1 തെസ്സലൊനീക്യർ 4:1-18
1 തെസ്സലൊനീക്യർ 4:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒടുവിൽ സഹോദരന്മാരേ, ദൈവപ്രസാദം ലഭിപ്പാൻ തക്കവണ്ണം നിങ്ങൾ എങ്ങനെ നടക്കേണം എന്ന് ഞങ്ങളോടു ഗ്രഹിച്ചതുപോലെ- നിങ്ങൾ നടക്കുന്നതുപോലെതന്നെ- ഇനിയും അധികം വർധിച്ചു വരേണ്ടതിനു ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോട് അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു. ഞങ്ങൾ കർത്താവായ യേശുവിന്റെ ആജ്ഞയാൽ ഇന്ന കല്പനകളെ തന്നു എന്ന് നിങ്ങൾ അറിയുന്നുവല്ലോ. ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണംതന്നെ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞ് ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുത്; ഞങ്ങൾ നിങ്ങളോടു മുമ്പേ പറഞ്ഞതുപോലെ ഈ വകയ്ക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ. ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിനത്രേ വിളിച്ചത്. ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെത്തന്നെ തുച്ഛീകരിക്കുന്നു. സഹോദരപ്രീതിയെക്കുറിച്ചു നിങ്ങൾക്ക് എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതല്ലാതെ മക്കെദോന്യയിൽ എങ്ങുമുള്ള സഹോദരന്മാരോടൊക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ; എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർധിച്ചുവരേണം എന്നും പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിനും മുട്ടില്ലാതിരിപ്പാനുംവേണ്ടി ഞങ്ങൾ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേലചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു. സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെതന്നെ ദൈവം നിദ്രകൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്ന് ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു. കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഈ വചനങ്ങളെക്കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.
1 തെസ്സലൊനീക്യർ 4:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവസാനമായി, സഹോദരരേ, ദൈവത്തിനു സംപ്രീതികരമായ ജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങളിൽനിന്നു നിങ്ങൾ പഠിച്ചു. നിങ്ങൾ അങ്ങനെതന്നെയാണു ജീവിക്കുന്നതും. എന്നാൽ നിങ്ങളുടെ ജീവിതം പൂർവാധികം അഭിവൃദ്ധി പ്രാപിക്കണമെന്ന് കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ ഇപ്പോൾ അഭ്യർഥിക്കുകയും, നിങ്ങളെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു. കർത്താവായ യേശുവിന്റെ അധികാരത്താൽ ഞങ്ങൾ നിങ്ങൾക്കു നല്‌കിയ പ്രബോധനങ്ങൾ നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുർമാർഗത്തിൽനിന്നു പൂർണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്. ഓരോരുത്തനും അവനവന്റെ ഭാര്യയോടൊത്ത് പരിശുദ്ധമായും മാന്യമായും ജീവിക്കേണ്ടത് എങ്ങനെയെന്നു നിങ്ങൾക്ക് അറിയാമല്ലോ. ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ വിഷയാസക്തരായി നിങ്ങൾ ജീവിക്കരുത്. ഇക്കാര്യത്തിൽ ആരും നിയമം ലംഘിച്ച് തന്റെ സഹോദരനെ വഞ്ചിക്കരുത്. അങ്ങനെ ചെയ്യുന്നവരെ കർത്താവു ശിക്ഷിക്കുമെന്നു നേരത്തെ ഞങ്ങൾ മുന്നറിയിപ്പു നല്‌കിയിട്ടുണ്ടല്ലോ. ദുർമാർഗത്തിൽ ജീവിക്കുവാനല്ല, വിശുദ്ധിയിൽ ജീവിക്കുവാനാണു ദൈവം നമ്മെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ഉപദേശം അവഗണിക്കുന്ന ഏതൊരുവനും മനുഷ്യനെയല്ല അവഗണിക്കുന്നത്, പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നല്‌കുന്ന ദൈവത്തെ തന്നെയാണ്. സഹവിശ്വാസികളോടുള്ള സ്നേഹത്തെക്കുറിച്ച് എഴുതേണ്ട ആവശ്യമില്ല. നിങ്ങൾ പരസ്പരം എങ്ങനെ സ്നേഹിക്കണമെന്നു ദൈവം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. വാസ്തവത്തിൽ മാസിഡോണിയയിലെങ്ങുമുള്ള എല്ലാ സഹോദരരോടും ഇങ്ങനെയാണ് നിങ്ങൾ പെരുമാറുന്നത്. സഹോദരരേ, നിങ്ങളുടെ സ്നേഹം അതിലുമധികമായി തീരണമെന്നാണ് ഞങ്ങൾ പ്രബോധിപ്പിക്കുന്നത്. ഞങ്ങൾ നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ, അവനവന്റെ ജോലി ചെയ്ത്, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അങ്ങനെ ജീവിച്ചാൽ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങൾ ആർജിക്കും. നിങ്ങളുടെ ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല. സഹോദരരേ, പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങൾ ദുഃഖിക്കാതിരിക്കേണ്ടതിന്, മരണമടഞ്ഞവരെ സംബന്ധിച്ച സത്യം നിങ്ങൾ അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിർത്തെഴുന്നേല്‌ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു. അതുകൊണ്ട് യേശുവിൽ വിശ്വസിച്ചു മരണമടഞ്ഞവരെ അവിടുത്തോടുകൂടി ദൈവം ഉയിർപ്പിക്കുമെന്നും നാം വിശ്വസിക്കുന്നു. ഇപ്പോൾ ഞങ്ങൾ കർത്താവിന്റെ ഉപദേശമാണ് നിങ്ങൾക്കു നല്‌കുന്നത്; കർത്താവിന്റെ പ്രത്യാഗമനദിവസം ജീവനോടുകൂടി ഇരിക്കുന്നവരായ നാം മരിച്ചുപോയവരുടെ മുമ്പേയല്ല പോകുന്നത്. ഗംഭീരനാദം, പ്രധാനദൂതന്റെ ഘോഷം, ദൈവത്തിന്റെ കാഹളധ്വനി ഇവയോടുകൂടി കർത്താവു സ്വർഗത്തിൽനിന്ന് ഇറങ്ങിവരും. ക്രിസ്തുവിൽ വിശ്വസിച്ചു മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേല്‌ക്കും. അപ്പോൾ ജീവിച്ചിരിക്കുന്നവരായ നാം ആകാശമധ്യത്തിൽ എഴുന്നള്ളുന്ന കർത്താവിനെ എതിരേല്‌ക്കുന്നതിനായി പിന്നീടു മേഘങ്ങളിൽ അവരോടുകൂടി ചേർക്കപ്പെടും. അങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടി ആയിരിക്കുകയും ചെയ്യും. അതുകൊണ്ട് ഈ വാക്കുകളാൽ നിങ്ങൾ അന്യോന്യം സമാശ്വസിപ്പിച്ചുകൊള്ളുക.
