1 ശമൂവേൽ 5:1-12

1 ശമൂവേൽ 5:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്ത് അതിനെ ഏബെൻ-ഏസെരിൽനിന്ന് അസ്തോദിലേക്കു കൊണ്ടുപോയി. ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്ത് ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്റെ അരികെ വച്ചു. പിറ്റന്നാൾ രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവർ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിർത്തി. പിറ്റന്നാൾ രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും ഉമ്മരപ്പടിമേൽ മുറിഞ്ഞുകിടന്നു; ദാഗോന്റെ ഉടൽ മാത്രം ശേഷിച്ചിരുന്നു. അതുകൊണ്ടു ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്റെ ഉമ്മരപ്പടിമേൽ ഇന്നും ചവിട്ടുമാറില്ല. എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവൻ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു. അങ്ങനെ ഭവിച്ചത് അസ്തോദ്യർ കണ്ടിട്ട്: യിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുത്; അവന്റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെമേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവർ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ച് നാം എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. അതിന് അവർ: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി. അവർ അതു കൊണ്ടുചെന്ന ശേഷം ഏറ്റവും വലിയൊരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിനു വിരോധമായിത്തീർന്നു; അവൻ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവർക്കും മൂലരോഗം തുടങ്ങി. അതുകൊണ്ട് അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു. അവർ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന് അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്റെ കൈ അവിടെയും അതിഭാരമായിരുന്നു. മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിൽ കയറി.

പങ്ക് വെക്കു
1 ശമൂവേൽ 5 വായിക്കുക

1 ശമൂവേൽ 5:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഫെലിസ്ത്യർ ഉടമ്പടിപ്പെട്ടകം പിടിച്ചെടുത്തതിനുശേഷം അത് ഏബെൻ-ഏസെരിൽനിന്ന് അസ്തോദിലേക്കു കൊണ്ടുപോയി. അവിടെ ദാഗോന്റെ ക്ഷേത്രത്തിൽ ദാഗോന്റെ പ്രതിമയ്‍ക്കു സമീപം സ്ഥാപിച്ചു. അടുത്ത പ്രഭാതത്തിൽ അസ്തോദിലെ ജനം ഉണർന്നപ്പോൾ ദാഗോന്റെ ബിംബം സർവേശ്വരന്റെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു; അവർ അതെടുത്തു പൂർവസ്ഥാനത്തു സ്ഥാപിച്ചു. അതിനടുത്ത പ്രഭാതത്തിലും അവർ ഉണർന്നപ്പോൾ ദാഗോന്റെ ബിംബം പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും കൈകളും വേർപെട്ട് വാതിൽപ്പടിയിൽ കിടന്നിരുന്നു; ഉടൽമാത്രം ശേഷിച്ചിരുന്നു. അതുകൊണ്ടാണ് ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നവരും ഇന്നും ആ വാതിൽപ്പടിയിൽ ചവിട്ടാത്തത്. സർവേശ്വരൻ അസ്തോദിലുള്ള ജനങ്ങളെ കഠിനമായി ശിക്ഷിച്ചു; അവിടുന്ന് അവരെ ഭയപ്പെടുത്തി; അസ്തോദിലും ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പാർത്തിരുന്നവരിൽ കുരുക്കൾ ബാധിക്കാൻ അവിടുന്ന് ഇടയാക്കി. ഇത് അസ്തോദ്യർ കണ്ടപ്പോൾ അവർ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ ഇടയിൽ വച്ചുകൂടാ; അവിടുന്നു നമ്മെയും നമ്മുടെ ദേവനായ ദാഗോനെയും ശിക്ഷിക്കുകയാണ്.” അവർ ആളയച്ചു ഫെലിസ്ത്യപ്രഭുക്കന്മാരെയെല്ലാം വിളിച്ചുകൂട്ടി, അവരോടു ചോദിച്ചു: “ഇസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ചു നാം എന്താണു ചെയ്യേണ്ടത്?” “ഗത്തിലേക്ക് കൊണ്ടുപോകാമെന്ന്” പ്രഭുക്കന്മാർ പറഞ്ഞു. ദൈവത്തിന്റെ പെട്ടകം അവർ അവിടേക്ക് കൊണ്ടുപോയി; അത് അവിടെ എത്തിയപ്പോൾ സർവേശ്വരൻ ആ പട്ടണത്തെയും ശിക്ഷിച്ചു. ജനം സംഭ്രാന്തരായി; അവിടെയുള്ള ആബാലവൃദ്ധം ജനങ്ങളെയും കുരുക്കൾ ബാധിച്ചു. അതുകൊണ്ട് അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്ക് അയച്ചു; പെട്ടകം എക്രോനിലെത്തിയപ്പോൾ എക്രോന്യർ നിലവിളികൂട്ടി: “നമ്മെ നശിപ്പിക്കാൻ ഇസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു. അവർ ആളയച്ചു ഫെലിസ്ത്യപ്രഭുക്കന്മാരെയെല്ലാം വീണ്ടും വിളിച്ചുകൂട്ടി: “നാമും നമ്മുടെ ജനവും നശിക്കാതിരിക്കാൻ ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം അതിന്റെ സ്ഥാനത്തേക്കു തിരിച്ചയയ്‍ക്കണം” എന്നു പറഞ്ഞു; പട്ടണവാസികളെല്ലാം സംഭ്രാന്തരായി; ദൈവം അവരെയും കഠിനമായി ശിക്ഷിച്ചു. മരിക്കാതെ ശേഷിച്ചവരെ കുരുക്കൾ ബാധിച്ചു; പട്ടണവാസികളുടെ നിലവിളി ആകാശത്തിലേക്കുയർന്നു.

