1 തിമൊഥെയൊസ് 2:8-15

1 തിമൊഥെയൊസ് 2:8-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധ കൈകളെ ഉയർത്തി പ്രാർഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്ക് ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്. സ്ത്രീ മൗനമായിരുന്നു പൂർണാനുസരണത്തോടുംകൂടെ പഠിക്കട്ടെ. മൗനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല. ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വാ; ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടത്. എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും.

1 തിമൊഥെയൊസ് 2:8-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കോപവും വാഗ്വാദവും കൂടാതെ എല്ലായിടത്തും പുരുഷന്മാർ തങ്ങളുടെ നിർമ്മലകരങ്ങൾ ഉയർത്തി പ്രാർഥിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അതുപോലെതന്നെ ശാലീനവും മാന്യവുമായ വസ്ത്രധാരണംകൊണ്ട് സ്‍ത്രീകൾ തങ്ങളെ അലങ്കരിക്കണം. പിന്നിയ മുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം ഇവകൊണ്ടല്ല. ദൈവഭക്തിയുള്ള സ്‍ത്രീകൾക്കു യോജിച്ചവിധം സൽപ്രവൃത്തികൾ കൊണ്ടുതന്നെ അവർ അണിഞ്ഞൊരുങ്ങട്ടെ. സ്‍ത്രീകൾ വിനയപൂർവം ശാന്തമായിരുന്നു പഠിക്കണം. ഉപദേശിക്കുവാനോ, പുരുഷന്റെമേൽ അധികാരം നടത്തുവാനോ അവരെ ഞാൻ അനുവദിക്കുന്നില്ല. അവർ ശാന്തരായിരിക്കണം. എന്തെന്നാൽ ആദ്യം ആദാം സൃഷ്‍ടിക്കപ്പെട്ടു, പിന്നീട് ഹവ്വായും. ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്‍ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും അടക്കമൊതുക്കത്തിലും ജീവിക്കുന്നപക്ഷം മാതൃത്വത്തിലൂടെ അവൾ സംരക്ഷിക്കപ്പെടും.

1 തിമൊഥെയൊസ് 2:8-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആകയാൽ പുരുഷന്മാർ എവിടെയും കോപവും തർക്കവും കൂടാതെ വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അപ്രകാരം സ്ത്രീകളും വിനയത്തോടും സുബോധത്തോടും കൂടെ യോഗ്യമായ വസ്ത്രം ധരിച്ച്, തങ്ങളെ അലങ്കരിക്കേണം. തലമുടി പിന്നിയും, പൊന്നോ, മുത്തോ, വിലയേറിയ വസ്ത്രമോ എന്നിവയും കൊണ്ടല്ല, പ്രത്യുത, ദൈവഭക്തിയെ വെളിപ്പെടുത്തുന്ന സ്ത്രീകൾക്ക് ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്. സ്ത്രീ മൗനമായിരുന്ന് പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൗനമായിരിക്കുവാൻ അല്ലാതെ, ഉപദേശിക്കുവാനോ പുരുഷന്‍റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല. എന്തെന്നാൽ ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വാ; ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ട് ലംഘനത്തിൽ അകപ്പെട്ടത്. എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ച് രക്ഷപ്രാപിക്കും.

1 തിമൊഥെയൊസ് 2:8-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു. സ്ത്രീ മൗനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൗനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല. ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ; ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു. എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും

1 തിമൊഥെയൊസ് 2:8-15 സമകാലിക മലയാളവിവർത്തനം (MCV)

കോപമോ വിവാദമോകൂടാതെ പുരുഷന്മാർ എല്ലായിടത്തും വിശുദ്ധകരങ്ങൾ ഉയർത്തി പ്രാർഥിക്കണം എന്നതാണ് ഞാൻ താത്പര്യപ്പെടുന്നത്. സ്ത്രീകൾ, ശാലീനതയോടും വിവേകത്തോടുംകൂടെ മാന്യമായി വസ്ത്രധാരണം ചെയ്യണം. ആകർഷകമായ കേശസംവിധാനം, സ്വർണം, രത്നങ്ങൾ, വിലയേറിയ ഉടയാടകൾ എന്നിവകൊണ്ടല്ല, പിന്നെയോ സൽപ്രവൃത്തികളാൽ തങ്ങളെത്തന്നെ അലങ്കരിക്കുന്നതാണ് ഭക്തകളെന്ന് അവകാശപ്പെടുന്ന സ്ത്രീകൾക്ക് അനുയോജ്യം. സ്ത്രീ പഠിക്കേണ്ടത് ശാന്തതയോടും സമ്പൂർണ വിധേയത്വത്തോടുംകൂടിയാണ്. ഞാൻ സ്ത്രീയെ, ശാന്തമായിരിക്കാൻ അല്ലാതെ ഉപദേശിക്കുന്നതിനോ പുരുഷന്റെമേൽ അധികാരം പ്രയോഗിക്കുന്നതിനോ അനുവദിക്കുന്നില്ല; ആദാമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്; പിന്നെ ഹവ്വാ. ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്ത്രീയാണ് വഞ്ചിതയായി, അപരാധിനിയായിത്തീർന്നത്. എന്നാൽ സ്ത്രീകൾ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ശാലീനതയോടെ തുടരുന്നെങ്കിൽ മാതൃത്വത്തിലൂടെ രക്ഷപ്രാപിക്കും.