1 ശമൂവേൽ 7:2-14
1 ശമൂവേൽ 7:2-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ട് ഏറിയകാലം, ഇരുപതു സംവത്സരം തന്നെ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു. അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്ക് തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം സേവിച്ചു. അനന്തരം ശമൂവേൽ: എല്ലാ യിസ്രായേലിനെയും മിസ്പായിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോടു പ്രാർഥിക്കും എന്നു പറഞ്ഞു. അവർ മിസ്പായിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ച് ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്ന് അവിടെവച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പായിൽവച്ച് യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു. യിസ്രായേൽമക്കൾ മിസ്പായിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേലിന്റെ നേരേ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കൾ അതു കേട്ടിട്ട് ഫെലിസ്ത്യരെ ഭയപ്പെട്ടു. യിസ്രായേൽമക്കൾ ശമൂവേലിനോട്: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കേണ്ടതിന് ഞങ്ങൾക്കുവേണ്ടി അവനോടു പ്രാർഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു. അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്ത് യഹോവയ്ക്കു സർവാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനുവേണ്ടി യഹോവയോടു പ്രാർഥിച്ചു; യഹോവ ഉത്തരമരുളി. ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോട് പടയ്ക്ക് അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടി മുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു. യിസ്രായേല്യർ മിസ്പായിൽനിന്നു പുറപ്പെട്ട് ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു. പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പായ്ക്കും ശേനിനും മധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞ് അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു. ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കു വിരോധമായിരുന്നു. എക്രോൻമുതൽ ഗത്ത്വരെ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിനു തിരികെ കിട്ടി; അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.
1 ശമൂവേൽ 7:2-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ പെട്ടകം വളരെക്കാലം, ഏകദേശം ഇരുപതു വർഷം, കിര്യത്ത്-യെയാരീമിൽ ആയിരുന്നു. ഇക്കാലമത്രയും ഇസ്രായേൽജനം സർവേശ്വരനെ വിളിച്ചു വിലപിച്ചുകൊണ്ടിരുന്നു. ശമൂവേൽ ഇസ്രായേൽജനത്തോടു പറഞ്ഞു: “നിങ്ങൾ പൂർണഹൃദയത്തോടെ സർവേശ്വരനിലേക്കു തിരിയുന്നു എങ്കിൽ അന്യദേവന്മാരെയും അസ്താരോത്ത്ദേവതകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം; നിങ്ങളെ പൂർണമായി സർവേശ്വരനു സമർപ്പിച്ച് അവിടുത്തെ മാത്രം ആരാധിക്കുവിൻ; എന്നാൽ അവിടുന്നു നിങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും.” അങ്ങനെ ഇസ്രായേൽജനം ബാലിന്റെയും അസ്താരോത്തിന്റെയും വിഗ്രഹങ്ങൾ നീക്കി സർവേശ്വരനെ മാത്രം ആരാധിച്ചു. പിന്നീട് ശമൂവേൽ പറഞ്ഞു: “ഇസ്രായേൽജനമെല്ലാം മിസ്പായിൽ ഒന്നിച്ചുകൂടട്ടെ; ഞാൻ നിങ്ങൾക്കുവേണ്ടി സർവേശ്വരനോടു പ്രാർഥിക്കാം.” അവരെല്ലാം മിസ്പായിൽ ഒരുമിച്ചുകൂടി; അവർ വെള്ളം കോരി സർവേശ്വരന്റെ സന്നിധിയിൽ ഒഴിച്ചു; അന്ന് അവർ ഉപവസിച്ചു. “ഞങ്ങൾ സർവേശ്വരനോടു പാപം ചെയ്തു” എന്ന് ഏറ്റുപറഞ്ഞു. മിസ്പായിൽവച്ചു ശമൂവേൽ ഇസ്രായേൽജനത്തിനു ന്യായപാലനം നടത്തി. ഇസ്രായേൽജനം മിസ്പായിൽ ഒരുമിച്ചുകൂടിയ വിവരം കേട്ടു ഫെലിസ്ത്യപ്രഭുക്കന്മാർ അവരുടെ നേരെ പുറപ്പെട്ടു. ഇതറിഞ്ഞപ്പോൾ ഇസ്രായേൽജനം ഭയപ്പെട്ടു. ഫെലിസ്ത്യരിൽനിന്നു തങ്ങളെ രക്ഷിക്കുന്നതിനു ദൈവമായ സർവേശ്വരനോടു നിരന്തരം പ്രാർഥിക്കണമെന്ന് അവർ ശമൂവേലിനോട് അപേക്ഷിച്ചു. അപ്പോൾ ശമൂവേൽ മുലകുടിമാറാത്ത ഒരാട്ടിൻകുട്ടിയെ സമ്പൂർണ ഹോമയാഗമായി സർവേശ്വരന് അർപ്പിച്ചു; ശമൂവേൽ ഇസ്രായേലിനുവേണ്ടി അവിടുത്തോടു പ്രാർഥിച്ചു. അവിടുന്ന് അദ്ദേഹത്തിന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളി. ശമൂവേൽ ഹോമയാഗമർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഇസ്രായേലിനെ ആക്രമിക്കാൻ ഫെലിസ്ത്യർ അടുത്തു. അപ്പോൾ സർവേശ്വരൻ ഒരു ഇടിനാദം മുഴക്കി ഫെലിസ്ത്യരെ സംഭ്രാന്തരാക്കി; അവർ ഓട്ടം തുടങ്ങി. ഇസ്രായേല്യർ മിസ്പായിൽനിന്നു പുറപ്പെട്ട് ബേത്ത്-കാർവരെ അവരെ പിന്തുടർന്നു സംഹരിച്ചു. പിന്നീട് ശമൂവേൽ ഒരു കല്ലെടുത്തു മിസ്പായ്‍ക്കും ശേനിനും മധ്യേ സ്ഥാപിച്ചു; സർവേശ്വരൻ ഇതുവരെ നമ്മെ സഹായിച്ചു. എന്നു പറഞ്ഞ് ആ സ്ഥലത്തിന് ഏബെൻ-ഏസെർ എന്നു പേരിട്ടു. അങ്ങനെ ഫെലിസ്ത്യർ കീഴടങ്ങി; പിന്നീട് ശമൂവേലിന്റെ ജീവിതകാലത്തൊരിക്കലും ഇസ്രായേലിനെ ആക്രമിക്കാൻ സർവേശ്വരൻ അവരെ അനുവദിച്ചില്ല. എക്രോനും ഗത്തിനും ഇടയ്‍ക്കു ഫെലിസ്ത്യർ കൈവശപ്പെടുത്തിയിരുന്ന പട്ടണങ്ങളെല്ലാം ഇസ്രായേൽ വീണ്ടെടുത്തു. അങ്ങനെ തങ്ങളുടെ സ്ഥലങ്ങളെല്ലാം ഇസ്രായേല്യർക്കു തിരിച്ചുകിട്ടി. ഇസ്രായേല്യരും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.
1 ശമൂവേൽ 7:2-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ട് വളരെക്കാലം, ഏകദേശം ഇരുപതു വർഷം കഴിഞ്ഞു. യിസ്രായേൽ ജനമെല്ലാം യഹോവയോട് വിലപിച്ചു. അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽജനത്തോടും: “നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിലേക്ക് തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും, അസ്തോരെത്ത് പ്രതിഷ്ഠകളെയും, നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞ്, നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിലേക്ക് തിരിയുകയും, അവനെ മാത്രം സേവിക്കയും ചെയ്യുക; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് വിടുവിക്കും” എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽ മക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം സേവിച്ചു. പിന്നീട് ശമൂവേൽ: “എല്ലാ യിസ്രായേൽ ജനങ്ങളെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോട് പ്രാർത്ഥിക്കും” എന്നു പറഞ്ഞു. അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളംകോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു, ആ ദിവസം ഉപവസിച്ചു: “ഞങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു” എന്നു