1 ശമൂവേൽ 3:7-19
1 ശമൂവേൽ 3:7-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന് അന്നുവരെ വെളിപ്പെട്ടതുമില്ല. യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചത് എന്ന് ഏലിക്കു മനസ്സിലായി. ഏലി ശമൂവേലിനോട്: പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞുകൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു. അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിനു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു. യഹോവ ശമൂവേലിനോട് അരുളിച്ചെയ്തത്: ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അതു കേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും. ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്തതൊക്കെയും ഞാൻ അന്ന് അവന്റെമേൽ ആദ്യന്തം നിവർത്തിക്കും. അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ട് ഞാൻ അവന്റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും എന്ന് ഞാൻ അവനോടു കല്പിച്ചിരിക്കുന്നു. ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന് യാഗത്താലും വഴിപാടിനാലും ഒരുനാളും പരിഹാരം വരികയില്ല എന്നു ഞാൻ ഏലിയുടെ ഭവനത്തോടു സത്യം ചെയ്തിരിക്കുന്നു. പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാൽ ഈ ദർശനം ഏലിയെ അറിയിപ്പാൻ ശമൂവേൽ ശങ്കിച്ചു. ഏലി ശമൂവേലിനെ വിളിച്ചു: ശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയൻ ഇതാ എന്ന് അവൻ പറഞ്ഞു. അപ്പോൾ അവൻ: നിനക്കുണ്ടായ അരുളപ്പാട് എന്ത്? എന്നെ ഒന്നും മറയ്ക്കരുതേ; നിന്നോട് അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറച്ചാൽ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറച്ചില്ല. എന്നാറെ അവൻ: യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നു പറഞ്ഞു. എന്നാൽ ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇടവരുത്തിയില്ല.
1 ശമൂവേൽ 3:7-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനാണ് തന്നെ വിളിക്കുന്നത് എന്നു ശമൂവേൽ അപ്പോഴും അറിഞ്ഞില്ല. സർവേശ്വരന്റെ അരുളപ്പാട് അതിനുമുമ്പ് അവനു ലഭിച്ചിരുന്നുമില്ല. സർവേശ്വരൻ മൂന്നാമതും ശമൂവേലിനെ വിളിച്ചു; അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു വീണ്ടും പറഞ്ഞു: “ഞാൻ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ.” ദൈവമാണ് ശമൂവേലിനെ വിളിക്കുന്നതെന്ന് അപ്പോൾ ഏലിക്കു മനസ്സിലായി. ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊള്ളുക; ഇനിയും നിന്നെ വിളിച്ചാൽ ‘സർവേശ്വരാ, അരുളിച്ചെയ്താലും, അവിടുത്തെ ദാസൻ കേൾക്കുന്നു’ എന്നു പറയണം.” ശമൂവേൽ വീണ്ടും പോയി കിടന്നു. സർവേശ്വരൻ വീണ്ടും വന്ന്: “ശമൂവേലേ, ശമൂവേലേ” എന്നു വിളിച്ചു. “അരുളിച്ചെയ്താലും, അവിടുത്തെ ദാസൻ കേൾക്കുന്നു” എന്നു ശമൂവേൽ പ്രതിവചിച്ചു. അപ്പോൾ അവിടുന്നു ശമൂവേലിനോടു പറഞ്ഞു: “ഞാൻ ഇസ്രായേലിൽ ഒരു കാര്യം ചെയ്യാൻ പോകുകയാണ്. അതു കേൾക്കുന്നവന്റെ ഇരുചെവികളും തരിച്ചുപോകും. ഏലിയുടെ കുടുംബത്തിനെതിരായി ഞാൻ പറഞ്ഞിട്ടുള്ളതെല്ലാം അന്ന് ആദ്യന്തം നിവർത്തിക്കും. അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്നതറിഞ്ഞിട്ടും അവൻ അവരെ വിലക്കിയില്ല; അതുകൊണ്ട് അവന്റെ കുടുംബത്തിന്റെമേൽ എന്നേക്കുമായുള്ള ശിക്ഷാവിധി നടത്താൻ പോവുകയാണെന്നു ഞാൻ അവനെ അറിയിക്കുന്നു. യാഗങ്ങളും വഴിപാടുകളും അവന്റെ ഭവനത്തിന്റെ പാപത്തിന് ഒരിക്കലും പരിഹാരം ആകുകയില്ല എന്നു ഞാൻ തീർത്തുപറയുന്നു. പ്രഭാതംവരെ ശമൂവേൽ കിടന്നു; പിന്നീട് അവൻ സർവേശ്വരന്റെ ആലയത്തിന്റെ വാതിലുകൾ തുറന്നു. തനിക്കുണ്ടായ ദർശനത്തെപ്പറ്റി ഏലിയോടു പറയാൻ ശമൂവേൽ ഭയപ്പെട്ടു. എന്നാൽ ശമൂവേലിനെ ഏലി “ശമൂവേലേ, എന്റെ മകനേ” എന്നു വിളിച്ചു; “ഞാൻ ഇവിടെയുണ്ട്” എന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ ഏലി: “സർവേശ്വരൻ നിന്നോട് എന്തു പറഞ്ഞു? എന്നിൽനിന്ന് ഒന്നും മറച്ചു വയ്‍ക്കരുത്; അവിടുന്ന് അരുളിച്ചെയ്തത് എന്തെങ്കിലും മറച്ചുവച്ചാൽ ദൈവം അതിനു തക്കവിധവും അതിലധികവും ശിക്ഷ നല്‌കട്ടെ” എന്നു പറഞ്ഞു. ശമൂവേൽ ഒന്നും മറച്ചുവയ്‍ക്കാതെ എല്ലാം ഏലിയോടു തുറന്നുപറഞ്ഞു. അപ്പോൾ ഏലി പറഞ്ഞു: “അതു സർവേശ്വരനാണ്, ഇഷ്ടംപോലെ അവിടുന്നു ചെയ്യട്ടെ.” ശമൂവേൽ വളർന്നു; സർവേശ്വരൻ അവന്റെ കൂടെ ഉണ്ടായിരുന്നു. ശമൂവേൽ പറഞ്ഞതൊന്നും വ്യർഥമാകാൻ അവിടുന്ന് ഇടയാക്കിയില്ല.
