1 ശമൂവേൽ 6:1-19

1 ശമൂവേൽ 6:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്ത് ആയിരുന്നു. എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: നാം യഹോവയുടെ പെട്ടകം സംബന്ധിച്ച് എന്തു ചെയ്യേണ്ടൂ? അതിനെ അതിന്റെ സ്ഥലത്തേക്കു വിട്ടയയ്ക്കേണ്ടതെങ്ങനെ എന്നു ഞങ്ങൾക്കു പറഞ്ഞുതരുവിൻ എന്നു ചോദിച്ചു. അതിന് അവർ: നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയയ്ക്കുന്നു എങ്കിൽ വെറുതെ അയയ്ക്കാതെ ഒരു പ്രായശ്ചിത്തവും അവനു കൊടുത്തയയ്ക്കേണം; അപ്പോൾ നിങ്ങൾക്കു സൗഖ്യം വരും; അവന്റെ കൈ നിങ്ങളെ വിട്ടു നീങ്ങാതെ ഇരിക്കുന്നത് എന്ത് എന്നു നിങ്ങൾക്ക് അറിയാം എന്നു പറഞ്ഞു. ഞങ്ങൾ അവനു കൊടുത്തയയ്ക്കേണ്ടുന്ന പ്രായശ്ചിത്തം എന്ത് എന്നു ചോദിച്ചതിന് അവർ പറഞ്ഞത്: ഫെലിസ്ത്യപ്രഭുക്കന്മാരുടെ എണ്ണത്തിന് ഒത്തവണ്ണം പൊന്നുകൊണ്ട് അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ട് അഞ്ച് എലിയും തന്നെ; നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നത്. ആകയാൽ നിങ്ങൾ നിങ്ങളുടെ മൂലക്കുരുവിന്റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിനു തിരുമുൽക്കാഴ്ച വയ്ക്കേണം; പക്ഷേ അവൻ തന്റെ കൈ നിങ്ങളുടെമേൽനിന്നും നിങ്ങളുടെ ദേവന്മാരുടെമേൽനിന്നും നിങ്ങളുടെ ദേശത്തിന്മേൽനിന്നും നീക്കും. മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അദ്ഭുതം പ്രവർത്തിച്ചശേഷമല്ലയോ അവർ അവരെ വിട്ടയയ്ക്കയും അവർ പോകയും ചെയ്തത്? ആകയാൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടുപോകുവിൻ. പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വയ്പിൻ; നിങ്ങൾ അവനു പ്രായശ്ചിത്തമായി കൊടുത്തയയ്ക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിനരികെ വച്ച് അതു തനിച്ചുപോകുവാൻ വിടുവിൻ. പിന്നെ നോക്കുവിൻ: അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കിൽ അവൻ തന്നെയാകുന്നു നമുക്ക് ഈ വലിയ അനർഥം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് അവന്റെ കൈയല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്ന് അറിഞ്ഞുകൊള്ളാം. അവർ അങ്ങനെ തന്നെ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ വീട്ടിൽ ഇട്ട് അടച്ചു. പിന്നെ അവർ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വച്ചു. ആ പശുക്കൾ നേരേ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി; അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്നാലെ ചെന്നു. അന്നേരം ബേത്ത്-ശേമെശ്യർ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു. വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നു നിന്നു: അവിടെ ഒരു വലിയ കല്ല് ഉണ്ടായിരുന്നു; അവർ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവയ്ക്കു ഹോമയാഗം കഴിച്ചു. ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവയ്ക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ ഐവരും ഇതു കണ്ടശേഷം അന്നുതന്നെ എക്രോനിലേക്കു മടങ്ങിപ്പോയി. ഫെലിസ്ത്യർ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന്റെ പേർക്ക് ഒന്ന്, ഗസ്സയുടെ പേർക്ക് ഒന്ന്, അസ്കലോന്റെ പേർക്ക് ഒന്ന്, ഗത്തിന്റെ പേർക്ക് ഒന്ന്, എക്രോന്റെ പേർക്ക് ഒന്ന് ഇങ്ങനെയായിരുന്നു. പൊന്നുകൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുംപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാർക്കുമുള്ള സകല ഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന് ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവച്ച വലിയ കല്ല് ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ട്. ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ട് അവൻ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതു പേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ട് ജനം വിലപിച്ചു

പങ്ക് വെക്കു
1 ശമൂവേൽ 6 വായിക്കുക

1 ശമൂവേൽ 6:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ പെട്ടകം ഏഴു മാസം ഫെലിസ്ത്യരുടെ ദേശത്തായിരുന്നു. അതിനുശേഷം അവർ പുരോഹിതന്മാരെയും മന്ത്രവാദികളെയും വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “സർവേശ്വരന്റെ പെട്ടകത്തിന്റെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? തിരിച്ചയയ്‍ക്കുമ്പോൾ അതോടൊപ്പം എന്തൊക്കെയാണു കൊടുത്തയയ്‍ക്കേണ്ടത്?” അവർ പറഞ്ഞു: “ഇസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം മടക്കി അയയ്‍ക്കുകയാണെങ്കിൽ അതു വെറുതേ അയയ്‍ക്കരുത്; നിശ്ചയമായും ഒരു പ്രായശ്ചിത്തവഴിപാടും കൂടി കൊടുത്തയയ്‍ക്കണം; അപ്പോൾ നിങ്ങൾക്കു സൗഖ്യം ലഭിക്കും; അവിടുന്നു നിങ്ങളെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം നിങ്ങൾ ഗ്രഹിക്കുകയും ചെയ്യും.” “പ്രായശ്ചിത്തയാഗത്തിന് എന്തെല്ലാമാണു കൊടുത്തയയ്‍ക്കേണ്ടത്” എന്നു ജനം ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ഫെലിസ്ത്യപ്രഭുക്കന്മാരുടെ സംഖ്യയനുസരിച്ചു സ്വർണനിർമ്മിതമായ അഞ്ചു കുരുക്കളും അഞ്ച് എലികളുടെ രൂപങ്ങളും കൊടുത്തയയ്‍ക്കുക; കാരണം നിങ്ങൾക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധതന്നെയാണല്ലോ ഉണ്ടായത്. അങ്ങനെ നിങ്ങളുടെ കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിക്കുന്ന എലികളുടെയും രൂപങ്ങളുണ്ടാക്കി ഇസ്രായേലിന്റെ ദൈവത്തിന്റെ മഹിമയെ പ്രകീർത്തിക്കുവിൻ; അവിടുന്നു നിങ്ങളുടെയും ദേവന്മാരുടെയും ദേശത്തിന്റെയും നേർക്കുള്ള ശിക്ഷ മതിയാക്കിയേക്കാം; ഈജിപ്തുകാരെയും അവിടത്തെ രാജാവായ ഫറവോയെയുംപോലെ നിങ്ങളും എന്തിനു കഠിനഹൃദയരാകുന്നു? അവിടുന്ന് അവരെ പരിഹാസപാത്രമാക്കിയ ശേഷമാണല്ലോ അവർ ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കുകയും അവർ അവിടെനിന്നു