1 ശമൂവേൽ 2:27-36
1 ശമൂവേൽ 2:27-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ അവർക്കു വെളിപ്പെട്ടു നിശ്ചയം. എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാൻ അവനെ യിസ്രായേലിന്റെ സകല ഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകല ദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിനു കൊടുത്തു. തിരുനിവാസത്തിൽ അർപ്പിപ്പാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാ വഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നെ കൊഴുപ്പിപ്പാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കയും ചെയ്യുന്നത് എന്ത് ? ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നത്: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു. യിസ്രായേലിന് ലഭിപ്പാനുള്ള എല്ലാ നന്മകളുടെയും മധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാകയുമില്ല. നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരുത്തനെ എന്റെ യാഗപീഠത്തിൽനിന്നു ഛേദിച്ചുകളയാതെ വച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും. നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും ഭവിപ്പാനിരിക്കുന്നതു നിനക്ക് ഒരു അടയാളം ആകും; അവർ ഇരുവരും ഒരു ദിവസത്തിൽതന്നെ മരിക്കും. എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്ത പുരോഹിതനെ ഞാൻ എനിക്ക് എഴുന്നേല്പിക്കും; അവനു ഞാൻ സ്ഥിരമായൊരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും. നിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കൽ വന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനുമായിട്ട് അവനെ കുമ്പിട്ട്: ഒരു കഷണം അപ്പം തിന്മാൻ ഇടവരേണ്ടതിന് എന്നെ ഒരു പുരോഹിതന്റെ വേലയ്ക്കാക്കേണമേ എന്ന് അപേക്ഷിക്കും.
1 ശമൂവേൽ 2:27-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു ദൈവമനുഷ്യൻ ഏലിയുടെ അടുക്കൽ വന്നു പറഞ്ഞു: “സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനക്കാർ ഈജിപ്തിൽ ഫറവോയുടെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയിരുന്നു. എന്റെ യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യാനും ധൂപാർപ്പണം നടത്താനും എന്റെ സന്നിധിയിൽ ഏഫോദു ധരിക്കാനുമായി ഇസ്രായേലിലെ സകല ഗോത്രങ്ങളിൽനിന്നുമായി അവനെ മാത്രം എന്റെ പുരോഹിതനായി തിരഞ്ഞെടുത്തു; ഇസ്രായേൽജനം ഹോമയാഗമായി അർപ്പിച്ചതെല്ലാം ഞാൻ നിന്റെ പിതൃഭവനത്തിനു കൊടുത്തു. എന്നിട്ടും എന്റെ ജനത്തിൽനിന്നു ഞാൻ ആവശ്യപ്പെടുന്ന യാഗങ്ങളെയും വഴിപാടുകളെയും നീ നിന്ദിക്കുന്നതെന്ത്? എന്റെ ജനം എനിക്കർപ്പിക്കുന്ന യാഗങ്ങളുടെ വിശിഷ്ടഭാഗം തിന്നു കൊഴുത്തിരിക്കുന്ന നീ എന്നെക്കാൾ നിന്റെ പുത്രന്മാരെ മാനിക്കുന്നത് എന്ത്? അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്റെയും നിന്റെ പിതാവിന്റെയും ഭവനം എന്റെ സന്നിധിയിൽ എക്കാലവും ശുശ്രൂഷ ചെയ്യുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു; ഇനിയും അങ്ങനെ ആയിരിക്കുകയില്ല; എന്നെ ആദരിക്കുന്നവരെ ഞാൻ ആദരിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിക്കപ്പെടും. നിന്റെ കുടുംബത്തിൽ ഒരാളും വാർധക്യത്തിലെത്താൻ ഇടയാകാത്തവിധം നിന്റെയും നിന്റെ പിതൃഭവനത്തിന്റെയും ശക്തി ഞാൻ ക്ഷയിപ്പിക്കുന്ന ദിവസം ആസന്നമായിരിക്കുന്നു. ഇസ്രായേൽജനത്തിലെ മറ്റുള്ളവർക്കു ഞാൻ നല്‌കുന്ന അനുഗ്രഹങ്ങൾ കണ്ട് നിങ്ങൾ അസ്വസ്ഥരും അസൂയാലുക്കളുമാകും; വാർധക്യത്തിലെത്തിയ ഒരാളും നിന്റെ ഭവനത്തിൽ ഉണ്ടായിരിക്കുകയില്ല. എങ്കിലും എന്റെ യാഗപീഠത്തിൽ ശുശ്രൂഷിക്കുന്നതിനു നിങ്ങളിൽ ഒരുവനെ ജീവനോടെ ഞാൻ കാത്തുസൂക്ഷിക്കും; കരഞ്ഞുകരഞ്ഞ് അവന്റെ കണ്ണു കലങ്ങുന്നതിനും ഹൃദയം ഉരുകുന്നതിനും ഇടയാക്കും. നിന്റെ സന്താനങ്ങളെല്ലാം യൗവനത്തിൽ മരിക്കും; നിന്റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരു ദിവസംതന്നെ മരിക്കും; അതു നിനക്ക് ഒരു അടയാളമായിരിക്കും. എന്റെ ഹൃദയാഭിലാഷം അനുസരിച്ചു പ്രവർത്തിക്കുന്ന വിശ്വസ്തനായ ഒരു പുരോഹിതനെ ഞാൻ തിരഞ്ഞെടുക്കും; അവന്റെ കുടുംബം ഞാൻ നിലനിർത്തും. എന്റെ അഭിഷിക്തന്റെ സന്നിധിയിൽ അവൻ നിത്യവും ശുശ്രൂഷ ചെയ്യും. നിന്റെ കുടുംബത്തിൽ അവശേഷിക്കുന്നവരെല്ലാം ഒരു വെള്ളിക്കാശിനും ഒരു അപ്പക്കഷണത്തിനുംവേണ്ടി അവന്റെ മുമ്പിൽ കുമ്പിടും; ഒരു കഷണം അപ്പം ലഭിക്കാൻ എന്നെക്കൂടെ പുരോഹിതവൃത്തിക്കു ചേർക്കണമേ എന്ന് അവർ കെഞ്ചും.”
