1 ശമൂവേൽ 16:1-23
1 ശമൂവേൽ 16:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യഹോവ ശമൂവേലിനോട്: യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൗലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ച് എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്‍ലഹേമ്യനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിനു ശമൂവേൽ: ഞാൻ എങ്ങനെപോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്: ഞാൻ യഹോവയ്ക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു എന്നു പറക. യിശ്ശായിയെയും യാഗത്തിനു ക്ഷണിക്ക; നീ ചെയ്യേണ്ടത് എന്തെന്നു ഞാൻ അന്നേരം നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം. യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്‍ലഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറച്ചുകൊണ്ട് അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നെയോ എന്നു ചോദിച്ചു. അതിന് അവൻ: ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിനു വരുവിൻ എന്നുപറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു. അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ട്: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു. യഹോവ ശമൂവേലിനോട്: അവന്റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു. പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാറെ അവൻ: യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്ന് അവൻ പറഞ്ഞു. അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു. നിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന് അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ട്; അവൻ ആടുകളെ മേയിക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: ആളയച്ച് അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു. ഉടനെ അവൻ ആളയച്ച് അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്ക; ഇവൻതന്നെ ആകുന്നു എന്നു കല്പിച്ചു. അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽവച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റ് രാമായിലേക്കു പോയി. എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു. അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോട്: ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ. ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു. ശൗൽ തന്റെ ഭൃത്യന്മാരോട്: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു. ബാല്യക്കാരിൽ ഒരുത്തൻ: ബേത്‍ലഹേമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടുകൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കേണം എന്നു പറയിച്ചു. യിശ്ശായി ഒരു കഴുതയെ വരുത്തി അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ് വശം ശൗലിനു കൊടുത്തയച്ചു. ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അവന്റെ മുമ്പാകെ നിന്നു; അവന് അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു. ആകയാൽ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കകൊണ്ട് അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു. ദൈവത്തിന്റെ പക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.
1 ശമൂവേൽ 16:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ ശമൂവേലിനോടു പറഞ്ഞു: “ഞാൻ ശൗലിനെ ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്നു നീക്കിയിരിക്കെ നീ അവനെക്കുറിച്ച് എത്രകാലം ദുഃഖിച്ചുകൊണ്ടിരിക്കും? കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്‍ലഹേംകാരനായ യിശ്ശായിയുടെ അടുക്കലേക്ക് അയയ്‍ക്കും; അവന്റെ മക്കളിൽ ഒരുവനെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു.” ശമൂവേൽ പറഞ്ഞു: “ഞാൻ എങ്ങനെ അവിടെ പോകും? ശൗൽ ഇതു കേട്ടാൽ എന്നെ കൊല്ലും.” സർവേശ്വരൻ അരുളിച്ചെയ്തു: “നീ ഒരു പശുക്കിടാവിനെ കൂടെ കൊണ്ടുചെന്ന് ‘ഞാൻ സർവേശ്വരനു യാഗം കഴിക്കാൻ വന്നിരിക്കുന്നു’ എന്നു