1 ശമൂവേൽ 26:9-23
1 ശമൂവേൽ 26:9-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് അബീശായിയോട്: അവനെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെമേൽ കൈവച്ചിട്ട് ആർ ശിക്ഷ അനുഭവിക്കാതെ പോകും എന്നു പറഞ്ഞു. യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടയ്ക്കു ചെന്നു നശിക്കും; ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വയ്പാൻ യഹോവ സംഗതി വരുത്തരുതേ; എങ്കിലും അവന്റെ തലയ്ക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു. ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൗലിന്റെ തലയ്ക്കൽനിന്ന് എടുത്ത് അവർ പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു. ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്ത് ഒരു മലമുകളിൽ നിന്നു; അവർക്കു മധ്യേ മതിയായ അകലമുണ്ടായിരുന്നു. ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ എന്നു വിളിച്ചു പറഞ്ഞു. അതിന് അബ്നേർ: രാജസന്നിധിയിൽ കൂകുന്ന നീ ആർ എന്ന് അങ്ങോട്ടു ചോദിച്ചു. ദാവീദ് അബ്നേരിനോടു പറഞ്ഞത്: നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്കു തുല്യൻ ആരുള്ളൂ? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതെന്ത്? നിന്റെ യജമാനനായ രാജാവിനെ നശിപ്പിപ്പാൻ ജനത്തിൽ ഒരുത്തൻ അവിടെ വന്നിരുന്നുവല്ലോ. നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലയ്ക്കലിരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക. അപ്പോൾ ശൗൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചതിന് ദാവീദ് എന്റെ ശബ്ദംതന്നെ, യജമാനനായ രാജാവേ എന്നു പറഞ്ഞു. യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നത് എന്തിന്? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കൽ എന്തു ദോഷം ഉള്ളൂ? ആകയാൽ യജമാനനായ രാജാവ് അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയനു വിരോധമായി ഉദ്യോഗിപ്പിക്കുന്നത് യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാട് ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞ് യഹോവയുടെ അവകാശത്തിൽ എനിക്കു പങ്കില്ലാതാകുംവണ്ണം അവർ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു. എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തൻ പർവതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവ് ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവൻ പറഞ്ഞു. അതിന് ശൗൽ: ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്ന് നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ട് ഞാൻ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്തം പ്രവർത്തിച്ച് അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു. ദാവീദ് ഉത്തരം പറഞ്ഞത്: രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുത്തൻ വന്നു കൊണ്ടുപോകട്ടെ. യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും ഒത്തവണ്ണം പകരം നല്കട്ടെ; യഹോവ ഇന്ന് നിന്നെ എന്റെ കൈയിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വയ്പാൻ എനിക്കു മനസ്സായില്ല.
