1 ശമൂവേൽ 9:1-25
1 ശമൂവേൽ 9:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു. അവന് ശൗൽ എന്ന പേരോടെ യൗവനവും കോമളത്വവുമുള്ള ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാൾ കോമളനായ പുരുഷൻ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും തോൾ മുതൽ പൊക്കമേറിയവൻ ആയിരുന്നു. ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോട്: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്ന് കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു. അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല. സൂഫ്ദേശത്ത് എത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോട്: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ട് നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു. അതിന് അവൻ: ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ട്; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്ക് അവിടെ പോകാം; നാം പോകുവാനുള്ള വഴി അവൻ പക്ഷേ പറഞ്ഞുതരും എന്ന് അവനോടു പറഞ്ഞു. ശൗൽ തന്റെ ഭൃത്യനോട്: നാം പോകുന്നു എങ്കിൽ ആ പുരുഷന് എന്താകുന്നു കൊണ്ടുപോകേണ്ടത്? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷനു കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്ക് എന്തുള്ളൂ എന്നു ചോദിച്ചു. ഭൃത്യൻ ശൗലിനോട്: എന്റെ കൈയിൽ കാൽ ശേക്കെൽ വെള്ളിയുണ്ട്; ഇതു ഞാൻ ദൈവപുരുഷനു കൊടുക്കാം; അവൻ നമുക്കു വഴി പറഞ്ഞുതരും എന്ന് ഉത്തരം പറഞ്ഞു.- പണ്ട് യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ; നാം ദർശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദർശകൻ എന്നു പറഞ്ഞുവന്നു.- ശൗൽ ഭൃത്യനോട്: നല്ലത്; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി. അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളം കോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ട് അവരോട്: ദർശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു. അവർ അവരോട്: ഉണ്ട്; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ട് അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ട്. നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ അവൻ പൂജാഗിരിയിൽ ഭക്ഷണത്തിനു പോകുംമുമ്പേ നിങ്ങൾ അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളൂ; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു. അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോൾ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരേ വരുന്നു. എന്നാൽ ശൗൽ വരുന്നതിന് ഒരു ദിവസം മുമ്പേ യഹോവ അതു ശമൂവേലിനു വെളിപ്പെടുത്തി: നാളെ ഇന്നേരത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തിരുന്നു. ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോട്: ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു. അന്നേരം ശൗൽ പടിവാതിൽക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു. ശമൂവേൽ ശൗലിനോട്: ദർശകൻ ഞാൻ തന്നെ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം. മൂന്നു ദിവസം മുമ്പേ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സർവപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു. അതിന് ശൗൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവച്ച് ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നത് എന്ത് എന്ന് ഉത്തരം പറഞ്ഞു. പിന്നെ ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്ന് ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്കു പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതു പേർ ഉണ്ടായിരുന്നു. ശമൂവേൽ വെപ്പുകാരനോട്: നിന്റെ പക്കൽവച്ചുകൊൾക എന്നു പറഞ്ഞു ഞാൻ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു. വെപ്പുകാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽവച്ചു. നിനക്കായി സൂക്ഷിച്ചുവച്ചിരിക്കുന്നത് ഇതാ; തിന്നുകൊൾക; ഞാൻ ഉത്സവത്തിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ട് ഇത് ഉത്സവത്തിനുവേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൗൽ അന്ന് ശമൂവേലിനോടുകൂടെ ഭക്ഷണം കഴിച്ചു. അവർ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്ക് ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവച്ച് ശൗലുമായി സംസാരിച്ചു.
1 ശമൂവേൽ 9:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബെന്യാമീൻഗോത്രത്തിൽ കീശ് എന്നൊരു ധനികനുണ്ടായിരുന്നു. അയാളുടെ പിതാവ് അബീയേലും അബീയേലിന്റെ പിതാവ് സെരോറും സെരോറിന്റെ പിതാവ് ബെഖോറത്തും ബെഖോറത്തിന്റെ പിതാവ് അഫീയാഹും ആയിരുന്നു. കീശിനു ശൗൽ എന്നൊരു പുത്രൻ ഉണ്ടായിരുന്നു. അവൻ സുന്ദരനായ യുവാവായിരുന്നു; അവനെക്കാൾ കോമളനായ മറ്റൊരു യുവാവ് ഇസ്രായേലിൽ ഉണ്ടായിരുന്നില്ല. അവന്റെ തോളൊപ്പത്തിൽ കവിഞ്ഞ ഉയരമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ല. ഒരിക്കൽ ശൗലിന്റെ പിതാവായ കീശിന്റെ കഴുതകൾ കാണാതെപോയി; ഭൃത്യനെയും കൂട്ടി കഴുതകളെ അന്വേഷിക്കാൻ അയാൾ ശൗലിനോടു പറഞ്ഞു. അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും ശാലീംദേശത്തും അവയെ അന്വേഷിച്ചു; പക്ഷേ കണ്ടില്ല. പിന്നീട് ബെന്യാമീന്റെ ദേശത്ത് അന്വേഷിച്ചു; അവിടെയും കണ്ടില്ല. സൂഫ്ദേശത്തെത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോടു പറഞ്ഞു: “നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ പിതാവു കഴുതകളുടെ കാര്യം മറന്നു നമ്മെപ്പറ്റി ആകുലചിത്തനാകും.” അപ്പോൾ ഭൃത്യൻ പറഞ്ഞു: “ഈ പട്ടണത്തിൽ വളരെ ബഹുമാന്യനായ ഒരു ദൈവപുരുഷനുണ്ട്. അയാൾ പറയുന്നതെല്ലാം സംഭവിക്കുന്നു; നമുക്ക് അവിടേക്കു പോകാം; ഒരുവേള നമുക്കു പോകാനുള്ള വഴി അദ്ദേഹം പറഞ്ഞുതരും.” ശൗൽ അവനോടു പറഞ്ഞു: “നാം അവിടെ ചെല്ലുമ്പോൾ എന്താണ് അദ്ദേഹത്തിനു കൊടുക്കുക; നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും തീർന്നുപോയി. ദൈവപുരുഷനു സമ്മാനിക്കാൻ നമ്മുടെ പക്കൽ ഒന്നുമില്ലല്ലോ.” ഭൃത്യൻ പറഞ്ഞു: “എന്റെ കൈവശം കാൽ ശേക്കെൽ വെള്ളി ഉണ്ട്; അതു കൊടുക്കാം; അദ്ദേഹം നമുക്കു വഴി പറഞ്ഞുതരും.” (“പണ്ട് ഇസ്രായേലിൽ സർവേശ്വരഹിതം അറിയാൻ പോകുമ്പോൾ ‘നമുക്കു ദർശകന്റെ അടുക്കൽ പോകാം’ എന്നു പറഞ്ഞിരുന്നു; പ്രവാചകനെ അന്നു ദർശകൻ എന്നാണു