പങ്ക് വെക്കു
1 ശമൂവേൽ 5 വായിക്കുക

1 ശമൂവേൽ 5:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഫെലിസ്ത്യർ ദൈവത്തിന്‍റെ നിയമപെട്ടകം എടുത്ത് അതിനെ ഏബെൻ-ഏസെരിൽനിന്ന് അസ്തോദിലേക്ക് കൊണ്ടുപോയി. അവർ ദൈവത്തിന്‍റെ നിയമപെട്ടകം ദാഗോന്‍റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്‍റെ വിഗ്രഹത്തിന്‍റെ അരികെ വച്ചു. അടുത്ത ദിവസം രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. അവർ ദാഗോനെ എടുത്ത് വീണ്ടും അവന്‍റെ സ്ഥാനത്ത് നിർത്തി. അതിനടുത്ത ദിവസവും രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. ദാഗോന്‍റെ തലയും അവന്‍റെ കൈപ്പത്തികളും വാതിൽ പടിമേൽ മുറിഞ്ഞുകിടന്നു; തലയില്ലാത്ത ഉടൽ മാത്രം ശേഷിച്ചിരുന്നു. അതുകൊണ്ട് ദാഗോന്‍റെ പുരോഹിതന്മാരും ദാഗോന്‍റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്‍റെ വാതിൽ പടിമേൽ ഇന്നും ചവിട്ടുകയില്ല. എന്നാൽ യഹോവയുടെ ശിക്ഷ അസ്തോദ്യരുടെമേൽ കഠിനമായിരുന്നു; അവൻ അവരെ നശിപ്പിച്ചു. അസ്തോദിലും അതിന്‍റെ അതിരുകളിലും ഉള്ളവർക്ക് മൂലരോഗം ബാധിച്ചു. അങ്ങനെ സംഭവിച്ചത് അസ്തോദ്യർ മനസ്സിലാക്കിയിട്ട്: “യിസ്രായേലിന്‍റെ ദൈവത്തിന്‍റെ നിയമപെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുത്; യഹോവയുടെ ശിക്ഷ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്‍റെ മേലും കഠിനമായിരിക്കുന്നു” എന്നു പറഞ്ഞു. പിന്നീട് അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: “യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം സംബന്ധിച്ച് നാം എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. അതിന് അവർ: “യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം ഗത്ത് എന്ന സ്ഥലത്തേക്ക് കൊണ്ടുപോകട്ടെ” എന്നു പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം കൊണ്ടുപോയി. അവർ അത് കൊണ്ടുചെന്നശേഷം യഹോവയുടെ ശിക്ഷ ആ പട്ടണത്തെയും പട്ടണക്കാരെയും ബാധിച്ചു; അവർക്ക് മൂലരോഗം ബാധിച്ചു. അതുകൊണ്ട് അവർ ദൈവത്തിന്‍റെ പെട്ടകം എക്രോനിലേക്ക് കൊടുത്തയച്ചു. ദൈവത്തിന്‍റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: “നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞ് നിലവിളിച്ചു. അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: “യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന് അതിനെ തിരിച്ചയയ്ക്കണം; അത് വീണ്ടും അതിന്‍റെ സ്ഥലത്തേക്ക് പോകട്ടെ” എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; എന്തെന്നാൽ യഹോവയുടെ ശിക്ഷ അവിടെയും അതികഠിനമായിരുന്നു. മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിലേക്കുയർന്നു.