പോരുകയും ചെയ്തത്. നിങ്ങൾ ഒരു പുതിയ വണ്ടിയുണ്ടാക്കി നുകം വച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ വണ്ടിക്കു കെട്ടുവിൻ; അവയുടെ കിടാക്കളെ വീട്ടിലേക്കു മടക്കിക്കൊണ്ടുപോകുക. സർവേശ്വരന്റെ പെട്ടകം എടുത്തു വണ്ടിയിൽ വയ്‍ക്കണം; പ്രായശ്ചിത്തവഴിപാടായി നിങ്ങൾ കൊടുത്തയയ്‍ക്കുന്ന സ്വർണരൂപങ്ങൾ ഒരു പെട്ടിയിലാക്കി അതിനടുത്തുതന്നെ വയ്‍ക്കുവിൻ; പിന്നീട് വണ്ടി വിട്ടയയ്‍ക്കുവിൻ; അതു യഥേഷ്ടം പോകട്ടെ. അതു പോകുന്ന വഴി ശ്രദ്ധിക്കണം; സ്വന്തം സ്ഥലമായ ബേത്ത്-ശേമെശിലേക്കാണ് അതു പോകുന്നതെങ്കിൽ ഇസ്രായേല്യരുടെ ദൈവമാണ് നിങ്ങളെ ശിക്ഷിച്ചത്. അതല്ലെങ്കിൽ ഈ ബാധ അയച്ചത് അവിടുന്നല്ലെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും മനസ്സിലാക്കാം.” അവർ പറഞ്ഞതുപോലെ ജനം പ്രവർത്തിച്ചു. രണ്ടു കറവപ്പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി; കിടാക്കളെ വീട്ടിൽ നിറുത്തി. പിന്നീട് അവർ സർവേശ്വരന്റെ പെട്ടകവും എലികളുടെയും തങ്ങളെ ബാധിച്ച കുരുക്കളുടെയും സ്വർണരൂപങ്ങൾ അടക്കം ചെയ്തിരുന്ന പെട്ടിയും വണ്ടിയിൽ വച്ചു. ആ പശുക്കൾ ബേത്ത്-ശേമെശിലേക്കുള്ള പെരുവഴിയിലൂടെ പോയി; അമറിക്കൊണ്ട് ഇടംവലം നോക്കാതെയാണ് അവ പോയത്. ഫെലിസ്ത്യപ്രഭുക്കന്മാർ ബേത്ത്-ശേമെശിന്റെ അതിർത്തിവരെ അവയെ പിന്തുടർന്നു. ബേത്ത്-ശേമെശ് നിവാസികൾ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു; അവർ നോക്കിയപ്പോൾ പെട്ടകം കണ്ടു; അവർ അത്യധികം ആഹ്ലാദിച്ചു. വണ്ടി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലിൽ വന്നുനിന്നു. അവിടെ ഒരു വലിയ കല്ലുണ്ടായിരുന്നു; വണ്ടിക്കുപയോഗിച്ചിരുന്ന തടി വെട്ടിക്കീറി പശുക്കളെ ഹോമയാഗമായി അവർ സർവേശ്വരന് അർപ്പിച്ചു. ലേവ്യർ സർവേശ്വരന്റെ പെട്ടകവും സ്വർണരൂപങ്ങൾ വച്ചിരുന്ന പെട്ടിയും ഇറക്കി ആ വലിയ കല്ലിന്മേൽ വച്ചു. ബേത്ത്-ശേമെശ്നിവാസികൾ സർവേശ്വരന് അന്നു ഹോമയാഗങ്ങളും മറ്റു ബലികളും അർപ്പിച്ചു. ഇതെല്ലാം കണ്ടതിനുശേഷം അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരും അന്നുതന്നെ എക്രോനിലേക്കു മടങ്ങിപ്പോയി. അസ്തോദ്, ഗസ്സ, അസ്കലോൻ, ഗത്ത്, എക്രോൻ എന്നീ പട്ടണങ്ങളിൽ ഓരോന്നിനും വേണ്ടി അവരെ ബാധിച്ച കുരുക്കളുടെ ഓരോ സ്വർണരൂപമായിരുന്നു, പ്രായശ്ചിത്തവഴിപാടായി ഫെലിസ്ത്യപ്രഭുക്കന്മാർ കൊടുത്തയച്ചത്. ഈ അഞ്ചു പ്രഭുക്കന്മാരുടെ അധീനതയിലുള്ളതും കോട്ടകളാൽ ചുറ്റപ്പെട്ടതുമായ ഫെലിസ്ത്യനഗരങ്ങളുടെയും തുറസ്സായ ഗ്രാമങ്ങളുടെയും എണ്ണത്തിനനുസരിച്ച് സ്വർണ എലികളെയും അവർ കൊടുത്തയച്ചു. സർവേശ്വരന്റെ പെട്ടകം ഇറക്കിവച്ച വലിയകല്ല് ഈ സംഭവത്തിനു സാക്ഷിയായി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലിൽ ഇന്നും കാണാം. സർവേശ്വരന്റെ പെട്ടകത്തിലേക്ക് എത്തിനോക്കിയ എഴുപതു പേരെ അവിടുന്നു സംഹരിച്ചു. സർവേശ്വരൻ അവരുടെ ഇടയിൽ ഈ വലിയ സംഹാരം നടത്തിയതുകൊണ്ടു ജനം വിലപിച്ചു.

പങ്ക് വെക്കു
1 ശമൂവേൽ 6 വായിക്കുക

1 ശമൂവേൽ 6:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയുടെ നിയമപെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്ത് ആയിരുന്നു. എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: “നാം യഹോവയുടെ നിയമപെട്ടകം സംബന്ധിച്ച് എന്ത് ചെയ്യേണം? അതിനെ അതിന്‍റെ സ്ഥലത്തേക്ക് എങ്ങനെയാണ് തിരിച്ചയക്കേണ്ടത്?” എന്നു അവർ ചോദിച്ചു. അതിന് അവർ: “നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം വിട്ടയയ്ക്കുന്നു എങ്കിൽ വെറുതെ അയക്കാതെ, പ്രായശ്ചിത്തമായി ഒരു വഴിപാട് അവന് കൊടുത്തയക്കേണം; അപ്പോൾ നിങ്ങൾക്ക് സൗഖ്യം വരും; യഹോവയുടെ ശിക്ഷ നിങ്ങളെ വിട്ടുമാറാതെ ഇരിക്കുന്നത് എന്ത്? എന്നു നിങ്ങൾക്ക് അറിയാം” എന്നു പറഞ്ഞു. “ഞങ്ങൾ അവന് കൊടുത്തയക്കേണ്ട പ്രായശ്ചിത്തം എന്ത്?” എന്നു ചോദിച്ചതിന് അവർ പറഞ്ഞത്: “ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിനനുസരിച്ച് സ്വർണ്ണം കൊണ്ടുള്ള അഞ്ചു മൂലക്കുരുക്കളും, സ്വർണ്ണം കൊണ്ടുള്ള അഞ്ചു എലികളും കൊടുക്കേണം; നിങ്ങൾക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധ ആയിരുന്നല്ലോ ഉണ്ടായിരുന്നത്. അതുകൊണ്ട് നിങ്ങൾ നിങ്ങളെ ബാധിച്ച മൂലക്കുരുവിന്‍റെയും, നിങ്ങളുടെ ദേശത്തെ നശിപ്പിക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന് മുമ്പിൽ കാഴ്ച വയ്ക്കേണം; ഒരുവേള യഹോവ തന്‍റെ ശിക്ഷ നിങ്ങളിൽനിന്നും, നിങ്ങളുടെ ദേവന്മാരിൽനിന്നും, നിങ്ങളുടെ ദേശത്തിൽ നിന്നും നീക്കും. മിസ്രയീമ്യരും ഫറവോനും അവരുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ച ശേഷം ആണല്ലോ മിസ്രയീമ്യർ യിസ്രായേല്യരെ വിട്ടയക്കയും, അവർ പോകയും ചെയ്തത്. “അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി, നുകം വെച്ചിട്ടില്ലാത്ത, കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന്, വണ്ടിക്ക് കെട്ടുക. എന്നാൽ അവയുടെ കുഞ്ഞുങ്ങളെ അവയുടെ അടുക്കൽനിന്ന് വീട്ടിൽ തിരിച്ച് കൊണ്ടുപോകുക. പിന്നെ യഹോവയുടെ നിയമപെട്ടകം എടുത്ത് വണ്ടിയിൽ വെക്കുക; നിങ്ങൾ അവന് പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന സ്വർണ്ണ രൂപങ്ങൾ ഒരു ചെല്ലത്തിൽ അതിനരികെവച്ചു വണ്ടി തനിച്ച് പോകുവാൻ അനുവദിക്കുക. പിന്നെ അതിനെ ശ്രദ്ധിക്കുവിൻ: അത് ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്ക് പോകുന്നു എങ്കിൽ യഹോവ തന്നെയാകുന്നു നമുക്ക് ഈ വലിയ ദുരിതം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് യഹോവയുടെ ശിക്ഷയല്ല, അവിചാരിതമായി സംഭവിച്ചതാണ് എന്നു അറിയുക.” അവർ അങ്ങനെ തന്നെ ചെയ്തു; പാൽ തരുന്ന രണ്ടു പശുക്കളെ വരുത്തി