വിളിച്ചിരുന്നത്.”) ശൗൽ ഭൃത്യനോട് “അതു നല്ലതു തന്നെ, വരൂ! നമുക്കു പോകാം” എന്നു പറഞ്ഞു; അവർ ദൈവപുരുഷന്മാർ താമസിച്ചിരുന്ന പട്ടണത്തിലേക്കു പോയി. പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളം കോരാൻ പോകുന്ന യുവതികളെ കണ്ട് അവരോടു “ദർശകൻ അവിടെയുണ്ടോ” എന്ന് അവർ ചോദിച്ചു. “ഉണ്ട്” എന്ന് അവർ പറഞ്ഞു; “അതാ, നിങ്ങളുടെ മുമ്പേ അദ്ദേഹം പോകുന്നു; വേഗം ചെല്ലുവിൻ; അദ്ദേഹം പട്ടണത്തിൽ എത്തിയതേയുള്ളൂ. പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗമുണ്ട്. പട്ടണത്തിൽ പ്രവേശിച്ചാലുടൻ അദ്ദേഹം ഭക്ഷണത്തിനു പൂജാഗിരിയിലേക്കു പോകും. അതിനുമുമ്പ് നിങ്ങൾക്ക് അദ്ദേഹത്തെ കാണാം; അദ്ദേഹം യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അദ്ദേഹം എത്തുന്നതുവരെ ജനം ഭക്ഷിക്കുകയില്ല; അതിനുശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കുകയുള്ളൂ; അതുകൊണ്ട് വേഗം ചെല്ലുക; ഇപ്പോൾത്തന്നെ അദ്ദേഹത്തെ കാണാം.” അവർ പട്ടണത്തിലേക്കു കയറിച്ചെന്നു; പൂജാഗിരിയിലേക്കു പോകുന്ന ശമൂവേലിനെ അവർ അവിടെ കണ്ടു. ശൗൽ വരുന്നതിന്റെ തലേദിവസം സർവേശ്വരൻ ശമൂവേലിന് ഇപ്രകാരം വെളിപ്പെടുത്തി: “നാളെ ഈ സമയത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ നിന്റെ അടുക്കൽ ഞാൻ അയയ്‍ക്കും. എന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി അവനെ അഭിഷേകം ചെയ്യുക; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരിൽനിന്നു രക്ഷിക്കും; എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; അവരുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു.” ശമൂവേൽ ശൗലിനെ കണ്ടപ്പോൾ സർവേശ്വരൻ ശമൂവേലിനോടു പറഞ്ഞു: “ഞാൻ നിന്നോടു പറഞ്ഞ ആൾ ഇവനാകുന്നു; എന്റെ ജനത്തെ ഭരിക്കേണ്ടവൻ ഇവൻതന്നെ.” അപ്പോൾ ശൗൽ പട്ടണവാതില്‌ക്കൽ ശമൂവേലിന്റെ അടുക്കൽ ചെന്നു “ദർശകന്റെ വീട് എവിടെയാണെന്നു പറഞ്ഞു തന്നാലും” എന്നു പറഞ്ഞു; ശമൂവേൽ പറഞ്ഞു: “ഞാൻ തന്നെയാണു ദർശകൻ; എനിക്കു മുമ്പേ പൂജാഗിരിയിലേക്കു പോകുക; നിങ്ങൾ ഇന്ന് എന്റെകൂടെ ഭക്ഷണം കഴിക്കണം; നിങ്ങളുടെ പ്രശ്നങ്ങൾക്കു മറുപടി പറയാം. നാളെ രാവിലെ നിങ്ങളെ യാത്ര അയയ്‍ക്കാം. മൂന്നു ദിവസം മുമ്പു കാണാതായ കഴുതകളെക്കുറിച്ചു വിഷമിക്കേണ്ട; അവയെ കണ്ടുകിട്ടിയിരിക്കുന്നു; ഇസ്രായേലിന്റെ പ്രതീക്ഷ ആരെക്കുറിച്ചാണ്, നിന്നെയും നിന്റെ പിതൃഭവനത്തെയും കുറിച്ചല്ലയോ?” അപ്പോൾ ശൗൽ മറുപടി പറഞ്ഞു: “ഞാൻ ഇസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിൽപ്പെട്ടവനാകുന്നു; അതിൽത്തന്നെ ഏറ്റവും എളിയ കുടുംബമാണ് എൻറേത്; പിന്നെ എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ സംസാരിക്കുന്നത്?” പിന്നീട് ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും വിരുന്നുശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി മുപ്പതോളം വരുന്ന അതിഥികളുടെ ഇടയിൽ പ്രധാന സ്ഥാനത്ത് ഇരുത്തി. ശമൂവേൽ പാചകക്കാരനോട്: “പ്രത്യേകം മാറ്റി വയ്‍ക്കാൻ പറഞ്ഞിരുന്ന ഭാഗം കൊണ്ടുവരിക” എന്നു പറഞ്ഞു. പാചകക്കാരൻ കാൽക്കുറകു കൊണ്ടുവന്നു ശൗലിന്റെ മുമ്പിൽ വച്ചു; അപ്പോൾ ശമൂവേൽ പറഞ്ഞു: “ഇതു നിനക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നതാണ്; ഭക്ഷിച്ചുകൊള്ളുക. ക്ഷണിച്ചിട്ടുള്ള അതിഥികളുടെ കൂടെ നിനക്കു ഭക്ഷിക്കുന്നതിനു മാറ്റി വച്ചിരുന്നതാണ്.” അന്നു ശൗൽ ശമൂവേലിന്റെ കൂടെ ഭക്ഷണം കഴിച്ചു. അവർ പൂജാഗിരിയിൽനിന്നു നഗരത്തിലേക്കു മടങ്ങിവന്നു; മട്ടുപ്പാവിൽ ശൗലിനു കിടക്ക വിരിച്ചിരുന്നു; അയാൾ ഉറങ്ങാൻ കിടന്നു.
