1 തിമൊഥെയൊസ് 1:1-10

1 തിമൊഥെയൊസ് 1:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥയ്ക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോട് ആജ്ഞാപിക്കേണ്ടതിന് നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യക്കു പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു. ആജ്ഞയുടെ ഉദ്ദേശ്യമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹംതന്നെ. ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു ധർമോപദേഷ്ടാക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നത് ഇന്നത് എന്നും സ്ഥാപിക്കുന്നത് ഇന്നത് എന്നും ഗ്രഹിക്കുന്നില്ലതാനും. ന്യായപ്രമാണമോ നീതിമാനല്ല, അധർമികൾ, അഭക്തർ, അനുസരണം കെട്ടവർ, പാപികൾ, അശുദ്ധർ, ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കൊലപാതകർ, ദുർന്നടപ്പുകാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസ്സത്യം ചെയ്യുന്നവർ എന്നീ വകക്കാർക്കും പത്ഥ്യോപദേശത്തിനു വിപരീതമായ മറ്റ് ഏതിനും അത്രേ വച്ചിരിക്കുന്നത് എന്നു ഗ്രഹിച്ചുകൊണ്ട്, അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതുതന്നെ എന്നു നാം അറിയുന്നു.

1 തിമൊഥെയൊസ് 1:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിന്റെയും കല്പനയാൽ, ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായ പൗലൊസ്, വിശ്വാസത്തിൽ യഥാർഥപുത്രനായ തിമൊഥെയോസിന് എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും കൃപയും കാരുണ്യവും സമാധാനവും നിനക്കു ലഭിക്കട്ടെ. ഞാൻ മാസിഡോണിയയിലേക്കു പോകുമ്പോൾ നിന്നോട് ആവശ്യപ്പെട്ടതുപോലെ നീ എഫെസൊസിൽ താമസിക്കുക. അവിടെ അന്യഥാ ഉള്ള ഉപദേശങ്ങൾ പഠിപ്പിക്കുകയും അന്തമില്ലാത്ത വംശാവലിയിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന ചിലരുണ്ട്. അവർ അങ്ങനെ ചെയ്യാതിരിക്കുവാൻ ആജ്ഞാപിക്കേണ്ടിയിരിക്കുന്നു. വിശ്വാസത്തിലുള്ള ദൈവികവ്യവസ്ഥിതിയെക്കാൾ അധികമായി വിവാദപരമായ പ്രശ്നങ്ങൾ ഉളവാകുന്നതിനു മാത്രമേ അവ ഉപകരിക്കുകയുള്ളൂ. നാം അവരോട് ആജ്ഞാപിക്കുന്നതിന്റെ ആത്യന്തിക ലക്ഷ്യം ശുദ്ധഹൃദയത്തിൽനിന്നും നല്ല മനസ്സാക്ഷിയിൽനിന്നും കാപട്യമില്ലാത്ത വിശ്വാസത്തിൽനിന്നും ഉളവാകുന്ന സ്നേഹമാണ്. ചിലർ ഇതിൽനിന്നു വഴുതിമാറി വ്യർഥ സംവാദത്തിലേക്കു തിരിഞ്ഞ് ധർമോപദേഷ്ടാക്കളാകുവാൻ ആഗ്രഹിക്കുന്നു. തങ്ങൾ പറയുന്നതെന്തെന്നോ, സമർഥിക്കുന്നതെന്തെന്നോ അവർ ഒട്ടും ഗ്രഹിക്കുന്നില്ലതാനും. ഉചിതമായി ആചരിച്ചാൽ ധർമശാസ്ത്രം ഉത്തമമാണെന്നു നാം അറിയുന്നു. നിയമസംഹിത ഉണ്ടാക്കിയിരിക്കുന്നത് സജ്ജനത്തിനുവേണ്ടിയല്ല; പിന്നെയോ, നിയമലംഘനക്കാർ, അനുസരണം കെട്ടവർ, അഭക്തർ, പാപികൾ, അവിശുദ്ധർ, ലൗകികർ, പിതാവിനെയോ മാതാവിനെയോ കൊല്ലുന്നവർ, കൊലപാതകികൾ, അസാന്മാർഗികൾ, സ്വവർഗരതിയിലേർപ്പെടുന്നവർ, മനുഷ്യരെ തട്ടിക്കൊണ്ടുപോകുന്നവർ, വ്യാജം പറയുന്നവർ, കള്ളസത്യം ചെയ്യുന്നവർ എന്നിങ്ങനെയുള്ളവർക്കും, വിശ്വാസയോഗ്യമായ പ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയാകുന്നു.

