1 ശമൂവേൽ 16:3-6
1 ശമൂവേൽ 16:3-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിശ്ശായിയെയും യാഗത്തിനു ക്ഷണിക്ക; നീ ചെയ്യേണ്ടത് എന്തെന്നു ഞാൻ അന്നേരം നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം. യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്‍ലഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറച്ചുകൊണ്ട് അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നെയോ എന്നു ചോദിച്ചു. അതിന് അവൻ: ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിനു വരുവിൻ എന്നുപറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു. അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ട്: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു.
1 ശമൂവേൽ 16:3-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യിശ്ശായിയെക്കൂടെ യാഗത്തിനു ക്ഷണിക്കണം; നീ ചെയ്യേണ്ടതെന്തെന്ന് ഞാൻ അന്നേരം നിന്നെ അറിയിക്കും; ഞാൻ നിർദ്ദേശിക്കുന്നവനെ എനിക്കായി അഭിഷേകം ചെയ്യണം.” അവിടുന്നു കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. അദ്ദേഹം ബേത്‍ലഹേമിലേക്കു പോയി; നഗരത്തിലെ നേതാക്കന്മാർ ഭയന്നു വിറച്ചു ശമൂവേലിനെ കാണാൻ വന്നു. “അങ്ങയുടെ വരവു സമാധാനപൂർവമോ” എന്ന് അവർ ചോദിച്ചു. ശമൂവേൽ അവരോടു പറഞ്ഞു: “അതേ, സമാധാനത്തോടെതന്നെ. ഞാൻ സർവേശ്വരനു യാഗം കഴിക്കാൻ വന്നിരിക്കുകയാണ്; നിങ്ങൾ സ്വയം ശുദ്ധീകരിച്ച് എന്റെ കൂടെ വരുവിൻ.” അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു. അവർ വന്നപ്പോൾ യിശ്ശായിയുടെ പുത്രനായ എലീയാബിനെ ശമൂവേൽ ശ്രദ്ധിച്ചു; സർവേശ്വരന്റെ അഭിഷിക്തൻ അവനായിരിക്കും എന്ന് അദ്ദേഹം കരുതി.
1 ശമൂവേൽ 16:3-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിശ്ശായിയെയും യാഗത്തിന് ക്ഷണിക്കുക; നീ ചെയ്യേണ്ടത് എന്താണ് എന്നു ഞാൻ അപ്പോൾ നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്ന ആളെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം.” യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. ബേത്ലേഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്‍റെ വരവിൽ വിറച്ചുകൊണ്ട് “നിന്‍റെ വരവ് ശുഭം തന്നെയോ?” എന്നു ചോദിച്ചു. അതിന് അവൻ: “ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിന് വരുവിൻ” എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിന് ക്ഷണിച്ചു. അവർ വന്നപ്പോൾ ശമൂവേൽ എലീയാബിനെ കണ്ടിട്ട്: “യഹോവയുടെ അഭിഷിക്തൻ അവന്‍റെ മുമ്പാകെ ഇതാ നിൽക്കുന്നു” എന്നു പറഞ്ഞു.
1 ശമൂവേൽ 16:3-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിശ്ശായിയെയും യാഗത്തിന്നു ക്ഷണിക്ക; നീ ചെയ്യേണ്ടതു എന്തെന്നു ഞാൻ അന്നേരം നിന്നോടു അറിയിക്കും; ഞാൻ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ടു അഭിഷേകം ചെയ്യേണം. യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്ത്ലേഹെമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറെച്ചുകൊണ്ടു അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു. അതിന്നു അവൻ: ശുഭം തന്നേ; ഞാൻ യഹോവെക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിൻ എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു. അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ടു: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു.
1 ശമൂവേൽ 16:3-6 സമകാലിക മലയാളവിവർത്തനം (MCV)
യിശ്ശായിയെയും യാഗത്തിനു ക്ഷണിക്കുക! നീ ചെയ്യേണ്ടതു ഞാൻ കാണിച്ചുതരും. എനിക്കുവേണ്ടി, ഞാൻ കാണിച്ചുതരുന്ന വ്യക്തിയെ നീ അഭിഷേകംചെയ്യണം.” യഹോവ കൽപ്പിച്ചതുപോലെ ശമുവേൽ ചെയ്തു. അദ്ദേഹം ബേത്ലഹേമിൽ എത്തി. പട്ടണത്തലവന്മാർ സംഭ്രമത്തോടെ അദ്ദേഹത്തെ എതിരേറ്റു. “അങ്ങയുടെ വരവ് സമാധാനത്തോടെയോ?” എന്ന് അവർ ചോദിച്ചു. അതിന് ശമുവേൽ, “അതേ, സമാധാനത്തോടെതന്നെ. ഞാൻ യഹോവയ്ക്കു യാഗം കഴിക്കാൻ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക! എന്നിട്ട് എന്നോടൊപ്പം യാഗത്തിനു വന്നുചേരുക!” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ചു; അവരെയും യാഗത്തിനു ക്ഷണിച്ചു. അവർ വന്നെത്തിയപ്പോൾ ശമുവേൽ എലീയാബിനെക്കണ്ടു. “തീർച്ചയായും യഹോവയുടെ അഭിഷിക്തൻ ഇതാ ഇവിടെ ദൈവമുമ്പാകെ നിൽക്കുന്നല്ലോ,” എന്ന് അദ്ദേഹം ചിന്തിച്ചു.