1 ശമൂവേൽ 14:24-52
1 ശമൂവേൽ 14:24-52 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സന്ധ്യക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്‍വോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ശൗൽ പറഞ്ഞ് ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യർ അന്ന് വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല. ജനമൊക്കെയും ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേൻ ഉണ്ടായിരുന്നു. ജനം കാട്ടിൽ കടന്നപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. യോനാഥാനോ തന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചത് കേൾക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് തന്റെ കൈവായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണുതെളിഞ്ഞു. അപ്പോൾ ജനത്തിൽ ഒരുത്തൻ: ഇന്ന് യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു പറഞ്ഞ് നിന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു. അതിനു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ? ജനത്തിന് കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്ന് അവർ എടുത്ത് ഇന്ന് വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു. അവർ അന്ന് മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി. ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തുവച്ച് അറുത്ത് രക്തത്തോടുകൂടെ തിന്നു. ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്ന് ശൗലിന് അറിവുകിട്ടിയപ്പോൾ അവൻ: നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. പിന്നെയും ശൗൽ: നിങ്ങൾ ജനത്തിന്റെ ഇടയിൽ എല്ലാടവും ചെന്ന് അവരോട് ഓരോരുത്തൻ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവച്ച് അറുത്തു തിന്നുകൊൾവിൻ; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുത് എന്നു പറവിൻ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്ന് അവിടെവച്ച് അറുത്തു. ശൗൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അത് അവൻ യഹോവയ്ക്ക് ആദ്യം പണിത യാഗപീഠം ആയിരുന്നു. അനന്തരം ശൗൽ: നാം രാത്രിയിൽതന്നെ ഫെലിസ്ത്യരെ പിന്തുടർന്ന് പുലരുവോളം അവരെ കൊള്ളയിടുക; അവരിൽ ഒരുത്തനെയും ശേഷിപ്പിക്കരുത് എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെയൊക്കെയും ചെയ്തുകൊൾക എന്ന് അവർ പറഞ്ഞപ്പോൾ: നാം ഇവിടെ ദൈവത്തോട് അടുത്തുചെല്ലുക എന്നു പുരോഹിതൻ പറഞ്ഞു. അങ്ങനെ ശൗൽ ദൈവത്തോട്: ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിക്കുമോ എന്ന് അരുളപ്പാടു ചോദിച്ചു. എന്നാൽ അന്ന് അവന് അരുളപ്പാടു ലഭിച്ചില്ല. അപ്പോൾ ശൗൽ: ജനത്തിന്റെ പ്രധാനികളൊക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചത് ഏതു കാര്യത്തിൽ എന്ന് അന്വേഷിച്ചറിവിൻ; യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്റെ മകൻ യോനാഥാനിൽ തന്നെ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാൻ സർവജനത്തിലും ഒരുത്തനും തുനിഞ്ഞില്ല. അവൻ എല്ലാ യിസ്രായേലിനോടും: നിങ്ങൾ ഒരു ഭാഗത്തു നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്തു നില്ക്കാം എന്നു പറഞ്ഞു. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൗലിനോടു പറഞ്ഞു. അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോട്: നേർ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോൾ ശൗലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി. പിന്നെ ശൗൽ: എനിക്കും എന്റെ മകനായ യോനാഥാനും ചീട്ടിടുവിൻ എന്നു പറഞ്ഞു; ചീട്ടു യോനാഥാനു വീണു. ശൗൽ യോനാഥാനോട്: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാൻ അവനോട്: ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ട് അല്പം തേൻ ആസ്വദിച്ചതേയുള്ളൂ; അതുകൊണ്ട് ഇതാ, ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു. അതിനു ശൗൽ: ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം എന്ന് ഉത്തരം പറഞ്ഞു. എന്നാൽ ജനം ശൗലിനോട്: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവർത്തിച്ചിരിക്കുന്ന യോനാഥാൻ മരിക്കേണമോ? ഒരിക്കലും അരുത്; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവൻ മരിക്കേണ്ടിവന്നതുമില്ല. ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി. ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകല ജാതികളോടും യുദ്ധം ചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു. അവൻ ശൗര്യം പ്രവർത്തിച്ച് അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കൈയിൽനിന്നു വിടുവിക്കയും ചെയ്തു. എന്നാൽ ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്കു മേരബ് എന്നും ഇളയവൾക്കു മീഖൾ എന്നും പേരായിരുന്നു. ശൗലിന്റെ ഭാര്യക്ക് അഹീനോവം എന്നു പേരായിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്ക് അബ്നേർ എന്നു പേർ; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു. ശൗലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു. ശൗലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗൽ ഏതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്റെ അടുക്കൽ ചേർത്തുകൊള്ളും.
1 ശമൂവേൽ 14:24-52 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ശത്രുക്കളോടു പ്രതികാരം ചെയ്യുംവരെ, സന്ധ്യക്കുമുമ്പ് ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവനായിരിക്കും” എന്നു ശൗൽ പറഞ്ഞു; അതിൻപ്രകാരം ജനങ്ങളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്നതിനാൽ ഇസ്രായേൽ ജനം വിഷമത്തിലായി; അങ്ങനെ അവരിൽ ആരുംതന്നെ ഭക്ഷണം കഴിച്ചിരുന്നില്ല. ഇസ്രായേല്യർ ഒരു കാട്ടുപ്രദേശത്ത് എത്തിയപ്പോൾ അവിടെ നിലത്തു തേൻകട്ടകൾ കിടക്കുന്നതു കണ്ടു. കാട്ടിൽ പ്രവേശിച്ചപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതും അവർ കണ്ടു. എന്നാൽ പ്രതിജ്ഞയോർത്ത് അവരിൽ ആരും ഒരു തുള്ളി തേൻപോലും കഴിച്ചില്ല. തന്റെ പിതാവു ജനത്തെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്ന വിവരം യോനാഥാൻ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് അദ്ദേഹം വടിയുടെ അഗ്രം തേൻകട്ടയിൽ മുക്കിയെടുത്ത് തേൻ ഭക്ഷിച്ചു. ഉടനെ അവന് ഉന്മേഷം ഉണ്ടായി. അപ്പോൾ ജനത്തിൽ ഒരാൾ പറഞ്ഞു: “ഇന്ന് എന്തെങ്കിലും ഭക്ഷിക്കുന്നവൻ ശപിക്കപ്പെട്ടവനായിരിക്കും എന്നു നിന്റെ പിതാവ് ഞങ്ങളെക്കൊണ്ട് കർശനമായി ശപഥം ചെയ്യിച്ചിട്ടുണ്ട്;” അങ്ങനെ ജനം ക്ഷീണിച്ചിരിക്കുന്നു. യോനാഥാൻ പറഞ്ഞു: “എന്റെ പിതാവു ജനത്തെ കഷ്ടത്തിലാക്കിയിരിക്കുന്നു; അല്പം തേൻ ഭക്ഷിച്ചപ്പോൾ ഞാൻ ഉന്മേഷവാനായതു കണ്ടില്ലേ? ശത്രുക്കളിൽനിന്നു പിടിച്ചെടുത്ത ആഹാരപദാർഥങ്ങൾ അവർ വേണ്ടുവോളം ഭക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എത്രയധികം ഫെലിസ്ത്യരെ അവർ സംഹരിക്കുമായിരുന്നു.” ഇസ്രായേല്യർ അന്നു ഫെലിസ്ത്യരെ മിക്മാസ് മുതൽ അയ്യാലോൻവരെ പിന്തുടർന്നു സംഹരിച്ചു; ജനം അത്യധികം ക്ഷീണിച്ചിരുന്നു. അതുകൊണ്ട് അവർ പിടിച്ചെടുത്ത ആടുകളെയും കാളകളെയും കിടാക്കളെയും നിലത്തടിച്ചുകൊന്ന് രക്തത്തോടുകൂടി ഭക്ഷിച്ചു. ജനം രക്തത്തോടുകൂടി മാംസം ഭക്ഷിക്കുകമൂലം