1 ശമൂവേൽ 26:9-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ദാവീദ് അബീശായിയോടു പറഞ്ഞു: “നീ അദ്ദേഹത്തെ കൊല്ലരുത്. സർവേശ്വരന്റെ അഭിഷിക്തനെതിരെ കൈ ഉയർത്തിയിട്ട് ആർക്കു കുറ്റമറ്റവനായിരിക്കാൻ കഴിയും? നിത്യനായ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: അവിടുന്നുതന്നെ അദ്ദേഹത്തെ ശിക്ഷിച്ചുകൊള്ളും; അല്ലെങ്കിൽ മരണസമയം ആകുമ്പോഴോ യുദ്ധത്തിൽ വച്ചോ അദ്ദേഹം മരിക്കും. സർവേശ്വരന്റെ അഭിഷിക്തനെതിരെ കൈ ഉയർത്താൻ ഇടയാകാതെ അവിടുന്ന് എന്നെ തടയട്ടെ. അദ്ദേഹത്തിന്റെ തലയ്‍ക്കലുള്ള കുന്തവും ജലപാത്രവും നമുക്ക് എടുത്തുകൊണ്ടുപോകാം.” ദാവീദ് ശൗലിന്റെ തലയ്‍ക്കൽനിന്നു കുന്തവും ജലപാത്രവും എടുത്തു. പിന്നീട് അവർ സ്ഥലംവിട്ടു. ആരും അതു കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവരെല്ലാം നിദ്രയിൽ ആണ്ടിരുന്നു; സർവേശ്വരൻ അവർക്കു ഗാഢനിദ്ര നല്‌കിയിരുന്നു. ദാവീദ് അപ്പുറത്തു കടന്ന് അങ്ങ് അകലെയുള്ള മലമുകളിൽ ചെന്നു നിന്നു. ശൗലിന്റെ സൈന്യത്തെയും നേരിന്റെ മകനായ അബ്നേരിനെയും ദാവീദ് ഉറക്കെ വിളിച്ചു ചോദിച്ചു: “അബ്നേരേ, നീ കേൾക്കുന്നില്ലേ?” അബ്നേർ തിരിച്ചുചോദിച്ചു: “രാജാവിനെ വിളിച്ചു ശല്യപ്പെടുത്തുന്നതു ആരാണ്?” ദാവീദ് പ്രതിവചിച്ചു: “നീ ഒരു പുരുഷൻ അല്ലേ? ഇസ്രായേലിൽ നിന്നെപ്പോലെ മറ്റൊരാളുണ്ടോ? നീ നിന്റെ യജമാനനായ രാജാവിനെ കാത്തുസൂക്ഷിക്കാതിരുന്നത് എന്ത്? അദ്ദേഹത്തെ അപായപ്പെടുത്താൻ ജനത്തിൽ ഒരാൾ അവിടെ വന്നിരുന്നല്ലോ. നീ ഈ ചെയ്തത് ശരിയായില്ല; നിത്യനായ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: നീ വധിക്കപ്പെടേണ്ടവനാണ്; സർവേശ്വരന്റെ അഭിഷിക്തനും നിന്റെ യജമാനനുമായവനെ നീ കാത്തുസൂക്ഷിച്ചില്ല; രാജാവിന്റെ കുന്തവും തലയ്‍ക്കൽ ഇരുന്ന ജലപാത്രവും എവിടെ?” ദാവീദിന്റെ ശബ്ദം ശൗൽ തിരിച്ചറിഞ്ഞു ചോദിച്ചു: “മകനേ ! ദാവീദേ! ഇതു നിന്റെ ശബ്ദം തന്നെയോ?” ദാവീദ് പ്രതിവചിച്ചു: “അതേ, യജമാനനായ രാജാവേ, ഇത് എന്റെ സ്വരംതന്നെ, അങ്ങ് എന്തിന് ഈ ദാസനെ പിന്തുടരുന്നു? ഞാൻ എന്തു ചെയ്തു? എന്റെ പേരിലുള്ള കുറ്റമെന്ത്? എന്റെ യജമാനനായ രാജാവേ! ഞാൻ പറയുന്നത് അങ്ങു ശ്രദ്ധിച്ചാലും; സർവേശ്വരനാണ് അങ്ങയെ എനിക്കെതിരായി വിട്ടിരിക്കുന്നതെങ്കിൽ അവിടുന്ന് ഒരു വഴിപാടു സ്വീകരിച്ചു പ്രസാദിക്കട്ടെ. അതല്ല മനുഷ്യരെങ്കിൽ അവർ സർവേശ്വരസന്നിധിയിൽ ശപിക്കപ്പെട്ടവരാകട്ടെ. എനിക്കു സർവേശ്വരന്റെ അവകാശത്തിൽ ഓഹരി ലഭിക്കാതിരിക്കത്തക്കവിധം അന്യദേവന്മാരെ പോയി സേവിക്കൂ എന്നു പറഞ്ഞ് അവർ എന്നെ ഓടിച്ചിരിക്കുകയാണല്ലോ. സർവേശ്വരസന്നിധിയിൽനിന്ന് അകലെയുള്ള സ്ഥലത്തുവച്ചു ഞാൻ വധിക്കപ്പെടാതെയിരിക്കട്ടെ. ഇസ്രായേൽരാജാവ് ഒരു ഈച്ചയെ കൊല്ലാൻ മലകളിൽ കാട്ടുകോഴിയെ വേട്ടയാടുന്നതുപോലെ പുറപ്പെട്ടിരിക്കുകയാണല്ലോ.” ശൗൽ പറഞ്ഞു: “എന്റെ മകനേ, ദാവീദേ, ഞാൻ തെറ്റു ചെയ്തുപോയി. മടങ്ങിവരിക; ഇന്ന് എന്റെ ജീവൻ നിന്റെ ദൃഷ്‍ടിയിൽ വിലപ്പെട്ടതായിരുന്നല്ലോ. അതുകൊണ്ട് ഞാൻ ഇനി നിനക്ക് ഒരു ഉപദ്രവവും വരുത്തുകയില്ല; ഞാൻ ഭോഷത്തം കാട്ടി; വളരെയേറെ തെറ്റു ചെയ്തുപോയി.” ദാവീദു മറുപടി പറഞ്ഞു: “രാജാവേ, കുന്തം ഇവിടെയുണ്ട്. അങ്ങയുടെ ഒരു ഭൃത്യൻ വന്ന് ഇതെടുത്തുകൊണ്ടു പോകട്ടെ. സർവേശ്വരൻ എല്ലാവർക്കും അവരവരുടെ വിശ്വസ്തതയ്‍ക്കും നീതിനിഷ്ഠയ്‍ക്കും തക്കവിധം പ്രതിഫലം നല്‌കുന്നു. അവിടുന്ന് അങ്ങയെ ഇന്ന് എന്റെ കൈയിൽ ഏല്പിച്ചതായിരുന്നു; എന്നാൽ സർവേശ്വരന്റെ അഭിഷിക്തനായ അങ്ങേക്കെതിരെ കരം ഉയർത്താൻ എനിക്കു മനസ്സുവന്നില്ല.
