1 തെസ്സലൊനീക്യർ 4:3-12
1 തെസ്സലൊനീക്യർ 4:3-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണംതന്നെ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞ് ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുത്; ഞങ്ങൾ നിങ്ങളോടു മുമ്പേ പറഞ്ഞതുപോലെ ഈ വകയ്ക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ. ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിനത്രേ വിളിച്ചത്. ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെത്തന്നെ തുച്ഛീകരിക്കുന്നു. സഹോദരപ്രീതിയെക്കുറിച്ചു നിങ്ങൾക്ക് എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതല്ലാതെ മക്കെദോന്യയിൽ എങ്ങുമുള്ള സഹോദരന്മാരോടൊക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ; എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർധിച്ചുവരേണം എന്നും പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിനും മുട്ടില്ലാതിരിപ്പാനുംവേണ്ടി ഞങ്ങൾ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേലചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.
1 തെസ്സലൊനീക്യർ 4:3-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുർമാർഗത്തിൽനിന്നു പൂർണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്. ഓരോരുത്തനും അവനവന്റെ ഭാര്യയോടൊത്ത് പരിശുദ്ധമായും മാന്യമായും ജീവിക്കേണ്ടത് എങ്ങനെയെന്നു നിങ്ങൾക്ക് അറിയാമല്ലോ. ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ വിഷയാസക്തരായി നിങ്ങൾ ജീവിക്കരുത്. ഇക്കാര്യത്തിൽ ആരും നിയമം ലംഘിച്ച് തന്റെ സഹോദരനെ വഞ്ചിക്കരുത്. അങ്ങനെ ചെയ്യുന്നവരെ കർത്താവു ശിക്ഷിക്കുമെന്നു നേരത്തെ ഞങ്ങൾ മുന്നറിയിപ്പു നല്‌കിയിട്ടുണ്ടല്ലോ. ദുർമാർഗത്തിൽ ജീവിക്കുവാനല്ല, വിശുദ്ധിയിൽ ജീവിക്കുവാനാണു ദൈവം നമ്മെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ഉപദേശം അവഗണിക്കുന്ന ഏതൊരുവനും മനുഷ്യനെയല്ല അവഗണിക്കുന്നത്, പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നല്‌കുന്ന ദൈവത്തെ തന്നെയാണ്. സഹവിശ്വാസികളോടുള്ള സ്നേഹത്തെക്കുറിച്ച് എഴുതേണ്ട ആവശ്യമില്ല. നിങ്ങൾ പരസ്പരം എങ്ങനെ സ്നേഹിക്കണമെന്നു ദൈവം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. വാസ്തവത്തിൽ മാസിഡോണിയയിലെങ്ങുമുള്ള എല്ലാ സഹോദരരോടും ഇങ്ങനെയാണ് നിങ്ങൾ പെരുമാറുന്നത്. സഹോദരരേ, നിങ്ങളുടെ സ്നേഹം അതിലുമധികമായി തീരണമെന്നാണ് ഞങ്ങൾ പ്രബോധിപ്പിക്കുന്നത്. ഞങ്ങൾ നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ, അവനവന്റെ ജോലി ചെയ്ത്, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അങ്ങനെ ജീവിച്ചാൽ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങൾ ആർജിക്കും. നിങ്ങളുടെ ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല.