1 ശമൂവേൽ 9:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ബെന്യാമീൻ ഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു. അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു. അവന് ശൗല്‍ എന്നു പേരുള്ള ഒരു മകൻ ഉണ്ടായിരുന്നു; അവൻ സുന്ദരൻ ആയിരുന്നു. യിസ്രായേൽ മക്കളിൽ അവനേക്കാൾ സൗന്ദര്യമുള്ള പുരുഷൻ വേറെ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും ഉയരമുള്ളവൻ ആയിരുന്നു. ശൗലിന്റെ അപ്പനായ കീശിന്‍റെ കഴുതകളെ കാണാതെ പോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോട്: “നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ട് ചെന്നു കഴുതകളെ അന്വേഷിക്കുക” എന്നു പറഞ്ഞു. അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും, ശാലീംദേശത്തും അന്വേഷിച്ചു; അവയെ കണ്ടില്ല; അവൻ ബെന്യാമീൻദേശത്തും അന്വേഷിച്ചു; എന്നിട്ടും കണ്ടുകിട്ടിയില്ല. സൂഫ് ദേശത്ത് എത്തിയപ്പോൾ ശൗല്‍ കൂടെയുള്ള ഭൃത്യനോട്: “വരിക, നമുക്ക് മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ട് നമ്മെക്കുറിച്ച് വിഷമിക്കും” എന്നു പറഞ്ഞു. അതിന് അവൻ: “ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ട്; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം അതുപോലെ സംഭവിക്കുന്നു; നമുക്ക് അവിടെ പോകാം; നാം പോകുവാനുള്ള വഴി ചിലപ്പോൾ അവൻ പറഞ്ഞുതരും” എന്നു അവനോട് പറഞ്ഞു. ശൗല്‍ തന്‍റെ ഭൃത്യനോട്: “നാം അവിടെ ചെല്ലുമ്പോൾ എന്താണ് അദ്ദേഹത്തിന് കൊടുക്കണ്ടത്? നമ്മുടെ പാത്രത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷന് കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമ്മുടെ കൈയ്യിൽ ഒന്നുമില്ലല്ലോ” എന്നു പറഞ്ഞു. ഭൃത്യൻ ശൗലിനോട്: “എന്‍റെ കയ്യിൽ കാൽ ശേക്കൽ വെള്ളിയുണ്ട്; ഇത് ഞാൻ ദൈവപുരുഷന് കൊടുക്കാം; അവൻ നമുക്ക് വഴി പറഞ്ഞുതരും” എന്നു ഉത്തരം പറഞ്ഞു. പണ്ട് യിസ്രായേലിൽ ഒരുവൻ ദൈവത്തോട് ചോദിപ്പാൻ പോകുമ്പോൾ: “വരുവിൻ; നാം ദർശകന്റെ അടുക്കൽ പോകുക” എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്ന് ദർശകൻ എന്നു പറഞ്ഞുവന്നു. ശൗല്‍ ഭൃത്യനോട്: “നല്ലത്; വരിക, നമുക്ക് പോകാം” എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്ക് പോയി. അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന യുവതികളെ കണ്ടു അവരോട്: “ദർശകൻ ഇവിടെ ഉണ്ടോ?” എന്നു ചോദിച്ചു. അവർ അവരോട്: “ഉണ്ട്; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്ന് പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ട് അവൻ ഇന്ന് പട്ടണത്തിൽ വന്നിട്ടുണ്ട്. നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ, അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന് പോകുന്നതിന് മുൻപ് അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവൻ ചെല്ലുന്നതുവരെ ജനം ഭക്ഷിക്കുകയില്ല; അതിന്‍റെശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കുകയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം” എന്നുത്തരം പറഞ്ഞു. അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ എത്തിയപ്പോൾ ശമൂവേൽ പൂജാഗിരിക്ക് പോകുവാനായി അവരുടെ നേരേ വരുന്നു. എന്നാൽ ശൗല്‍ വരുന്നതിന് ഒരു ദിവസം മുൻപ് യഹോവ അത് ശമൂവേലിന് വെളിപ്പെടുത്തി: “നാളെ ഈ സമയത്ത് ബെന്യാമീൻ ദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു. അതുകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു” എന്നു അരുളിച്ചെയ്തിരുന്നു. ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോട്, ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിക്കുവാനുള്ളവൻ” എന്നു കല്പിച്ചു. അന്നേരം ശൗല്‍ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: “ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരണമേ?” എന്നു ചോദിച്ചു. ശമൂവേൽ ശൗലിനോട്: “ദർശകൻ ഞാൻ തന്നെ; എന്റെ കൂടെ പൂജാഗിരിക്ക് വരുവിൻ; നിങ്ങൾ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം. മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ച് വിഷമിക്കണ്ട; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേൽ ജനത്തിന്‍റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്‍റെ പിതാവിന്‍റെ ഭവനത്തിന്മേലും അല്ലയോ” എന്നു പറഞ്ഞു. അതിന് ശൗല്‍: “ഞാൻ യിസ്രായേൽ ഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻ ഗോത്രത്തിലുള്ളവൻ ആണ്. എന്‍റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവച്ച് ഏറ്റവും ചെറിയതുമാണ്. എന്നിട്ടും നീ ഇങ്ങനെ എന്നോട് പറയുന്നത് എന്ത്?” എന്നു ഉത്തരം പറഞ്ഞു. പിന്നെ ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്ന് ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്ക് പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു. ശമൂവേൽ പാചകക്കാരനോട്: “നിന്‍റെ അടുക്കൽ പ്രത്യേകം മാറ്റിവയ്ക്കാൻ പറഞ്ഞിരുന്ന ഭാഗം കൊണ്ടുവരുക” എന്നു പറഞ്ഞു. പാചകക്കാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽവച്ചു. “നിനക്കായി വേർതിരിച്ച് വച്ചിരിക്കുന്നത് ഇതാ; തിന്നുകൊള്ളുക; ഞാൻ ഉത്സവത്തിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ഇത് ഉത്സവത്തിന് വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു” എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൗല്‍ അന്ന് ശമൂവേലിനോടുകൂടെ ഭക്ഷണം കഴിച്ചു. അവർ പൂജാഗിരിയിൽനിന്ന് പട്ടണത്തിലേക്ക് ഇറങ്ങിവന്നശേഷം അവൻ വീട്ടിന്‍റെ മുകളിൽവച്ച്ശൗലുമായി സംസാരിച്ചു.
1 ശമൂവേൽ 9:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു. അവന്നു ശൗൽ എന്ന പേരോടെ യൗവനവും കോമളത്വവുമുള്ള ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാൾ കോമളനായ പുരുഷൻ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവൻ ആയിരുന്നു. ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു. അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല. സൂഫ് ദേശത്തു എത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോടു: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു. അതിന്നു അവൻ: ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ടു; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്കു അവിടെ പോകാം; നാം പോകുവാനുള്ള വഴി അവൻ പക്ഷേ പറഞ്ഞുതരും എന്നു അവനോടു പറഞ്ഞു. ശൗൽ തന്റെ ഭൃത്യനോടു: നാം പോകുന്നു എങ്കിൽ ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു. ഭൃത്യൻ ശൗലിനോടു: എന്റെ കയ്യിൽ കാൽശേക്കെൽ വെള്ളിയുണ്ടു; ഇതു ഞാൻ ദൈവപുരുഷന്നു കൊടുക്കാം; അവൻ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.‒ പണ്ടു യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ; നാം ദർശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദർശകൻ എന്നു പറഞ്ഞുവന്നു.‒ ശൗൽ ഭൃത്യനോടു: നല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി. അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടു: ദർശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു. അവർ അവരോടു: ഉണ്ടു; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ടു. നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങൾ അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു. അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോൾ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരെ വരുന്നു. എന്നാൽ ശൗൽ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി: നാളെ ഇന്നേരത്തു ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ടു ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു. ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോടു: ഞാൻ നിന്നോടു അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു. അന്നേരം ശൗൽ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദർശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു. ശമൂവേൽ ശൗലിനോടു: ദർശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം. മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സർവ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു. അതിന്നു ശൗൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു. പിന്നെ ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്നു ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്കു പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു. ശമൂവേൽ വെപ്പുകാരനോടു: നിന്റെ പക്കൽ വെച്ചുകൊൾക എന്നു പറഞ്ഞു ഞാൻ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു. വെപ്പുകാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്നു ശൗലിന്റെ മുമ്പിൽവെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊൾക; ഞാൻ ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൗൽ അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു. അവർ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവെച്ചു ശൗലുമായി സംസാരിച്ചു.