1 ശമൂവേൽ 2:27-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽവന്ന് അവനോട് പറഞ്ഞത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ എന്നെ അഹരോന് വെളിപ്പെടുത്തി. എന്‍റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിക്കുവാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്ക് പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽ മക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്‍റെ പിതൃഭവനത്തിന് കൊടുത്തു. തിരുനിവാസത്തിൽ അർപ്പിക്കുവാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ നിന്ദിക്കുന്നത് എന്തിന്? എന്‍റെ ജനമായ യിസ്രായേലിന്റെ എല്ലാ വഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നെ കൊഴുപ്പിക്കുവാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കുകയും ചെയ്യുന്നത് എന്ത്? “അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം ശുശ്രൂഷ ചെയ്യുമെന്ന് ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നത്: അങ്ങനെ ഒരിക്കലും ആകുകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്‍റെയും നിന്റെ പിതൃഭവനത്തിന്റെയും ശക്തി തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു. യിസ്രായേലിനു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു എതിരാളിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധനും ഉണ്ടാകുകയില്ല. നിന്‍റെ മക്കളൊക്കെയും യൗവ്വനത്തിൽ മരിക്കും. നിന്‍റെ കണ്ണ് ക്ഷീണിപ്പിക്കുവാനും നിന്‍റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരാളെ എന്‍റെ യാഗപീഠത്തിൽ നിന്നു നശിപ്പിക്കാതെ വച്ചേക്കും. നിന്‍റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരേ ദിവസത്തിൽ തന്നെ മരിക്കും. അത് നിനക്ക് ഒരു അടയാളം ആകും; “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ തിരഞ്ഞെടുക്കും; അവന് ഞാൻ സ്ഥിരമായ ഒരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്‍റെ മുൻപിൽ നിത്യം ശുശ്രൂഷ ചെയ്യും. നിന്‍റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്‍റെ അടുക്കൽവന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനും ആയി അവനെ കുമ്പിട്ട് ഒരു കഷണം അപ്പം ലഭിക്കേണ്ടതിന് എന്നെ ഒരു പുരോഹിതന്റെ വേലയ്ക്കാക്കേണമേ എന്നപേക്ഷിക്കും.”
1 ശമൂവേൽ 2:27-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽ വന്നു അവനോടു പറഞ്ഞതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന്നു അടിമകളായിരുന്നപ്പോൾ ഞാൻ അവർക്കു വെളിപ്പെട്ടു നിശ്ചയം. എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിന്നു കൊടുത്തു. തിരുനിവാസത്തിൽ അർപ്പിപ്പാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കയും ചെയ്യുന്നതു എന്തു? ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു. യിസ്രായേലിന്നു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാകയുമില്ല. നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരുത്തനെ എന്റെ യാഗപീഠത്തിൽ നിന്നു ഛേദിച്ചുകളയാതെ വെച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും. നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിന്നും ഭവിപ്പാനിരിക്കുന്നതു നിനക്കു ഒരു അടയാളം ആകും; അവർ ഇരുവരും ഒരു ദിവസത്തിൽ തന്നേ മരിക്കും. എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും. നിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കൽ വന്നു ഒരു വെള്ളിക്കാശിന്നും ഒരു അപ്പത്തിന്നുമായിട്ടു അവനെ കുമ്പിട്ടു: ഒരു കഷണം അപ്പം തിന്മാൻ ഇടവരേണ്ടതിന്നു എന്നെ ഒരു പുരോഹിതന്റെ വേലെക്കാക്കേണമേ എന്നു അപേക്ഷിക്കും.
