1 ശമൂവേൽ 17:4-10
1 ശമൂവേൽ 17:4-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു. അവനു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. അവനു താമ്രംകൊണ്ടുള്ള കാൽച്ചട്ടയും ചുമലിൽ താമ്രംകൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറു ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പേ നടന്നു. അവൻ നിന്ന് യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞത്: നിങ്ങൾ വന്നു പടയ്ക്ക് അണിനിരന്നിരിക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോട് അങ്കം പൊരുതി എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം. ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന് ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു.
1 ശമൂവേൽ 17:4-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലൻ മുമ്പോട്ടു വന്നു; അയാൾക്ക് ആറു മുഴവും ഒരു ചാണും ഉയരമുണ്ടായിരുന്നു. അവൻ തലയിൽ താമ്രശിരസ്ത്രം ധരിച്ചിരുന്നു. അയ്യായിരം ശേക്കെൽ ഭാരമുള്ള താമ്രകവചമാണ് അയാൾ അണിഞ്ഞിരുന്നത്. കാൽച്ചട്ടയും താമ്രംകൊണ്ടുള്ളതായിരുന്നു; താമ്രംകൊണ്ടുള്ള കുന്തം തോളിൽ തൂക്കിയിട്ടിരുന്നു. അതിന്റെ തണ്ടിന് നെയ്ത്തുതറിയിലുള്ള ഉരുൾത്തടിയുടെ വണ്ണവും അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ശേക്കെൽ ഭാരവുമുണ്ടായിരുന്നു. പരിചവാഹകൻ അയാളുടെ മുമ്പിൽ നടന്നു. ഇസ്രായേൽപടയുടെ നേരെ തിരിഞ്ഞ് അയാൾ അട്ടഹസിച്ചു: “നിങ്ങൾ എന്തിനു യുദ്ധത്തിന് അണിനിരക്കുന്നു? ഞാൻ ഒരു ഫെലിസ്ത്യനാണ്; നിങ്ങൾ ശൗലിന്റെ ദാസരല്ലേ? നിങ്ങൾ ഒരാളെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നെ തോല്പിച്ചു വധിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് അടിമകളായിരിക്കും; നേരേമറിച്ചു ഞാൻ അവനെ തോല്പിച്ചു വധിച്ചാൽ നിങ്ങൾ അടിമകളായി ഞങ്ങളെ സേവിക്കണം.” അയാൾ തുടർന്ന് ഇസ്രായേല്യരെ വെല്ലുവിളിച്ചു: “എന്നോടു ദ്വന്ദ്വയുദ്ധത്തിന് ഒരാളെ അയയ്‍ക്കുവിൻ.”
1 ശമൂവേൽ 17:4-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് ഗഥ്യയനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും ഉയരമുള്ളവൻ ആയിരുന്നു. അവന് തലയിൽ താമ്രംകൊണ്ടുള്ള തൊപ്പി ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. അവന് താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ ഒരു കുന്തവും ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്‍റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറ് ശേക്കൽ ഇരുമ്പ് ആയിരുന്നു. ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു. അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്‍റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോട് യുദ്ധം ചെയ്തു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം.” ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു.
1 ശമൂവേൽ 17:4-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു. അവന്നു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. അവന്നു താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെൽ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു. അവൻ നിന്നു യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം. ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു.
1 ശമൂവേൽ 17:4-10 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ഗത്ത്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ ഫെലിസ്ത്യരുടെ അണികളിൽനിന്നും മുമ്പോട്ടുവന്നു. അയാൾക്ക് ഒൻപതേമുക്കാൽ അടി ഉയരമുണ്ടായിരുന്നു. അയാൾ തലയിൽ വെങ്കലംകൊണ്ടുള്ള ശിരോകവചം ധരിച്ചിരുന്നു. അയ്യായിരം ശേക്കേൽ തൂക്കമുള്ള വെങ്കലക്കവചമായിരുന്നു അയാൾ ധരിച്ചിരുന്നത്. അയാൾ വെങ്കലംകൊണ്ടുള്ള കാൽച്ചട്ടയണിഞ്ഞിരുന്നു. വെങ്കലംകൊണ്ടുള്ള ഒരു വേൽ അയാളുടെ പിറകിൽ തോളിൽനിന്ന് തൂക്കിയിട്ടിരുന്നു. അയാളുടെ കുന്തത്തിന്റെ കൈപ്പിടി നെയ്ത്തുകോൽപ്പിടിപോലെ തടിച്ചതായിരുന്നു. അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ശേക്കേൽ തൂക്കമുണ്ടായിരുന്നു. അയാളുടെ പരിചക്കാരൻ അയാൾക്കുമുമ്പേ നടന്നു. ഗൊല്യാത്ത് ഇസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞു: “നിങ്ങൾ എന്തിന് യുദ്ധത്തിന് അണിനിരന്നിരിക്കുന്നു? ഞാനൊരു ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ സേവകരുമല്ലേ? നിങ്ങൾ ഒരാളെ തെരഞ്ഞെടുക്കുക; അവൻ എന്റെനേരേ വരട്ടെ! അവൻ എന്നോടു പൊരുതി എന്നെ വധിക്കാൻ കഴിഞ്ഞാൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങാം. എന്നാൽ, ഞാൻ അവനെ ജയിച്ച് അവനെ കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു കീഴടങ്ങി ഞങ്ങളുടെ അടിമകളാകണം.” വീണ്ടും ആ ഫെലിസ്ത്യൻ വിളിച്ചുപറഞ്ഞു: “ഇന്നു ഞാൻ ഇസ്രായേൽ അണികളെ വെല്ലുവിളിക്കുന്നു! ഒരാളെ വിടുവിൻ; ഞങ്ങൾതമ്മിൽ പൊരുതാം.”