1 തിമൊഥെയൊസ് 3:1-5
1 തിമൊഥെയൊസ് 3:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുവൻ അധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. എന്നാൽ അധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർഥനും ആയിരിക്കേണം. മദ്യപ്രിയനും തല്ലുകാരനും അരുത്; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
1 തിമൊഥെയൊസ് 3:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവൻ സഭയുടെ അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നു എങ്കിൽ ശ്രേഷ്ഠമായ സേവനമാണ് അയാൾ അഭിലഷിക്കുന്നത്. അതു വാസ്തവമാണ്. എന്നാൽ സഭയുടെ അധ്യക്ഷൻ ആരോപണങ്ങൾക്ക് അതീതനും ഏകപത്നീവ്രതക്കാരനും ഇന്ദ്രിയവികാരങ്ങളെ ജയിക്കുന്നവനും സംയമശീലനും മാന്യനും അതിഥിസൽക്കാരതൽപരനും ഉപദേശിക്കുവാനുള്ള പ്രാഗല്ഭ്യം ഉള്ളവനും ആയിരിക്കേണ്ടതാണ്; അയാൾ മദ്യാസക്തനോ, അക്രമാസക്തനോ, ആയിരിക്കരുത്; പിന്നെയോ സൗമ്യനും ശാന്തശീലനും ദ്രവ്യാഗ്രഹമില്ലാത്തവനും ആയിരിക്കണം. അയാൾ സ്വകുടുംബത്തെ യഥായോഗ്യം ഭരിക്കണം. ഉൽകൃഷ്ടമായ പെരുമാറ്റത്താൽ മക്കളെ പൂർണഗൗരവത്തോടെ അനുസരണത്തിൽ വളർത്തുന്നവനും ആയിരിക്കണം. സ്വന്തം ഭവനത്തെ ഭരിച്ചു നടത്തുവാൻ കഴിയാത്തവൻ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കും?
1 തിമൊഥെയൊസ് 3:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലപ്രവൃത്തി ആഗ്രഹിക്കുന്നു എന്നുള്ളത് വിശ്വാസയോഗ്യം ആകുന്നു. അതുകൊണ്ട് അദ്ധ്യക്ഷൻ കുറ്റമില്ലാത്തവനും ഏകഭാര്യയുടെ ഭർത്താവും സമചിത്തനും സുബോധശീലനും ആദരണീയനും അതിഥിപ്രിയനും ഉപദേശിക്കുവാൻ സമർത്ഥനും ആയിരിക്കേണം; മദ്യപാനിയും കലഹക്കാരനും അരുത്; എന്നാൽ, ശാന്തനും സമാധാനകാംക്ഷിയും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി നിയന്ത്രിക്കുന്നവനും, മക്കൾ പൂർണ്ണബഹുമാനത്തോടെ അനുസരിക്കുന്നവരും ആയിരിക്കേണം. സ്വന്തകുടുംബത്തെ നിയന്ത്രിക്കുവാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
1 തിമൊഥെയൊസ് 3:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ല വേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം; മദ്യപ്രിയനും തല്ലുകാരനും അരുതു; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
1 തിമൊഥെയൊസ് 3:1-5 സമകാലിക മലയാളവിവർത്തനം (MCV)
ഇത് വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: അധ്യക്ഷപദം ആഗ്രഹിക്കുന്നയാൾ ഉത്തമശുശ്രൂഷ അഭിലഷിക്കുന്നു. അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം. മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്; സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളുമായിരിക്കണം. സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും?