1 തിമൊഥെയൊസ് 3:8-16
1 തിമൊഥെയൊസ് 3:8-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർലാഭമോഹികളും അരുത്. അവർ വിശ്വാസത്തിന്റെ മർമം ശുദ്ധമനസ്സാക്ഷിയിൽ വച്ചുകൊള്ളുന്നവർ ആയിരിക്കേണം. അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ. അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം. ശുശ്രൂഷകന്മാർ ഏക ഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം. നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗല്ഭ്യവും സമ്പാദിക്കുന്നു. ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്ന് ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടത് എങ്ങനെയെന്നു നീ അറിയേണ്ടതിന് ഇത് എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു. എന്നിങ്ങനെ ദൈവഭക്തിയുടെ മർമം സമ്മതമാംവണ്ണം വലിയതാകുന്നു.
1 തിമൊഥെയൊസ് 3:8-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുപോലെതന്നെ സഭാശുശ്രൂഷകരും ഉൽകൃഷ്ടസ്വഭാവമുള്ളവരായിരിക്കണം; സന്ദർഭത്തിനൊത്തു വാക്കു മാറ്റി സംസാരിക്കുന്നവരോ, അമിതമായി വീഞ്ഞു കുടിക്കുന്നവരോ, ഹീനമായ ലാഭേച്ഛ ഉള്ളവരോ ആയിരിക്കരുത്. അവർ വിശ്വാസത്തിന്റെ മർമ്മം സ്വച്ഛമായ മനസ്സാക്ഷിയോടുകൂടി മുറുകെപ്പിടിക്കുന്നവരായിരിക്കണം. ആദ്യം അവർ പരിശോധനയ്‍ക്കു വിധേയരാകണം. കുറ്റമറ്റവരാണെന്നു തെളിയുന്നപക്ഷം അവർ സഭയിൽ ശുശ്രൂഷ ചെയ്യട്ടെ. അതുപോലെതന്നെ അവരുടെ ഭാര്യമാരും ഉൽകൃഷ്ടസ്വഭാവമുള്ളവരും, പരദൂഷണത്തിൽ ഏർപ്പെടാത്തവരും, സമചിത്തതയുള്ളവരും, എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം. സഭാശുശ്രൂഷകൻ ഏകപത്നിയുടെ ഭർത്താവും സ്വന്തം മക്കളെയും കുടുംബത്തെയും യഥോചിതം ഭരിക്കുവാൻ പ്രാപ്തരുമായിരിക്കട്ടെ. നന്നായി സേവനം അനുഷ്ഠിക്കുന്ന ശുശ്രൂഷകർ നിലയും വിലയും നേടുന്നു. അവർക്കു ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി നിർഭയം സംസാരിക്കുവാനുള്ള ധൈര്യവും ഉണ്ടായിരിക്കും. എത്രയും വേഗം വന്നു നിന്നെ കാണാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ ഒരുവേള ഞാൻ വരാൻ വൈകുന്നപക്ഷം ദൈവത്തിന്റെ സഭയിൽ ഒരുവൻ എങ്ങനെ പെരുമാറണമെന്നു നീ അറിയേണ്ടതിനാണ് ഞാൻ ഇതെഴുതുന്നത്. സഭ സത്യത്തിന്റെ തൂണും കോട്ടയും ജീവിക്കുന്ന ദൈവത്തിന്റെ ഭവനവുമാകുന്നു. നമ്മുടെ മതവിശ്വാസത്തിന്റെ മർമ്മം നിശ്ചയമായും മഹത്താണ്. അവിടുന്നു മനുഷ്യജന്മമെടുത്ത് പ്രത്യക്ഷനായി; അവിടുന്നു നീതിമാനാണെന്ന് ആത്മാവിനാൽ സമർഥിക്കപ്പെട്ടു. മാലാഖമാർക്ക് അവിടുന്നു ദർശനമേകി; ജനവർഗങ്ങളുടെ ഇടയിൽ അവിടുന്നു പ്രഘോഷിക്കപ്പെട്ടു. ലോകമെങ്ങും അവിടുത്തെ വിശ്വസിച്ചു; മഹത്ത്വത്തിലേക്ക് അവിടുന്ന് ഉയർത്തപ്പെടുകയും ചെയ്തു.