1 ശമൂവേൽ 3:7-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന് വെളിപ്പെട്ടതുമില്ല. യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യവും വിളിച്ചു. വീണ്ടും അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവല്ലോ?” എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചത് എന്ന് ഏലിക്ക് മനസ്സിലായി. ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു” എന്നു പറഞ്ഞുകൊള്ളേണം. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു. അപ്പോൾ യഹോവ വന്ന് മുമ്പിലത്തെപ്പോലെ: “ശമൂവേലേ, ശമൂവേലേ,” എന്നു വിളിച്ചു. അതിന് ശമൂവേൽ: “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്നു പറഞ്ഞു. യഹോവ ശമൂവേലിനോട് അരുളിച്ചെയ്തത്: “ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അത് കേൾക്കുന്നവർ ഞെട്ടും. ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്ത എല്ലാകാര്യങ്ങളും ഞാൻ അന്ന് അവന്‍റെമേൽ ആദ്യം മുതൽ അവസാനംവരെ പൂർത്തീകരിക്കും. അവന്‍റെ പുത്രന്മാർ അവരെ തന്നെ ശാപയോഗ്യരാക്കി. എന്നിട്ടും അവൻ മക്കളെ ശാസിച്ച് തടഞ്ഞില്ല. അതുകൊണ്ട് അവന്‍റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും എന്നു ഞാൻ അവനോട് കല്പിച്ചിരിക്കുന്നു. ഏലിയുടെ ഭവനം ചെയ്ത പാപത്തിന്, യാഗത്താലും വഴിപാടിനാലും ഒരു കാലത്തും പരിഹാരം വരികയില്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു.” പിന്നെ ശമൂവേൽ രാവിലെ വരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു. എന്നാൽ ഈ ദർശനം ഏലിയെ അറിയിക്കുവാൻ ശമൂവേൽ ഭയപ്പെട്ടു. ഏലി ശമൂവേലിനെ വിളിച്ചു: “ശമൂവേലേ, മകനേ.” “അടിയൻ ഇതാ” എന്നു അവൻ പറഞ്ഞു. അപ്പോൾ ഏലി: “നിനക്കുണ്ടായ അരുളപ്പാട് എന്ത്? എന്നോട് ഒന്നും മറച്ചു വെക്കരുതേ; നിന്നോട് അരുളിച്ചെയ്ത ഒരു വാക്കെങ്കിലും എന്നോട് പറയാതിരുന്നാൽ ദൈവം നിന്നോട് അങ്ങനെ തന്നെയോ, അതിലധികമോ ചെയ്യട്ടെ” എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറച്ചു വെച്ചില്ല. അപ്പോൾ ഏലി: “യഹോവയാണല്ലോ ഇത് അരുളിചെയ്തിരിക്കുന്നത്; അവിടുത്തെ ഇഷ്ടംപോലെ ചെയ്യട്ടെ” എന്നു പറഞ്ഞു. ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; ദൈവത്തിന്‍റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല.
1 ശമൂവേൽ 3:7-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല. യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി. ഏലി ശമൂവേലിനോടു: പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു. അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതു: ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അതു കേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും. ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാൻ അന്നു അവന്റെമേൽ ആദ്യന്തം നിവർത്തിക്കും. അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ടു ഞാൻ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷ വിധിക്കും എന്നു ഞാൻ അവനോടു കല്പിച്ചിരിക്കുന്നു. ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാൻ ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു. പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാൽ ഈ ദർശനം ഏലിയെ അറിയിപ്പാൻ ശമൂവേൽ ശങ്കിച്ചു. ഏലി ശമൂവേലിനെ വിളിച്ചു: ശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയൻ ഇതാ എന്നു അവൻ പറഞ്ഞു. അപ്പോൾ അവൻ: നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാൽ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവൻ: യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നു പറഞ്ഞു. എന്നാൽ ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല.
1 ശമൂവേൽ 3:7-19 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ വചനം ശമുവേലിന് അന്നുവരെ വെളിപ്പെട്ടിരുന്നില്ല, അതുകൊണ്ട് ആ ബാലൻ അന്നുവരെ യഹോവയെ അറിഞ്ഞിട്ടുമില്ലായിരുന്നു. യഹോവ അവനെ മൂന്നാമതും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുത്തേക്ക് ഓടിവന്നു പറഞ്ഞു, “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ!” യഹോവ ബാലനെ വിളിക്കുകയായിരുന്നു എന്ന് അപ്പോൾ ഏലിക്കു ബോധ്യമായി. അതിനാൽ ഏലി ശമുവേലിനോട്, “പോയി കിടന്നുകൊള്ളൂ. ഇനിയും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, ‘യഹോവേ, അരുളിച്ചെയ്താലും! അടിയൻ കേൾക്കുന്നു,’ ” എന്നു പറയണമെന്നു നിർദേശിച്ചു. അതിനാൽ ശമുവേൽ പോയി വീണ്ടും സ്വസ്ഥാനത്തു കിടന്നു. അപ്പോൾ യഹോവ വന്ന്, മുമ്പിലത്തേതുപോലെ ബാലന്റെ സമീപത്തുനിന്ന്, “ശമുവേലേ! ശമുവേലേ!” എന്നു വിളിച്ചു. അപ്പോൾ ശമുവേൽ, “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്നു മറുപടി പറഞ്ഞു. യഹോവ ശമുവേലിനോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ ഇസ്രായേലിൽ ചില കാര്യങ്ങൾചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. അതേപ്പറ്റി കേൾക്കുന്ന ഏവരുടെയും കാതുകൾ തരിച്ചുപോകും. അന്നു ഞാൻ ഏലിക്കെതിരായും അവന്റെ ഭവനത്തിനെതിരായും അരുളിച്ചെയ്തതെല്ലാം ആദ്യന്തം നിറവേറ്റും. തന്റെ പുത്രന്മാർ ദൈവത്തെ നിന്ദിക്കുന്നത് അറിഞ്ഞിട്ടും അവൻ അവരെ നിയന്ത്രിക്കാത്തതുകൊണ്ട് ഞാനവന്റെ ഭവനത്തിന്മേൽ എന്നേക്കുമായി ന്യായവിധി നടത്തുമെന്നു ഞാൻ അവനോടു കൽപ്പിച്ചിരിക്കുന്നു. അതിനാൽ, ‘ഏലിയുടെ ഭവനത്തിന്റെ മഹാപാതകത്തിന്, യാഗത്താലോ വഴിപാടുകളാലോ ഒരുനാളും പരിഹാരം വരികയില്ല എന്നു ഞാനിതാ ഏലിയുടെ ഭവനത്തോടു ശപഥംചെയ്തിരിക്കുന്നു.’ ” ശമുവേൽ പ്രഭാതംവരെയും കിടന്നുറങ്ങി; പ്രഭാതത്തിൽ എഴുന്നേറ്റ് യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു. ഈ ദർശനത്തെപ്പറ്റി ഏലിയോടു പറയാൻ ബാലൻ ഭയപ്പെട്ടു. എന്നാൽ ഏലി, “എന്റെ മോനേ, ശമുവേലേ” എന്നു വിളിച്ചു. “അടിയൻ ഇതാ,” എന്നു ബാലൻ മറുപടി പറഞ്ഞു. ഏലി ചോദിച്ചു: “യഹോവ നിന്നോട് എന്താണ് അരുളിച്ചെയ്തത്? അതു നീ എന്നിൽനിന്നും ഒളിക്കരുതേ! അവിടന്ന് അരുളിച്ചെയ്തതിൽ എന്തെങ്കിലും നീ എന്നിൽനിന്നും ഒളിച്ചാൽ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ!” അതിനാൽ ഒന്നും മറച്ചുവെക്കാതെ സകലതും ശമുവേൽ ഏലിയോടു തുറന്നുപറഞ്ഞു. അപ്പോൾ ഏലി: “അവിടന്ന് യഹോവയല്ലോ! അവിടത്തെ ഹിതംപോലെ ചെയ്യട്ടെ!” എന്നു പറഞ്ഞു. ശമുവേൽ വളർന്നുവന്നു; യഹോവ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഒന്നുംതന്നെ വ്യർഥമാകാൻ യഹോവ അനുവദിച്ചില്ല.