1 തെസ്സലൊനീക്യർ 5:4-11
1 തെസ്സലൊനീക്യർ 5:4-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല. ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക. ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. നാമോ പകലിനുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക. ദൈവം നമ്മെ കോപത്തിനല്ല, നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിനു നമുക്കുവേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നത്. ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മികവർധന വരുത്തിയും പോരുവിൻ.
1 തെസ്സലൊനീക്യർ 5:4-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ സഹോദരരേ, നിങ്ങൾ അന്ധകാരത്തിൽ ജീവിക്കുന്നവരല്ല, അതുകൊണ്ട് കള്ളൻ വരുമ്പോൾ എന്നവണ്ണം ആ ദിവസം നിങ്ങളെ സംഭ്രമിപ്പിക്കുകയില്ല. നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും മക്കളാകുന്നു. നാം രാത്രിയുടെയോ അന്ധകാരത്തിന്റെയോ വകയല്ല. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ നാം ഉറങ്ങരുത്; നാം ഉണർന്ന് സുബോധമുള്ളവരായിരിക്കേണ്ടതാണ്. ഉറങ്ങുന്നവർ രാത്രിയിലാണ് ഉറങ്ങുന്നത്; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിച്ചു മത്തരാകുന്നു. എന്നാൽ നാം പകലിനുള്ളവരാകയാൽ വിശ്വാസവും സ്നേഹവും കവചമായും, രക്ഷയുടെ പ്രത്യാശ പടത്തൊപ്പിയായും ധരിച്ചുകൊണ്ട് ജാഗ്രതയുള്ളവരായി ഇരിക്കണം. നമ്മെ കോപത്തിനു വിധേയരാക്കണമെന്നല്ല, പ്രത്യുത, നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖേന നാം രക്ഷ അവകാശമാക്കണമെന്നത്രേ ദൈവം ഉദ്ദേശിച്ചത്. നാം ജീവിച്ചിരുന്നാലും മരിച്ചാലും തന്നോടുകൂടി ജീവിക്കേണ്ടതിനു നമുക്കുവേണ്ടി മരിച്ചവനാണ് നമ്മുടെ കർത്താവ്. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും, ബലപ്പെടുത്തുകയും ചെയ്യുക.
1 തെസ്സലൊനീക്യർ 5:4-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ കീഴ്പെടുത്തുവാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്‍റെയും പകലിൻ്റെയും മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല. ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായും ഇരിക്ക. ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. നാമോ പകലിന്‍റെ മക്കളാകയാൽ വിശ്വാസം, സ്നേഹം എന്നീ കവചവും രക്ഷയുടെ പ്രത്യാശ എന്ന ശിരസ്ത്രവും ധരിച്ചുകൊണ്ടു സുബോധമായിരിക്ക. ദൈവം നമ്മെ കോപത്തിനല്ല, നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന് നമുക്കുവേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം രക്ഷയെ പ്രാപിക്കുവാനത്രേ നിയമിച്ചിരിക്കുന്നത്. ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും തമ്മിൽ ആത്മികവർദ്ധന വരുത്തുകയും ചെയ്‌വീൻ.
1 തെസ്സലൊനീക്യർ 5:4-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല. ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക. ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. നാമോ പകലിന്നുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക. ദൈവം നമ്മെ കോപത്തിന്നല്ല, നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു. ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ.
1 തെസ്സലൊനീക്യർ 5:4-11 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ സഹോദരങ്ങളേ, ആ ദിവസം കള്ളന്റെ വരവ് എന്നപോലെ നിങ്ങളെ അമ്പരപ്പിക്കേണ്ടതിന് നിങ്ങൾ അന്ധകാരത്തിലുള്ളവരല്ല; നിങ്ങളെല്ലാവരും പ്രകാശത്തിന്റെ മക്കൾ; അതേ പകലിന്റെ മക്കൾ ആകുന്നു. നാം രാത്രിയുടെയും അന്ധകാരത്തിന്റെയും സ്വന്തമല്ല. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ, നമുക്കു ജാഗ്രതയും സമചിത്തതയും ഉള്ളവരായിരിക്കാം. ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം. ദൈവം നമ്മെ ക്രോധത്തിന് ഇരയാക്കാനല്ല; നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്കായാണ് നിയമിച്ചിരിക്കുന്നത്. നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും അവിടത്തോടുകൂടെ ജീവിക്കേണ്ടതിനാണ് യേശു നമുക്കുവേണ്ടി മരിച്ചത്. ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും പണിത് ഉയർത്തുകയുംചെയ്യുക.