1 ശമൂവേൽ 26:9-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് അബീശായിയോട്: “അവനെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെച്ചാൽ ആരും ശിക്ഷ അനുഭവിക്കാതെപോകുകയില്ല” എന്നു പറഞ്ഞു. “യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിക്കുവാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടയ്ക്കു ചെന്നു നശിക്കും. ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെക്കുവാൻ യഹോവ ഇടയാക്കരുതേ; എങ്കിലും അവന്‍റെ തലയുടെ അടുക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്ക് പോകാം” എന്നു ദാവീദ് പറഞ്ഞു. ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൗലിന്‍റെ തലയുടെ അടുക്കൽനിന്ന് എടുത്ത് അവർ പോകുകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെ മേൽ വീണിരുന്നു. ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്ത് ഒരു മലമുകളിൽ നിന്നു; അവർക്ക് മദ്ധ്യേ ആവശ്യത്തിന് അകലമുണ്ടായിരുന്നു. ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: “അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ” എന്നു വിളിച്ചു പറഞ്ഞു. അതിന് അബ്നേർ: “രാജസന്നിധിയിൽ കൂകുന്ന നീ ആര്‍?” എന്നു അങ്ങോട്ട് ചോദിച്ചു. ദാവീദ് അബ്നേരിനോട്: “നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്ക് തുല്യൻ ആരുണ്ട്? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നത് എന്ത്? നിന്‍റെ യജമാനനായ രാജാവിനെ നശിപ്പിക്കുവാൻ ജനത്തിൽ ഒരുവൻ അവിടെ വന്നിരുന്നുവല്ലോ. നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരുന്നതിനാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്‍റെ തലയുടെ അടുക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.” അപ്പോൾ ശൗല്‍ ദാവീദിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു: “എന്റെ മകനെ, ദാവീദേ, ഇത് നിന്‍റെ ശബ്ദമോ” എന്നു ചോദിച്ചു അതിന് ദാവീദ് “എന്റെ ശബ്ദം തന്നെ, യജമാനനായ രാജാവേ” എന്നു പറഞ്ഞു. “യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നത് എന്തിന്? അടിയൻ എന്ത് ചെയ്തു? അടിയന്റെ പക്കൽ എന്ത് ദോഷമാണുള്ളത്? അതുകൊണ്ട് യജമാനനായ രാജാവ് അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന് എതിരായി വിട്ടിരിക്കുന്നത് യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാട് സ്വീകരിച്ച് പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. യഹോവയുടെ അവകാശത്തിൽ എനിക്ക് പങ്കില്ലാതാകത്തക്കവിധം നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു അവർ എന്നെ ഇന്ന് പുറത്ത് തള്ളിയിരിക്കുന്നു. എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്ത് വീഴരുതേ; ഒരുവൻ പർവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽ രാജാവ് ഒരു ഒറ്റ ചെള്ളിനെ തെരഞ്ഞ് പുറപ്പെട്ടിരിക്കുന്നു” എന്നും അവൻ പറഞ്ഞു. അതിന് ശൗല്‍: “ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്ന് നിനക്ക് വിലയേറിയതായി തോന്നിയതുകൊണ്ട് ഞാൻ ഇനി നിനക്ക് ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്വം പ്രവർത്തിച്ച് അത്യന്തം തെറ്റിപ്പോയിരിക്കുന്നു” എന്നു പറഞ്ഞു. ദാവീദ് ഉത്തരം പറഞ്ഞത്: “രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുവൻ വന്ന് കൊണ്ടുപോകട്ടെ. യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതെക്കും തക്കവിധം പകരം നല്കട്ടെ; യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്‍റെമേൽ കൈവെപ്പാൻ എനിക്ക് മനസ്സായില്ല.
1 ശമൂവേൽ 26:9-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദ് അബീശായിയോടു: അവനെ നശിപ്പിക്കരുതു; യഹോവയുടെ അഭിഷിക്തന്റെ മേൽ കൈ വെച്ചിട്ടു ആർ ശിക്ഷ അനുഭവിക്കാതെപോകും എന്നു പറഞ്ഞു. യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടെക്കുചെന്നു നശിക്കും; ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെപ്പാൻ യഹോവ സംഗതിവരുത്തരുതേ; എങ്കിലും അവന്റെ തലെക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു. ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൗലിന്റെ തലെക്കൽനിന്നു എടുത്തു അവർ പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു. ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്തു ഒരു മലമുകളിൽ നിന്നു; അവർക്കു മദ്ധ്യേ മതിയായ അകലമുണ്ടായിരുന്നു. ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ എന്നു വിളിച്ചു പറഞ്ഞു. അതിന്നു അബ്നേർ: രാജസന്നിധിയിൽ കൂകുന്ന നീ ആർ എന്നു അങ്ങോട്ടു ചോദിച്ചു. ദാവീദ് അബ്നേരിനോടു പറഞ്ഞതു: നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്കു തുല്യൻ ആരുള്ളു? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതു എന്തു? നിന്റെ യജമാനനായ രാജാവിനെ നശിപ്പിപ്പാൻ ജനത്തിൽ ഒരുത്തൻ അവിടെ വന്നിരുന്നുവല്ലോ. നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലെക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക. അപ്പോൾ ശൗൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: എന്റെ മകനെ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചതിന്നു ദാവീദ് എന്റെ ശബ്ദം തന്നേ, യജമാനനായ രാജാവേ എന്നു പറഞ്ഞു. യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നതു എന്തിന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കൽ എന്തു ദോഷം ഉള്ളു? ആകയാൽ യജമാനനായ രാജാവു അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന്നു വിരോധമായി ഉദ്യോഗിപ്പിക്കുന്നതു യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാടു ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു യഹോവയുടെ അവകാശത്തിൽ എനിക്കു പങ്കില്ലാതാകുംവണ്ണം അവർ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു. എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തൻ പർവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവൻ പറഞ്ഞു. അതിന്നു ശൗൽ: ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാൻ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്വം പ്രവർത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു. ദാവീദ് ഉത്തരം പറഞ്ഞതു: രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുത്തൻ വന്നു കൊണ്ടുപോകട്ടെ. യഹോവ ഓരോരുത്തന്നു അവനവന്റെ നീതിക്കും വിശ്വസ്തതെക്കും ഒത്തവണ്ണം പകരം നല്കട്ടെ; യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേൽ കൈവെപ്പാൻ എനിക്കു മനസ്സായില്ല.
