1 ശമൂവേൽ 29:1-11

1 ശമൂവേൽ 29:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി. അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരമായിരമായും കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ കടന്നു. ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന് എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: ഇവൻ യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്ര നാളായി ഇത്ര സംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു. എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവനു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊൾവാൻ അവനെ മടക്കി അയയ്ക്ക; അവൻ നമ്മോടുകൂടെ യുദ്ധത്തിനു പോരരുത്; യുദ്ധത്തിൽ അവൻ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നത്? ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്ന് ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു പറഞ്ഞു. എന്നാറെ ആഖീശ് ദാവീദിനെ വിളിച്ച് അവനോട്: യഹോവയാണ, നീ പരമാർഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമനങ്ങൾ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്ക് നിന്നെ ഇഷ്ടമല്ല. ആകയാൽ നീ ചെയ്യുന്നത് ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന് സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക എന്നു പറഞ്ഞു. ദാവീദ് ആഖീശിനോട്: എന്നാൽ ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരേ ഞാൻ ചെന്ന് പൊരുതിക്കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു. ആഖീശ് ദാവീദിനോട്: എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ: അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിനു പോരരുത് എന്നു പറഞ്ഞിരിക്കുന്നു. ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്ത് എഴുന്നേറ്റ് വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ എന്ന് ഉത്തരം പറഞ്ഞു. ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.

പങ്ക് വെക്കു
1 ശമൂവേൽ 29 വായിക്കുക

1 ശമൂവേൽ 29:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഫെലിസ്ത്യർ അവരുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി. ഇസ്രായേല്യർ ജെസ്രീലിലെ നീർച്ചാലിനടുത്തു പാളയമടിച്ചു; ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും മുമ്പോട്ടു നീങ്ങി. എന്നാൽ ദാവീദും അനുയായികളും ആഖീശിന്റെ കൂടെ പിൻനിരയിലായിരുന്നു. ഫെലിസ്ത്യസേനാനായകന്മാർ അവരെ കണ്ട്: “ഈ എബ്രായർ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. ആഖീശ് അവരോടു പറഞ്ഞു: “ഇതു ദാവീദല്ലേ? ഇവൻ ഇസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്നു; ദിവസങ്ങളല്ല വർഷങ്ങളായി അവൻ എന്റെ കൂടെയാണു പാർക്കുന്നത്; എന്നെ ആശ്രയിച്ചുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ ഇവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല.” അപ്പോൾ കുപിതരായ ഫെലിസ്ത്യസേനാനായകർ അദ്ദേഹത്തോടു പറഞ്ഞു: “അങ്ങ് അനുവദിച്ചുകൊടുത്ത സ്ഥലത്തേക്ക് അവൻ പൊയ്‍ക്കൊള്ളട്ടെ. അവൻ നമ്മുടെകൂടെ യുദ്ധത്തിനു പോരാൻ പാടില്ല. യുദ്ധരംഗത്തുവച്ച് അവൻ നമ്മുടെ ശത്രുവായി തിരിഞ്ഞേക്കാം. നമ്മുടെ ആളുകളുടെ തല കൊയ്തല്ലാതെ മറ്റെന്തുകൊണ്ട് അവൻ തന്റെ യജമാനനുമായി രഞ്ജിപ്പിലെത്തും. ‘ശൗൽ ആയിരങ്ങളെ കൊന്നു; ദാവീദോ പതിനായിരങ്ങളെയും’ എന്നു അവർ ആടിപ്പാടിയത് ഇവനെപ്പറ്റിയല്ലേ?” അപ്പോൾ ആഖീശ് ദാവീദിനെ വിളിച്ചു പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: നീ തീർച്ചയായും സത്യസന്ധനും എന്നോടു കൂറുള്ളവനും ആണ്. നീ എന്റെ അടുക്കൽ വന്ന ദിവസംമുതൽ ഇന്നുവരെയും നിന്നിൽ ഞാൻ ഒരു കുറ്റവും കണ്ടിട്ടില്ല. എന്നാൽ ഈ പ്രഭുക്കന്മാർക്കു നീ സ്വീകാര്യനല്ല. അതുകൊണ്ടു നീ സമാധാനത്തോടെ മടങ്ങിപ്പോകുക; നീ അവർക്ക് അപ്രീതി ഉണ്ടാക്കി എന്നു വരരുത്.” ദാവീദ് ആഖീശിനോടു ചോദിച്ചു: “ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളോടു യുദ്ധം ചെയ്യാൻ എന്നെ അനുവദിക്കാതിരിക്കത്തക്കവിധം ഞാൻ അങ്ങയെ സേവിക്കാൻ വന്ന ദിവസംമുതൽ ഇന്നുവരേക്കും എന്തു തെറ്റാണ് അങ്ങ് എന്നിൽ കണ്ടിട്ടുള്ളത്?” ആഖീശ് പറഞ്ഞു: “നീ എന്റെ മുമ്പിൽ ദൈവദൂതനെപ്പോലെ നിഷ്കളങ്കനാണെന്ന് എനിക്കറിയാം. എങ്കിലും തങ്ങളോടൊത്തു നീ യുദ്ധത്തിനു പോരാൻ ഫെലിസ്ത്യപ്രഭുക്കന്മാർ സമ്മതിക്കുന്നില്ല. അതുകൊണ്ട് നാളെ അതിരാവിലെ വെട്ടം വീഴുമ്പോൾത്തന്നെ അനുചരന്മാരെയും കൂട്ടിക്കൊണ്ടു നീ പൊയ്‍ക്കൊള്ളുക.” അങ്ങനെ ദാവീദും അനുയായികളും അതിരാവിലെ ഫെലിസ്ത്യദേശത്തേക്കു മടങ്ങി; ഫെലിസ്ത്യർ ജെസ്രീലിലേക്കും പോയി.