1 ശമൂവേൽ 9:1-25 സമകാലിക മലയാളവിവർത്തനം (MCV)
ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ധനികനായ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹം അബിയേലിന്റെ മകനായിരുന്നു. അബിയേൽ സെറോറിന്റെ മകനും സെറോർ ബെഖോറത്തിന്റെ മകനും ബെഖോറത്ത് ബെന്യാമീന്യനായ അഫീഹിന്റെ മകനും ആയിരുന്നു. കീശിനു ശൗൽ എന്നു പേരുള്ള അതിസുന്ദരനും യുവാവുമായ ഒരു മകൻ ഉണ്ടായിരുന്നു. ഇസ്രായേൽമക്കളിൽ അദ്ദേഹത്തെക്കാൾ സുമുഖനായ ഒരു പുരുഷൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തോളും തലയും ദേശത്തുണ്ടായിരുന്ന എല്ലാവരെക്കാളും ഉയരമുള്ളതായിരുന്നു. ഒരു ദിവസം ശൗലിന്റെ പിതാവായ കീശിന്റെ കഴുതകളെ കാണാതായി. കീശ് തന്റെ മകനായ ശൗലിനെ വിളിച്ച്, “സേവകന്മാരിൽ ഒരാളെയും കൂട്ടിക്കൊണ്ടുപോയി നമ്മുടെ കഴുതകളെ തെരയുക!” എന്നു പറഞ്ഞു. അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു. എന്നാൽ കഴുതകളെ കണ്ടുകിട്ടിയില്ല. അവർ ശാലീം ദേശത്തിലൂടെയും സഞ്ചരിച്ചു; എങ്കിലും അവയെ കണ്ടെത്താനായില്ല. തുടർന്ന് അദ്ദേഹം ബെന്യാമീൻദേശത്തുകൂടി പോയി. എന്നിട്ടും അവയെ കാണാൻ കഴിഞ്ഞില്ല. അവർ സൂഫ് ദേശത്ത് എത്തിയപ്പോൾ ശൗൽ കൂടെയുണ്ടായിരുന്ന ഭൃത്യനോട്: “വരിക; നമുക്കു തിരിച്ചുപോകാം. അല്ലെങ്കിൽ പിതാവ് കഴുതകളെപ്പറ്റിയുള്ള ചിന്തവിട്ട് നമ്മെപ്പറ്റി ആകുലചിത്തനാകും” എന്നു പറഞ്ഞു. എന്നാൽ ഭൃത്യൻ: “ഈ പട്ടണത്തിൽ ഒരു ദൈവപുരുഷനുണ്ട്. അദ്ദേഹം ആദരണീയനായ ഒരു വ്യക്തിയാണ്; അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം അതുപോലെ സംഭവിക്കും. നമുക്ക് അവിടേക്കു പോകാം. ഒരുപക്ഷേ നാം പോകേണ്ട വഴി അദ്ദേഹം പറഞ്ഞുതരും” എന്നു പറഞ്ഞു. ശൗൽ ഭൃത്യനോട്: “നാം അദ്ദേഹത്തിന്റെ അടുത്തേക്കു പോയാൽ അദ്ദേഹത്തിനായി എന്താണ് കൊണ്ടുപോകുക? നമ്മുടെ ഭാണ്ഡത്തിലെ ഭക്ഷണസാധനങ്ങൾ തീർന്നിരിക്കുന്നു. ദൈവപുരുഷനു കാഴ്ച വെക്കാനായി നമ്മുടെ പക്കൽ ഒന്നുമില്ലല്ലോ! നമ്മുടെ പക്കൽ എന്തെങ്കിലുമുണ്ടോ?” എന്നു ചോദിച്ചു. അപ്പോൾ ഭൃത്യൻ വീണ്ടും: “ഇതാ, എന്റെ കൈവശം കാൽ ശേക്കേൽ വെള്ളിയുണ്ട്. ഞാനതു ദൈവപുരുഷനു കാഴ്ചവെക്കാം; നാം പോകേണ്ടതായവഴി അദ്ദേഹം ഉപദേശിച്ചുതരും” എന്നു പറഞ്ഞു. (മുമ്പ് ഇസ്രായേലിൽ, ഒരു മനുഷ്യൻ ദൈവഹിതം ആരായുന്നതിനായി പോകുമ്പോൾ “വരൂ, നമുക്കു ദർശകന്റെ അടുത്തേക്കു പോകാം,” എന്നു പറയുമായിരുന്നു. ഇന്നു പ്രവാചകൻ എന്നറിയപ്പെടുന്ന ആൾ അന്ന് ദർശകൻ എന്നു വിളിക്കപ്പെട്ടിരുന്നു.) “അതു കൊള്ളാം, വരൂ, നമുക്കു പോകാം,” എന്നു ശൗൽ തന്റെ ഭൃത്യനോടു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്കു യാത്രതിരിച്ചു. അവർ മല കയറി പട്ടണത്തിലേക്കു ചെല്ലുമ്പോൾ ഏതാനും യുവതികൾ വെള്ളം കോരുന്നതിനായി ഇറങ്ങിവരുന്നതു കണ്ടു. “ദർശകൻ ഇവിടെയുണ്ടോ?” എന്ന് ശൗലും ഭൃത്യനും അവരോടു ചോദിച്ചു. അവർ മറുപടി പറഞ്ഞു: “ഉണ്ട്, അദ്ദേഹം ഇവിടെയുണ്ട്. അതാ, അദ്ദേഹം നിങ്ങളുടെമുമ്പിൽത്തന്നെയുണ്ട്. വേഗം ചെല്ലുക. ഇന്നു ജനങ്ങൾക്കു മലയിൽവെച്ച് ഒരു യാഗം ഉള്ളതിനാൽ അദ്ദേഹം ഇന്നാണു ഞങ്ങളുടെ പട്ടണത്തിൽ വന്നെത്തിയത്. നിങ്ങൾ പട്ടണത്തിൽ പ്രവേശിച്ചാലുടൻ, മലയിലേക്കു ഭക്ഷണത്തിനായി പുറപ്പെടുന്നതിനുമുമ്പുതന്നെ അദ്ദേഹത്തെ കാണണം. അദ്ദേഹം വന്നെത്തുന്നതുവരെ ജനം ഭക്ഷണം കഴിക്കുകയില്ല. കാരണം അദ്ദേഹം യാഗം ആശീർവദിക്കണം; അതിനുശേഷമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷണം കഴിക്കൂ. വേഗം കയറിച്ചെല്ലുക; ഇപ്പോൾത്തന്നെ അദ്ദേഹത്തെ കാണാൻ കഴിയും.” അവർ കയറ്റം കയറി പട്ടണത്തിലേക്കു ചെന്നു. അവർ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോൾ ശമുവേൽ പ്രവാചകൻ യാഗമർപ്പിക്കുന്നതിനു മലയിലേക്കു പോകാൻ അവർക്കെതിരേ വന്നു. ശൗൽ വന്നെത്തുന്നതിന്റെ തലേദിവസം യഹോവ ശമുവേലിന് ഇപ്രകാരം വെളിപ്പെടുത്തിക്കൊടുത്തിരുന്നു: “നാളെ ഏകദേശം ഈ നേരത്ത് ബെന്യാമീൻദേശത്തുനിന്ന് ഒരു പുരുഷനെ ഞാൻ നിന്റെ അടുത്തേക്കയയ്ക്കും. എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായി അവനെ അഭിഷേകംചെയ്യുക! അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ സന്നിധിയിൽ എത്തിയിരിക്കുകയാൽ ഞാനവരോട് കരുണകാണിച്ചിരിക്കുന്നു.” ശമുവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അദ്ദേഹത്തോട്: “ഞാൻ നിന്നോടു പറഞ്ഞിരുന്ന പുരുഷൻ ഇതാണ്; ഇവൻ എന്റെ ജനത്തെ ഭരിക്കും” എന്ന് അരുളിച്ചെയ്തു. ശൗൽ പടിവാതിൽക്കൽവെച്ച് ശമുവേലിനെ സമീപിച്ച്: “ദർശകന്റെ ഭവനം ഏതാണെന്ന് ദയവായി പറഞ്ഞുതരുമോ?” എന്നു ചോദിച്ചു. ശമുവേൽ മറുപടികൊടുത്തു: “ദർശകൻ ഞാൻതന്നെ! എനിക്കുമുമ്പായി മലയിലേക്കു നടന്നുകൊള്ളുക! ഇന്ന് നിങ്ങൾ എന്നോടുകൂടെ ഭക്ഷണം കഴിക്കണം; നാളെ രാവിലെ ഞാൻ താങ്കളെ യാത്രയാക്കാം; താങ്കളുടെ ഹൃദയത്തിലുള്ളതെല്ലാം താങ്കളോടു പറയുകയും ചെയ്യാം. മൂന്നുദിവസംമുമ്പ് നിങ്ങൾക്കു നഷ്ടപ്പെട്ട കഴുതകളുടെ കാര്യത്തിൽ വ്യാകുലചിത്തരാകേണ്ട. അവ കണ്ടുകിട്ടിയിരിക്കുന്നു. ഇസ്രായേലിന്റെ ആഗ്രഹമെല്ലാം ആരുടെമേൽ? താങ്കളുടെമേലും താങ്കളുടെ പിതൃഭവനത്തിന്മേലും അല്ലയോ?” അപ്പോൾ ശൗൽ: “ഞാനൊരു ബെന്യാമീന്യനാണല്ലോ? ഇസ്രായേലിന്റെ സകലഗോത്രങ്ങളിലുംവെച്ച് ഏറ്റം ചെറിയ ഗോത്രത്തിൽനിന്നുള്ളവൻ! എന്റെ കുലം ബെന്യാമീൻഗോത്രത്തിലെ സകലകുലങ്ങളിലുംവെച്ച് ഏറ്റവും ചെറുതായിരിക്കെ, അങ്ങ് എന്തുകൊണ്ടാണ് എന്നോടിങ്ങനെ പറയുന്നത്?” എന്നു ചോദിച്ചു. അതിനുശേഷം ശമുവേൽ ശൗലിനെയും ഭൃത്യനെയും വിരുന്നുശാലയിലേക്കു കൂട്ടിക്കൊണ്ടുവന്ന് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ പ്രധാനസ്ഥാനത്തിരുത്തി. ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതു പേരായിരുന്നു. ശമുവേൽ പാചകക്കാരനോട്, “പ്രത്യേകം മാറ്റിവെക്കാനായി ഞാൻ പറഞ്ഞേൽപ്പിച്ചിരുന്ന ഓഹരി കൊണ്ടുവരിക” എന്നു പറഞ്ഞു. അങ്ങനെ പാചകക്കാരൻ കൈക്കുറകും അതിന്മേലുള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽ വിളമ്പി. അപ്പോൾ ശമുവേൽ: “താങ്കൾക്കുവേണ്ടി മാറ്റി സൂക്ഷിച്ചുവെച്ചിരുന്ന ഭക്ഷണമിതാ! ഭക്ഷിച്ചുകൊൾക! ഈ അവസരത്തിൽ താങ്കൾക്കു തരുവാനായി വേർതിരിച്ചുവെച്ചിരുന്നതാണിത്. ‘ഞാനും വിരുന്നുകാരെ ക്ഷണിച്ചിട്ടുണ്ട്,’ എന്നു പറഞ്ഞുകൊണ്ട് ഇതു ഞാൻ താങ്കൾക്കുവേണ്ടി സൂക്ഷിച്ചുവെച്ചിരുന്നതാണ്” എന്നു പറഞ്ഞു. അങ്ങനെ അന്ന് ശൗൽ ശമുവേലിനോടുകൂടെ ഭക്ഷണം കഴിച്ചു. അവർ മലയിൽനിന്നിറങ്ങി പട്ടണത്തിൽ വന്നശേഷം ശമുവേൽ തന്റെ വീടിന്റെ മട്ടുപ്പാവിലിരുന്ന് ശൗലുമായി സംസാരിച്ചു.