സർവേശ്വരനെതിരായി പാപം ചെയ്യുകയാണെന്ന് ശൗൽ അറിഞ്ഞു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ അവിശ്വസ്തത കാട്ടിയിരിക്കുന്നു. ഒരു വലിയ കല്ല് ഉരുട്ടിക്കൊണ്ടു വരുവിൻ. ഓരോരുത്തനും ചെന്ന് അവനവന്റെ കാളയെയോ ആടിനെയോ ഇവിടെ കൊണ്ടുവന്നു കൊന്നു ഭക്ഷിക്കാനും രക്തത്തോടുകൂടി മാംസം ഭക്ഷിച്ചു സർവേശ്വരനെതിരെ പാപം ചെയ്യാതിരിക്കാനും ജനത്തോടു പറയണം.” അന്നു രാത്രിയിൽ ജനം തങ്ങളുടെ കാളകളെ കൊണ്ടുവന്ന് അവിടെവച്ചു കൊന്നു. ശൗൽ സർവേശ്വരന് ഒരു യാഗപീഠം പണിതു. അതായിരുന്നു ശൗൽ പണിയിച്ച ആദ്യത്തെ യാഗപീഠം. പിന്നീട് ശൗൽ പറഞ്ഞു: “നമുക്കു രാത്രിയിൽതന്നെ ഫെലിസ്ത്യരെ പിന്തുടർന്ന് അവരെ നിശ്ശേഷം സംഹരിക്കുകയും നേരം വെളുക്കുംവരെ അവരുടെ വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്യാം.” അവർ പ്രതിവചിച്ചു: “അങ്ങേക്ക് ഉചിതമെന്നു തോന്നുന്നതുപോലെ ചെയ്തുകൊള്ളുക.” അപ്പോൾ പുരോഹിതൻ പറഞ്ഞു: “നമുക്കു ദൈവഹിതം ആരായാം.” “ഞാൻ ഫെലിസ്ത്യരെ പിന്തുടരണമോ? അവരെ ഇസ്രായേല്യരുടെ കൈയിൽ ഏല്പിക്കുമോ” എന്നു ശൗൽ ദൈവത്തോടു ചോദിച്ചു. ദൈവം അന്ന് അതിനു മറുപടി നല്‌കിയില്ല. ശൗൽ പറഞ്ഞു: “ജനനേതാക്കന്മാരെല്ലാം ഇവിടെ അടുത്തു വരിക; ഈ പാപം ഇന്ന് എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചറിയാം. ഇസ്രായേലിന്റെ രക്ഷകനായ ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ ഞാൻ ശപഥം ചെയ്യുന്നു; “പാപം ചെയ്തവൻ എന്റെ മകൻ യോനാഥാൻ ആയിരുന്നാലും നിശ്ചയമായും മരിക്കണം.” എന്നാൽ അതിന് ആരും ഒരുത്തരവും പറഞ്ഞില്ല. ശൗൽ സകല ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങൾ ഒരു വശത്തു നില്‌ക്കുവിൻ; ഞാനും എന്റെ മകൻ യോനാഥാനും മറുവശത്തു നില്‌ക്കാം.” “അങ്ങേക്ക് ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക” എന്നു ജനം പറഞ്ഞു. ശൗൽ പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, ഈ ദാസനോട് ഇന്ന് ഉത്തരം അരുളാതിരിക്കുന്നതെന്ത്? ഇതിനുത്തരവാദി ഞാനോ എന്റെ മകൻ യോനാഥാനോ ആണെങ്കിൽ ദൈവമായ സർവേശ്വരാ അവിടുന്നു ‘ഊറീം’ കൊണ്ടും ഇസ്രായേൽജനമാണെങ്കിൽ ‘തുമ്മീം’ കൊണ്ടും വെളിപ്പെടുത്തണമേ.” യോനാഥാനും ശൗലിനും നറുക്കു വീണു; ജനം ഒഴിവാക്കപ്പെട്ടു. അപ്പോൾ “എനിക്കും എന്റെ മകനായ യോനാഥാനും നറുക്കിടുക” എന്നു ശൗൽ പറഞ്ഞു. നറുക്കു യോനാഥാനു വീണു; ശൗൽ യോനാഥാനോടു ചോദിച്ചു: “നീ എന്താണ് ചെയ്തത്?” “എന്റെ കൈയിൽ ഉണ്ടായിരുന്ന വടിയുടെ അഗ്രം മുക്കി ഞാൻ അല്പം തേൻ ഭക്ഷിച്ചു; ഇതാ ഞാൻ മരിക്കാൻ ഒരുക്കമാണ്.” ശൗൽ അവനോടു പറഞ്ഞു: “യോനാഥാനേ, നീ വധിക്കപ്പെടുന്നില്ലെങ്കിൽ ദൈവം എന്നെ ശിക്ഷിച്ചുകൊള്ളട്ടെ.” ഉടനെ ജനം ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന് ഈ വിജയം നേടിത്തന്ന യോനാഥാൻ മരിക്കണമോ? ഒരിക്കലും പാടില്ല; അദ്ദേഹത്തിന്റെ തലയിലെ ഒരു മുടിയിഴപോലും നിലത്തുവീഴുകയില്ല; യോനാഥാൻ ഇന്നു പ്രവർത്തിച്ചതെല്ലാം ദൈവത്തോട് ചേർന്നായിരുന്നു.” അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു; അവൻ വധിക്കപ്പെട്ടില്ല. ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങി; ഫെലിസ്ത്യർ തങ്ങളുടെ സ്ഥലത്തേക്കു പോയി. ശൗൽ ഇസ്രായേൽരാജാവായതിനു ശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം പടവെട്ടി ജയം നേടി. ശൗൽ അമാലേക്യരോടും ധീരമായി പോരാടി അവരെ തോല്പിച്ചു; ഇസ്രായേലിനെ കവർച്ചക്കാരുടെ കൈയിൽനിന്നു രക്ഷിച്ചു. യോനാഥാൻ, ഇശ്വി, മൽക്കീശുവ എന്നിവരായിരുന്നു ശൗലിന്റെ പുത്രന്മാർ; അദ്ദേഹത്തിന്റെ രണ്ടു പുത്രിമാരിൽ മൂത്തവൾ മേരബും ഇളയവൾ മീഖളും ആയിരുന്നു. അഹീമാസിന്റെ മകൾ അഹീനോവം ആയിരുന്നു ശൗലിന്റെ ഭാര്യ. പിതൃസഹോദരനായ നേരിന്റെ പുത്രൻ അബ്നേർ ആയിരുന്നു സൈന്യാധിപൻ. ശൗലിന്റെ പിതാവായ കീശും അബ്നേരിന്റെ പിതാവായ നേരും അബീയേലിന്റെ പുത്രന്മാരായിരുന്നു. ശൗൽ തന്റെ ജീവിതകാലം മുഴുവൻ ഫെലിസ്ത്യരോടു കഠിനമായി പോരാടിക്കൊണ്ടിരുന്നു. ശക്തന്മാരെയും ധീരന്മാരെയുമെല്ലാം തന്റെ സൈന്യത്തിൽ അദ്ദേഹം ചേർത്തുകൊണ്ടുമിരുന്നു.
