1 ശമൂവേൽ 15:7-22

1 ശമൂവേൽ 15:7-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ ശൗൽ ഹവീലാമുതൽ മിസ്രയീമിനു കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു. അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെയൊക്കെയും വാളിന്റെ വായ്ത്തലയാൽ നിർമ്മൂലമാക്കി. എന്നാൽ ശൗലും ജനവും ആഗാഗിനെയും ആട്, മാട്, തടിച്ച മൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെയൊക്കെയും നിർമ്മൂലമാക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെയൊക്കെയും അവർ നിർമ്മൂലമാക്കിക്കളഞ്ഞു. അപ്പോൾ യഹോവയുടെ അരുളപ്പാട് ശമൂവേലിനുണ്ടായത് എന്തെന്നാൽ: ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവൻ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവർത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന് വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു. ശമൂവേൽ ശൗലിനെ എതിരേല്പാൻ അതികാലത്ത് എഴുന്നേറ്റപ്പോൾ ശൗൽ കർമ്മേലിൽ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞ് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി. പിന്നെ ശമൂവേൽ ശൗലിന്റെ അടുക്കൽ എത്തിയപ്പോൾ ശൗൽ അവനോട്: യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിനു ശമൂവേൽ: എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും എന്ത് എന്നു ചോദിച്ചു. അവയെ അമാലേക്യരുടെ പക്കൽനിന്ന് അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നിർമ്മൂലമാക്കിക്കളഞ്ഞു എന്നു ശൗൽ പറഞ്ഞു. ശമൂവേൽ ശൗലിനോട്: നില്ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവൻ അവനോട്: പറഞ്ഞാലും എന്നു പറഞ്ഞു. അപ്പോൾ ശമൂവേൽ പറഞ്ഞത്: നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ? പിന്നെ യഹോവ നിന്നെ ഒരു വഴിക്ക് അയച്ചു: നീ ചെന്ന് അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു. അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളയ്ക്കു ചാടി യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തതെന്ത്? ശൗൽ ശമൂവേലിനോട്: ഞാൻ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കു പോയി അമാലേക്യരാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു. എന്നാൽ ജനം ശപഥാർപ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്ന് എടുത്ത് ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു. ശമൂവേൽ പറഞ്ഞത്: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്.

