്ലെന്ന് അവർ പറയുന്നു. വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവർ കൃതജ്ഞതയോടെ ഭക്ഷിക്കുന്നതിനായി ദൈവം സൃഷ്‍ടിച്ചിട്ടുള്ള ആഹാരസാധനങ്ങൾ വർജിക്കണമെന്ന് അവർ അനുശാസിക്കുകയും ചെയ്യുന്നു. ഈശ്വരൻ സൃഷ്‍ടിച്ചതെല്ലാം നല്ലതുതന്നെ; സ്തോത്രത്തോടെ സ്വീകരിക്കുന്നെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല. ദൈവവചനത്താലും പ്രാർഥനയാലും അതു വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
1 തിമൊഥെയൊസ് 4:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ഭാവികാലത്ത് ചിലർ വ്യാജാത്മാക്കളിലും ഭൂതങ്ങളുടെ ഉപദേശങ്ങളിലും ശ്രദ്ധ ചെലുത്തി ഭോഷ്ക് പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടു പിടിച്ചവരായി, വിവാഹം വിലക്കുകയും, വിശ്വസിക്കുകയും സത്യം തിരിച്ചറിയുകയും ചെയ്തവർ സ്തോത്രത്തോടെ അനുഭവിക്കുവാൻ ദൈവം സൃഷ്ടിച്ച ഭക്ഷ്യവസ്തുക്കളെ വർജ്ജിക്കേണം എന്നു കല്പിക്കുകയും ചെയ്യുന്നു. എന്തെന്നാൽ ദൈവത്തിന്‍റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല; ദൈവവചനത്താലും പ്രാർത്ഥനയാലും അവ വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
1 തിമൊഥെയൊസ് 4:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും. എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല; ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
1 തിമൊഥെയൊസ് 4:1-5 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ അന്ത്യകാലത്ത് വഴിതെറ്റിക്കുന്ന ആത്മാക്കളെയും പൈശാചിക ഉപദേശങ്ങളെയും പിൻതുടർന്ന് ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു. ഇത്തരം ഉപദേശങ്ങൾ അസത്യവാദികളുടെ കാപട്യത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അവരുടെ മനസ്സാക്ഷി പൊള്ളിക്കപ്പെട്ടതുപോലെ വികാരശൂന്യമായിരിക്കുന്നു. അവർ വിവാഹം നിരോധിക്കുകയും ചില സവിശേഷ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയുംചെയ്യുന്നു. ഇവ, സത്യം മനസ്സിലാക്കിയ വിശ്വാസികൾ സ്തോത്രത്തോടെ ആസ്വദിക്കാനായി ദൈവം സൃഷ്ടിച്ചവയാണ്. ദൈവം സൃഷ്ടിച്ചവയെല്ലാം ഉത്തമമാണ്; സ്തോത്രംചെയ്തുകൊണ്ട് സ്വീകരിക്കുകയാണെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല. കാരണം അത് ദൈവവചനത്താലും പ്രാർഥനയാലും വിശുദ്ധീകരിക്കപ്പെടുന്നല്ലോ.