പറയണം; യിശ്ശായിയെക്കൂടെ യാഗത്തിനു ക്ഷണിക്കണം; നീ ചെയ്യേണ്ടതെന്തെന്ന് ഞാൻ അന്നേരം നിന്നെ അറിയിക്കും; ഞാൻ നിർദ്ദേശിക്കുന്നവനെ എനിക്കായി അഭിഷേകം ചെയ്യണം.” അവിടുന്നു കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. അദ്ദേഹം ബേത്‍ലഹേമിലേക്കു പോയി; നഗരത്തിലെ നേതാക്കന്മാർ ഭയന്നു വിറച്ചു ശമൂവേലിനെ കാണാൻ വന്നു. “അങ്ങയുടെ വരവു സമാധാനപൂർവമോ” എന്ന് അവർ ചോദിച്ചു. ശമൂവേൽ അവരോടു പറഞ്ഞു: “അതേ, സമാധാനത്തോടെതന്നെ. ഞാൻ സർവേശ്വരനു യാഗം കഴിക്കാൻ വന്നിരിക്കുകയാണ്; നിങ്ങൾ സ്വയം ശുദ്ധീകരിച്ച് എന്റെ കൂടെ വരുവിൻ.” അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു. അവർ വന്നപ്പോൾ യിശ്ശായിയുടെ പുത്രനായ എലീയാബിനെ ശമൂവേൽ ശ്രദ്ധിച്ചു; സർവേശ്വരന്റെ അഭിഷിക്തൻ അവനായിരിക്കും എന്ന് അദ്ദേഹം കരുതി. എന്നാൽ സർവേശ്വരൻ അദ്ദേഹത്തോടു പറഞ്ഞു: “അവന്റെ ബാഹ്യരൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യൻ നോക്കുന്ന വിധമല്ല ഞാൻ നോക്കുന്നത്; മനുഷ്യൻ ബാഹ്യരൂപം നോക്കുന്നു; സർവേശ്വരനായ ഞാനാകട്ടെ ഹൃദയത്തെ നോക്കുന്നു.” പിന്നീട് യിശ്ശായി തന്റെ രണ്ടാമത്തെ പുത്രനായ അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പിൽ വരുത്തി; അവനെയും സർവേശ്വരൻ തിരഞ്ഞെടുത്തിട്ടില്ല എന്നു ശമൂവേൽ പറഞ്ഞു. അതിനുശേഷം യിശ്ശായി ശമ്മയെ വിളിച്ചു; ഇവനെയും അവിടുന്നു തിരഞ്ഞെടുത്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ യിശ്ശായി തന്റെ ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വിളിച്ചു വരുത്തി; എന്നാൽ അദ്ദേഹം യിശ്ശായിയോടു പറഞ്ഞു: “സർവേശ്വരൻ ഇവരിൽ ആരെയും തിരഞ്ഞെടുത്തിട്ടില്ല. നിന്റെ പുത്രന്മാർ എല്ലാവരും ഇവിടെ വന്നുവോ” എന്നു ശമൂവേൽ ചോദിച്ചു. “ഇനിയും ഏറ്റവും ഇളയപുത്രനുണ്ട്; അവൻ ആടുകളെ മേയ്‍ക്കുകയാണ്” എന്നു യിശ്ശായി പറഞ്ഞു. “അവനെക്കൂടെ വരുത്തുക; അവൻ വന്നതിനുശേഷമേ ഞങ്ങൾ ഭക്ഷണം കഴിക്കുകയുള്ളൂ” എന്നു ശമൂവേൽ പറഞ്ഞു. ഉടനെ യിശ്ശായി ആളയച്ച് അവനെ വരുത്തി; അവൻ പവിഴനിറവും മനോഹര നയനങ്ങളും ഉള്ള കോമളനായിരുന്നു. അപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തു: “ഇവനെ അഭിഷേകം ചെയ്യുക; ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത് ഇവനെയാണ്.” ശമൂവേൽ തൈലം നിറച്ച കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ മുമ്പിൽ വച്ച് അവനെ അഭിഷേകം ചെയ്തു. അന്നുമുതൽ സർവേശ്വരന്റെ ആത്മാവ് ശക്തമായി ദാവീദിന്റെമേൽ വ്യാപരിച്ചു; പിന്നീട് ശമൂവേൽ രാമായിലേക്ക് മടങ്ങിപ്പോയി. സർവേശ്വരന്റെ ആത്മാവു ശൗലിനെ വിട്ടുമാറി; അവിടുന്ന് അയച്ച ഒരു ദുരാത്മാവ് അദ്ദേഹത്തെ പീഡിപ്പിച്ചു. ശൗലിന്റെ ഭൃത്യന്മാർ അദ്ദേഹത്തോടു പറഞ്ഞു: “സർവേശ്വരൻ അയച്ച ഒരു ദുരാത്മാവ് അങ്ങയെ പീഡിപ്പിക്കുന്നു. അതുകൊണ്ട് കിന്നരം വായനയിൽ നിപുണനായ ഒരാളെ കണ്ടുപിടിക്കാൻ അങ്ങു ഞങ്ങളോടു കല്പിച്ചാലും. ദുരാത്മാവ് അങ്ങയെ ആവേശിക്കുമ്പോൾ അവൻ കിന്നരം വായിക്കും; അത് അങ്ങേക്ക് ആശ്വാസം നല്‌കും.” ശൗൽ തന്റെ ഭൃത്യന്മാരോടു “നന്നായി കിന്നരം വായിക്കുന്ന ഒരാളെ കണ്ടുപിടിച്ചു തന്റെ അടുക്കൽ കൊണ്ടുവരാൻ” കല്പിച്ചു. ഭൃത്യന്മാരിൽ ഒരാൾ പറഞ്ഞു: “ബേത്‍ലഹേംകാരനായ യിശ്ശായിയുടെ ഒരു പുത്രനെ എനിക്കറിയാം. അവൻ കിന്നരം വായനയിൽ നിപുണനും ശൂരനും യുദ്ധവീരനും വാഗ്മിയും കോമളരൂപനും ആണ്; സർവേശ്വരൻ അവന്റെ കൂടെയുണ്ട്.” “ആടു മേയ്‍ക്കുന്ന നിന്റെ പുത്രൻ ദാവീദിനെ എന്റെ അടുക്കൽ അയയ്‍ക്കുക” എന്ന സന്ദേശവുമായി ശൗൽ ദൂതന്മാരെ യിശ്ശായിയുടെ അടുക്കൽ അയച്ചു. യിശ്ശായി ഒരു കഴുതയുടെ പുറത്ത് കുറെ അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ പുത്രൻ ദാവീദുവശം ശൗലിനു കൊടുത്തയച്ചു. ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തിന്റെ സേവകനായിത്തീർന്നു. ശൗൽ അവനെ വളരെ ഇഷ്ടപ്പെട്ടു; ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. ശൗൽ യിശ്ശായിയുടെ അടുക്കൽ സന്ദേശവാഹകരെ അയച്ച് അറിയിച്ചു: “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നു; അതുകൊണ്ട് അവൻ എന്റെ കൂടെ പാർക്കട്ടെ.” ദൈവം അയച്ച ദുരാത്മാവ് ശൗലിനെ ബാധിക്കുമ്പോഴെല്ലാം ദാവീദ് കിന്നരം എടുത്തു വായിക്കും; അപ്പോൾ ശൗലിന് ആശ്വാസവും സൗഖ്യവും ലഭിക്കുകയും ദുരാത്മാവ് അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്യും.
1 ശമൂവേൽ 16:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം യഹോവ ശമൂവേലിനോട്: “യിസ്രായേലിന്‍റെ രാജസ്ഥാനത്ത് നിന്ന് ഞാൻ ശൗലിനെ മാറ്റി എന്നറിഞ്ഞ് നീ അവനെക്കുറിച്ച് എത്രകാലം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ച് പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്റെ മക്കളിൽ ഒരാളെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു” എന്നു കല്പിച്ചു. അതിന് ശമൂവേൽ: “ഞാൻ എങ്ങനെ പോകും? ശൗല്‍ കേട്ടാൽ എന്നെ കൊല്ലും” എന്നു പറഞ്ഞു. അപ്പോൾ യഹോവ: “നീ ഒരു പശുക്കിടാവിനെ കൊണ്ടുചെന്ന്, ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു എന്നു പറയുക. യിശ്ശായിയെയും യാഗത്തിന് ക്ഷണിക്കുക; നീ ചെയ്യേണ്ടത് എന്താണ് എന്നു ഞാൻ അപ്പോൾ നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്ന ആളെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം.” യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. ബേത്ലേഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്‍റെ വരവിൽ വിറച്ചുകൊണ്ട് “നിന്‍റെ വരവ് ശുഭം തന്നെയോ?” എന്നു ചോദിച്ചു. അതിന് അവൻ: “ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിന് വരുവിൻ” എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിന് ക്ഷണിച്ചു. അവർ വന്നപ്പോൾ ശമൂവേൽ എലീയാബിനെ കണ്ടിട്ട്: “യഹോവയുടെ അഭിഷിക്തൻ അവന്‍റെ മുമ്പാകെ ഇതാ നിൽക്കുന്നു” എന്നു പറഞ്ഞു. യഹോവ ശമൂവേലിനോട്: “അവന്‍റെ ശാരീരിക രൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നത് പോലെയല്ല; മനുഷ്യൻ പുറമെ കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്നു അരുളിച്ചെയ്തു. പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്റെ മുമ്പിൽ വരുത്തി; അപ്പോൾ ശമൂവേൽ: “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു. പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. “ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല” എന്നു അവൻ പറഞ്ഞു. അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: “യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു. “നിന്റെ പുത്രന്മാർ എല്ലാവരും ഇവിടെ വന്നോ?” എന്നു ശമൂവേൽ ചോദിച്ചു. അതിന് അവൻ: “ഇനിയും ഏറ്റവും ഇളയ പുത്രൻ ഉണ്ട്; അവൻ ആടുകളെ മേയ്ക്കയാകുന്നു” എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: “അവനെ ആളയച്ച് വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു. ഉടനെ അവർ അവനെ ആളയച്ച് വരുത്തി. എന്നാൽ അവൻ പവിഴനിറമുള്ളവനും, സുന്ദരമായകണ്ണുകൾ ഉള്ളവനും, കോമളരൂപം ഉള്ളവനും ആയിരുന്നു. അപ്പോൾ യഹോവ അരുളിച്ചെയ്തു: “എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്യുക; ഞാൻ തെരഞ്ഞെടുത്തവൻ ഇവൻ തന്നെ ആകുന്നു” എന്നു കല്പിച്ചു. അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽ വച്ചു അവനെ അഭിഷേകം ചെയ്തു. യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വ്യാപരിച്ചു. ശമൂവേൽ എഴുന്നേറ്റ് രാമയിലേക്ക് പോയി. എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു. അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോട്: “ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ. അതുകൊണ്ട് കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്ക് കല്പന തരേണം; എന്നാൽ ദൈവത്തിൽനിന്ന് ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ട് കിന്നരം വായിക്കുകയും തിരുമേനിക്ക് ഭേദം വരികയും ചെയ്യും” എന്നു പറഞ്ഞു. ശൗല്‍ തന്‍റെ ഭൃത്യന്മാരോട്: “കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിച്ചുകൊണ്ടുവരുവിൻ” എന്നു കല്പിച്ചു. ബാല്യക്കാരിൽ ഒരുവൻ: “ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും, ധൈര്യശാലിയായ യോദ്ധാവും, വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവ അവനോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. അതുകൊണ്ട് ശൗല്‍ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ആട്ടിടയനായ നിന്‍റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കണം” എന്നു പറയിച്ചു. യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദിന്‍റെ കൈവശം ശൗലിന് കൊടുത്തയച്ചു. ദാവീദ് ശൗലിന്റെ അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; ശൗലിന് അവനോട് വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു. അതുകൊണ്ട് ശൗല്‍ യിശ്ശായിയുടെ അടുക്കൽ ആളയച്ച്: “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നതിനാൽ അവൻ എന്റെ അടുക്കൽ താമസിക്കട്ടെ” എന്നു പറയിച്ചു. ദൈവത്തിന്‍റെ അടുക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.
1 ശമൂവേൽ 16:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യഹോവ ശമൂവേലിനോടു: യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൗലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറെച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലേഹെമ്യനായ യിശ്ശായിയുടെ അടുക്കൽ അയക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന്നു ശമൂവേൽ: ഞാൻ എങ്ങനെ പോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്നു: ഞാൻ യഹോവെക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു എന്നു പറക. യിശ്ശായിയെയും യാഗത്തിന്നു ക്ഷണിക്ക; നീ ചെയ്യേണ്ടതു എന്തെന്നു ഞാൻ അന്നേരം നിന്നോടു അറിയിക്കും; ഞാൻ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ടു അഭിഷേകം ചെയ്യേണം. യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്ത്ലേഹെമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറെച്ചുകൊണ്ടു അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു. അതിന്നു അവൻ: ശുഭം തന്നേ; ഞാൻ യഹോവെക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിൻ എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു. അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ടു: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു. യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു. പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാറെ അവൻ: യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്നു അവൻ പറഞ്ഞു. അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോടു: യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു. നിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന്നു അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ടു; അവൻ ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോടു: ആളയച്ചു അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു. ഉടനെ അവൻ ആളയച്ചു അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവൻ തന്നേ ആകുന്നു എന്നു കല്പിച്ചു. അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽവെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റു രാമയിലേക്കു പോയി. എന്നാൽ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു. അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ. ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു. ശൗൽ തന്റെ ഭൃത്യന്മാരോടു: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു. ബാല്യക്കാരിൽ ഒരുത്തൻ: ബേത്ത്ലേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ടു; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കേണം എന്നു പറയിച്ചു. യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ്‌വശം ശൗലിന്നു കൊടുത്തയച്ചു. ദാവീദ് ശൗലിന്റെ അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായ്തീർന്നു. ആകയാൽ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു. ദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൗലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.