പങ്ക് വെക്കു
1 ശമൂവേൽ 15 വായിക്കുക

1 ശമൂവേൽ 15:7-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് ശൗൽ ഹവീലാമുതൽ ഈജിപ്തിനു കിഴക്ക് ശൂർവരെ ചെന്ന് അമാലേക്യരെ സംഹരിച്ചു. അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിക്കുകയും ജനത്തെ വാളിന് ഇരയാക്കുകയും ചെയ്തു. ശൗലും കൂടെയുള്ള ജനവും ആഗാഗിനെ വധിച്ചില്ല. ആടുമാടുകൾ, തടിച്ചുകൊഴുത്ത മൃഗങ്ങൾ, കുഞ്ഞാടുകൾ എന്നിവയിൽ ഏറ്റവും നല്ലവയെയും ഉത്തമമായ മറ്റു സകലതിനെയും നശിപ്പിക്കാതെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ അവർ നശിപ്പിച്ചു. സർവേശ്വരൻ ശമൂവേലിനോട് അരുളിച്ചെയ്തു: “ശൗലിനെ രാജാവായി വാഴിച്ചതിൽ ഞാൻ ഖേദിക്കുന്നു; അവൻ എന്നെ വിട്ടകലുകയും എന്റെ കല്പനകൾ ലംഘിക്കുകയും ചെയ്തിരിക്കുന്നു.” അതു കേട്ടപ്പോൾ ശമൂവേൽ കുപിതനായി; അദ്ദേഹം രാത്രി മുഴുവൻ സർവേശ്വരനോടു കരഞ്ഞു പ്രാർഥിച്ചു. ശൗലിനെ കാണാൻ അതിരാവിലെ ശമൂവേൽ എഴുന്നേറ്റു; എന്നാൽ ശൗൽ കർമ്മേലിലെത്തി തനിക്കുവേണ്ടി ഒരു വിജയസ്തംഭം നാട്ടിയശേഷം ഗില്ഗാലിലേക്കു മടങ്ങിപ്പോയി എന്ന് അദ്ദേഹത്തിന് അറിവുകിട്ടി. ശമൂവേൽ ശൗലിന്റെ അടുക്കൽ എത്തിയപ്പോൾ ശൗൽ പറഞ്ഞു: “അങ്ങ് സർവേശ്വരനാൽ അനുഗൃഹീതൻ; ഞാൻ അവിടുത്തെ കല്പന നിറവേറ്റിക്കഴിഞ്ഞു.” ശമൂവേൽ ചോദിച്ചു: “അങ്ങനെയെങ്കിൽ ഞാൻ കേൾക്കുന്ന ആടുകളുടെ കരച്ചിലും കാളകളുടെ മുക്രയിടലും എന്താണ്?” ശൗൽ പ്രതിവചിച്ചു: “അവയെ എന്റെ ജനം അമാലേക്യരിൽനിന്നു പിടിച്ചെടുത്തു കൊണ്ടുവന്നതാണ്. ഏറ്റവും നല്ല ആടുമാടുകളെ സർവേശ്വരനു യാഗം അർപ്പിക്കാൻ സൂക്ഷിച്ചിരിക്കുന്നു. ബാക്കിയുള്ളവയെ ഞങ്ങൾ നിശ്ശേഷം നശിപ്പിച്ചു.” ശമൂവേൽ പറഞ്ഞു: “നിർത്തൂ, കഴിഞ്ഞ രാത്രിയിൽ സർവേശ്വരൻ എന്നോട് അരുളിച്ചെയ്തതു ഞാൻ താങ്കളെ അറിയിക്കാം.” ശൗൽ പറഞ്ഞു: “അറിയിച്ചാലും.” ശമൂവേൽ പറഞ്ഞു: “നിന്റെ കണ്ണിനു നീ ചെറിയവനെങ്കിലും നീ ഇസ്രായേൽഗോത്രങ്ങളുടെ നേതാവല്ലേ? ഇസ്രായേലിന്റെ രാജാവായി സർവേശ്വരൻ നിന്നെ അഭിഷേകം ചെയ്തു. പാപികളായ അമാലേക്യരെ നശിപ്പിക്കണം, അവർ നിശ്ശേഷം നശിക്കുന്നതുവരെ പോരാടണം എന്ന നിയോഗവുമായി അവിടുന്നു നിന്നെ അയച്ചു. എന്തുകൊണ്ട് നീ സർവേശ്വരനെ അനുസരിച്ചില്ല? കൊള്ളമുതൽ പിടിച്ചെടുക്കുകയും അങ്ങനെ സർവേശ്വരനു ഹിതകരമല്ലാത്തതു നീ പ്രവർത്തിക്കുകയും ചെയ്തല്ലോ.” ശൗൽ പറഞ്ഞു: “ഞാൻ സർവേശ്വരന്റെ കല്പന അനുസരിച്ചു; അവിടുന്ന് എന്നെ ഏല്പിച്ചിരുന്ന ദൗത്യം നിറവേറ്റി; അമാലേക്യരുടെ രാജാവായ ആഗാഗിനെ പിടിച്ചുകൊണ്ടുവരികയും അമാലേക്യരെയെല്ലാം നശിപ്പിക്കുകയും ചെയ്തു. എന്നാൽ നശിപ്പിക്കപ്പെടേണ്ട കൊള്ളമുതലിൽ ഏറ്റവും നല്ല ആടുമാടുകളെ അങ്ങയുടെ ദൈവമായ സർവേശ്വരനു യാഗം കഴിക്കാൻ ജനം ഗില്ഗാലിൽ കൊണ്ടുവന്നിരിക്കുന്നു.” ശമൂവേൽ ചോദിച്ചു: “സർവേശ്വരന്റെ കല്പന അനുസരിക്കുന്നതോ അവിടുത്തേക്ക് ഹോമയാഗങ്ങളും മറ്റു യാഗങ്ങളും അർപ്പിക്കുന്നതോ ഏതാണ് അവിടുത്തേക്ക് പ്രസാദകരം? അനുസരിക്കുന്നതു യാഗാർപ്പണത്തെക്കാൾ ഉത്തമം; ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം.

പങ്ക് വെക്കു
1 ശമൂവേൽ 15 വായിക്കുക

1 ശമൂവേൽ 15:7-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിന്നെ ശൗല്‍ ഹവീലാ മുതൽ മിസ്രയീമിന് കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു. അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ച്, എല്ലാ ജനങ്ങളെയും വാൾകൊണ്ട് നശിപ്പിച്ചു. എന്നാൽ ശൗലും ജനവും ആഗാഗിനെയും ആട്, കാള, തടിച്ചമൃഗം, കുഞ്ഞാട് എന്നിവയിൽ ഏറ്റവും നല്ലവയെയും ഒഴിവാക്കി. നല്ല ഇനങ്ങളെ ഒക്കെയും നശിപ്പിക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; വെറുക്കപ്പെട്ടതും നിസ്സാരവുമായവയെ ഒക്കെയും അവർ നശിപ്പിച്ചുകളഞ്ഞു. അപ്പോൾ യഹോവയുടെ അരുളപ്പാട് ശമൂവേലിന് ഉണ്ടായത് എന്തെന്നാൽ: “ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്ക് മനോവ്യസനം ഉണ്ടായിരിക്കുന്നു; അവൻ എന്നെ അനുസരിക്കുന്നില്ല; എന്‍റെ കല്പനകളെ പാലിക്കുന്നതുമില്ല.” ഇത് കേട്ടപ്പോൾ ശമൂവേലിന് വ്യസനമായി; അവൻ രാത്രിമുഴുവനും യഹോവയോട് നിലവിളിച്ചു. ശമൂവേൽ ശൗലിനെ കാണുവാൻ അതികാലത്ത് എഴുന്നേറ്റു. അപ്പോൾ ശൗല്‍ കർമ്മേലിൽ എത്തിയെന്നും അവിടെ തനിക്കായി ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിഞ്ഞ് തിരിച്ച് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി. പിന്നെ ശമൂവേൽ ശൗലിന്‍റെ അടുക്കൽ എത്തിയപ്പോൾ ശൗല്‍ അവനോട്: “യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതിന് ശമൂവേൽ: “എന്‍റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചിലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും എന്ത്?” എന്നു ചോദിച്ചു. “അവയെ അമാലേക്യരുടെ അടുക്കൽനിന്ന് അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും നല്ല ഇനങ്ങളെ നിന്‍റെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നശിപ്പിച്ചുകളഞ്ഞു” എന്നു ശൗല്‍ പറഞ്ഞു. ശമൂവേൽ ശൗലിനോട്: “നീ അല്പസമയം മൗനമായിരിക്കുക; യഹോവ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും” എന്നു പറഞ്ഞു. അവൻ അവനോട്: “പറഞ്ഞാലും” എന്നു പറഞ്ഞു. അപ്പോൾ ശമൂവേൽ പറഞ്ഞത്: “നിന്‍റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്ക് തലവനാക്കുകയും യിസ്രായേലിന്‍റെ രാജാവായി നിന്നെ അഭിഷേകം കഴിക്കുകയും ചെയ്തില്ലയോ? പിന്നെ യഹോവ നിന്നെ ഒരു ദൗത്യം ഏൽപ്പിച്ചു: നീ ചെന്നു അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോട് പൊരുതുകയും ചെയ്യുക എന്നു കല്പിച്ചു. അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതിരുന്നതെന്തുകൊണ്ട്? നീ കവർച്ച വസ്തുക്കളുടെ മേൽ ചാടിവീണ് യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തതെന്ത്?” ശൗല്‍ ശമൂവേലിനോട്: “ഞാൻ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കുപോയി. അമാലേക് രാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു. എന്നാൽ ജനം കൊള്ളവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ എടുത്ത് ഗില്ഗാലിൽ നിന്‍റെ ദൈവമായ യഹോവയ്ക്ക് യാഗംകഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു. ശമൂവേൽ പറഞ്ഞത്: “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ തടിച്ചു കൊഴുത്ത മാംസത്തെക്കാളും നല്ലത്.

പങ്ക് വെക്കു
1 ശമൂവേൽ 15 വായിക്കുക

1 ശമൂവേൽ 15:7-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ ശൗൽ ഹവീലാമുതൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു. അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ നിർമ്മൂലമാക്കി. എന്നാൽ ശൗലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിർമ്മൂലമാക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവർ നിർമ്മൂലമാക്കിക്കളഞ്ഞു. അപ്പോൾ യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാൽ: ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവൻ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന്നു വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു. ശമൂവേൽ ശൗലിനെ എതിരേല്പാൻ അതികാലത്തു എഴുന്നേറ്റപ്പോൾ ശൗൽ കർമ്മേലിൽ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി. പിന്നെ ശമൂവേൽ ശൗലിന്റെ അടുക്കൽ എത്തിയപ്പോൾ ശൗൽ അവനോടു: യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു ശമൂവേൽ: എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും എന്തു എന്നു ചോദിച്ചു. അവയെ അമാലേക്യരുടെ പക്കൽനിന്നു അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നിർമ്മൂലമാക്കിക്കളഞ്ഞു എന്നു ശൗൽ പറഞ്ഞു. ശമൂവേൽ ശൗലിനോടു: നില്ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവൻ അവനോടു: പറഞ്ഞാലും എന്നു പറഞ്ഞു. അപ്പോൾ ശമൂവേൽ പറഞ്ഞതു: നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ? പിന്നെ യഹോവ നിന്നെ ഒരു വഴിക്കു അയച്ചു: നീ ചെന്നു അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു. അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളെക്കു ചാടി യഹോവെക്കു അനിഷ്ടമായതു ചെയ്തതെന്തു? ശൗൽ ശമൂവേലിനോടു: ഞാൻ യഹോവയുടെ കല്പന അനുസരിച്ചു യഹോവ എന്നെ അയച്ചവഴിക്കു പോയി അമാലേക് രാജാവായ ആഗാഗിനെ കൊണ്ടുവന്നു അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു. എന്നാൽ ജനം ശപഥാർപ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്നു എടുത്തു ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു. ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.