1 ശമൂവേൽ 2:27-36 സമകാലിക മലയാളവിവർത്തനം (MCV)
ഒരു ദിവസം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ പൂർവികരായ ഇസ്രായേല്യർ ഈജിപ്റ്റിൽ ഫറവോന്റെ അടിമത്തത്തിലായിരുന്നപ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വ്യക്തമായി വെളിപ്പെടുത്തിയില്ലേ? എനിക്കു പുരോഹിതനായിരിക്കുന്നതിനും എന്റെ യാഗപീഠത്തിലേക്ക് അടുത്തുവരുന്നതിനും ധൂപവർഗം കത്തിക്കുന്നതിനും എന്റെ സന്നിധിയിൽ ഏഫോദു ധരിക്കുന്നതിനുംവേണ്ടി ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഞാൻ നിന്റെ പൂർവികരെ തെരഞ്ഞെടുത്തു. ഇസ്രായേൽമക്കൾ അഗ്നിയിലൂടെ അർപ്പിക്കുന്ന സകലനിവേദ്യങ്ങളും ഞാൻ നിന്റെ പൂർവികരുടെ കുടുംബങ്ങൾക്കു നൽകി. എന്റെ തിരുനിവാസത്തിൽ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ യാഗങ്ങളും വഴിപാടുകളും നിങ്ങൾ അവഹേളിക്കുന്നതെന്ത്? എന്റെ ജനമായ ഇസ്രായേൽ അർപ്പിക്കുന്ന വഴിപാടുകളിലെ വിശിഷ്ടഭാഗങ്ങൾകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ കൊഴുപ്പിക്കുകയും അങ്ങനെ നീ എന്നെക്കാൾ കൂടുതലായി നിന്റെ മക്കളെ ആദരിക്കുകയും ചെയ്യുന്നതെന്ത്?’ “അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്നേക്കും എന്റെമുമ്പാകെ ശുശ്രൂഷ ചെയ്യുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു, നിശ്ചയം.’ എന്നാൽ ഇപ്പോൾ ഞാൻ പ്രഖ്യാപിക്കുന്നു: ‘അങ്ങനെയൊന്ന് ഇനിയും എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും, എന്നാൽ എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ കുടുംബത്തിൽ വാർധക്യത്തിലെത്തിയ ഒരു വ്യക്തിപോലും ഉണ്ടായിരിക്കാത്തവിധം ഞാൻ നിന്റെ ബലവും നിന്റെ പിതൃഭവനത്തിലെ ബലവും ക്ഷയിപ്പിക്കുന്ന നാൾ ഇതാ വരുന്നു! ദൈവം ഇസ്രായേലിനു നൽകുന്ന എല്ലാ നന്മകളും നീ എന്റെ തിരുനിവാസത്തിൽ അസൂയയോടെ നോക്കിക്കാണും. നിന്റെ കുടുംബത്തിൽ ഒരുനാളും ആരും വാർധക്യത്തോളം എത്തുകയില്ല. കണ്ണുനീരുകൊണ്ടു നിന്റെ കണ്ണു കുരുടാക്കാനും ദുഃഖംകൊണ്ടു നിന്റെ ഹൃദയം ഉരുക്കാനുംവേണ്ടി നിന്റെ ഭവനത്തിൽ ഒരുത്തനെ ഞാൻ എന്റെ യാഗപീഠത്തിൽനിന്നും ഛേദിച്ചുകളയാതെ അവശേഷിപ്പിക്കും. നിന്റെ ഭവനത്തിൽ ജനിക്കുന്ന മക്കളെല്ലാം ജീവിതത്തിലെ നിറഞ്ഞ യൗവനത്തിൽ മരിക്കും. “ ‘നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും സംഭവിക്കുന്നത് നിനക്കൊരു ചിഹ്നമായിരിക്കും. അവരിരുവരും ഒരേദിവസം മരിക്കും. എന്നാൽ ഞാൻ എനിക്കുവേണ്ടി വിശ്വസ്തനായൊരു പുരോഹിതനെ ഉയർത്തും. എന്റെ മനസ്സിലും ഹൃദയത്തിലും ഉള്ളതിന് അനുസൃതമായി അവൻ പ്രവർത്തിക്കും. ഞാനവന്റെ ഭവനത്തെ സ്ഥിരമായി സ്ഥാപിക്കും. അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം ശുശ്രൂഷചെയ്യും. അങ്ങനെ നിന്റെ കുടുംബനിരയിൽ അവശേഷിക്കുന്നവരിൽ ഓരോരുത്തരും ഒരു വെള്ളിക്കാശിനും ഒരപ്പത്തിനുംവേണ്ടി അവന്റെ മുമ്പിൽ ചെന്നു വണങ്ങി, “എന്റെ വിശപ്പു ശമിപ്പിക്കാനുള്ള വല്ല വകയും കിട്ടത്തക്കവണ്ണം പൗരോഹിത്യകർമത്തിലെ ഏതെങ്കിലുമൊരു ജോലിക്ക് എന്നെ നിയോഗിക്കണമേ” ’ എന്നു പറഞ്ഞ് അവന്റെ മുമ്പാകെ യാചിക്കും.”