1 ശമൂവേൽ 26:9-23 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ ദാവീദ് അബീശായിയോട്: “അദ്ദേഹത്തെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെനേരേ കരമുയർത്തിയിട്ട് നിർദോഷിയായിരിക്കാൻ ആർക്കു കഴിയും? ജീവനുള്ള യഹോവയാണെ, അവിടന്നുതന്നെ അയാളെ സംഹരിച്ചുകൊള്ളും. ഒന്നുകിൽ സമയമാകുമ്പോൾ അദ്ദേഹം മരിക്കും; അല്ലെങ്കിൽ അദ്ദേഹം യുദ്ധത്തിനുചെന്ന് ഒടുങ്ങിക്കൊള്ളും. തന്റെ അഭിഷിക്തന്റെമേൽ ഞാൻ കൈവെക്കുന്നതിന് യഹോവ ഇടവരുത്താതിരിക്കട്ടെ. ഇപ്പോൾ അയാളുടെ തലയ്ക്കൽനിന്ന് ആ കുന്തവും ജലപാത്രവും എടുത്തുകൊള്ളുക, നമുക്കു പോകാം” എന്നു പറഞ്ഞു. അങ്ങനെ ശൗലിന്റെ തലയ്ക്കൽനിന്ന് കുന്തവും ജലപാത്രവും ദാവീദെടുത്തു. അവർ പുറപ്പെട്ടുപോന്നു. ഒരുത്തരും കണ്ടില്ല; ആരും അറിഞ്ഞതുമില്ല. ആരും ഉണർന്നതുമില്ല. എല്ലാവരും ഉറങ്ങുകയായിരുന്നു. യഹോവ അവരെ ഗാഢനിദ്രയിലാക്കിയിരുന്നു. പിന്നെ ദാവീദ് മറുവശത്തേക്കു കടന്ന് അൽപ്പം ദൂരത്ത് ഒരു കുന്നിൻമുകളിൽ കയറിനിന്നു. അവർക്കിടയിൽ മതിയായ അകലമുണ്ടായിരുന്നു. അദ്ദേഹം പട്ടാളക്കാരോടും നേരിന്റെ മകൻ അബ്നേരിനോടുമായി, “അബ്നേരേ, നീ എന്നോട് ഉത്തരം പറയുമോ?” എന്നു വിളിച്ചുചോദിച്ചു. “രാജസന്നിധിയിൽ കൂകിവിളിക്കുന്ന നീയാര്?” എന്ന് അബ്നേർ ചോദിച്ചു. ദാവീദ് പറഞ്ഞു: “നീയൊരു പുരുഷനല്ലേ? ഇസ്രായേലിൽ നിനക്കു തുല്യനായി ആരുണ്ട്? നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാത്തതെന്ത്? നിന്റെ യജമാനനായ രാജാവിനെ കൊലപ്പെടുത്താൻ ഒരുവൻ വന്നിരുന്നല്ലോ! നീ ചെയ്തതു നന്നായില്ല. യഹോവയുടെ അഭിഷിക്തനായ, നിന്റെ യജമാനനെ കാത്തുകൊള്ളാത്തതിനാൽ, ജീവനുള്ള യഹോവയാണെ, നീയും നിന്റെ ആളുകളും മരണയോഗ്യർതന്നെ. അദ്ദേഹത്തിന്റെ തലയ്ക്കൽ ഇരുന്ന കുന്തവും ജലപാത്രവും എവിടെയെന്നു നോക്കുക.” അപ്പോൾ ശൗൽ ദാവീദിന്റെ സ്വരം തിരിച്ചറിഞ്ഞു. “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരമോ?” എന്ന് അദ്ദേഹം ചോദിച്ചു. “അതേ! എന്റെ യജമാനനായ രാജാവേ, എന്റെ സ്വരംതന്നെ,” ദാവീദ് മറുപടി പറഞ്ഞു. “പ്രഭോ, അങ്ങെന്തിന് ഈ വിധം സ്വന്തംഭൃത്യനെ തേടിനടക്കുന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കലുള്ള കുറ്റം എന്ത്? ഇപ്പോൾ എന്റെ യജമാനനായ രാജാവ് അടിയന്റെ വാക്കുകൾ ശ്രദ്ധിക്കണമേ! യഹോവ ആകുന്നു എനിക്കെതിരായി തിരുമേനിയെ പ്രേരിപ്പിക്കുന്നതെങ്കിൽ, അവിടന്ന് ഒരു വഴിപാടു സ്വീകരിച്ചു പ്രസാദിക്കട്ടെ! അതല്ല, മനുഷ്യരാണ് അപ്രകാരം ചെയ്യുന്നതെങ്കിൽ അവർ യഹോവയുടെമുമ്പാകെ ശപിക്കപ്പെട്ടവരായിത്തീരട്ടെ! അവർ ഇപ്പോൾത്തന്നെ യഹോവയുടെ അവകാശത്തിലെ എന്റെ ഓഹരിയിൽനിന്ന് എന്നെ ഓടിച്ചുകളയുകയും ‘പോയി അന്യദൈവങ്ങളെ സേവിച്ചുകൊള്ളൂ,’ എന്നു പറയുകയും ചെയ്തിരിക്കുകയാണല്ലോ! ആകയാൽ എന്റെ രക്തം യഹോവയുടെമുമ്പാകെ നിലത്തുവീഴാതിരിക്കട്ടെ! ഒരുവൻ പർവതങ്ങളിൽ ഒരു തിത്തിരിപ്പക്ഷിയെ വേട്ടയാടുന്നതുപോലെ, ഇസ്രായേൽരാജാവ് ഒരു ചെള്ളിനെത്തേടി ഇറങ്ങിത്തിരിച്ചിരിക്കുകയാണോ?” അപ്പോൾ ശൗൽ വിളിച്ചുപറഞ്ഞു: “എന്റെ മകനേ, ദാവീദേ, മടങ്ങിവരിക! ഞാൻ പാപംചെയ്തിരിക്കുന്നു. നീ ഇന്ന് എന്റെ ജീവനെ വിലയേറിയതായി കണക്കാക്കിയിരിക്കുകയാൽ ഞാനിനിയും നിന്നെ ദ്രോഹിക്കാൻ തുനിയുകയില്ല. നിശ്ചയമായും, ഞാനൊരു ഭോഷനെപ്പോലെ പ്രവർത്തിച്ചുപോയി! എനിക്കു വലിയ തെറ്റുപറ്റിപ്പോയിരിക്കുന്നു.” ദാവീദ് മറുപടി പറഞ്ഞു: “ഇതാ, രാജാവിന്റെ കുന്തം ഇവിടെയുണ്ട്. അങ്ങയുടെ ഭൃത്യന്മാരിൽ ഒരുവനെ അയച്ച് എടുത്തുകൊണ്ടാലും! യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും അനുസരിച്ചുള്ള പ്രതിഫലം നൽകുന്നു. യഹോവ ഇന്ന് തിരുമേനിയെ എന്റെ കൈയിൽ ഏൽപ്പിച്ചുതന്നു. എന്നാൽ ഞാൻ യഹോവയുടെ അഭിഷിക്തന്റെനേരേ കൈയുയർത്തുകയില്ല.