പങ്ക് വെക്കു
1 ശമൂവേൽ 15 വായിക്കുക

1 ശമൂവേൽ 15:7-22 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം ശൗൽ ഹവീലാമുതൽ ഈജിപ്റ്റിനു കിഴക്ക് ശൂർവരെയുള്ള മുഴുവൻദൂരവും അമാലേക്യരെ ആക്രമിച്ചു. അദ്ദേഹം അമാലേക്യരാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു. അദ്ദേഹത്തിന്റെ ജനത്തെയെല്ലാം വാൾത്തലയാൽ ഉന്മൂലനംചെയ്തു. എന്നാൽ ആഗാഗിനെയും അദ്ദേഹത്തിന്റെ ആടുമാടുകൾ, തടിച്ച കാളക്കിടാങ്ങൾ, ആട്ടിൻകുട്ടികൾ എന്നിവയിൽ ഏറ്റവും നല്ലതിനെ ശൗലും സൈന്യവും ജീവനോടെ ശേഷിപ്പിച്ചു. അവ കൊന്നുമുടിക്കാൻ അവർക്കു മനസ്സുവന്നില്ല. എന്നാൽ നിന്ദ്യവും നിസ്സാരവുമായവയെ എല്ലാം അവർ പരിപൂർണമായി നശിപ്പിച്ചു. അപ്പോൾ യഹോവയുടെ അരുളപ്പാടു ശമുവേലിനുണ്ടായി: “ശൗലിനെ രാജാവാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു. അയാൾ എന്നെ വിട്ടകലുകയും എന്റെ കൽപ്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നു.” ശമുവേൽ കോപംകൊണ്ടുനിറഞ്ഞു. അന്നു രാത്രിമുഴുവൻ അദ്ദേഹം യഹോവയോടു നിലവിളിച്ചു. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ശമുവേൽ ശൗലിനെ കാണുന്നതിനായി ചെന്നു. എന്നാൽ “അദ്ദേഹം കർമേലിലേക്കു പോയെന്നും അവിടെ തനിക്കുവേണ്ടി ഒരു വിജയസ്തംഭം നാട്ടിയതിനുശേഷം ഗിൽഗാലിലേക്കു പോയിരിക്കുന്നു,” എന്നും ശമുവേലിന് അറിവുകിട്ടി. ശമുവേൽ തന്റെ അടുത്തെത്തിയപ്പോൾ ശൗൽ പറഞ്ഞു: “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ! ഞാൻ യഹോവയുടെ കൽപ്പനകൾ അനുഷ്ഠിച്ചിരിക്കുന്നു.” എന്നാൽ ശമുവേൽ ചോദിച്ചു: “എങ്കിൽ ആടുകളുടെ കരച്ചിൽ എന്റെ ചെവിയിൽ പതിക്കുന്നതെന്ത്? കന്നുകാലികളുടെ മുക്കുറ ഞാൻ കേൾക്കുന്നതെന്ത്?” ശൗൽ മറുപടി പറഞ്ഞു: “അമാലേക്യരിൽനിന്ന് പടയാളികൾ കൊണ്ടുവന്നവയാണ് അവ. അങ്ങയുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കുന്നതിനായി ആടുകളിലും കന്നുകാലികളിലും ഏറ്റവും മെച്ചമായവയെ അവർ ജീവനോടെ ശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ മറ്റുള്ളവയെ ഞങ്ങൾ പൂർണമായും നശിപ്പിച്ചിരിക്കുന്നു.” “നിർത്തുക!” ശമുവേൽ ആക്രോശിച്ചു. “കഴിഞ്ഞരാത്രിയിൽ യഹോവ എന്നോടു കൽപ്പിച്ചതു ഞാൻ നിന്നെ അറിയിക്കാം.” “എന്നോടു പറഞ്ഞാലും,” ശൗൽ മറുപടിയായി പറഞ്ഞു. ശമുവേൽ തുടർന്നു പറഞ്ഞു: “ഒരിക്കൽ നിന്റെ സ്വന്തം കണ്ണിൽ നീ ചെറിയവനായിരുന്നു. എന്നിരുന്നാലും നീ ഇസ്രായേൽഗോത്രങ്ങൾക്കു തലവനായിത്തീർന്നില്ലേ? യഹോവ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു. ‘ചെന്ന് ആ ദുഷ്ടജനമായ അമാലേക്യരെ പാടേ നശിപ്പിക്കുക; അവർ ഉന്മൂലനംചെയ്യപ്പെടുന്നതുവരെ അവരോടു പൊരുതുക എന്നു കൽപ്പിച്ച് യഹോവ നിന്നെ ഒരു ദൗത്യത്തിനുവേണ്ടി നിയോഗിച്ചു.’ നീ യഹോവയെ അനുസരിക്കാതെ കൊള്ളയിൽ ആർത്തിപൂണ്ടു ചാടിവീണത് എന്തുകൊണ്ട്? അങ്ങനെ നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു ചെയ്തതെന്തിന്?” ശൗൽ പറഞ്ഞു: “എന്നാൽ ഞാൻ യഹോവയെ അനുസരിച്ചല്ലോ! യഹോവ എന്നെ ഭരമേൽപ്പിച്ച ദൗത്യം നിർവഹിക്കാൻ ഞാൻ പോയി. ഞാൻ അമാലേക്യരെ ഉന്മൂലനംചെയ്ത് അവരുടെ രാജാവായ ആഗാഗിനെ ബന്ധിച്ചുകൊണ്ടുവന്നിരിക്കുന്നു. പടയാളികൾ കൊള്ളയിൽനിന്ന് ആടുകളിലും കന്നുകാലികളിലും ചിലതിനെ എടുത്തു. ദൈവത്തിനുള്ള വഴിപാടിൽ ഏറ്റവും മെച്ചമായതിനെ അങ്ങയുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കുന്നതിന് അവയെ ഗിൽഗാലിൽ കൊണ്ടുവന്നിരിക്കുകയാണ്.” എന്നാൽ ശമുവേൽ അതിനു മറുപടി പറഞ്ഞു: “യഹോവയുടെ കൽപ്പന കേട്ടനുസരിക്കുന്നതുപോലെയുള്ള പ്രസാദം യഹോവയ്ക്ക് ഹോമയാഗങ്ങളിലും ബലികളിലും ഉണ്ടാകുമോ? അനുസരിക്കുന്നത് ബലിയെക്കാൾ ശ്രേഷ്ഠം! കൽപ്പന ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം!

പങ്ക് വെക്കു
1 ശമൂവേൽ 15 വായിക്കുക