അവിടെവച്ച് പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവച്ച് യിസ്രായേൽ മക്കൾക്ക് ന്യായപാലനം ചെയ്തു. യിസ്രായേൽ മക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യ പ്രഭുക്കന്മാർ യിസ്രായേൽ ജനങ്ങളെ ആക്രമിക്കുവാൻ ചെന്നു; യിസ്രായേൽ മക്കൾ അത് കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു. യിസ്രായേൽ മക്കൾ ശമൂവേലിനോട്: “നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കേണ്ടതിന്, ഞങ്ങൾക്കുവേണ്ടി അവനോട് പ്രാർത്ഥിക്കുന്നത് മതിയാക്കരുതേ” എന്നു പറഞ്ഞു. അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്ത് യഹോവയ്ക്ക് സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനുവേണ്ടി യഹോവയോട് പ്രാർത്ഥിച്ചു; യഹോവ ഉത്തരം നൽകി. ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേൽ ജനത്തോട് യുദ്ധത്തിനു വന്നു. എന്നാൽ യഹോവ അന്ന് ഫെലിസ്ത്യരുടെമേൽ വലിയ ഇടി മുഴക്കി അവരെ ഭയപ്പെടുത്തി; അവർ യിസ്രായേലിനോട് തോറ്റു. യിസ്രായേൽ മക്കൾ മിസ്പയിൽനിന്ന് ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാർ വരെ അവരെ സംഹരിച്ചു. പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പയ്ക്കും ശേനിനും മദ്ധ്യേ സ്ഥാപിച്ചു: “ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു” എന്നു പറഞ്ഞ് അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു. ഇങ്ങനെ ഫെലിസ്ത്യർ കീഴടങ്ങി, പിന്നെ യിസ്രായേൽദേശത്തേക്ക് വന്നതുമില്ല; ശമൂവേലിന്‍റെ കാലത്തെല്ലാം യഹോവയുടെ കൈ ഫെലിസ്ത്യർക്ക് വിരോധമായിരുന്നു. എക്രോൻ മുതൽ ഗത്ത് വരെ ഫെലിസ്ത്യർ യിസ്രായേലിനോട് പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിനു തിരികെ ലഭിച്ചു. അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് മോചിപ്പിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.
1 ശമൂവേൽ 7:2-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു. അപ്പോൾ ശമൂവേൽ എല്ലായിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു. അനന്തരം ശമൂവേൽ: എല്ലായിസ്രായേലിനെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിക്കും എന്നു പറഞ്ഞു. അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു. യിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കൾ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു. യിസ്രായേൽമക്കൾ ശമൂവേലിനോടു: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങൾക്കു വേണ്ടി അവനോടു പ്രാർത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു. അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്തു യഹോവെക്കു സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ ഉത്തരമരുളി. ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു. യിസ്രായേല്യർ മിസ്പയിൽനിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു. പിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു. ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കു വിരോധമായിരുന്നു. എക്രോൻമുതൽ ഗത്ത്വരെ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.
