1 ശമൂവേൽ 17:8-11
1 ശമൂവേൽ 17:8-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ നിന്ന് യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞത്: നിങ്ങൾ വന്നു പടയ്ക്ക് അണിനിരന്നിരിക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോട് അങ്കം പൊരുതി എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം. ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന് ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു. ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.
1 ശമൂവേൽ 17:8-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽപടയുടെ നേരെ തിരിഞ്ഞ് അയാൾ അട്ടഹസിച്ചു: “നിങ്ങൾ എന്തിനു യുദ്ധത്തിന് അണിനിരക്കുന്നു? ഞാൻ ഒരു ഫെലിസ്ത്യനാണ്; നിങ്ങൾ ശൗലിന്റെ ദാസരല്ലേ? നിങ്ങൾ ഒരാളെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നെ തോല്പിച്ചു വധിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് അടിമകളായിരിക്കും; നേരേമറിച്ചു ഞാൻ അവനെ തോല്പിച്ചു വധിച്ചാൽ നിങ്ങൾ അടിമകളായി ഞങ്ങളെ സേവിക്കണം.” അയാൾ തുടർന്ന് ഇസ്രായേല്യരെ വെല്ലുവിളിച്ചു: “എന്നോടു ദ്വന്ദ്വയുദ്ധത്തിന് ഒരാളെ അയയ്‍ക്കുവിൻ.” അയാളുടെ വാക്കുകൾ കേട്ടപ്പോൾ ശൗലും എല്ലാ ഇസ്രായേല്യരും ഭയപ്പെട്ടു വിറച്ചു.
1 ശമൂവേൽ 17:8-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്‍റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോട് യുദ്ധം ചെയ്തു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം.” ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു. ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.
1 ശമൂവേൽ 17:8-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ നിന്നു യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം. ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു. ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.
1 ശമൂവേൽ 17:8-11 സമകാലിക മലയാളവിവർത്തനം (MCV)
ഗൊല്യാത്ത് ഇസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞു: “നിങ്ങൾ എന്തിന് യുദ്ധത്തിന് അണിനിരന്നിരിക്കുന്നു? ഞാനൊരു ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ സേവകരുമല്ലേ? നിങ്ങൾ ഒരാളെ തെരഞ്ഞെടുക്കുക; അവൻ എന്റെനേരേ വരട്ടെ! അവൻ എന്നോടു പൊരുതി എന്നെ വധിക്കാൻ കഴിഞ്ഞാൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങാം. എന്നാൽ, ഞാൻ അവനെ ജയിച്ച് അവനെ കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു കീഴടങ്ങി ഞങ്ങളുടെ അടിമകളാകണം.” വീണ്ടും ആ ഫെലിസ്ത്യൻ വിളിച്ചുപറഞ്ഞു: “ഇന്നു ഞാൻ ഇസ്രായേൽ അണികളെ വെല്ലുവിളിക്കുന്നു! ഒരാളെ വിടുവിൻ; ഞങ്ങൾതമ്മിൽ പൊരുതാം.” ആ ഫെലിസ്ത്യന്റെ വാക്കുകൾ കേട്ട് ശൗലും എല്ലാ ഇസ്രായേല്യരും ഭയന്നുവിറച്ചു.