1 തിമൊഥെയൊസ് 2:1-8
1 തിമൊഥെയൊസ് 2:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ സകല മനുഷ്യർക്കും നാം സർവഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കുംവേണ്ടി യാചനയും പ്രാർഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു. അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്ത് അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി-ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു- ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധ കൈകളെ ഉയർത്തി പ്രാർഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
1 തിമൊഥെയൊസ് 2:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവർക്കുംവേണ്ടി ദൈവത്തോട് അപേക്ഷിക്കുകയും പ്രാർഥിക്കുകയും മധ്യസ്ഥത വഹിക്കുകയും കൃതജ്ഞത അർപ്പിക്കുകയും ചെയ്യണമെന്നാണ് എനിക്ക് ആദ്യമായി ഉദ്ബോധിപ്പിക്കുവാനുള്ളത്. എല്ലാവിധത്തിലും നാം ശാന്തവും സമാധാനപൂർണവും ഭക്തിനിരതവും മാന്യവുമായ ജീവിതം നയിക്കുവാൻ ഇടയാകുന്നതിന് രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കുംവേണ്ടി പ്രാർഥിക്കുക. നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ദൃഷ്‍ടിയിൽ ഇത് ഉത്തമവും സ്വീകാര്യവും ആകുന്നു. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. എന്തെന്നാൽ ഒരു ദൈവമേ ഉള്ളൂ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായിരിക്കുന്നവനും ഒരുവൻ മാത്രം; മനുഷ്യനായ ക്രിസ്തുയേശു തന്നെ. അവിടുന്ന് എല്ലാവർക്കുംവേണ്ടി മോചനദ്രവ്യമായി തന്നെത്തന്നെ സമർപ്പിച്ചു. എല്ലാവരും രക്ഷിക്കപ്പെടണമെന്നതാണ് ദൈവേഷ്ടം എന്ന് അതു തെളിയിക്കുന്നു. അതുകൊണ്ടാണ്, വിശ്വാസത്തിന്റെയും സത്യത്തിന്റെയും സന്ദേശം വിജാതീയരെ അറിയിക്കുന്നതിന്, പ്രസംഗകനും അപ്പോസ്തോലനും ഉപദേഷ്ടാവുമായി എന്നെ അയച്ചിരിക്കുന്നത്. ഞാൻ പറയുന്നതു സത്യമാണ്, വ്യാജമല്ല. കോപവും വാഗ്വാദവും കൂടാതെ എല്ലായിടത്തും പുരുഷന്മാർ തങ്ങളുടെ നിർമ്മലകരങ്ങൾ ഉയർത്തി പ്രാർഥിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
1 തിമൊഥെയൊസ് 2:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് നാം സർവ്വഭക്തിയോടും മാന്യതയോടും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കേണ്ടതിന്, സകലമനുഷ്യർക്കും, വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥർക്കും വേണ്ടി യാചനയും പ്രാർത്ഥനയും മദ്ധ്യസ്ഥതയും സ്തോത്രവും കരേറ്റണം എന്നു ഞാൻ സകലത്തിനും മുമ്പെ പ്രബോധിപ്പിക്കുന്നു. അത് നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. ഈ ദൈവം സകലമനുഷ്യരും രക്ഷ പ്രാപിക്കുവാനും സത്യത്തിന്‍റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. എന്തെന്നാൽ, ദൈവം ഒരുവനും, ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവനത്രേ എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ, എന്നുള്ള ഈ സാക്ഷ്യം തക്കസമയത്ത് അറിയിക്കേണ്ടതിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി - ഭോഷ്കല്ല, പരമാർത്ഥം തന്നെ പറയുന്നു - ജനതകളെ വിശ്വാസത്തിലും സത്യത്തിലും ഉപദേശിക്കുന്നവനുമായി നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ പുരുഷന്മാർ എവിടെയും കോപവും തർക്കവും കൂടാതെ വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
1 തിമൊഥെയൊസ് 2:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാർക്കും സകലഅധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു. അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. അവൻ സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി ‒ ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു ‒ ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
1 തിമൊഥെയൊസ് 2:1-8 സമകാലിക മലയാളവിവർത്തനം (MCV)
സകലമനുഷ്യർക്കുംവേണ്ടി അപേക്ഷകളും പ്രാർഥനകളും മധ്യസ്ഥതയും സ്തോത്രവും അർപ്പിക്കണമെന്ന് ആദ്യംതന്നെ ഞാൻ പ്രബോധിപ്പിക്കട്ടെ. നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക. ഇത് ഉത്തമവും നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെസന്നിധിയിൽ സ്വീകാര്യവുമാണ്. സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തിച്ചേരണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു. ദൈവം ഏകനാണ്; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഏകൻ; മനുഷ്യനായ ക്രിസ്തുയേശുമാത്രം. അവിടന്ന് എല്ലാവർക്കുംവേണ്ടി വീണ്ടെടുപ്പുവിലയായി സ്വയം അർപ്പിച്ചു; ഇതാണ് ഉചിതമായ സന്ദർഭത്തിൽ മനുഷ്യനു വെളിപ്പെടുത്തിയ സാക്ഷ്യം. ഇതിനുവേണ്ടി പ്രഘോഷകനും അപ്പൊസ്തലനുമായി ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു—ഞാൻ പറയുന്നത് വ്യാജമല്ല; സത്യമാണ്—യെഹൂദേതരർക്ക് വിശ്വാസത്തിലും സത്യത്തിലും ഉപദേഷ്ടാവായിട്ടുതന്നെ. കോപമോ വിവാദമോകൂടാതെ പുരുഷന്മാർ എല്ലായിടത്തും വിശുദ്ധകരങ്ങൾ ഉയർത്തി പ്രാർഥിക്കണം എന്നതാണ് ഞാൻ താത്പര്യപ്പെടുന്നത്.