വണ്ടിക്ക് കെട്ടി, അവയുടെ കിടാ‍ക്കളെ വീട്ടിൽ ഇട്ടു അടച്ചു. പിന്നെ അവർ യഹോവയുടെ പെട്ടകവും, സ്വർണ്ണം കൊണ്ടുള്ള എലികളും മൂലക്കുരുവിന്‍റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വെച്ചു. ആ പശുക്കൾ നേരേ ബേത്ത്-ശേമെശിലേക്ക് പോയി: അവ കരഞ്ഞുകൊണ്ട് വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, പെരുവഴിയിൽകൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്‍റെ അതിർവരെ പിന്തുടർന്നു. ആ സമയം ബേത്ത്-ശേമെശ്യർ താഴ്വരയിൽ ഗോതമ്പ് കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടപ്പോൾ സന്തോഷിച്ചു. വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്ന് നിന്നു: അവിടെ ഒരു വലിയ കല്ല് ഉണ്ടായിരുന്നു; അവർ വണ്ടിക്ക് ഉപയോഗിച്ച തടി വെട്ടിക്കീറി പശുക്കളെ യഹോവയ്ക്ക് ഹോമയാഗം കഴിച്ചു. ലേവ്യർ യഹോവയുടെ പെട്ടകവും സ്വർണ്ണ രൂപങ്ങൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്ന് യഹോവയ്ക്ക് ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു. ഫെലിസ്ത്യ പ്രഭുക്കന്മാർ എല്ലാവരും ഇത് കണ്ടതിന് ശേഷം അന്നുതന്നെ എക്രോനിലേക്ക് മടങ്ങിപ്പോയി. ഫെലിസ്ത്യർ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച സ്വർണ്ണം കൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന് ഒന്ന്, ഗസ്സയ്ക്ക് ഒന്ന്, അസ്കലോന് ഒന്ന്, ഗത്തിന് ഒന്ന്, എക്രോന് ഒന്ന് ഇങ്ങനെയായിരുന്നു. സ്വർണ്ണം കൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുംപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാർക്കുള്ള എല്ലാ ഫെലിസ്ത്യ പട്ടണങ്ങളുടെയും എണ്ണത്തിന് തുല്ല്യം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവച്ച വലിയ കല്ല് ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ട്. ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ട് യഹോവ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തി എഴുപത് (50,070) പേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ട് ജനം വിലപിച്ചു

പങ്ക് വെക്കു
1 ശമൂവേൽ 6 വായിക്കുക

1 ശമൂവേൽ 6:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്തു ആയിരുന്നു. എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: നാം യഹോവയുടെ പെട്ടകം സംബന്ധിച്ചു എന്തു ചെയ്യേണ്ടു? അതിനെ അതിന്റെ സ്ഥലത്തേക്കു വിട്ടയക്കേണ്ടതെങ്ങനെ എന്നു ഞങ്ങൾക്കു പറഞ്ഞുതരുവിൻ എന്നു ചോദിച്ചു. അതിന്നു അവർ: നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയക്കുന്നു എങ്കിൽ വെറുതെ അയക്കാതെ ഒരു പ്രായശ്ചിത്തവും അവന്നു കൊടുത്തയക്കേണം; അപ്പോൾ നിങ്ങൾക്കു