പങ്ക് വെക്കു
1 ശമൂവേൽ 29 വായിക്കുക

1 ശമൂവേൽ 29:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിനുശേഷം ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രയേലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി. അപ്പോൾ ഫെലിസ്ത്യ പ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും മുൻപോട്ട് നീങ്ങി; എന്നാൽ ദാവീദും അവന്‍റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ ആയിരുന്നു. ഫെലിസ്ത്യ പ്രഭുക്കന്മാർ ചോദിച്ചു; “ഈ എബ്രായർ ഇവിടെ എന്ത് ചെയ്യുന്നു?” ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു പറഞ്ഞു; “ഇവൻ ദാവീദല്ലയോ? യിസ്രായേൽ രാജാവായ ശൗലിന്‍റെ ഭൃത്യനായിരുന്ന ദാവീദ്; എത്രനാളായി എത്ര വര്‍ഷമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല.” എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ ആഖീശിനോട് കോപിച്ചു: “നീ അവന് കല്പിച്ചുകൊടുത്ത സ്ഥലത്തേക്ക് പൊയ്ക്കൊൾവാൻ അവനെ മടക്കിഅയക്ക; അവൻ യുദ്ധത്തിന് നമ്മോടുകൂടെ വരരുത്; അവൻ യുദ്ധത്തിൽ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്‍റെ യജമാനനെ പ്രസാദിപ്പിക്കുന്നത്? ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ?” എന്നു ഫെലിസ്ത്യ പ്രഭുക്കന്മാർ അവനോട് പറഞ്ഞു. അപ്പോൾ ആഖീശ് ദാവീദിനെ വിളിച്ച് അവനോട് പറഞ്ഞു: “യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്‍റെ പോക്കും വരവും എനിക്ക് ബോധിച്ചതും ആകുന്നു. നീ എന്‍റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്ക് നിന്നെ ഇഷ്ടമല്ല. ആകയാൽ നീ ചെയ്യുന്നത് ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന് സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക.” ദാവീദ് ആഖീശിനോട് ചോദിച്ചു: “എന്നാൽ ഞാൻ എന്ത് ചെയ്തു? എന്‍റെ യജമാനനായ രാജാവിന്‍റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്നു പൊരുതി കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്ത് കണ്ടിരിക്കുന്നു.” ആഖീശ് ദാവീദിനോട് മറുപടി പറഞ്ഞു: “എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: “അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന് വരരുത്” എന്നു പറഞ്ഞിരിക്കുന്നു. ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്‍റെ യജമാനന്‍റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്ത് എഴുന്നേറ്റ് വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ.” ഇങ്ങനെ ദാവീദും അവന്‍റെ ആളുകളും ഫെലിസ്ത്യദേശത്തേക്ക് മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രായേലിലേക്ക് പോയി.

പങ്ക് വെക്കു
1 ശമൂവേൽ 29 വായിക്കുക

1 ശമൂവേൽ 29:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി. അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ കടന്നു. ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവൻ യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു. എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊൾവാൻ അവനെ മടക്കിഅയക്ക; അവൻ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തിൽ അവൻ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു? ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു പറഞ്ഞു. എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടു: യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങൾ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്കു നിന്നെ ഇഷ്ടമല്ല. ആകയാൽ നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാർക്കു അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക എന്നു പറഞ്ഞു. ദാവീദ് ആഖീശിനോടു: എന്നാൽ ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു. ആഖീശ് ദാവീദിനോടു: എനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു. ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്തു എഴുന്നേറ്റു വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു. ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.