പങ്ക് വെക്കു
1 ശമൂവേൽ 5 വായിക്കുക

1 ശമൂവേൽ 5:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു അതിനെ ഏബെൻ-ഏസെരിൽനിന്നു അസ്തോദിലേക്കു കൊണ്ടുപോയി. ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്റെ അരികെ വെച്ചു. പിറ്റെന്നാൾ രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവർ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിർത്തി. പിറ്റെന്നാൾ രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും ഉമ്മരപ്പടിമേൽ മുറിഞ്ഞുകിടന്നു; ദാഗോന്റെ ഉടൽമാത്രം ശേഷിച്ചിരുന്നു. അതുകൊണ്ടു ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്റെ ഉമ്മരപ്പടിമേൽ ഇന്നും ചവിട്ടുമാറില്ല. എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവൻ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു. അങ്ങനെ ഭവിച്ചതു അസ്തോദ്യർ കണ്ടിട്ടു: യിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുതു; അവന്റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവർ ആളയച്ചു ഫെലിസ്ത്യരുടെ സകലപ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ചു നാം എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി. അവർ അതു കൊണ്ടുചെന്നശേഷം ഏറ്റവും വലിയോരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിന്നും വിരോധമായ്തീർന്നു; അവൻ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവർക്കു മൂലരോഗം തുടങ്ങി. അതുകൊണ്ടു അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു. അവർ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന്നു അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്റെ കൈ അവിടെയും അതിഭാരമായിരുന്നു. മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിൽ കയറി.

പങ്ക് വെക്കു
1 ശമൂവേൽ 5 വായിക്കുക

1 ശമൂവേൽ 5:1-12 സമകാലിക മലയാളവിവർത്തനം (MCV)

ഫെലിസ്ത്യർ ദൈവത്തിന്റെ പേടകം കൈവശപ്പെടുത്തിയതിനുശേഷം അവർ അതിനെ ഏബെൻ-ഏസെരിൽനിന്നും അശ്ദോദിലേക്കു കൊണ്ടുപോയി. അവർ അതിനെ ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്റെ ബിംബത്തിനടുത്തായി സ്ഥാപിച്ചു. പിറ്റേദിവസം പ്രഭാതത്തിൽ അശ്ദോദിലെ ജനം ഉണർന്നുനോക്കുമ്പോൾ, ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! അവർ ദാഗോനെ എടുത്ത് അവന്റെ പൂർവസ്ഥാനത്തുതന്നെ സ്ഥാപിച്ചു. തൊട്ടടുത്ത പ്രഭാതത്തിലും അവർ ഉണർന്നുവന്നപ്പോൾ ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! ദാഗോന്റെ തലയും കൈപ്പത്തികളും ഒടിഞ്ഞു വേർപെട്ട്, വാതിൽപ്പടിയിൽ വീണുകിടന്നിരുന്നു; ദാഗോന്റെ ഉടൽമാത്രം ശേഷിച്ചിരുന്നു. അതുകൊണ്ട് ഇന്നുവരെയും ദാഗോന്റെ പുരോഹിതന്മാരാകട്ടെ, അശ്ദോദിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന മറ്റുള്ളവരാകട്ടെ, ക്ഷേത്രത്തിന്റെ വാതിൽപ്പടിയിൽ ചവിട്ടാറില്ല. അശ്ദോദിലും സമീപഗ്രാമങ്ങളിലുമുള്ള ജനങ്ങളുടെമേൽ യഹോവയുടെ കൈ ഭാരമുള്ളതായിത്തീർന്നു. യഹോവ അവർക്കു നാശം വരുത്തുകയും മൂലക്കുരുക്കൾകൊണ്ട് അവരെ പീഡിപ്പിക്കുകയും ചെയ്തു. സംഭവിക്കുന്നതെന്താണെന്നു കണ്ടപ്പോൾ അശ്ദോദ് നിവാസികൾ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെ ഇടയിൽ ഇരുന്നുകൂടാ. കാരണം യഹോവയുടെ കൈ നമുക്കും നമ്മുടെ ദാഗോൻ ദേവനും ഭാരമേറിയതാണ്.” അതിനാൽ അവർ ഫെലിസ്ത്യഭരണാധിപന്മാരെയെല്ലാം വിളിച്ചുവരുത്തി, “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നാം എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു. “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം ഗത്തിലേക്കു മാറ്റാം,” എന്ന് അവർ മറുപടി പറഞ്ഞു. അങ്ങനെ അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം അവിടെനിന്ന് കൊണ്ടുപോയി. എന്നാൽ അവർ പേടകം ഗത്തിൽ കൊണ്ടുവന്നു കഴിഞ്ഞപ്പോൾ ആ നഗരത്തെ ആകമാനം സംഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് യഹോവയുടെ കൈ അതിനെതിരായും പ്രവർത്തിച്ചു. നഗരത്തിൽ സകലരെയും ബാധിക്കുന്ന മൂലക്കുരുക്കൾ പൊട്ടിപ്പുറപ്പെട്ടു. അങ്ങനെ യഹോവ ആ നഗരവാസികളായ ആബാലവൃദ്ധം ജനങ്ങളെയും പീഡിപ്പിച്ചു. അതിനാൽ അവർ പേടകം എക്രോനിലേക്കു കൊണ്ടുപോയി. ദൈവത്തിന്റെ പേടകം എക്രോനിൽ പ്രവേശിച്ചപ്പോൾ അവിടത്തെ ജനങ്ങൾ നിലവിളിച്ചു: “നമ്മെയും നമ്മുടെ ജനത്തെയും കൊല്ലുന്നതിനായി അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം കൊണ്ടുവന്നിരിക്കുന്നു.” അവർ ഫെലിസ്ത്യരുടെ സകലഭരണാധിപന്മാരെയും കൂട്ടിവരുത്തിയിട്ട്, “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം മടക്കി അയയ്ക്കുക. അത് അതിന്റെ സ്ഥാനത്തേക്കുതന്നെ മടങ്ങിപ്പോകട്ടെ! ഇല്ലെങ്കിൽ അതു നമ്മെയും നമ്മുടെ ജനത്തെയും കൊന്നുമുടിക്കും!” എന്നു പറഞ്ഞു. മരണവിഭ്രാന്തി ആ നഗരത്തെ ബാധിച്ചിരുന്നു. യഹോവയുടെ കൈ അവിടെയും അതിഭാരമായിരുന്നു. ജനത്തിൽ മരിക്കാതിരുന്നവർ മൂലക്കുരുക്കളാൽ പീഡിപ്പിക്കപ്പെട്ടു. ആ നഗരത്തിന്റെ നിലവിളി ആകാശംവരെ ഉയർന്നുചെന്നു.

പങ്ക് വെക്കു
1 ശമൂവേൽ 5 വായിക്കുക