സൗഖ്യംവരും; അവന്റെ കൈ നിങ്ങളെ വിട്ടു നീങ്ങാതെ ഇരിക്കുന്നതു എന്തു എന്നു നിങ്ങൾക്കു അറിയാം എന്നു പറഞ്ഞു. ഞങ്ങൾ അവന്നു കൊടുത്തയക്കേണ്ടുന്ന പ്രായശ്ചിത്തം എന്തു എന്നു ചോദിച്ചതിന്നു അവർ പറഞ്ഞതു: ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിന്നു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ടു അഞ്ചു എലിയും തന്നേ; നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നതു. ആകയാൽ നിങ്ങൾ നിങ്ങളുടെ മൂലക്കുരുവിന്റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന്നു തിരുമുല്ക്കാഴ്ചവെക്കേണം; പക്ഷേ അവൻ തന്റെ കൈ നിങ്ങളുടെ മേൽനിന്നും നിങ്ങളുടെ ദേവന്മാരുടെ മേൽനിന്നും നിങ്ങളുടെ ദേശത്തിന്മേൽ നിന്നും നീക്കും. മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതു എന്തിന്നു? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ചശേഷമല്ലയോ അവർ അവരെ വിട്ടയക്കയും അവർ പോകയും ചെയ്തതു? ആകയാൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വെച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടുപോകുവിൻ. പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വെപ്പിൻ; നിങ്ങൾ അവന്നു പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിന്നരികെ വെച്ചു അതു തനിച്ചുപോകുവാൻ വിടുവിൻ. പിന്നെ നോക്കുവിൻ: അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കിൽ അവൻ തന്നേയാകുന്നു നമുക്കു ഈ വലിയ അനർത്ഥം വരുത്തിയതു; അല്ലെങ്കിൽ നമ്മെ ബാധിച്ചതു അവന്റെ കയ്യല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്നു അറിഞ്ഞുകൊള്ളാം. അവർ അങ്ങനെ തന്നേ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി, അവയുടെ കിടാക്കളെ വീട്ടിൽ ഇട്ടു അടെച്ചു. പിന്നെ അവർ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വെച്ചു. ആ പശുക്കൾ നേരെ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി: അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽ കൂടി തന്നേ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്നാലെ ചെന്നു. അന്നേരം ബേത്ത്-ശേമെശ്യർ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു. വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നുനിന്നു: അവിടെ ഒരു വലിയ കല്ലു ഉണ്ടായിരുന്നു; അവർ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവെക്കു ഹോമയാഗം കഴിച്ചു. ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവെക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ ഏവരും ഇതു കണ്ടശേഷം അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി. ഫെലിസ്ത്യർ യഹോവെക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന്റെ പേർക്കു ഒന്നു, ഗസ്സയുടെ പേർക്കു ഒന്നു, അസ്കലോന്റെ പേർക്കു ഒന്നു, ഗത്തിന്റെ പേർക്കു ഒന്നു, എക്രോന്റെ പേർക്കു ഒന്നു ഇങ്ങനെയായിരുന്നു. പൊന്നുകൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാർക്കുള്ള സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ടു. ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ടു അവൻ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതുപേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ടു ജനം വിലപിച്ചു

പങ്ക് വെക്കു
1 ശമൂവേൽ 6 വായിക്കുക

1 ശമൂവേൽ 6:1-19 സമകാലിക മലയാളവിവർത്തനം (MCV)

ഏഴുമാസക്കാലം യഹോവയുടെ പേടകം ഫെലിസ്ത്യരുടെ ദേശത്തായിരുന്നു. ഫെലിസ്ത്യർ പുരോഹിതന്മാരെയും ദേവപ്രശ്നംവെക്കുന്നവരെയും വിളിച്ചുവരുത്തി അവരോട്: “യഹോവയുടെ പേടകം നാം എന്തു ചെയ്യണം? അതിന്റെ സ്ഥാനത്തേക്കു നാം അതെങ്ങനെ തിരിച്ചയയ്ക്കണം എന്നു പറഞ്ഞുതന്നാലും” എന്നു പറഞ്ഞു. അവർ മറുപടി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നിങ്ങൾ തിരിച്ചയയ്ക്കുന്നു എങ്കിൽ അത് ഒരു പ്രായശ്ചിത്തംകൂടാതെ ആയിരിക്കരുത്; തീർച്ചയായും ഒരു അകൃത്യയാഗംകൂടി കൊടുത്തയയ്ക്കണം. അപ്പോൾ നിങ്ങൾക്ക് സൗഖ്യം ലഭിക്കും. അവിടത്തെ കൈ നിങ്ങളിൽനിന്നു പിൻവലിക്കാതിരുന്നതിന്റെ കാരണവും നിങ്ങൾക്കു മനസ്സിലാകും.” “അകൃത്യയാഗമായി ഞങ്ങൾ എന്താണു കൊടുത്തുവിടേണ്ടത്?” എന്നു ചോദിച്ചു. അതിന് അവർ ഇപ്രകാരം മറുപടി പറഞ്ഞു: “ഫെലിസ്ത്യഭരണാധിപന്മാരുടെ സംഖ്യയ്ക്കൊത്തവിധം സ്വർണംകൊണ്ടുള്ള അഞ്ചുമൂലക്കുരുവും അഞ്ചു സ്വർണ എലിയും കൊടുത്തുവിടണം. കാരണം, ഈ ബാധകൾതന്നെയാണല്ലോ നിങ്ങളെയും നിങ്ങളുടെ ഭരണാധിപന്മാരെയും പീഡിപ്പിച്ചിരുന്നത്. നിങ്ങളെ ബാധിച്ച മൂലക്കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിച്ച എലികളുടെയും പ്രതിരൂപങ്ങൾ സ്വർണത്തിൽ തീർത്ത് ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യുക! ഒരുപക്ഷേ നിങ്ങളിൽനിന്നും നിങ്ങളുടെ ദേവന്മാരിൽനിന്നും നിങ്ങളുടെ നാട്ടിൽനിന്നും യഹോവ തന്റെ കൈ പിൻവലിച്ചേക്കാം. ഈജിപ്റ്റുകാരും ഫറവോനും ചെയ്തതുപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കുന്നതെന്തിന്? യഹോവ യാതൊരു ദയയുമില്ലാതെ അവരോട് ഇടപെട്ടതിനുശേഷംമാത്രമല്ലേ അവർ ഇസ്രായേലിനെ വിട്ടയയ്ക്കുകയും പോകുകയും ചെയ്തത്? “ഇപ്പോൾത്തന്നെ, ഒരു പുതിയ വണ്ടി ഉണ്ടാക്കുക. കറവയുള്ളതും ഒരിക്കലും നുകം വെച്ചിട്ടില്ലാത്തതുമായ രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടുക. അവയുടെ കിടാങ്ങളെ വേർപെടുത്തി തൊഴുത്തിൽ അടച്ചിടുക! യഹോവയുടെ പേടകം എടുത്ത് വണ്ടിയിൽ വെക്കുക! അതിന്റെ പാർശ്വത്തിൽ ഒരു പെട്ടിയിൽ നിങ്ങൾ അകൃത്യയാഗമായി കൊടുത്തയയ്ക്കുന്ന സ്വർണസാധനങ്ങളും വെക്കുക! പിന്നെ വണ്ടി അതിന്റെ വഴിക്കു വിട്ടയയ്ക്കുക. എന്നാൽ നിങ്ങൾ അതിനെ നിരീക്ഷിക്കണം; അത് സ്വന്തം ദേശമായ ബേത്-ശേമെശിലേക്ക് പോകുന്നെങ്കിൽ യഹോവ ആകുന്നു ഈ മഹാവിപത്തു നമ്മുടെമേൽ വരുത്തിയതെന്നു നമുക്കു മനസ്സിലാക്കാം. അങ്ങനെയല്ലെങ്കിൽ നമ്മെ പീഡിപ്പിച്ചത് യഹോവയുടെ കൈ അല്ലെന്നും യാദൃച്ഛികമായി അപ്രകാരം സംഭവിച്ചതാണെന്നും നമുക്കു മനസ്സിലാകും.” അവർ അപ്രകാരംചെയ്തു. അവർ കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടി; അവയുടെ കാളക്കിടാങ്ങളെ തൊഴുത്തിൽ അടച്ചുമിട്ടു. സ്വർണനിർമിതമായ എലികളും മൂലക്കുരുക്കളുടെ പ്രതിരൂപങ്ങളും അടക്കംചെയ്ത പെട്ടിസഹിതം, അവർ യഹോവയുടെ പേടകം കൊണ്ടുവന്ന് ആ വണ്ടിയിൽവെച്ചു. അപ്പോൾ പശുക്കൾ നേരേ ബേത്-ശേമെശിലേക്ക്, ഇടംവലം തിരിയാതെ പെരുവഴിയിലൂടെ കരഞ്ഞുകൊണ്ട് മുമ്പോട്ടുപോയി. ഫെലിസ്ത്യഭരണാധിപന്മാർ ബേത്-ശേമെശിന്റെ അതിർത്തിവരെയും അവയെ പിൻതുടർന്നു. ആ സമയം ബേത്-ശേമെശിലെ ജനങ്ങൾ താഴ്വരയിൽ ഗോതമ്പു കൊയ്യുകയായിരുന്നു; അവർ തലയുയർത്തിനോക്കി; യഹോവയുടെ ഉടമ്പടിയുടെ പേടകം കണ്ടപ്പോൾ, അവർ ആഹ്ലാദിച്ചു. ബേത്-ശേമെശുകാരനായ യോശുവയുടെ വയലിന്നരികെ വണ്ടിയെത്തി; അവിടെ ഒരു വലിയ പാറയുടെ അരികത്തു വണ്ടിനിന്നു. ജനം വണ്ടിയുടെ തടി വെട്ടിക്കീറി പശുക്കളെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിച്ചു. ലേവ്യർ യഹോവയുടെ പേടകം സ്വർണരൂപങ്ങൾ അടക്കംചെയ്തിരുന്ന പെട്ടിസഹിതം ഇറക്കി ആ വലിയ പാറപ്പുറത്ത് വെച്ചു. അന്ന് ബേത്-ശേമെശിലെ ജനം യഹോവയ്ക്കു ഹോമയാഗങ്ങളും മറ്റുയാഗങ്ങളും അർപ്പിച്ചു. അഞ്ചു ഫെലിസ്ത്യഭരണാധിപന്മാരും ഇവയെല്ലാം കണ്ടതിനുശേഷം അന്നുതന്നെ എക്രോനിലേക്കു മടങ്ങി. ഫെലിസ്ത്യർ യഹോവയ്ക്ക് അകൃത്യയാഗമായി കൊടുത്തുവിട്ട സ്വർണമൂലക്കുരുക്കൾ, അശ്ദോദിനും ഗസ്സയ്ക്കും അസ്കലോനും ഗത്തിനും എക്രോനും ഓരോന്നു വീതമായിരുന്നു. സ്വർണ എലികളുടെ എണ്ണവും ഫെലിസ്ത്യഭരണാധിപന്മാരുടെ അധീനതയിലുള്ള നഗരങ്ങളുടെ—സംരക്ഷിതനഗരങ്ങളും അവയോടുചേർന്ന നാട്ടിമ്പുറങ്ങളിലുള്ള ഗ്രാമങ്ങളുടെ—എണ്ണത്തിനൊത്തവിധം ആയിരുന്നു. ബേത്-ശേമെശുകാരൻ യോശുവയുടെ വയലിലുണ്ടായിരുന്നതും യഹോവയുടെ പേടകം ഇറക്കിവെച്ചതുമായ പാറ ഇന്നുവരെയും ഈ സംഭവത്തിന് ഒരു സാക്ഷ്യമായിരിക്കുന്നു. യഹോവയുടെ പേടകത്തിനുള്ളിലേക്കു നോക്കിയതിനാൽ ബേത്-ശേമെശുകാരിൽ ചിലരെ ദൈവം സംഹരിച്ചു; അവരിൽ എഴുപതുപേരെ മരണത്തിനിരയാക്കി. യഹോവ അവരുടെമേൽ ഏൽപ്പിച്ച കനത്തപ്രഹരംമൂലം ജനം വിലപിച്ചു.

പങ്ക് വെക്കു
1 ശമൂവേൽ 6 വായിക്കുക