1 തിമൊഥെയൊസ് 3:1-7
1 തിമൊഥെയൊസ് 3:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുവൻ അധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. എന്നാൽ അധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർഥനും ആയിരിക്കേണം. മദ്യപ്രിയനും തല്ലുകാരനും അരുത്; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും? നിഗളിച്ചിട്ടു പിശാചിനു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുത്. നിന്ദയിലും പിശാചിന്റെ കെണിയിലും കുടുങ്ങാതിരിപ്പാൻ പുറമേയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.
1 തിമൊഥെയൊസ് 3:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവൻ സഭയുടെ അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നു എങ്കിൽ ശ്രേഷ്ഠമായ സേവനമാണ് അയാൾ അഭിലഷിക്കുന്നത്. അതു വാസ്തവമാണ്. എന്നാൽ സഭയുടെ അധ്യക്ഷൻ ആരോപണങ്ങൾക്ക് അതീതനും ഏകപത്നീവ്രതക്കാരനും ഇന്ദ്രിയവികാരങ്ങളെ ജയിക്കുന്നവനും സംയമശീലനും മാന്യനും അതിഥിസൽക്കാരതൽപരനും ഉപദേശിക്കുവാനുള്ള പ്രാഗല്ഭ്യം ഉള്ളവനും ആയിരിക്കേണ്ടതാണ്; അയാൾ മദ്യാസക്തനോ, അക്രമാസക്തനോ, ആയിരിക്കരുത്; പിന്നെയോ സൗമ്യനും ശാന്തശീലനും ദ്രവ്യാഗ്രഹമില്ലാത്തവനും ആയിരിക്കണം. അയാൾ സ്വകുടുംബത്തെ യഥായോഗ്യം ഭരിക്കണം. ഉൽകൃഷ്ടമായ പെരുമാറ്റത്താൽ മക്കളെ പൂർണഗൗരവത്തോടെ അനുസരണത്തിൽ വളർത്തുന്നവനും ആയിരിക്കണം. സ്വന്തം ഭവനത്തെ ഭരിച്ചു നടത്തുവാൻ കഴിയാത്തവൻ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കും? അയാൾ പുതിയതായി വിശ്വാസം സ്വീകരിച്ച ആളായിരിക്കരുത്. അങ്ങനെ ആയിരുന്നാൽ അഹങ്കാരത്തിമിർപ്പുകൊണ്ട് സാത്താനു വന്ന ശിക്ഷാവിധിയിൽ അകപ്പെടും. സഭാധ്യക്ഷൻ സഭയ്‍ക്കു പുറത്തുള്ളവർ കൂടി സമാദരിക്കുന്ന ആളായിരിക്കണം. അങ്ങനെയുള്ളവൻ ദുഷ്കീർത്തിക്കു വിധേയനാകയില്ല; പിശാചിന്റെ കെണിയിൽ വീഴുകയുമില്ല.
1 തിമൊഥെയൊസ് 3:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലപ്രവൃത്തി ആഗ്രഹിക്കുന്നു എന്നുള്ളത് വിശ്വാസയോഗ്യം ആകുന്നു. അതുകൊണ്ട് അദ്ധ്യക്ഷൻ കുറ്റമില്ലാത്തവനും ഏകഭാര്യയുടെ ഭർത്താവും സമചിത്തനും സുബോധശീലനും ആദരണീയനും അതിഥിപ്രിയനും ഉപദേശിക്കുവാൻ സമർത്ഥനും ആയിരിക്കേണം; മദ്യപാനിയും കലഹക്കാരനും അരുത്; എന്നാൽ, ശാന്തനും സമാധാനകാംക്ഷിയും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി നിയന്ത്രിക്കുന്നവനും, മക്കൾ പൂർണ്ണബഹുമാനത്തോടെ അനുസരിക്കുന്നവരും ആയിരിക്കേണം. സ്വന്തകുടുംബത്തെ നിയന്ത്രിക്കുവാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും? നിഗളിയായി തീർന്ന്, പിശാചിന് വന്നുഭവിച്ചതുപോലെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ പുതിയ ശിഷ്യനും അരുത്. കൂടാതെ, നിന്ദയിലും പിശാചിന്റെ കെണിയിലും അകപ്പെടാതിരിക്കുവാൻ പുറമേയുള്ളവരാൽ നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.
1 തിമൊഥെയൊസ് 3:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ല വേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം; മദ്യപ്രിയനും തല്ലുകാരനും അരുതു; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും? നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു. നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.
1 തിമൊഥെയൊസ് 3:1-7 സമകാലിക മലയാളവിവർത്തനം (MCV)
ഇത് വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: അധ്യക്ഷപദം ആഗ്രഹിക്കുന്നയാൾ ഉത്തമശുശ്രൂഷ അഭിലഷിക്കുന്നു. അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം. മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്; സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളുമായിരിക്കണം. സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും? അയാൾ സമീപകാലത്ത് വിശ്വാസം സ്വീകരിച്ചയാൾ ആയിരിക്കരുത്. അപ്രകാരമായാൽ അയാൾ മതിമറന്ന് പിശാചിനു സംഭവിച്ച ശിക്ഷാവിധിയിൽ അകപ്പെടും. അദ്ദേഹം സഭയ്ക്കു പുറമേയുള്ളവരുടെ മധ്യേ നല്ല മതിപ്പുള്ള ആളായിരിക്കണം. അങ്ങനെയായാൽ അയാൾ അപമാനിതനാകുകയോ പിശാചിന്റെ കെണിയിൽപ്പെടുകയോ ഇല്ല.