1 ശമൂവേൽ 14:24-52 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേല്യർ അന്ന് അസ്വസ്ഥരായി; കാരണം ഞാൻ എന്‍റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നതുവരെ, സന്ധ്യക്കു മുമ്പ്, ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ശൗല്‍ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. അതുകൊണ്ട് ജനത്തിൽ ആരും ആഹാരം ആസ്വദിച്ചില്ല. സൈന്യം ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേൻ ഉണ്ടായിരുന്നു. ജനം കാട്ടിൽ കടന്നപ്പോൾ തേൻ തുള്ളിതുള്ളിയായി വീഴുന്നത് കണ്ടു: എങ്കിലും അവർ ചെയ്ത സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. എന്നാൽ യോനാഥാൻ തന്‍റെ അപ്പൻ ജനത്തെക്കൊണ്ട് സത്യംചെയ്യിച്ചു എന്നു അറിയാതിരുന്നതിനാൽ അവൻ തന്‍റെ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് ഭക്ഷിച്ചു. അവന്‍റെ കണ്ണ് പ്രകാശിച്ചു. അപ്പോൾ ജനത്തിൽ ഒരുവൻ: “ഇന്ന് ഏതെങ്കിലും ആഹാരം ഭക്ഷിക്കുന്നവൻ ശപിക്കപ്പെട്ടവൻ ആയിരിക്കും എന്നു പറഞ്ഞ് നിന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു. അതിന് യോനാഥാൻ: “എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്‍റെ കണ്ണ് പ്രകാശിച്ചത് കണ്ടില്ലയോ? ശത്രുക്കളിൽനിന്ന് അവർ എടുത്ത ആഹാര പദാർത്ഥങ്ങൾ വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ പരാജയം അത്ര വലുതല്ലല്ലോ” എന്നു പറഞ്ഞു. അവർ അന്ന് മിക്മാസ് മുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി. ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ച് നിലത്തുവച്ചു അറുത്ത് രക്തത്തോടുകൂടെ തിന്നു. ജനം രക്തത്തോടുകൂടി ഭക്ഷിച്ചതിനാൽ യഹോവയോട് പാപം ചെയ്യുന്നു എന്നു ശൗലിന് അറിവുകിട്ടി. അപ്പോൾ അവൻ: “നിങ്ങൾ ഇന്ന് ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. പിന്നെ ശൗല്‍: “നിങ്ങൾ ജനത്തിന്റെ ഇടയിൽ ചെന്നു അവരോട്, ഓരോരുത്തരും അവരവരുടെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവെച്ച് അറുത്ത് തിന്നുകൊൾവിൻ; രക്തത്തോടെ ഭക്ഷിച്ച് യഹോവയോട് പാപം ചെയ്യരുത്” എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്ന് രാത്രി കൊണ്ടുവന്ന് അവിടെവെച്ച് അറുത്തു. ശൗല്‍ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അത് അവൻ യഹോവയ്ക്ക് ആദ്യം പണിത യാഗപീഠം ആയിരുന്നു. പിന്നീട് ശൗല്‍: “നാം രാത്രിയിൽ തന്നെ ഫെലിസ്ത്യരെ പിന്തുടർന്ന് നേരം പുലരുന്നതുവരെ അവരെ കൊള്ളയിടുക; അവരിൽ ആരെയും ശേഷിപ്പിക്കരുത്” എന്നു കല്പിച്ചു. “നിനക്ക് ഉചിതമായത് ചെയ്തുകൊൾക” എന്നു അവർ പറഞ്ഞപ്പോൾ: “നമുക്ക് ദൈവത്തോട് ചോദിക്കാം” എന്നു പുരോഹിതൻ പറഞ്ഞു. അങ്ങനെ ശൗല്‍ ദൈവത്തോട്: “ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിക്കുമോ” എന്നു അരുളപ്പാട് ചോദിച്ചു. എന്നാൽ അന്ന് അവന് ഉത്തരം ലഭിച്ചില്ല. അപ്പോൾ ശൗല്‍: “ജനത്തിന്‍റെ പ്രധാനികൾ ഒക്കെയും അടുത്തുവരട്ടെ; ഇന്ന് പാപം സംഭവിച്ചത് ഏത് കാര്യത്തിൽ എന്നു അന്വേഷിച്ചറിവിൻ; യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്റെ മകൻ യോനാഥാൻ തന്നെ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം” എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാൻ സർവ്വജനത്തിലും ആരും തയ്യാറായില്ല. അവൻ എല്ലാ യിസ്രായേലിനോടും: “നിങ്ങൾ ഒരു ഭാഗത്ത് നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്ത് നില്ക്കും” എന്നു പറഞ്ഞു. “നിന്റെ ഇഷ്ടംപോലെ ആകട്ടെ” എന്നു ജനം ശൗലിനോട് പറഞ്ഞു. അങ്ങനെ ശൗല്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയോട്: “സത്യം വെളിപ്പെടുത്തിത്തരേണമേ” എന്നു പറഞ്ഞു. അപ്പോൾ ശൗലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിവാക്കപ്പെട്ടു. പിന്നെ ശൗല്‍: “എനിക്കും എന്റെ മകനായ യോനാഥാനും ചീട്ടിടുവിൻ” എന്നു പറഞ്ഞു; ചീട്ട് യോനാഥാന് വീണു. ശൗല്‍ യോനാഥാനോട്: “നീ എന്ത് ചെയ്തു? എന്നോട് പറയുക” എന്നു പറഞ്ഞു. യോനാഥാൻ അവനോട്: “ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ട് ഞാൻ മരിക്കേണ്ടിവരും” എന്നു പറഞ്ഞു. അതിന് ശൗല്‍: “ദൈവം എന്നോട് അതിന് തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം” എന്നു ഉത്തരം പറഞ്ഞു. എന്നാൽ ജനം ശൗലിനോട്: “യിസ്രായേലിൽ ഈ മഹാരക്ഷ നേടി തന്ന യോനാഥാൻ മരിക്കണമോ? ഒരിക്കലും അരുത്; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്ത് വീഴുകയില്ല; അവൻ ഇന്ന് ദൈവത്തോടുകൂടെയല്ലയൊ പ്രവർത്തിച്ചിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു; അവൻ മരിക്കേണ്ടിവന്നില്ല. ശൗല്‍ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്ക് പോയി. ശൗല്‍ യിസ്രായേലിൽ രാജത്വം ഏറ്റതിന് ശേഷം മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നിടത്തൊക്കെയും ജയം പ്രാപിച്ചു. അവൻ യുദ്ധം ചെയ്തു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്ന് വിടുവിക്കയും ചെയ്തു. എന്നാൽ ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മല്‍ക്കീശൂവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്ക് മേരബ് എന്നും ഇളയവൾക്ക് മീഖൾ എന്നും പേരായിരുന്നു. ശൗലിന്‍റെ ഭാര്യയുടെ പേര് അഹീനോവം എന്നായിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്‍റെ സേനാധിപതിയുടെ പേര് അബ്നേർ എന്നായിരുന്നു; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു. ശൗലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു. ശൗലിന്‍റെ കാലത്തെല്ലാം ഫെലിസ്ത്യരോട് കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗല്‍ ഏതെങ്കിലും ബലവാനെയൊ വീരനെയോ കണ്ടാൽ അവനെ തന്‍റെ പക്ഷത്തു ചേർക്കും.
1 ശമൂവേൽ 14:24-52 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സന്ധ്യക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ശൗൽ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യർ അന്നു വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല. ജനമൊക്കെയും ഒരു കാട്ടുപ്രദേശത്തു എത്തി; അവിടെ നിലത്തു തേൻ ഉണ്ടായിരുന്നു. ജനം കാട്ടിൽ കടന്നപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. യോനാഥാനോ തന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേൾക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു. അപ്പോൾ ജനത്തിൽ ഒരുത്തൻ: ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു പറഞ്ഞു നിന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ? ജനത്തിന്നു കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്നു അവർ എടുത്തു ഇന്നു വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്രനന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു. അവർ അന്നു മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി. ആകയാൽ ജനം കൊള്ളക്കു ഓടിച്ചെന്നു ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തു വെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നു. ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൗലിന്നു അറിവുകിട്ടിയപ്പോൾ അവൻ: നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. പിന്നെയും ശൗൽ: നിങ്ങൾ ജനത്തിന്റെ ഇടയിൽ എല്ലാടവും ചെന്നു അവരോടു ഓരോരുത്തൻ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്നു ഇവിടെവെച്ചു അറുത്തു തിന്നു കൊൾവിൻ; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുതു എന്നു പറവിൻ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്നു അവിടെവെച്ചു അറുത്തു. ശൗൽ യഹോവെക്കു ഒരു യാഗപീഠം പണിതു; അതു അവൻ യഹോവെക്കു ആദ്യം പണിത യാഗപീഠം ആയിരുന്നു. അനന്തരം ശൗൽ: നാം രാത്രിയിൽ തന്നേ ഫെലിസ്ത്യരെ പിന്തുടർന്നു പുലരുവോളം അവരെ കൊള്ളയിടുക; അവരിൽ ഒരുത്തനെയും ശേഷിപ്പിക്കരുതു എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെ ഒക്കെയും ചെയ്തുകൊൾക എന്നു അവർ പറഞ്ഞപ്പോൾ: നാം ഇവിടെ ദൈവത്തോടു അടുത്തുചെല്ലുക എന്നു പുരോഹിതൻ പറഞ്ഞു. അങ്ങനെ ശൗൽ ദൈവത്തോടു: ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാൽ അന്നു അവന്നു അരുളപ്പാടു ലഭിച്ചില്ല. അപ്പോൾ ശൗൽ: ജനത്തിന്റെ പ്രധാനികൾ ഒക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചതു ഏതു കാര്യത്തിൽ എന്നു അന്വേഷിച്ചറിവിൻ; യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അതു എന്റെ മകൻ യോനാഥാനിൽ തന്നേ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാൽ അവനോടു ഉത്തരം പറവാൻ സർവ്വ ജനത്തിലും ഒരുത്തനും തുനിഞ്ഞില്ല. അവൻ എല്ലായിസ്രായേലിനോടും: നിങ്ങൾ ഒരു ഭാഗത്തു നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്തു നില്ക്കാം എന്നു പറഞ്ഞു. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൗലിനോടു പറഞ്ഞു. അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോടു: നേർ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോൾ ശൗലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി. പിന്നെ ശൗൽ: എനിക്കും എന്റെ മകനായ യോനാഥാന്നും ചീട്ടിടുവിൻ എന്നു പറഞ്ഞു; ചീട്ടു യോനാഥാന്നു വീണു. ശൗൽ യോനാഥാനോടു: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാൻ അവനോടു: ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ടു ഇതാ, ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു ശൗൽ: ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം എന്നു ഉത്തരം പറഞ്ഞു. എന്നാൽ ജനം ശൗലിനോടു: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവർത്തിച്ചിരിക്കുന്ന യോനാഥാൻ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവൻ മരിക്കേണ്ടിവന്നതുമില്ല. ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി. ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു. അവൻ ശൗര്യം പ്രവർത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്നു വിടുവിക്കയും ചെയ്തു. എന്നാൽ ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്കു മേരബ് എന്നും ഇളയവൾക്കു മീഖാൾ എന്നും പേരായിരുന്നു. ശൗലിന്റെ ഭാര്യക്കു അഹീനോവം എന്നു പേർ ആയിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്കു അബ്നേർ എന്നു പേർ; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു. ശൗലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു. ശൗലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗൽ യാതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്റെ അടുക്കൽ ചേർത്തുകൊള്ളും.
1 ശമൂവേൽ 14:24-52 സമകാലിക മലയാളവിവർത്തനം (MCV)
“ഇന്നു സന്ധ്യയ്ക്കുമുമ്പ്, ഞാനെന്റെ ശത്രുക്കളോടു പകരം വീട്ടുന്നതുവരെ ഭക്ഷണം കഴിക്കുന്നവർ ആരുതന്നെയായാലും അവർ ശപിക്കപ്പെട്ടിരിക്കും,” എന്നു പറഞ്ഞ് ശൗൽ ഇസ്രായേല്യരെക്കൊണ്ടു ശപഥംചെയ്യിച്ചിരുന്നു. തന്മൂലം അവർ അന്ന് വളരെ വിഷമത്തിലായി. ജനത്തിൽ ആരുംതന്നെ ഭക്ഷണം ആസ്വദിച്ചിരുന്നില്ല. സൈന്യമെല്ലാം ഒരു കാട്ടുപ്രദേശത്തെത്തി. അവിടെ നിലത്തു തേനുണ്ടായിരുന്നു. അവർ കാടിനുള്ളിലേക്കു കടന്നപ്പോൾ തേൻതുള്ളികൾ ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നതായി അവർ കണ്ടു. എങ്കിലും അവർ ശപഥത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരുംതന്നെ തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. യോനാഥാനാകട്ടെ, തന്റെ പിതാവു ജനത്തെക്കൊണ്ടു ശപഥംചെയ്യിച്ച വിവരം അറിഞ്ഞിരുന്നില്ല. അതിനാൽ അദ്ദേഹം തന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം ഒരു തേൻകട്ടയിൽ കുത്തി അൽപ്പം തേനെടുത്തു ഭുജിച്ചു. അങ്ങനെ അയാൾ കൈ വായിലേക്കു കൊണ്ടുപോയി. ഉടനെ അയാളുടെ കണ്ണുകൾ തെളിഞ്ഞു. അപ്പോൾ പടയാളികളിലൊരാൾ അദ്ദേഹത്തോട്: “ ‘ഇന്നു ഭക്ഷണം കഴിക്കുന്ന ഏതു മനുഷ്യനും ശപിക്കപ്പെട്ടവനായിരിക്കട്ടെ!’ എന്നു പറഞ്ഞ് അങ്ങയുടെ പിതാവ് ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ട്. ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു. അതിനു യോനാഥാൻ ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ പിതാവു ദേശത്തിന് ഉപദ്രവമാണു വരുത്തിയത്. ഈ തേൻ അൽപ്പം ഞാൻ രുചിനോക്കിയതുമൂലം എന്റെ കണ്ണുകൾ തെളിഞ്ഞതു നോക്കുക. ജനങ്ങൾ അവരുടെ ശത്രുക്കളിൽനിന്ന് ഇന്ന് അപഹരിച്ചെടുത്ത കൊള്ളയിൽനിന്ന് അൽപ്പം ചിലതു ഭക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എങ്കിൽ ഇന്നു നാം ഫെലിസ്ത്യരുടെമേൽ നടത്തിയ സംഹാരം കുറെക്കൂടി വിപുലമാകുമായിരുന്നില്ലേ?” ഇസ്രായേല്യർ അന്ന് മിക്-മാസുമുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ തകർത്തു; അപ്പോഴേക്കും ജനം വളരെയേറെ തളർന്നിരുന്നു. ആകയാൽ അവർ കൈവശപ്പെടുത്തിയിരുന്ന കൊള്ളയിൽ ചാടിവീണ് ആടുകളെയും കന്നുകാലികളെയും കാളക്കിടാങ്ങളെയും പിടിച്ച് നിലത്തുവെച്ച് അറത്ത് രക്തത്തോടുകൂടിത്തന്നെ തിന്നുതുടങ്ങി. “ജനം രക്തത്തോടുകൂടിയ മാംസംതിന്ന് യഹോവയ്ക്കെതിരേ പാപംചെയ്യുന്നു,” എന്ന് ശൗലിന് അറിവുകിട്ടി. അപ്പോൾ ശൗൽ: “നിങ്ങൾ വിശ്വാസഘാതകരായി തീർന്നിരിക്കുന്നു. ഒരു വലിയ കല്ല് വേഗം ഇവിടെ എന്റെയടുക്കൽ ഉരുട്ടിക്കൊണ്ടുവരിക” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം: “ ‘നിങ്ങൾ ഓരോരുത്തനും അവരവരുടെ കാളകളെയും ആടുകളെയുംകൊണ്ട് എന്റെ അടുത്തുവരിക. അവയെ ഇവിടെവെച്ചുകൊന്ന് നിങ്ങൾ ഭക്ഷിക്കുക. രക്തത്തോടുകൂടി മാംസംതിന്ന് യഹോവയ്ക്കെതിരായി പാപംചെയ്യരുത്,’ എന്ന് ജനത്തിന്റെ അടുത്തുചെന്ന് അവരെ അറിയിക്കുക” എന്നു പറഞ്ഞു. അങ്ങനെ ഓരോരുത്തരും അവരവരുടെ കാളകളെ കൊണ്ടുവന്ന് അന്നുരാത്രി അറത്തു ഭക്ഷിച്ചു. ഇതിനെത്തുടർന്ന് ശൗൽ യഹോവയ്ക്കായി ഒരു യാഗപീഠം പണിതു. അദ്ദേഹം യഹോവയ്ക്കായി പണിത ആദ്യത്തെ യാഗപീഠമായിരുന്നു അത്. അപ്പോൾ ശൗൽ: “നമുക്കു രാത്രിയിലും ഫെലിസ്ത്യരെ പിൻതുടരാം; പുലരുംവരെ അവരെ കൊള്ളയിടാം; അവരിൽ ഒരുത്തൻപോലും ജീവനോടെ അവശേഷിക്കാൻ നാം അനുവദിക്കരുത്” എന്നു പറഞ്ഞു. “അങ്ങേക്കു യുക്തമെന്നു തോന്നുന്നതു ചെയ്താലും,” എന്നു ജനം മറുപടി പറഞ്ഞു. എന്നാൽ “ഇവിടെ നാം ദൈവത്തോട് അരുളപ്പാട് ചോദിക്കുക,” എന്നു പുരോഹിതൻ പറഞ്ഞു. അതുകൊണ്ട് ശൗൽ: “യഹോവേ, ഞാൻ ഫെലിസ്ത്യരെ പിൻതുടരണമോ? അങ്ങ് അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിക്കുമോ?” എന്ന് യഹോവയോട് ചോദിച്ചു. എന്നാൽ ദൈവം അന്ന് ശൗലിനു മറുപടി കൊടുത്തില്ല. അതിനാൽ ശൗൽ കൽപ്പന പുറപ്പെടുവിച്ചു: “സേനാനേതാക്കന്മാരെല്ലാം ഇവിടെ എന്റെ അടുത്തുവരട്ടെ! ഇന്ന് എന്തു പാപമാണു ചെയ്യപ്പെട്ടതെന്നു നമുക്കാദ്യമായി കണ്ടുപിടിക്കാം. ഇസ്രായേലിനെ രക്ഷിക്കുന്ന ജീവനുള്ള യഹോവയാണെ, അത് എന്റെ മകനായ യോനാഥാന്റെ പക്കലാണെങ്കിൽപോലും, അവൻ മരിക്കണം.” എന്നാൽ ജനത്തിൽ ഒരുത്തൻപോലും ഒരു വാക്കും ഉത്തരമായി പറഞ്ഞില്ല. അതിനുശേഷം ശൗൽ എല്ലാ ഇസ്രായേലിനോടുമായി പറഞ്ഞു: “നിങ്ങളെല്ലാവരും അവിടെ അപ്പുറത്തു നിൽക്കുക! ഞാനും എന്റെ മകനായ യോനാഥാനും ഇവിടെ ഇപ്പുറത്തു നിൽക്കാം.” “അങ്ങേക്കു യുക്തമായിത്തോന്നുന്നതു ചെയ്താലും,” എന്നു ജനം മറുപടികൊടുത്തു. പിന്നെ ശൗൽ ഇസ്രായേലിന്റെ ദൈവമായ യഹോവയോട്: “യഹോവേ, സത്യം അടിയന് ഇന്നു വെളിപ്പെടുത്താത്തത് എന്ത്? ഞാനോ എന്റെ മകൻ യോനാഥാനോ കുറ്റക്കാരനെങ്കിൽ ഊറീമിലൂടെ ഉത്തരമരുളണമേ; ഇസ്രായേൽജനമാണ് കുറ്റക്കാരെങ്കിൽ തുമ്മീമിലൂടെ ഉത്തരമരുളണമേ.” എന്നു പ്രാർഥിച്ചു. അപ്പോൾ യോനാഥാനും ശൗലിനും നറുക്കുവീണു. ജനം കുറ്റവിമുക്തരാക്കപ്പെട്ടു. “എനിക്കും എന്റെ മകനായ യോനാഥാനും നറുക്കിടുക,” എന്നു ശൗൽ കൽപ്പിച്ചു. യോനാഥാന് നറുക്കുവീണു. ശൗൽ യോനാഥാനോട്, “നീ എന്താണു ചെയ്തത്? എന്നോടു പറയുക” എന്നു ചോദിച്ചു. അപ്പോൾ യോനാഥാൻ അദ്ദേഹത്തോട്: “ഞാൻ എന്റെ വടിയുടെ അഗ്രംകൊണ്ട് അൽപ്പം തേൻ കുത്തിയെടുത്ത് രുചിച്ചുനോക്കി; അതുമൂലം ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു!” എന്നു പറഞ്ഞു. അപ്പോൾ ശൗൽ: “യോനാഥാനേ, നീ മരിക്കുന്നില്ലെങ്കിൽ, ദൈവം എന്നോട് അർഹമായതും അധികവും ചെയ്യട്ടെ!” എന്നു പറഞ്ഞു. എന്നാൽ ജനം ശൗലിനോട്: “യോനാഥാൻ മരിക്കണമെന്നോ? ഇസ്രായേലിന് ഈ മഹത്തായ വിടുതൽ നേടിത്തന്ന യോനാഥാനോ? ഒരിക്കലുമില്ല. ജീവനുള്ള യഹോവയാണെ, അവന്റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല. ദൈവത്തിന്റെ സഹായത്തോടെയല്ലേ അവൻ ഇന്ന് ഇപ്രകാരം ചെയ്തത്?” എന്നു മറുപടി പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു. തന്മൂലം അദ്ദേഹത്തിനു മരിക്കേണ്ടിവന്നില്ല. അപ്പോൾ ശൗൽ ഫെലിസ്ത്യരെ പിൻതുടരുന്നതു മതിയാക്കി സ്വന്തംനാട്ടിലേക്കു മടങ്ങിപ്പോയി. ഫെലിസ്ത്യരും തങ്ങളുടെ ദേശത്തേക്കു പോയി. ശൗൽ ഇസ്രായേലിൽ ഭരണമേറ്റതിനുശേഷം ചുറ്റുമുള്ള സകലശത്രുക്കളോടും—മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിവരോടെല്ലാം—അദ്ദേഹം യുദ്ധംചെയ്തു. അദ്ദേഹം ചെന്ന ഇടങ്ങളിലെല്ലാം ശത്രുക്കളുടെമേൽ വിജയംകൈവരിച്ചു. അദ്ദേഹം വീരോചിതമായിപ്പോരാടി അമാലേക്യരെ തോൽപ്പിച്ചു. അങ്ങനെ ഇസ്രായേലിനെ കൊള്ളയിട്ട എല്ലാവരുടെയും കൈയിൽനിന്ന് അവരെ വിടുവിച്ചു. ശൗലിന്റെ പുത്രന്മാർ—യോനാഥാൻ, യിശ്‌വി, മൽക്കീ-ശൂവ എന്നിവരായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു പുത്രിമാരിൽ ആദ്യജാതയ്ക്ക് മേരബ് എന്നും ഇളയവൾക്ക് മീഖൾ എന്നും പേരായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അഹീനോവം എന്നു പേരായിരുന്നു. അവൾ അഹീമാസിന്റെ മകളായിരുന്നു. ശൗലിന്റെ സൈന്യാധിപൻ നേരിന്റെ മകനായ അബ്നേർ ആയിരുന്നു. നേർ ശൗലിന്റെ പിതൃസഹോദരനായിരുന്നു. ശൗലിന്റെ പിതാവായ കീശും അബ്നേരിന്റെ പിതാവായ നേരും അബിയേലിന്റെ പുത്രന്മാരായിരുന്നു. ശൗലിന്റെ ഭരണകാലം മുഴുവൻ ഫെലിസ്ത്യരുമായി കഠിനയുദ്ധം നടന്നിരുന്നു. പ്രബലനോ ധീരനോ ആയ ഒരാളെ എപ്പോഴെങ്കിലും കണ്ടുമുട്ടിയാൽ അയാളെ ശൗൽ തന്റെ സേവനത്തിനായി നിയമിച്ചിരുന്നു.