1 ശമൂവേൽ 16:1-23 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ ശമുവേലിനോട് അരുളിച്ചെയ്തു: “ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്ന് ഞാൻ ശൗലിനെ തള്ളിക്കളഞ്ഞിരിക്കുകയാൽ നീ അവനുവേണ്ടി എത്രനാൾ വിലപിക്കും? നീ കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ലഹേമിൽ യിശ്ശായിയുടെ അടുത്തേക്കയയ്ക്കുന്നു. അവന്റെ പുത്രന്മാരിൽ ഒരുവനെ ഞാൻ രാജാവായി തെരഞ്ഞെടുത്തിരിക്കുന്നു.” എന്നാൽ ശമുവേൽ ചോദിച്ചു: “യഹോവേ, ഞാനെങ്ങനെ പോകും? ശൗൽ ഇതേപ്പറ്റി അറിഞ്ഞ് എന്നെ കൊന്നുകളയുമല്ലോ!” യഹോവ അതിനു മറുപടികൊടുത്തു: “നീ ഒരു പശുക്കിടാവുമായി പോകുക. ‘ഞാൻ യഹോവയ്ക്കു യാഗം കഴിക്കാൻ വന്നിരിക്കുന്നു,’ എന്നു പറയുക. യിശ്ശായിയെയും യാഗത്തിനു ക്ഷണിക്കുക! നീ ചെയ്യേണ്ടതു ഞാൻ കാണിച്ചുതരും. എനിക്കുവേണ്ടി, ഞാൻ കാണിച്ചുതരുന്ന വ്യക്തിയെ നീ അഭിഷേകംചെയ്യണം.” യഹോവ കൽപ്പിച്ചതുപോലെ ശമുവേൽ ചെയ്തു. അദ്ദേഹം ബേത്ലഹേമിൽ എത്തി. പട്ടണത്തലവന്മാർ സംഭ്രമത്തോടെ അദ്ദേഹത്തെ എതിരേറ്റു. “അങ്ങയുടെ വരവ് സമാധാനത്തോടെയോ?” എന്ന് അവർ ചോദിച്ചു. അതിന് ശമുവേൽ, “അതേ, സമാധാനത്തോടെതന്നെ. ഞാൻ യഹോവയ്ക്കു യാഗം കഴിക്കാൻ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക! എന്നിട്ട് എന്നോടൊപ്പം യാഗത്തിനു വന്നുചേരുക!” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ചു; അവരെയും യാഗത്തിനു ക്ഷണിച്ചു. അവർ വന്നെത്തിയപ്പോൾ ശമുവേൽ എലീയാബിനെക്കണ്ടു. “തീർച്ചയായും യഹോവയുടെ അഭിഷിക്തൻ ഇതാ ഇവിടെ ദൈവമുമ്പാകെ നിൽക്കുന്നല്ലോ,” എന്ന് അദ്ദേഹം ചിന്തിച്ചു. എന്നാൽ യഹോവ ശമുവേലിനോടു കൽപ്പിച്ചു: “അവന്റെ രൂപമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു; മനുഷ്യൻ കാണുന്നതുപോലെയല്ല യഹോവ കാണുന്നത്. മനുഷ്യൻ പുറമേയുള്ള രൂപം നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” ഇതിനുശേഷം യിശ്ശായി അബീനാദാബിനെ വിളിച്ച് ശമുവേലിന്റെ മുമ്പാകെ വരുത്തി. “ഇവനെയും യഹോവ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. പിന്നെ യിശ്ശായി ശമ്മായെ വരുത്തി. “ഇവനെയും യഹോവ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. യിശ്ശായി തന്റെ ഏഴു പുത്രന്മാരെയും ശമുവേലിന്റെ മുമ്പാകെ വരുത്തി. എന്നാൽ “യഹോവ ഇവരെ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. അതുകൊണ്ട് അദ്ദേഹം യിശ്ശായിയോട്, “ഇത്രയും പുത്രന്മാർമാത്രമാണോ നിനക്കുള്ളത്” എന്നു ചോദിച്ചു. യിശ്ശായി മറുപടി പറഞ്ഞു: “ഇനിയും ഏറ്റവും ഇളയവനുണ്ട്. അവൻ ആടുകളെ മേയിക്കുകയാണ്.” ശമുവേൽ പറഞ്ഞു: “ആളയച്ച് അവനെ വരുത്തുക. അവൻ വന്നെത്തുന്നതുവരെ നാം