1 തിമൊഥെയൊസ് 3:8-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്രകാരം ശുശ്രൂഷകന്മാർ ആദരണീയർ ആയിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും ആകരുത്. അവർ വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയോടെ സൂക്ഷിക്കുന്നവർ ആയിരിക്കേണം. അവരും ആദ്യം പരിശോധിക്കപ്പെടട്ടെ; കുറ്റമില്ലാത്തവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ. അപ്രകാരം സ്ത്രീകളും ആദരണീയരും ഏഷണി പറയാത്തവരും എന്നാൽ സമചിത്തരും സകലത്തിലും വിശ്വസ്തമാരുമായിരിക്കേണം. ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബകാര്യങ്ങളെയും നന്നായി നിയന്ത്രിക്കുന്നവരും ആയിരിക്കേണം. എന്തെന്നാൽ നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കുതന്നെ നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു. ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരുവാൻ ആശിക്കുന്നു എങ്കിലും, താമസിച്ചുപോയാലോ, തൂണും സത്യത്തിന്‍റെ അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ പെരുമാറേണ്ടത് എങ്ങനെയെന്ന് നീ അറിയുവാനായി എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്ക് പ്രത്യക്ഷനായി; ജനതകളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം വലിയതാകുന്നു എന്നു സമ്മതമാംവണ്ണം അംഗീകരിക്കുന്നു.
1 തിമൊഥെയൊസ് 3:8-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു. അവർ വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവർ ആയിരിക്കേണം. അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ. അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം. ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം. നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു. ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.
1 തിമൊഥെയൊസ് 3:8-16 സമകാലിക മലയാളവിവർത്തനം (MCV)
ശുശ്രൂഷകരും അതുപോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ സത്യസന്ധത ഇല്ലാത്തവരോ മദ്യാസക്തരോ അത്യാഗ്രഹികളോ ആകരുത്. നിർമലമനസ്സാക്ഷിയിൽ വിശ്വാസത്തിന്റെ ആഴമേറിയ സത്യം സംരക്ഷിക്കുന്നവരായിരിക്കണം. അവരെ ആദ്യംതന്നെ പരീക്ഷണവിധേയരാക്കണം; ഉത്തമസാക്ഷ്യം പുലർത്തുന്നവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷചെയ്യട്ടെ. അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ, ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം. ശുശ്രൂഷകൻ ഏകപത്നീവ്രതനും സ്വകുടുംബത്തെയും സന്താനങ്ങളെയും നന്നായി പരിപാലിക്കുന്നവനും ആയിരിക്കണം. തങ്ങളുടെ ശുശ്രൂഷ ഉത്തമമായി നിർവഹിച്ചിട്ടുള്ളവർക്ക് ബഹുമാന്യമായ ഒരു സ്ഥാനവും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ വർധിച്ചുവരുന്ന ആത്മധൈര്യവും ഉണ്ട്. നിന്റെ അടുത്തേക്ക് ഉടനെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എങ്കിലും എന്റെ വരവിന് താമസം നേരിട്ടാൽ എപ്രകാരമാണ് ഓരോരുത്തരും ദൈവികഗൃഹത്തിൽ പെരുമാറേണ്ടതെന്ന് നീ അറിയുന്നതിനാണ് ഞാൻ ഈ നിർദേശങ്ങൾ എഴുതുന്നത്. ജീവനുള്ള ദൈവത്തിന്റെ ഈ സഭ സത്യത്തിന്റെ സ്തംഭവും അടിസ്ഥാനവും ആകുന്നു. ദൈവഭക്തിയുടെ അഗാധരഹസ്യം അനിഷേധ്യമാംവിധം അതിശ്രേഷ്ഠമാണ്: അവിടന്ന് മനുഷ്യനായി വെളിപ്പെട്ടു, ആത്മാവിൽ നീതീകരിക്കപ്പെട്ടു, ദൂതന്മാർക്കു പ്രത്യക്ഷനായി, രാഷ്ട്രങ്ങളിൽ ഘോഷിക്കപ്പെട്ടു, ലോകത്തിൽ വിശ്വസിക്കപ്പെട്ടു, മഹത്ത്വത്തിൽ എടുക്കപ്പെട്ടു.