1 തെസ്സലൊനീക്യർ 4:3-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ, നിങ്ങൾ ദുർന്നടപ്പ് വിട്ടൊഴിഞ്ഞ് ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജനതകളെപ്പോലെ കാമവികാരത്തോടെയല്ല, പ്രത്യുത വിശുദ്ധീകരണത്തിലും മാന്യതയിലും താന്താന്‍റെ ശരീരത്തെ നിയന്ത്രിക്കേണ്ടത് എങ്ങനെ എന്നു അറിഞ്ഞിരിക്കട്ടെ. ഈ കാര്യങ്ങളിൽ ആരും പാപംചെയ്യുകയോ സഹോദരനെ ചതിക്കയോ അരുത്; ഞങ്ങൾ മുമ്പെ നിങ്ങളോടു പറഞ്ഞതുപോലെയും മുന്നറിയിപ്പ് തന്നതു പോലെയും ഈ കാര്യങ്ങൾക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ. ദൈവം നമ്മെ അശുദ്ധിയിലേക്കല്ല, വിശുദ്ധി പ്രാപിക്കുവാൻ അത്രേ വിളിച്ചത്. അതുകൊണ്ട് ഇത് അവഗണിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്ക് തരുന്ന ദൈവത്തെത്തന്നെ അവഗണിക്കുന്നു. അന്യോന്യം സ്നേഹിക്കുവാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതുകൊണ്ട് സഹോദരസ്നേഹത്തെക്കുറിച്ചു നിങ്ങൾക്ക് എഴുതുവാൻ ആവശ്യമില്ല; തീർച്ചയായും മക്കെദോന്യയിൽ എങ്ങുമുള്ള സഹോദരന്മാരോട് ഒക്കെയും നിങ്ങൾ അങ്ങനെ തന്നെ ആചരിച്ചും പോരുന്നുവല്ലോ. എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം എന്നും ക്രിസ്തുവിശ്വാസികൾ അല്ലാത്തവരോട് ബഹുമാനത്തോടെ പെരുമാറുവാനും, ഒന്നിനും ഒരു കുറവില്ലാത്തവരായിരിക്കുവാനും വേണ്ടി ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ ശാന്തരായി ജീവിക്കുവാനും സ്വന്തകർത്തവ്യങ്ങളെ നിറവേറ്റുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും ഉത്സാഹിക്കേണം എന്നുംകൂടി നിങ്ങളെ പ്രബോധിപ്പിക്കുന്നു.
1 തെസ്സലൊനീക്യർ 4:3-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങൾ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ. ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു. ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു. സഹോദരപ്രീതിയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതല്ലാതെ മക്കെദൊന്യയിൽ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ. എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം എന്നും പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.
1 തെസ്സലൊനീക്യർ 4:3-12 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾ വിശുദ്ധീകരിക്കപ്പെടുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. നിങ്ങൾ ദൈവത്തെ അറിയാത്ത യെഹൂദേതരരെപ്പോലെ കാമാസക്തിയിൽപ്പെടാതെ, അസാന്മാർഗികത വിട്ടൊഴിഞ്ഞ്, വിശുദ്ധവും മാന്യവുമായി നിങ്ങളിൽ ഓരോരുത്തരും അവരവരുടെ ശരീരം കാത്തുസൂക്ഷിക്കാൻ പഠിക്കണം. ഈ കാര്യത്തിൽ ആരും സ്വസഹോദരങ്ങളെ ചതിക്കാനും ചൂഷണം ചെയ്യാനും പാടില്ല. ഇത്തരം പാപങ്ങൾ ചെയ്യുന്നവരെ കർത്താവ് ശിക്ഷിക്കാതിരിക്കുകയില്ല എന്ന് ഞങ്ങൾ മുൻകൂട്ടിത്തന്നെ നിങ്ങളോടു പറയുകയും താക്കീത് നൽകുകയും ചെയ്തിട്ടുള്ളതാണല്ലോ. ദൈവം നമ്മെ മലിനത നിറഞ്ഞ ജീവിതത്തിനല്ല മറിച്ച് വിശുദ്ധജീവിതം നയിക്കാനാണ് വിളിച്ചിരിക്കുന്നത്. ആകയാൽ ഈ നിർദേശങ്ങൾ നിരസിക്കുന്നയാൾ മനുഷ്യരെയല്ല; അവിടത്തെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നൽകിയ ദൈവത്തെയാണ് നിഷേധിക്കുന്നത്. സഹോദരസ്നേഹത്തെപ്പറ്റി നിങ്ങൾക്കെഴുതേണ്ട ആവശ്യമില്ല; കാരണം പരസ്പരം സ്നേഹിക്കാൻ ദൈവത്തിൽനിന്ന് നിങ്ങൾ പഠിച്ചിരിക്കുന്നു. അങ്ങനെ നിങ്ങൾ മക്കദോന്യയിൽ എല്ലായിടത്തുമുള്ള എല്ലാ സഹോദരങ്ങളെയും സ്നേഹിക്കുന്നു. ഇതിൽ നിങ്ങൾ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്ന് ഞങ്ങൾ പ്രബോധിപ്പിക്കുന്നു. ഞങ്ങൾ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ, സ്വന്തംകാര്യം നോക്കി നിങ്ങളുടെ ഉപജീവനം നടത്തി ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ജീവിതലക്ഷ്യം. അങ്ങനെ നിങ്ങൾക്ക് അന്യരുടെ ആദരവ് ആർജിക്കാനും നിങ്ങളുടെ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും കഴിയും.