1 ശമൂവേൽ 7:2-14 സമകാലിക മലയാളവിവർത്തനം (MCV)
ദീർഘനാളുകൾ—ആകെ ഇരുപതുവർഷം—പേടകം കിര്യത്ത്-യെയാരീമിൽത്തന്നെ ആയിരുന്നു. ഇസ്രായേൽജനമെല്ലാം വിലപിച്ചുകൊണ്ട് യഹോവയിലേക്കു തിരിഞ്ഞു. അപ്പോൾ ശമുവേൽ എല്ലാ ഇസ്രായേൽഗൃഹത്തോടുമായി പറഞ്ഞു: “നിങ്ങൾ പൂർണഹൃദയത്തോടെ യഹോവയിലേക്കു തിരിഞ്ഞു വരുന്നെങ്കിൽ അന്യദേവന്മാരെയും അസ്തരോത്ത് പ്രതിമകളെയും പരിപൂർണമായി ഉപേക്ഷിക്കണം. നിങ്ങളെത്തന്നെ യഹോവയ്ക്കായി സമർപ്പിക്കുകയും അവിടത്തെമാത്രം സേവിക്കുകയും വേണം. എങ്കിൽ അവിടന്ന് നിങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് മോചിപ്പിക്കും.” അതുകേട്ട് ഇസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തരോത്ത് പ്രതിമകളെയും ഉപേക്ഷിച്ച് യഹോവയെമാത്രം സേവിച്ചു. അതിനുശേഷം ശമുവേൽ, “എല്ലാ ഇസ്രായേലിനെയും മിസ്പായിൽ കൂട്ടിവരുത്തുക; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോടു മധ്യസ്ഥത ചെയ്യാം” എന്നു പറഞ്ഞു. മിസ്പായിൽ ഒരുമിച്ചുകൂടിയപ്പോൾ അവർ വെള്ളം കോരി യഹോവയുടെ സന്നിധിയിൽ അർപ്പണംചെയ്തു. ആ ദിവസം മുഴുവൻ അവർ ഉപവസിച്ചു. അവിടെവെച്ച് അവർ അനുതപിച്ചു. “യഹോവേ, ഞങ്ങൾ അങ്ങേക്കെതിരായി പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ ശമുവേൽ മിസ്പായിൽവെച്ച് ഇസ്രായേൽമക്കൾക്കു ന്യായപാലനംചെയ്തു. ഇസ്രായേല്യരെല്ലാം മിസ്പായിൽ ഒരുമിച്ചുകൂടിയിരിക്കുന്നു എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ ഫെലിസ്ത്യഭരണാധിപന്മാർ അവരെ ആക്രമിക്കുന്നതിനായി വന്നെത്തി. ഇസ്രായേല്യർ ഇതു കേട്ട് ഫെലിസ്ത്യർനിമിത്തം ഭയന്നുവിറച്ചു. അവർ ശമുവേൽ പ്രവാചകനോടു പറഞ്ഞു: “ഞങ്ങൾക്കുവേണ്ടി അങ്ങ് ഞങ്ങളുടെ ദൈവമായ യഹോവയോടു നിലവിളിക്കുന്നതു നിർത്തരുതേ! അവിടന്ന് ഞങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കട്ടെ!” അപ്പോൾ ശമുവേൽ മുലകുടിമാറാത്ത ഒരു ആട്ടിൻകുട്ടിയെ എടുത്ത് അതിനെ യഹോവയ്ക്കു സർവാംഗഹോമയാഗമായി അർപ്പിച്ചു. ഇസ്രായേലിനുവേണ്ടി അദ്ദേഹം യഹോവയോടു നിലവിളിച്ചു. യഹോവ ആ നിലവിളിക്ക് ഉത്തരമരുളുകയും ചെയ്തു. ശമുവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഫെലിസ്ത്യർ ഇസ്രായേലുമായി യുദ്ധത്തിന് അണിനിരന്നു. എന്നാൽ അന്നുതന്നെ യഹോവ ഫെലിസ്ത്യർക്കെതിരേ അത്യുച്ചത്തിൽ ഇടിമുഴക്കി അവരെ പരിഭ്രാന്തരാക്കി; ഇസ്രായേലിന്റെ മുമ്പിൽനിന്ന് അവർ തോറ്റോടി. ഇസ്രായേൽജനം മിസ്പായിൽനിന്ന് പുറപ്പെട്ട് വഴിയിലുടനീളം ഫെലിസ്ത്യരെ സംഹരിച്ചുകൊണ്ട്, ബേത്-കാരിന്റെ താഴ്വരവരെ അവരെ പിൻതുടർന്നു. ഇതിനെത്തുടർന്ന് ശമുവേൽ ഒരു കല്ലെടുത്ത് മിസ്പായ്ക്കും സേനിനും മധ്യേ നാട്ടി. “ഇതുവരെ യഹോവ നമ്മെ സഹായിച്ചു,” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു. അങ്ങനെ ഫെലിസ്ത്യർ കീഴടക്കപ്പെട്ടു. പിന്നെ അവർ ഇസ്രായേൽദേശത്തേക്കു വന്നില്ല. ശമുവേലിന്റെ ജീവിതകാലത്തെല്ലാം യഹോവയുടെ കൈ ഫെലിസ്ത്യർക്കെതിരായിരുന്നു. എക്രോൻമുതൽ ഗത്തുവരെ ഫെലിസ്ത്യർ ഇസ്രായേലിൽനിന്നു പിടിച്ചെടുത്തിരുന്ന നഗരങ്ങൾ വീണ്ടെടുക്കപ്പെട്ടു. അവയുടെ അയൽപ്രദേശങ്ങളും ഇസ്രായേല്യർ ഫെലിസ്ത്യരുടെ ആധിപത്യത്തിൽനിന്നു മോചിപ്പിച്ചു. അക്കാലത്ത് ഇസ്രായേല്യരും അമോര്യരും തമ്മിൽ സമാധാനം പുലർന്നിരുന്നു.