പങ്ക് വെക്കു
1 ശമൂവേൽ 29 വായിക്കുക

1 ശമൂവേൽ 29:1-11 സമകാലിക മലയാളവിവർത്തനം (MCV)

ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെയെല്ലാം അഫേക്കിൽ ഒരുമിച്ചുകൂട്ടി. ഇസ്രായേല്യരും യെസ്രീലിലെ നീരുറവയ്ക്കരികെ പാളയമിറങ്ങി. ഫെലിസ്ത്യപ്രഭുക്കന്മാർ തങ്ങളുടെ ശതങ്ങളും സഹസ്രങ്ങളുമായ സേനാവിഭാഗങ്ങളോടുകൂടി നീങ്ങി. ദാവീദും അനുയായികളും ആഖീശിനോടൊപ്പം പിൻനിരയിലായിരുന്നു. അവരെക്കണ്ടിട്ട് “ഈ എബ്രായർ ഇവിടെ എങ്ങനെ വന്നു?” എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ ചോദിച്ചു. ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: “ഇസ്രായേൽരാജാവായ ശൗലിന്റെ കാര്യസ്ഥന്മാരിലൊരാളായ ദാവീദല്ലേ ഇത്! കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി അദ്ദേഹം എന്നോടുകൂടെയാണ്. അദ്ദേഹം ശൗലിനെ വിട്ടുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ അയാളിൽ ഒരു കുറ്റവും കണ്ടിട്ടില്ല” എന്നു മറുപടി പറഞ്ഞു. എന്നാൽ, ഫെലിസ്ത്യപ്രഭുക്കന്മാർ അദ്ദേഹത്തിനുനേരേ കോപാകുലരായി. “ആ മനുഷ്യനെ തിരിച്ചയയ്ക്കുക. അങ്ങ് കൽപ്പിച്ചുകൊടുത്ത സ്ഥലത്തേക്ക് അയാൾ പൊയ്ക്കൊള്ളട്ടെ. യുദ്ധത്തിൽ അയാൾ നമ്മുടെകൂടെ വരരുത്. വന്നാൽ യുദ്ധരംഗത്തുവെച്ച് അയാൾ നമുക്കെതിരേ തിരിയും. നമ്മുടെ ആളുകളുടെ തലകൾ എടുത്ത് ആയിരിക്കുകയില്ലേ അയാൾ തന്റെ യജമാനന്റെ പ്രീതി പുനഃസ്ഥാപിക്കുന്നത്. അതിനെക്കാൾ നല്ല മാർഗം അയാൾക്കു വേറെ ഉണ്ടോ? തങ്ങളുടെ നൃത്തത്തിൽ: “ ‘ശൗൽ ആയിരങ്ങളെ കൊന്നു, എന്നാൽ ദാവീദ് പതിനായിരങ്ങളെയും,’ എന്ന് അവർ ഏറ്റുപാടിയ ദാവീദുതന്നെയല്ലേ ഇത്?” എന്നു പറഞ്ഞു. അതിനാൽ ആഖീശ് ദാവീദിനെ വിളിച്ചുപറഞ്ഞു. “ജീവനുള്ള യഹോവയാണെ, നീ വിശ്വസ്തനാണ്; സൈന്യത്തിൽ നീ എന്നോടൊപ്പം സേവനം ചെയ്യുന്നത് എനിക്കിഷ്ടവുമാണ്. നീ എന്റെ അടുത്തുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ നിന്നിൽ ഒരു കുറ്റവും കണ്ടിട്ടില്ല. എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ നിന്നെ അംഗീകരിക്കുന്നില്ല. അതിനാൽ പിന്തിരിഞ്ഞ് സമാധാനത്തോടെ പോകുക! ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അപ്രീതി ഉണ്ടാകുന്നവിധത്തിൽ നാം ഒന്നും ചെയ്യരുത്.” അപ്പോൾ ദാവീദ് ആഖീശിനോട്: “എന്നാൽ ഞാനെന്തു ചെയ്തു? ഞാൻ അങ്ങയുടെ അടുത്തുവന്ന നാളുമുതൽ ഇന്നുവരെ ഈ ദാസനിൽ എന്തു കുറ്റം അങ്ങു കണ്ടിട്ടുണ്ട്? എന്റെ യജമാനനായ രാജാവിന്റെ വൈരികൾക്കെതിരേ ഞാൻ എന്തുകൊണ്ട് പൊരുതിക്കൂടാ?” എന്നു ചോദിച്ചു. ആഖീശ് ദാവീദിനോട്: “എനിക്കറിയാം; എന്റെ കണ്ണിൽ നീ ഒരു ദൈവദൂതനെപ്പോലെ പ്രിയങ്കരനാണ്. എന്നിരുന്നാലും ‘അവൻ നമ്മോടൊപ്പം യുദ്ധത്തിനു വന്നുകൂടാ,’ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ പറഞ്ഞിരിക്കുന്നു. അതിനാൽ അതിരാവിലെ എഴുന്നേറ്റ്, നിന്റെകൂടെ വന്നിരിക്കുന്ന, നിന്റെ യജമാനന്റെ ഭൃത്യന്മാരെയും കൂട്ടിക്കൊണ്ട്, വെളിച്ചമായാലുടൻ പൊയ്ക്കൊള്ളൂ.” അതിനാൽ ദാവീദും അനുയായികളും അതിരാവിലെ ഉണർന്ന്, ഫെലിസ്ത്യദേശത്തേക്കു പുറപ്പെട്ടു. ഫെലിസ്ത്യർ യെസ്രീലിലേക്കും പോയി.

പങ്ക് വെക്കു
1 ശമൂവേൽ 29 വായിക്കുക