1 തിമൊഥെയൊസ് 1:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലൊസ് നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിൻ്റെയും കല്പനപ്രകാരം, വിശ്വാസത്തിൽ യഥാർത്ഥപുത്രനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. മറ്റു യാതൊരുവിധ ഉപദേശങ്ങളും പഠിപ്പിക്കുകയോ വിശ്വാസത്താലുള്ള ദൈവഹിതത്തേക്കാൾ തർക്കങ്ങൾക്ക് മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കുകയോ ചെയ്യരുതെന്ന് ചിലരോട് കല്പിക്കേണ്ടതിന്, നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ ഉത്സാഹിപ്പിച്ചതുപോലെ ഇപ്പോഴും ഉത്സാഹിപ്പിക്കുന്നു. കല്പിച്ചതിൻ്റെ ഉദ്ദേശ്യമോ: ശുദ്ധഹൃദയത്തിൽനിന്നും, നല്ല മനസ്സാക്ഷിയിൽനിന്നും, നിർവ്യാജവിശ്വാസത്തിൽ നിന്നും ഉളവാകുന്ന സ്നേഹം തന്നെ. ചിലർ ഇവ വിട്ടുമാറി അർത്ഥശൂന്യമായ സംസാരത്തിലേക്ക് തിരിഞ്ഞ്, തങ്ങൾ പറയുന്നത് എന്തെന്നോ, സ്ഥാപിക്കുന്നത് ഇന്നതെന്നോ ഗ്രഹിക്കാതെ, ന്യായപ്രമാണത്തിന്‍റെ ഉപദേഷ്ടാക്കന്മാരായിരിക്കുവാൻ ഇച്ഛിക്കുന്നു. ഒരാൾ ന്യായപ്രമാണം ന്യായോചിതമായി ഉപയോഗിക്കുന്നെങ്കിൽ അത് ഉത്തമമാണെന്ന് നമുക്കറിയാം. ന്യായപ്രമാണമോ നീതിമാനു വേണ്ടിയല്ല, പ്രത്യുത, അധർമ്മികൾ, അനുസരണംകെട്ടവർ, അഭക്തർ, പാപികൾ, അശുദ്ധർ, ലൗകികർ, മാതാപിതാക്കളെ കൊല്ലുന്നവർ, കൊലപാതകർ, ദുർന്നടപ്പുകാർ, സ്വവർഗഭോഗികൾ, മനുഷ്യക്കടത്തുകാർ, ഭോഷ്കുപറയുന്നവർ, കള്ളസാക്ഷികൾ എന്നീ വകക്കാർക്കും ആരോഗ്യകരമായ ഉപദേശത്തിന് വിപരീതമായ മറ്റേതിനും അത്രേ ന്യായപ്രമാണം വച്ചിരിക്കുന്നത്.

1 തിമൊഥെയൊസ് 1:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു. ആജ്ഞയുടെ ഉദ്ദേശമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹം തന്നേ. ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു ധർമ്മോപദേഷ്ടക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും. ന്യായപ്രമാണമോ നീതിമാന്നല്ല, അധർമ്മികൾ, അഭക്തർ, അനുസരണംകെട്ടവർ, പാപികൾ, അശുദ്ധർ, ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കൊലപാതകർ, ദുർന്നടപ്പുക്കാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസ്സത്യം ചെയ്യുന്നവർ എന്നീവകക്കാർക്കും പത്ഥ്യോപദേശത്തിന്നു വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.

1 തിമൊഥെയൊസ് 1:1-10 സമകാലിക മലയാളവിവർത്തനം (MCV)

നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കൽപ്പനയാൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായിത്തീർന്ന പൗലോസ് എന്ന ഞാൻ, വിശ്വാസത്തിൽ എനിക്ക് യഥാർഥ പുത്രനു തുല്യനായ തിമോത്തിയോസിന്, എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും നിനക്കു കൃപയും കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ. ഞാൻ മക്കദോന്യയിലേക്കു പോകുമ്പോൾ നിർബന്ധപൂർവം നിർദേശിച്ചതുപോലെ, നീ എഫേസോസിൽ താമസിക്കുക. അവിടെ വ്യാജ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നവരോട് അതിൽ തുടരരുത് എന്നും തർക്കങ്ങൾക്കുമാത്രം വഴിതെളിക്കുന്ന കെട്ടുകഥകളിലും അനന്തമായ വംശാവലികളിലും ശ്രദ്ധചെലുത്തരുതെന്നും കൽപ്പിക്കണം. ഇവയെല്ലാം അനാവശ്യ വാദപ്രതിവാദങ്ങൾ ഉളവാക്കുന്നവയാണ്; വിശ്വാസത്തിലുള്ള ദൈവികശുശ്രൂഷയ്ക്ക് ഉപകരിക്കുന്നതുമല്ല. ഞാൻ നൽകുന്ന ഈ നിർദേശത്തിന്റെ ഉദ്ദേശ്യമോ നിർമലഹൃദയം, ശുദ്ധമനസ്സാക്ഷി, കാപട്യമില്ലാത്തവിശ്വാസം ഇവയിൽനിന്ന് ഉത്ഭവിക്കുന്ന സ്നേഹംതന്നെ. ചിലർ ഇവയിൽനിന്നു വ്യതിചലിച്ച്, അർഥരഹിതമായ വാദങ്ങളിൽ ഏർപ്പെടുന്നു. അവർ വേദോപദേഷ്ടാക്കൾ ആകാൻ ആഗ്രഹിക്കുന്നു എങ്കിലും അവർ പറയുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതുമായ തത്ത്വങ്ങൾ അവർക്കുതന്നെ പൂർണനിശ്ചയമില്ലാത്തവയുമാണ്. ഒരാൾ ന്യായപ്രമാണം ന്യായോചിതമായി ഉപയോഗിക്കുന്നെങ്കിൽ അത് ഉത്തമമാണെന്ന് നമുക്കറിയാം. നീതിനിഷ്ഠർക്കുവേണ്ടിയല്ല; പിന്നെയോ നിയമനിഷേധികൾക്കും വിമതർക്കും അഭക്തർക്കും പാപികൾക്കും അശുദ്ധർക്കും നാസ്തികർക്കും പിതൃഹത്യ നടത്തുന്നവർക്കും കൊലപാതകികൾക്കും അവിഹിതവേഴ്ചക്കാർക്കും സ്വവർഗഭോഗികൾക്കും അടിമവ്യാപാരികൾക്കും വ്യാജം പറയുന്നവർക്കും വ്യാജശപഥംചെയ്യുന്നവർക്കും നിർമലോപദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന മറ്റ് എല്ലാവർക്കുംവേണ്ടിയാണ് ന്യായപ്രമാണം നൽകിയിട്ടുള്ളത്.