1 തെസ്സലൊനീക്യർ 4:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒടുവിലായി, സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ ജീവിക്കേണം എന്നു ഞങ്ങളിൽ നിന്നു ഗ്രഹിച്ചറിഞ്ഞതുപോലെ — ഇപ്പോൾ നിങ്ങൾ ജീവിക്കുന്നതുപോലെ തന്നെ — ഇനിയും അധികം വർദ്ധിച്ചു വരേണ്ടതിന് ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു. കർത്താവായ യേശുവിന്റെ ആജ്ഞയാൽ ഞങ്ങൾ ഈ കല്പനകളെ തന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ, നിങ്ങൾ ദുർന്നടപ്പ് വിട്ടൊഴിഞ്ഞ് ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജനതകളെപ്പോലെ കാമവികാരത്തോടെയല്ല, പ്രത്യുത വിശുദ്ധീകരണത്തിലും മാന്യതയിലും താന്താന്‍റെ ശരീരത്തെ നിയന്ത്രിക്കേണ്ടത് എങ്ങനെ എന്നു അറിഞ്ഞിരിക്കട്ടെ. ഈ കാര്യങ്ങളിൽ ആരും പാപംചെയ്യുകയോ സഹോദരനെ ചതിക്കയോ അരുത്; ഞങ്ങൾ മുമ്പെ നിങ്ങളോടു പറഞ്ഞതുപോലെയും മുന്നറിയിപ്പ് തന്നതു പോലെയും ഈ കാര്യങ്ങൾക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ. ദൈവം നമ്മെ അശുദ്ധിയിലേക്കല്ല, വിശുദ്ധി പ്രാപിക്കുവാൻ അത്രേ വിളിച്ചത്. അതുകൊണ്ട് ഇത് അവഗണിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്ക് തരുന്ന ദൈവത്തെത്തന്നെ അവഗണിക്കുന്നു. അന്യോന്യം സ്നേഹിക്കുവാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതുകൊണ്ട് സഹോദരസ്നേഹത്തെക്കുറിച്ചു നിങ്ങൾക്ക് എഴുതുവാൻ ആവശ്യമില്ല; തീർച്ചയായും മക്കെദോന്യയിൽ എങ്ങുമുള്ള സഹോദരന്മാരോട് ഒക്കെയും നിങ്ങൾ അങ്ങനെ തന്നെ ആചരിച്ചും പോരുന്നുവല്ലോ. എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം എന്നും ക്രിസ്തുവിശ്വാസികൾ അല്ലാത്തവരോട് ബഹുമാനത്തോടെ പെരുമാറുവാനും, ഒന്നിനും ഒരു കുറവില്ലാത്തവരായിരിക്കുവാനും വേണ്ടി ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ ശാന്തരായി ജീവിക്കുവാനും സ്വന്തകർത്തവ്യങ്ങളെ നിറവേറ്റുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും ഉത്സാഹിക്കേണം എന്നുംകൂടി നിങ്ങളെ പ്രബോധിപ്പിക്കുന്നു. സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ക്രിസ്തുവിൽ നിദ്രകൊണ്ടവരെയും ദൈവം യേശു മുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്ക് മുമ്പന്മാരായി ഉയിർക്കുകയില്ല എന്നു ഞങ്ങൾ കർത്താവിന്‍റെ വചനം നിമിത്തം നിങ്ങളോടു പറയുന്നു. കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതൻ്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. പിന്നെ ജീവിച്ചിരിക്കുന്നവരായ നാം മുമ്പെ ഉയിർത്തെഴുന്നേറ്റവരോട് ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേൽക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.
1 തെസ്സലൊനീക്യർ 4:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒടുവിൽ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങൾ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വർദ്ധിച്ചു വരേണ്ടതിന്നു ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു. ഞങ്ങൾ കർത്താവായ യേശുവിന്റെ ആജ്ഞയാൽ ഇന്ന കല്പനകളെ തന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങൾ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ. ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു. ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു. സഹോദരപ്രീതിയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതല്ലാതെ മക്കെദൊന്യയിൽ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ. എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം എന്നും പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു. സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു. കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.
