1 തെസ്സലൊനീക്യർ 5:16-28
1 തെസ്സലൊനീക്യർ 5:16-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. ആത്മാവിനെ കെടുക്കരുത്. പ്രവചനം തുച്ഛീകരിക്കരുത്. സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ. സകലവിധ ദോഷവും വിട്ടകലുവിൻ. സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിക്കും. സഹോദരന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിപ്പിൻ. സകല സഹോദരന്മാരെയും വിശുദ്ധ ചുംബനത്താൽ വന്ദനം ചെയ്വിൻ. കർത്താവാണ, സഹോദരന്മാരെയൊക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
1 തെസ്സലൊനീക്യർ 5:16-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എപ്പോഴും സന്തോഷിക്കുക; ഇടവിടാതെ പ്രാർഥിക്കുക; എല്ലാ പരിതഃസ്ഥിതികളിലും ദൈവത്തോടു നന്ദിയുള്ളവരായിരിക്കുക; ഇതാണ് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച നിങ്ങളുടെ ജീവിതത്തിൽനിന്നു ദൈവം ആഗ്രഹിക്കുന്നത്. ആത്മാവിന്റെ പ്രകാശം നിങ്ങൾ കെടുത്തിക്കളയരുത്. പ്രവചനം അവഗണിക്കുകയുമരുത്. സകലവും സംശോധന ചെയ്ത് ഉത്തമമായത് മുറുകെപ്പിടിക്കുക. എല്ലാവിധ ദോഷവും പരിത്യജിക്കുക. നമുക്കു സമാധാനം നല്‌കുന്നവനായ ദൈവം എല്ലാ വിധത്തിലും നിങ്ങളെ ശുദ്ധീകരിക്കട്ടെ; നിങ്ങളുടെ വ്യക്തിത്വം ആകമാനം - നിങ്ങളുടെ ആത്മാവും ചേതനയും ശരീരവും - നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനവേളയിൽ തികച്ചും കുറ്റമറ്റതായിരിക്കുവാൻ തക്കവണ്ണം ദൈവം കാക്കുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ്. അവിടുന്ന് അതു നിറവേറ്റും. സഹോദരരേ, ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക. വിശുദ്ധചുംബനത്താൽ സകല വിശ്വാസികളെയും അഭിവാദനം ചെയ്യുക. ഈ കത്ത് എല്ലാ വിശ്വാസികളെയും വായിച്ചു കേൾപ്പിക്കണമെന്ന് കർത്താവിന്റെ അധികാരത്താൽ ഞാൻ ആവശ്യപ്പെടുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.
1 തെസ്സലൊനീക്യർ 5:16-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിക്കുവിൻ എല്ലാറ്റിനും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം. ആത്മാവിനെ വിലക്കരുത്. പ്രവചനങ്ങളെ നിസ്സാരമാക്കരുത്. സകലവും ശോധനചെയ്ത് നല്ലത് മുറുകെ പിടിപ്പിൻ. സകലവിധദോഷവും വിട്ടകലുവിൻ. സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിയ്ക്കും. സഹോദരന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. സകലസഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ. കർത്താവിന്‍റെ നാമത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
1 തെസ്സലൊനീക്യർ 5:16-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. ആത്മാവിനെ കെടുക്കരുതു. പ്രവചനം തുച്ഛീകരിക്കരുതു. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ. സകലവിധദോഷവും വിട്ടകലുവിൻ. സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും. സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ. സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്വിൻ. കർത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
1 തെസ്സലൊനീക്യർ 5:16-28 സമകാലിക മലയാളവിവർത്തനം (MCV)
എപ്പോഴും ആനന്ദിക്കുക; നിരന്തരം പ്രാർഥിക്കുക; എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു. ആത്മാവിന്റെ അഗ്നി കെടുത്തിക്കളയരുത്; പ്രവചനം നിസ്സാരവൽക്കരിക്കരുത്. സകലതും സശ്രദ്ധം പരിശോധിച്ചതിനുശേഷം നല്ലതുമാത്രം അംഗീകരിക്കുക. എല്ലാത്തരം തിന്മകളെയും ഉപേക്ഷിക്കുക. സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ നിങ്ങളുടെ ആത്മാവും പ്രാണനും ശരീരവും തികച്ചും അനിന്ദ്യമായി ഇരിക്കാനായി സംരക്ഷിക്കപ്പെടട്ടെ. നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്; അവിടന്ന് അത് സാധിപ്പിക്കും. സഹോദരങ്ങളേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക. സകലസഹോദരങ്ങൾക്കും വിശുദ്ധചുംബനത്താൽ അഭിവാദനംചെയ്യുക. ഈ ലേഖനം എല്ലാ സഹോദരങ്ങളെയും വായിച്ചു കേൾപ്പിക്കണമെന്നു കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.