1 തെസ്സലൊനീക്യർ 1:1-5

1 തെസ്സലൊനീക്യർ 1:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭയ്ക്ക് എഴുതുന്നത്: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ഞങ്ങളുടെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓർത്തു ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ. ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടുംകൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നത്; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്ന് അറിയുന്നുവല്ലോ.

1 തെസ്സലൊനീക്യർ 1:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പൗലൊസും ശീലാസും തിമൊഥെയോസും പിതാവായ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ജനമായ തെസ്സലോനിക്യയിലെ സഭയ്‍ക്ക് എഴുതുന്നത്: നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ. നിങ്ങൾ ജീവിതത്തിൽ വിശ്വാസം എങ്ങനെ പ്രായോഗികമാക്കുന്നു എന്നും, കഠിനമായി അധ്വാനിക്കുന്നതിന് സ്നേഹം എങ്ങനെ നിങ്ങളെ പ്രാപ്തരാക്കുന്നു എന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ പ്രത്യാശ എത്രമാത്രം ഉറപ്പുള്ളതാണെന്നും അനുസ്മരിച്ചുകൊണ്ട് നിങ്ങൾക്കെല്ലാവർക്കുംവേണ്ടി നമ്മുടെ പിതാവായ ദൈവത്തിനു ഞങ്ങൾ എപ്പോഴും സ്തോത്രം ചെയ്യുന്നു; ഞങ്ങൾ പ്രാർഥിക്കുമ്പോഴെല്ലാം നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. സഹോദരരേ, ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്നും, തന്റെ ജനമായി അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്നും ഞങ്ങൾ അറിയുന്നു. എന്തുകൊണ്ടെന്നാൽ വചനത്താൽ മാത്രമല്ല, ശക്തിയാലും പരിശുദ്ധാത്മാവിനാലും, സത്യത്തെക്കുറിച്ചുള്ള പരിപൂർണമായ ബോധ്യത്താലും ഞങ്ങൾ നിങ്ങളെ സുവിശേഷം അറിയിച്ചു. ഞങ്ങൾ നിങ്ങളോടുകൂടിയായിരുന്നപ്പോൾ എങ്ങനെ ജീവിച്ചു എന്നു നിങ്ങൾക്ക് അറിയാമല്ലോ. അതു നിങ്ങളുടെ നന്മയ്‍ക്കുവേണ്ടിത്തന്നെ ആയിരുന്നു.

1 തെസ്സലൊനീക്യർ 1:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലോനീക്യസഭയ്ക്ക് എഴുതുന്നത്: നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഞങ്ങൾ ദൈവത്തോട് എപ്പോഴും സ്തോത്രം ചെയ്തുകൊണ്ട് നിങ്ങളെ ഞങ്ങളുടെ പ്രാർത്ഥനയിൽ നിരന്തരം ഓർക്കുന്നു. നിങ്ങളുടെ വിശ്വാസത്തിന്‍റെ വേലയും സ്നേഹനിർഭരമായ പ്രയത്നങ്ങളും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവൻ്റെ സന്നിധിയിൽ ഞങ്ങൾ ഓർത്തു പ്രാർത്ഥിക്കുകയും ചെയ്യുന്നു. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെപ്പറ്റി ഞങ്ങൾ അറിയുന്നു. ഞങ്ങളുടെ സുവിശേഷം കേവലം വാക്കുകളായിമാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നത്; നിങ്ങൾക്ക് വേണ്ടി ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു നിങ്ങൾ അറിഞ്ഞിരിക്കുന്നുവല്ലോ.

1 തെസ്സലൊനീക്യർ 1:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓർത്തു ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എപ്പോഴും ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ. ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ.

1 തെസ്സലൊനീക്യർ 1:1-5 സമകാലിക മലയാളവിവർത്തനം (MCV)

പൗലോസും സില്വാനൊസും തിമോത്തിയോസും, പിതാവായ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും സ്വന്തമായ തെസ്സലോനിക്യ സഭയ്ക്ക്, എഴുതുന്നത്: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഞങ്ങൾ ദൈവത്തോട് എപ്പോഴും സ്തോത്രംചെയ്തുകൊണ്ട് നിങ്ങളെ ഞങ്ങളുടെ പ്രാർഥനയിൽ നിരന്തരം ഓർക്കുന്നു. നമ്മുടെ ദൈവവും പിതാവുമായ അവിടത്തെ സന്നിധിയിൽ നിങ്ങളുടെ വിശ്വാസം പ്രകടമാക്കുന്ന പ്രവൃത്തിയും സ്നേഹപ്രേരിതമായ പ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശയുടെ ഉറപ്പും ഞങ്ങൾ ഓർക്കുന്നു. ദൈവം സ്നേഹിക്കുന്ന സഹോദരങ്ങളേ, അവിടന്നു നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു. ഞങ്ങൾ അറിയിച്ച സുവിശേഷം നിങ്ങളുടെ അടുക്കൽ എത്തിയത് കേവലം പ്രഭാഷണമായിമാത്രമല്ല പിന്നെയോ ശക്തിയോടും പരിശുദ്ധാത്മസാന്നിധ്യത്തോടും ദൃഢനിശ്ചയത്തോടും കൂടെയായിരുന്നു. നിങ്ങളോടൊപ്പം ഞങ്ങൾ ആയിരുന്നപ്പോൾ നിങ്ങൾക്കുവേണ്ടി ഞങ്ങൾ എങ്ങനെ ജീവിച്ചു എന്നറിയാമല്ലോ.