ഭക്ഷണത്തിനിരിക്കുകയില്ല.” അതിനാൽ യിശ്ശായി ആളയച്ച് അവനെ വരുത്തി. അവൻ ചെമപ്പുനിറമുള്ളവനും അഴകുറ്റ കണ്ണുകളുള്ള അതിസുന്ദരനും ആയിരുന്നു. അപ്പോൾ യഹോവ കൽപ്പിച്ചു: “എഴുന്നേറ്റ് അവനെ അഭിഷേകംചെയ്യുക; അവനാണ് തെരഞ്ഞെടുക്കപ്പെട്ടവൻ!” അതിനാൽ ശമുവേൽ തൈലംനിറച്ച കൊമ്പെടുത്ത് അവന്റെ സഹോദരന്മാരുടെ സാന്നിധ്യത്തിൽ ദാവീദിനെ അഭിഷേകംചെയ്തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ശക്തിയോടെ ദാവീദിന്മേൽവന്ന് ആവസിച്ചു. അതിനെത്തുടർന്നു ശമുവേൽ രാമായിലേക്കു മടങ്ങിപ്പോയി. അപ്പോൾത്തന്നെ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടകന്നു. യഹോവ അയച്ച ഒരു ദുരാത്മാവ് അദ്ദേഹത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ശൗലിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്, “ദൈവം അയച്ച ഒരു ദുരാത്മാവ് അങ്ങയെ ബാധിച്ചിരിക്കുന്നു. കിന്നരം വായനയിൽ നിപുണനായ ഒരാളെ തെരഞ്ഞു കണ്ടുപിടിക്കാൻ അടിയങ്ങൾക്കു കൽപ്പന തന്നാലും! ദൈവത്തിൽനിന്ന് ദുരാത്മാവ് അങ്ങയുടെമേൽ വരുമ്പോൾ അയാൾ കിന്നരം വായിക്കും. തിരുമനസ്സിന് ആശ്വാസം തോന്നുകയും ചെയ്യും” എന്നു പറഞ്ഞു. “കിന്നരം വായനയിൽ നിപുണനായ ഒരുവനെ കണ്ടുപിടിച്ച് എന്റെമുമ്പിൽ കൊണ്ടുവരിക,” എന്ന് ശൗൽ തന്റെ ഭൃത്യന്മാർക്കു കൽപ്പനകൊടുത്തു. ശൗലിന്റെ ഭൃത്യന്മാരിൽ ഒരുവൻ പറഞ്ഞു: “ബേത്ലഹേമ്യനായ യിശ്ശായിയുടെ പുത്രന്മാരിൽ ഒരുവനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരം വായനയിൽ നിപുണനും പരാക്രമശാലിയായ യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളരൂപമുള്ളവനുമാണ്. യഹോവയും അവനോടുകൂടെയുണ്ട്.” അപ്പോൾ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ച്, “ആടുകളെ മേയിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കുക” എന്നു പറയിച്ചു. അതിനാൽ യിശ്ശായി ഒരു കഴുതയെ വരുത്തി, അപ്പവും ഒരു തുരുത്തി വീഞ്ഞും ഒരു കോലാട്ടിൻകുട്ടിയെയും കയറ്റി അവയെ തന്റെ മകൻ ദാവീദുവശം ശൗലിനു കൊടുത്തയച്ചു. ദാവീദ് ശൗലിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ മുമ്പാകെ നിന്നു. ശൗലിന് അവനോടു വളരെ സ്നേഹമായി. അവൻ ശൗലിന്റെ ആയുധവാഹകന്മാരിൽ ഒരാളായിത്തീർന്നു. അപ്പോൾ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ച്, “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നു. അവൻ എന്റെ അടുക്കൽ താമസിക്കട്ടെ” എന്നു പറയിച്ചു. ദൈവം അയച്ച ദുരാത്മാവ് ശൗലിന്റെമേൽ വരുമ്പോൾ ദാവീദ് കിന്നരമെടുത്തു വായിക്കും. അപ്പോൾ ശൗലിന് ആശ്വാസവും സുഖവും ലഭിക്കും; ദുരാത്മാവ് അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്യും.