1 തെസ്സലൊനീക്യർ 5:2-8

1 തെസ്സലൊനീക്യർ 5:2-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കള്ളൻ രാത്രിയിൽ വരുംപോലെ കർത്താവിന്റെ നാൾ വരുന്നു എന്ന് നിങ്ങൾതന്നെ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്ന് നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല. ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക. ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. നാമോ പകലിനുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.

1 തെസ്സലൊനീക്യർ 5:2-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രാത്രിയിൽ കള്ളൻ എന്നതുപോലെ കർത്താവിന്റെ ദിവസം വന്നു ചേരുമെന്നു നിങ്ങൾക്കു നന്നായി അറിയാം. “എല്ലാം ശാന്തമായിരിക്കുന്നു; ഒന്നും ഭയപ്പെടേണ്ടതില്ല” എന്ന് ആളുകൾ പറയുമ്പോൾ പെട്ടെന്നു നാശം വന്നു ഭവിക്കും! ഗർഭിണിക്കു പ്രസവേദനയുണ്ടാകുന്നതുപോലെ ആയിരിക്കും അത്; അതിൽനിന്നു തെറ്റി ഒഴിയുക അസാധ്യമാണ്. എന്നാൽ സഹോദരരേ, നിങ്ങൾ അന്ധകാരത്തിൽ ജീവിക്കുന്നവരല്ല, അതുകൊണ്ട് കള്ളൻ വരുമ്പോൾ എന്നവണ്ണം ആ ദിവസം നിങ്ങളെ സംഭ്രമിപ്പിക്കുകയില്ല. നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും മക്കളാകുന്നു. നാം രാത്രിയുടെയോ അന്ധകാരത്തിന്റെയോ വകയല്ല. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ നാം ഉറങ്ങരുത്; നാം ഉണർന്ന് സുബോധമുള്ളവരായിരിക്കേണ്ടതാണ്. ഉറങ്ങുന്നവർ രാത്രിയിലാണ് ഉറങ്ങുന്നത്; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിച്ചു മത്തരാകുന്നു. എന്നാൽ നാം പകലിനുള്ളവരാകയാൽ വിശ്വാസവും സ്നേഹവും കവചമായും, രക്ഷയുടെ പ്രത്യാശ പടത്തൊപ്പിയായും ധരിച്ചുകൊണ്ട് ജാഗ്രതയുള്ളവരായി ഇരിക്കണം.

1 തെസ്സലൊനീക്യർ 5:2-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

രാത്രിയിൽ കള്ളൻ വരുന്നതുപോലെ കർത്താവിന്‍റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നെ നന്നായി അറിഞ്ഞിരിക്കുന്നുവല്ലോ. അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും പറഞ്ഞിരിക്കുമ്പോൾതന്നെ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്ന് നാശം വന്നുഭവിക്കും; അവർക്ക് രക്ഷപെടുവാൻ കഴിയുകയുമില്ല. എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ കീഴ്പെടുത്തുവാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്‍റെയും പകലിൻ്റെയും മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല. ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായും ഇരിക്ക. ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. നാമോ പകലിന്‍റെ മക്കളാകയാൽ വിശ്വാസം, സ്നേഹം എന്നീ കവചവും രക്ഷയുടെ പ്രത്യാശ എന്ന ശിരസ്ത്രവും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.

1 തെസ്സലൊനീക്യർ 5:2-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല. ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക. ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. നാമോ പകലിന്നുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.

1 തെസ്സലൊനീക്യർ 5:2-8 സമകാലിക മലയാളവിവർത്തനം (MCV)

കള്ളൻ രാത്രിയിൽ വരുന്നതുപോലെയാണ് കർത്താവിന്റെ ദിവസം വരുന്നതെന്ന് നിങ്ങൾക്കു സുവ്യക്തമായി അറിയാം. “സമാധാനമെന്നും, സുരക്ഷിതമെന്നും” അവർ പറയുമ്പോൾ തന്നെ, ഗർഭിണിക്കു പ്രസവവേദന ഉണ്ടാകുന്നപോലെ അവർക്കു പെട്ടെന്നു നാശം വന്നുചേരും; അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുകയുമില്ല. എന്നാൽ സഹോദരങ്ങളേ, ആ ദിവസം കള്ളന്റെ വരവ് എന്നപോലെ നിങ്ങളെ അമ്പരപ്പിക്കേണ്ടതിന് നിങ്ങൾ അന്ധകാരത്തിലുള്ളവരല്ല; നിങ്ങളെല്ലാവരും പ്രകാശത്തിന്റെ മക്കൾ; അതേ പകലിന്റെ മക്കൾ ആകുന്നു. നാം രാത്രിയുടെയും അന്ധകാരത്തിന്റെയും സ്വന്തമല്ല. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ, നമുക്കു ജാഗ്രതയും സമചിത്തതയും ഉള്ളവരായിരിക്കാം. ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം.