1 ശമൂവേൽ 24:1-6

1 ശമൂവേൽ 24:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശൗൽ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവന് അറിവു കിട്ടി. അപ്പോൾ ശൗൽ എല്ലാ യിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരം പേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാട്ടിൻപാറകളിൽ ചെന്നു. അവൻ വഴിയരികെയുള്ള ആട്ടിൻതൊഴുത്തിങ്കൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൗൽ വിസർജനത്തിന് അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ പാർത്തിരുന്നു. ദാവീദിന്റെ ആളുകൾ അവനോട്: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. ശൗലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ട് പിന്നത്തേതിൽ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി. അവൻ തന്റെ ആളുകളോട്: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരേ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നുപറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 24 വായിക്കുക

1 ശമൂവേൽ 24:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞതിനുശേഷം മടങ്ങി വന്നപ്പോൾ ദാവീദ് എൻ-ഗെദി മരുഭൂമിയിലുണ്ടെന്നു ശൗലിന് അറിവുകിട്ടി. ഉടൻതന്നെ ഇസ്രായേല്യരിൽനിന്നു തിരഞ്ഞെടുത്ത മൂവായിരം പേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അനുയായികളെയും അന്വേഷിക്കാൻ ശൗൽ കാട്ടാടിൻ പാറകളിലേക്കു പോയി. വഴിയരികിൽ ആടുകളെ സൂക്ഷിക്കുന്ന ആലകളുടെ അടുത്ത് അദ്ദേഹം എത്തി; അവിടെയുള്ള ഒരു ഗുഹയിൽ വിസർജനത്തിനു പ്രവേശിച്ചു. ആ ഗുഹയിൽതന്നെയാണ് ദാവീദും അനുയായികളും ഒളിച്ചുപാർത്തിരുന്നത്. അനുയായികൾ ദാവീദിനോടു പറഞ്ഞു: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോടു പ്രവർത്തിക്കാം എന്നു സർവേശ്വരൻ അങ്ങയോടു പറഞ്ഞിരുന്നല്ലോ. അതിനുള്ള അവസരം ഇതാ വന്നിരിക്കുന്നു.” അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ ഒരു ഭാഗം അദ്ദേഹം അറിയാതെ മുറിച്ചെടുത്തു. അതിനെക്കുറിച്ച് ദാവീദ് പിന്നീടു ദുഃഖിച്ചു. ദാവീദ് അനുയായികളോടു പറഞ്ഞു: “എന്റെ യജമാനനെതിരായി ഒരു ദോഷവും പ്രവർത്തിക്കാൻ എനിക്ക് ഇടയാകരുതേ; അദ്ദേഹം സർവേശ്വരന്റെ അഭിഷിക്തനാണല്ലോ.”

പങ്ക് വെക്കു
1 ശമൂവേൽ 24 വായിക്കുക

1 ശമൂവേൽ 24:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ശൗല്‍ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവനു അറിവുകിട്ടി. അപ്പോൾ ശൗല്‍ എല്ലാ യിസ്രായേലിൽ നിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരം പേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അവന്‍റെ ആളുകളെയും തിരയുവാൻ കാട്ടാടുകളുടെ പാറകളിൽ ചെന്നു. അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു. ശൗല്‍ വിസർജ്ജനത്തിനായി അതിൽ കടന്നു; എന്നാൽ ദാവീദും അവന്‍റെ ആളുകളും ഗുഹയുടെ ഉള്ളിൽ താമസിച്ചിരുന്നു. ദാവീദിന്‍റെ ആളുകൾ അവനോട്: “ഞാൻ നിന്‍റെ ശത്രുവിനെ നിന്‍റെ കയ്യിൽ ഏല്പിക്കും; നിന്‍റെ ഇഷ്ടംപോലെ അവനോട് ചെയ്യാം എന്നു യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്‍റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. എന്നാൽ ശൗലിന്‍റെ മേലങ്കിയുടെ അറ്റം മുറിച്ചുകളഞ്ഞതുകൊണ്ട് ദാവീദിന്‍റെ മനസ്സിൽ വേദനയുണ്ടായി. അവൻ തന്‍റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്‍റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ” എന്നു പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 24 വായിക്കുക

1 ശമൂവേൽ 24:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശൗൽ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ടു മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദിമരുഭൂമിയിൽ ഉണ്ടെന്നു അവന്നു അറിവു കിട്ടി. അപ്പോൾ ശൗൽ എല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാട്ടിൻ പാറകളിൽ ചെന്നു. അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിങ്കൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൗൽ കാൽമടക്കത്തിന്നു അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ പാർത്തിരുന്നു. ദാവീദിന്റെ ആളുകൾ അവനോടു: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോടു അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റു ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. ശൗലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ടു പിന്നത്തേതിൽ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി. അവൻ തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‌വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 24 വായിക്കുക

1 ശമൂവേൽ 24:1-6 സമകാലിക മലയാളവിവർത്തനം (MCV)

ഫെലിസ്ത്യരെ തുരത്തിയിട്ട് ശൗൽ മടങ്ങിവന്നപ്പോൾ, “ദാവീദ് എൻ-ഗെദി മരുഭൂമിയിലുണ്ട്” എന്ന് അദ്ദേഹത്തിന് അറിവുകിട്ടി. ഇസ്രായേലിൽനിന്നെല്ലാമായി തെരഞ്ഞെടുത്ത മൂവായിരം ആളുകളെയും കൂട്ടി ശൗൽ ദാവീദിനെയും അനുയായികളെയും തെരയുന്നതിനായി കാട്ടാടിൻ പാറക്കെട്ടുകളുടെ അടുത്തേക്കുപോയി. അദ്ദേഹം വഴിയരികിലുള്ള ആട്ടിൻതൊഴുത്തുകളുടെ അടുത്തെത്തി. അവിടെ ഒരു ഗുഹയുണ്ടായിരുന്നു. വിസർജനാവശ്യത്തിന് ശൗൽ അതിൽ കടന്നു. ദാവീദും ആളുകളും ആ ഗുഹയുടെ ഏറ്റവും ഉള്ളിലുണ്ടായിരുന്നു. ദാവീദിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്: “ ‘ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം,’ എന്ന് യഹോവ അരുളിച്ചെയ്ത ദിനം ഇതാ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റുചെന്ന് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. അദ്ദേഹത്തിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തതിനാൽ പിന്നീടു ദാവീദിന് മനസ്സാക്ഷിക്കുത്തുണ്ടായി. അദ്ദേഹം തന്റെ അനുയായികളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനുനേരേ ഇത്തരമൊരു കൃത്യം ചെയ്യാനോ അദ്ദേഹത്തിനെതിരേ കൈയുയർത്താനോ യഹോവ എന്നെ അനുവദിക്കാതിരിക്കട്ടെ. അദ്ദേഹം യഹോവയുടെ അഭിഷിക്തനാണല്ലോ.”

പങ്ക് വെക്കു
1 ശമൂവേൽ 24 വായിക്കുക