1 തെസ്സലൊനീക്യർ 4:1-18 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത് ദൈവത്തെ പ്രസാദിപ്പിച്ചു ജീവിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾ ഉപദേശിച്ചതുപോലെയാണ്. നിങ്ങൾ ഇതിൽ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്നു, കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അവസാനമായി അപേക്ഷിക്കുകയും ഉത്തേജിപ്പിക്കുകയുംചെയ്യുന്നു. കർത്താവായ യേശുവിന്റെ അധികാരത്താൽ ഞങ്ങൾ നിങ്ങൾക്കു നൽകിയിരുന്ന കൽപ്പനകൾ ഏതൊക്കെ എന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ വിശുദ്ധീകരിക്കപ്പെടുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. നിങ്ങൾ ദൈവത്തെ അറിയാത്ത യെഹൂദേതരരെപ്പോലെ കാമാസക്തിയിൽപ്പെടാതെ, അസാന്മാർഗികത വിട്ടൊഴിഞ്ഞ്, വിശുദ്ധവും മാന്യവുമായി നിങ്ങളിൽ ഓരോരുത്തരും അവരവരുടെ ശരീരം കാത്തുസൂക്ഷിക്കാൻ പഠിക്കണം. ഈ കാര്യത്തിൽ ആരും സ്വസഹോദരങ്ങളെ ചതിക്കാനും ചൂഷണം ചെയ്യാനും പാടില്ല. ഇത്തരം പാപങ്ങൾ ചെയ്യുന്നവരെ കർത്താവ് ശിക്ഷിക്കാതിരിക്കുകയില്ല എന്ന് ഞങ്ങൾ മുൻകൂട്ടിത്തന്നെ നിങ്ങളോടു പറയുകയും താക്കീത് നൽകുകയും ചെയ്തിട്ടുള്ളതാണല്ലോ. ദൈവം നമ്മെ മലിനത നിറഞ്ഞ ജീവിതത്തിനല്ല മറിച്ച് വിശുദ്ധജീവിതം നയിക്കാനാണ് വിളിച്ചിരിക്കുന്നത്. ആകയാൽ ഈ നിർദേശങ്ങൾ നിരസിക്കുന്നയാൾ മനുഷ്യരെയല്ല; അവിടത്തെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നൽകിയ ദൈവത്തെയാണ് നിഷേധിക്കുന്നത്. സഹോദരസ്നേഹത്തെപ്പറ്റി നിങ്ങൾക്കെഴുതേണ്ട ആവശ്യമില്ല; കാരണം പരസ്പരം സ്നേഹിക്കാൻ ദൈവത്തിൽനിന്ന് നിങ്ങൾ പഠിച്ചിരിക്കുന്നു. അങ്ങനെ നിങ്ങൾ മക്കദോന്യയിൽ എല്ലായിടത്തുമുള്ള എല്ലാ സഹോദരങ്ങളെയും സ്നേഹിക്കുന്നു. ഇതിൽ നിങ്ങൾ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്ന് ഞങ്ങൾ പ്രബോധിപ്പിക്കുന്നു. ഞങ്ങൾ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ, സ്വന്തംകാര്യം നോക്കി നിങ്ങളുടെ ഉപജീവനം നടത്തി ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ജീവിതലക്ഷ്യം. അങ്ങനെ നിങ്ങൾക്ക് അന്യരുടെ ആദരവ് ആർജിക്കാനും നിങ്ങളുടെ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും കഴിയും. സഹോദരങ്ങളേ, പ്രത്യാശയില്ലാത്ത മറ്റു മനുഷ്യർ, മരിച്ചുപോയ വിശ്വാസികളെക്കുറിച്ച് അജ്ഞരായിരിക്കുകയാൽ വ്യസനിക്കുന്നു. നിങ്ങൾ അങ്ങനെ ആകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്നു നാം വിശ്വസിക്കുന്നു എങ്കിൽ യേശുവോടൊത്ത് മരിച്ചവരെയും ദൈവം അവിടത്തോടൊപ്പം മടക്കിവരുത്തും. കർത്താവിന്റെ പുനരാഗമനംവരെ ജീവനോടെ അവശേഷിച്ചിരിക്കുന്നവരായ നാം മരിച്ചവർക്കു മുമ്പേ ഉയിർത്തെഴുന്നേൽക്കുകയില്ല എന്നു കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ നിങ്ങളോടു പറയുന്നു. കർത്താവ് താൻ അത്യുച്ച ആജ്ഞയോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളധ്വനിയോടും കൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും, ക്രിസ്തുവിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. അതിനുശേഷം, ജീവനോടെ അവശേഷിക്കുന്ന നാം അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം അനന്തകാലം കർത്താവിനോടുകൂടെ വസിക്കും. ഈ വചനങ്ങളാൽ പരസ്പരം ആശ്വസിപ്പിക്കുക.