1 ശമൂവേൽ 26:7-11
1 ശമൂവേൽ 26:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൗൽ കൈനിലയ്ക്കകത്ത് കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലയ്ക്കൽ നിലത്തു തറച്ചിരുന്നു; അബ്നേരും പടജ്ജനവും അവനു ചുറ്റും കിടന്നിരുന്നു. അബീശായി ദാവീദിനോട്: ദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തംകൊണ്ടു നിലത്തോടു ചേർത്ത് ഒരു കുത്തായിട്ട് കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു. ദാവീദ് അബീശായിയോട്: അവനെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെമേൽ കൈവച്ചിട്ട് ആർ ശിക്ഷ അനുഭവിക്കാതെ പോകും എന്നു പറഞ്ഞു. യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടയ്ക്കു ചെന്നു നശിക്കും; ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വയ്പാൻ യഹോവ സംഗതി വരുത്തരുതേ; എങ്കിലും അവന്റെ തലയ്ക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.
1 ശമൂവേൽ 26:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നു രാത്രിയിൽ ദാവീദും അബീശായിയും കൂടി പാളയത്തിൽ എത്തി. തന്റെ കുന്തം തലയ്‍ക്കൽ കുത്തിനിറുത്തിയിട്ട് അതിനടുത്തുതന്നെ ശൗൽ കിടക്കുകയായിരുന്നു. അബ്നേരും പടയാളികളും ചുറ്റും കിടന്നിരുന്നു. അബീശായി ദാവീദിനോടു പറഞ്ഞു: “സർവേശ്വരൻ അങ്ങയുടെ ശത്രുവിനെ ഇന്ന് അങ്ങയുടെ കൈയിൽ ഏല്പിച്ചിരിക്കുകയാണ്. ഞാൻ കുന്തംകൊണ്ട് ഒറ്റക്കുത്തിന് അയാളെ നിലത്തോടു ചേർത്തു തറയ്‍ക്കട്ടെ. രണ്ടാമത് ഒന്നുകൂടി വേണ്ടിവരില്ല.” എന്നാൽ ദാവീദ് അബീശായിയോടു പറഞ്ഞു: “നീ അദ്ദേഹത്തെ കൊല്ലരുത്. സർവേശ്വരന്റെ അഭിഷിക്തനെതിരെ കൈ ഉയർത്തിയിട്ട് ആർക്കു കുറ്റമറ്റവനായിരിക്കാൻ കഴിയും? നിത്യനായ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: അവിടുന്നുതന്നെ അദ്ദേഹത്തെ ശിക്ഷിച്ചുകൊള്ളും; അല്ലെങ്കിൽ മരണസമയം ആകുമ്പോഴോ യുദ്ധത്തിൽ വച്ചോ അദ്ദേഹം മരിക്കും. സർവേശ്വരന്റെ അഭിഷിക്തനെതിരെ കൈ ഉയർത്താൻ ഇടയാകാതെ അവിടുന്ന് എന്നെ തടയട്ടെ. അദ്ദേഹത്തിന്റെ തലയ്‍ക്കലുള്ള കുന്തവും ജലപാത്രവും നമുക്ക് എടുത്തുകൊണ്ടുപോകാം.”
1 ശമൂവേൽ 26:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൗല്‍ പാളയത്തിന് നടുവിൽ കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്‍റെ തലയുടെ അരികിൽ നിലത്ത് കുത്തി നിറുത്തിയിരുന്നു; അബ്നേരും പടജ്ജനവും അവന് ചുറ്റും കിടന്നിരുന്നു. അബീശായി ദാവീദിനോട്: “ദൈവം നിന്റെ ശത്രുവിനെ ഇന്ന് നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തംകൊണ്ട് ഒറ്റ കുത്തിന് നിലത്തോട് ചേർത്ത് തറയ്ക്കട്ടെ; രണ്ടാമത് കുത്തുകയില്ല” എന്നു പറഞ്ഞു. ദാവീദ് അബീശായിയോട്: “അവനെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെച്ചാൽ ആരും ശിക്ഷ അനുഭവിക്കാതെപോകുകയില്ല” എന്നു പറഞ്ഞു. “യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിക്കുവാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടയ്ക്കു ചെന്നു നശിക്കും. ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെക്കുവാൻ യഹോവ ഇടയാക്കരുതേ; എങ്കിലും അവന്‍റെ തലയുടെ അടുക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്ക് പോകാം” എന്നു ദാവീദ് പറഞ്ഞു.
1 ശമൂവേൽ 26:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൗൽ കൈനിലെക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലെക്കൽ നിലത്തു തറെച്ചിരുന്നു; അബ്നേരും പടജ്ജനവും അവന്നു ചുറ്റും കിടന്നിരുന്നു. അബീശായി ദാവീദിനോടു: ദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തം കൊണ്ടു നിലത്തോടു ചേർത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു. ദാവീദ് അബീശായിയോടു: അവനെ നശിപ്പിക്കരുതു; യഹോവയുടെ അഭിഷിക്തന്റെ മേൽ കൈ വെച്ചിട്ടു ആർ ശിക്ഷ അനുഭവിക്കാതെപോകും എന്നു പറഞ്ഞു. യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടെക്കുചെന്നു നശിക്കും; ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെപ്പാൻ യഹോവ സംഗതിവരുത്തരുതേ; എങ്കിലും അവന്റെ തലെക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.
1 ശമൂവേൽ 26:7-11 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ സൈന്യത്തിന്റെ അടുത്തെത്തി. അവിടെ ശൗൽ പാളയത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കുന്തം തലയുടെ അടുത്ത് നിലത്ത് കുത്തി നിർത്തിയിരുന്നു. അബ്നേരും പടയാളികളും അദ്ദേഹത്തിനു ചുറ്റിലുമായി കിടന്നിരുന്നു. അബീശായി ദാവീദിനോട്: “ദൈവം അങ്ങയുടെ ശത്രുവിനെ ഇതാ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചുതന്നിരിക്കുന്നു. ഞാനവനെ എന്റെ കുന്തംകൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കട്ടെ; രണ്ടാമതൊന്നുകൂടി കുത്തുകയില്ല” എന്നു പറഞ്ഞു. എന്നാൽ ദാവീദ് അബീശായിയോട്: “അദ്ദേഹത്തെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെനേരേ കരമുയർത്തിയിട്ട് നിർദോഷിയായിരിക്കാൻ ആർക്കു കഴിയും? ജീവനുള്ള യഹോവയാണെ, അവിടന്നുതന്നെ അയാളെ സംഹരിച്ചുകൊള്ളും. ഒന്നുകിൽ സമയമാകുമ്പോൾ അദ്ദേഹം മരിക്കും; അല്ലെങ്കിൽ അദ്ദേഹം യുദ്ധത്തിനുചെന്ന് ഒടുങ്ങിക്കൊള്ളും. തന്റെ അഭിഷിക്തന്റെമേൽ ഞാൻ കൈവെക്കുന്നതിന് യഹോവ ഇടവരുത്താതിരിക്കട്ടെ. ഇപ്പോൾ അയാളുടെ തലയ്ക്കൽനിന്ന് ആ കുന്തവും ജലപാത്രവും എടുത്തുകൊള്ളുക, നമുക്കു പോകാം” എന്നു പറഞ്ഞു.