1 തെസ്സലൊനീക്യർ 4:3-7

1 തെസ്സലൊനീക്യർ 4:3-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുർമാർഗത്തിൽനിന്നു പൂർണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്. ഓരോരുത്തനും അവനവന്റെ ഭാര്യയോടൊത്ത് പരിശുദ്ധമായും മാന്യമായും ജീവിക്കേണ്ടത് എങ്ങനെയെന്നു നിങ്ങൾക്ക് അറിയാമല്ലോ. ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ വിഷയാസക്തരായി നിങ്ങൾ ജീവിക്കരുത്. ഇക്കാര്യത്തിൽ ആരും നിയമം ലംഘിച്ച് തന്റെ സഹോദരനെ വഞ്ചിക്കരുത്. അങ്ങനെ ചെയ്യുന്നവരെ കർത്താവു ശിക്ഷിക്കുമെന്നു നേരത്തെ ഞങ്ങൾ മുന്നറിയിപ്പു നല്‌കിയിട്ടുണ്ടല്ലോ. ദുർമാർഗത്തിൽ ജീവിക്കുവാനല്ല, വിശുദ്ധിയിൽ ജീവിക്കുവാനാണു ദൈവം നമ്മെ ആഹ്വാനം ചെയ്തിരിക്കുന്നത്.

1 തെസ്സലൊനീക്യർ 4:3-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ, നിങ്ങൾ ദുർന്നടപ്പ് വിട്ടൊഴിഞ്ഞ് ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജനതകളെപ്പോലെ കാമവികാരത്തോടെയല്ല, പ്രത്യുത വിശുദ്ധീകരണത്തിലും മാന്യതയിലും താന്താന്‍റെ ശരീരത്തെ നിയന്ത്രിക്കേണ്ടത് എങ്ങനെ എന്നു അറിഞ്ഞിരിക്കട്ടെ. ഈ കാര്യങ്ങളിൽ ആരും പാപംചെയ്യുകയോ സഹോദരനെ ചതിക്കയോ അരുത്; ഞങ്ങൾ മുമ്പെ നിങ്ങളോടു പറഞ്ഞതുപോലെയും മുന്നറിയിപ്പ് തന്നതു പോലെയും ഈ കാര്യങ്ങൾക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ. ദൈവം നമ്മെ അശുദ്ധിയിലേക്കല്ല, വിശുദ്ധി പ്രാപിക്കുവാൻ അത്രേ വിളിച്ചത്.

1 തെസ്സലൊനീക്യർ 4:3-7 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ വിശുദ്ധീകരിക്കപ്പെടുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. നിങ്ങൾ ദൈവത്തെ അറിയാത്ത യെഹൂദേതരരെപ്പോലെ കാമാസക്തിയിൽപ്പെടാതെ, അസാന്മാർഗികത വിട്ടൊഴിഞ്ഞ്, വിശുദ്ധവും മാന്യവുമായി നിങ്ങളിൽ ഓരോരുത്തരും അവരവരുടെ ശരീരം കാത്തുസൂക്ഷിക്കാൻ പഠിക്കണം. ഈ കാര്യത്തിൽ ആരും സ്വസഹോദരങ്ങളെ ചതിക്കാനും ചൂഷണം ചെയ്യാനും പാടില്ല. ഇത്തരം പാപങ്ങൾ ചെയ്യുന്നവരെ കർത്താവ് ശിക്ഷിക്കാതിരിക്കുകയില്ല എന്ന് ഞങ്ങൾ മുൻകൂട്ടിത്തന്നെ നിങ്ങളോടു പറയുകയും താക്കീത് നൽകുകയും ചെയ്തിട്ടുള്ളതാണല്ലോ. ദൈവം നമ്മെ മലിനത നിറഞ്ഞ ജീവിതത്തിനല്ല മറിച്ച് വിശുദ്ധജീവിതം നയിക്കാനാണ് വിളിച്ചിരിക്കുന്നത്.