1 ശമൂവേൽ 9:15-21
1 ശമൂവേൽ 9:15-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ശൗൽ വരുന്നതിന് ഒരു ദിവസം മുമ്പേ യഹോവ അതു ശമൂവേലിനു വെളിപ്പെടുത്തി: നാളെ ഇന്നേരത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തിരുന്നു. ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോട്: ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു. അന്നേരം ശൗൽ പടിവാതിൽക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു. ശമൂവേൽ ശൗലിനോട്: ദർശകൻ ഞാൻ തന്നെ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം. മൂന്നു ദിവസം മുമ്പേ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സർവപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു. അതിന് ശൗൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവച്ച് ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നത് എന്ത് എന്ന് ഉത്തരം പറഞ്ഞു.
1 ശമൂവേൽ 9:15-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശൗൽ വരുന്നതിന്റെ തലേദിവസം സർവേശ്വരൻ ശമൂവേലിന് ഇപ്രകാരം വെളിപ്പെടുത്തി: “നാളെ ഈ സമയത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ നിന്റെ അടുക്കൽ ഞാൻ അയയ്‍ക്കും. എന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി അവനെ അഭിഷേകം ചെയ്യുക; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരിൽനിന്നു രക്ഷിക്കും; എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; അവരുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു.” ശമൂവേൽ ശൗലിനെ കണ്ടപ്പോൾ സർവേശ്വരൻ ശമൂവേലിനോടു പറഞ്ഞു: “ഞാൻ നിന്നോടു പറഞ്ഞ ആൾ ഇവനാകുന്നു; എന്റെ ജനത്തെ ഭരിക്കേണ്ടവൻ ഇവൻതന്നെ.” അപ്പോൾ ശൗൽ പട്ടണവാതില്‌ക്കൽ ശമൂവേലിന്റെ അടുക്കൽ ചെന്നു “ദർശകന്റെ വീട് എവിടെയാണെന്നു പറഞ്ഞു തന്നാലും” എന്നു പറഞ്ഞു; ശമൂവേൽ പറഞ്ഞു: “ഞാൻ തന്നെയാണു ദർശകൻ; എനിക്കു മുമ്പേ പൂജാഗിരിയിലേക്കു പോകുക; നിങ്ങൾ ഇന്ന് എന്റെകൂടെ ഭക്ഷണം കഴിക്കണം; നിങ്ങളുടെ പ്രശ്നങ്ങൾക്കു മറുപടി പറയാം. നാളെ രാവിലെ നിങ്ങളെ യാത്ര അയയ്‍ക്കാം. മൂന്നു ദിവസം മുമ്പു കാണാതായ കഴുതകളെക്കുറിച്ചു വിഷമിക്കേണ്ട; അവയെ കണ്ടുകിട്ടിയിരിക്കുന്നു; ഇസ്രായേലിന്റെ പ്രതീക്ഷ ആരെക്കുറിച്ചാണ്, നിന്നെയും നിന്റെ പിതൃഭവനത്തെയും കുറിച്ചല്ലയോ?” അപ്പോൾ ശൗൽ മറുപടി പറഞ്ഞു: “ഞാൻ ഇസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിൽപ്പെട്ടവനാകുന്നു; അതിൽത്തന്നെ ഏറ്റവും എളിയ കുടുംബമാണ് എൻറേത്; പിന്നെ എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ സംസാരിക്കുന്നത്?”
1 ശമൂവേൽ 9:15-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ശൗല്‍ വരുന്നതിന് ഒരു ദിവസം മുൻപ് യഹോവ അത് ശമൂവേലിന് വെളിപ്പെടുത്തി: “നാളെ ഈ സമയത്ത് ബെന്യാമീൻ ദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു. അതുകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു” എന്നു അരുളിച്ചെയ്തിരുന്നു. ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോട്, ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിക്കുവാനുള്ളവൻ” എന്നു കല്പിച്ചു. അന്നേരം ശൗല്‍ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: “ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരണമേ?” എന്നു ചോദിച്ചു. ശമൂവേൽ ശൗലിനോട്: “ദർശകൻ ഞാൻ തന്നെ; എന്റെ കൂടെ പൂജാഗിരിക്ക് വരുവിൻ; നിങ്ങൾ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം. മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ച് വിഷമിക്കണ്ട; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേൽ ജനത്തിന്‍റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്‍റെ പിതാവിന്‍റെ ഭവനത്തിന്മേലും അല്ലയോ” എന്നു പറഞ്ഞു. അതിന് ശൗല്‍: “ഞാൻ യിസ്രായേൽ ഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻ ഗോത്രത്തിലുള്ളവൻ ആണ്. എന്‍റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവച്ച് ഏറ്റവും ചെറിയതുമാണ്. എന്നിട്ടും നീ ഇങ്ങനെ എന്നോട് പറയുന്നത് എന്ത്?” എന്നു ഉത്തരം പറഞ്ഞു.
1 ശമൂവേൽ 9:15-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ശൗൽ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി: നാളെ ഇന്നേരത്തു ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ടു ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു. ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോടു: ഞാൻ നിന്നോടു അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു. അന്നേരം ശൗൽ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദർശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു. ശമൂവേൽ ശൗലിനോടു: ദർശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം. മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സർവ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു. അതിന്നു ശൗൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.
1 ശമൂവേൽ 9:15-21 സമകാലിക മലയാളവിവർത്തനം (MCV)
ശൗൽ വന്നെത്തുന്നതിന്റെ തലേദിവസം യഹോവ ശമുവേലിന് ഇപ്രകാരം വെളിപ്പെടുത്തിക്കൊടുത്തിരുന്നു: “നാളെ ഏകദേശം ഈ നേരത്ത് ബെന്യാമീൻദേശത്തുനിന്ന് ഒരു പുരുഷനെ ഞാൻ നിന്റെ അടുത്തേക്കയയ്ക്കും. എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായി അവനെ അഭിഷേകംചെയ്യുക! അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ സന്നിധിയിൽ എത്തിയിരിക്കുകയാൽ ഞാനവരോട് കരുണകാണിച്ചിരിക്കുന്നു.” ശമുവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അദ്ദേഹത്തോട്: “ഞാൻ നിന്നോടു പറഞ്ഞിരുന്ന പുരുഷൻ ഇതാണ്; ഇവൻ എന്റെ ജനത്തെ ഭരിക്കും” എന്ന് അരുളിച്ചെയ്തു. ശൗൽ പടിവാതിൽക്കൽവെച്ച് ശമുവേലിനെ സമീപിച്ച്: “ദർശകന്റെ ഭവനം ഏതാണെന്ന് ദയവായി പറഞ്ഞുതരുമോ?” എന്നു ചോദിച്ചു. ശമുവേൽ മറുപടികൊടുത്തു: “ദർശകൻ ഞാൻതന്നെ! എനിക്കുമുമ്പായി മലയിലേക്കു നടന്നുകൊള്ളുക! ഇന്ന് നിങ്ങൾ എന്നോടുകൂടെ ഭക്ഷണം കഴിക്കണം; നാളെ രാവിലെ ഞാൻ താങ്കളെ യാത്രയാക്കാം; താങ്കളുടെ ഹൃദയത്തിലുള്ളതെല്ലാം താങ്കളോടു പറയുകയും ചെയ്യാം. മൂന്നുദിവസംമുമ്പ് നിങ്ങൾക്കു നഷ്ടപ്പെട്ട കഴുതകളുടെ കാര്യത്തിൽ വ്യാകുലചിത്തരാകേണ്ട. അവ കണ്ടുകിട്ടിയിരിക്കുന്നു. ഇസ്രായേലിന്റെ ആഗ്രഹമെല്ലാം ആരുടെമേൽ? താങ്കളുടെമേലും താങ്കളുടെ പിതൃഭവനത്തിന്മേലും അല്ലയോ?” അപ്പോൾ ശൗൽ: “ഞാനൊരു ബെന്യാമീന്യനാണല്ലോ? ഇസ്രായേലിന്റെ സകലഗോത്രങ്ങളിലുംവെച്ച് ഏറ്റം ചെറിയ ഗോത്രത്തിൽനിന്നുള്ളവൻ! എന്റെ കുലം ബെന്യാമീൻഗോത്രത്തിലെ സകലകുലങ്ങളിലുംവെച്ച് ഏറ്റവും ചെറുതായിരിക്കെ, അങ്ങ് എന്തുകൊണ്ടാണ് എന്നോടിങ്ങനെ പറയുന്നത്?” എന്നു ചോദിച്ചു.