1 ശമൂവേൽ 14:1-15
1 ശമൂവേൽ 14:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നാം അങ്ങോട്ട് ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ലതാനും. ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിൻകീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേർ. ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല. യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേർ. ഒന്നു വടക്കുവശം മിക്മാസിനു മുഖമായും മറ്റേത് തെക്കുവശം ഗിബെയയ്ക്ക് മുഖമായും തൂക്കെ നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നമുക്ക് ഈ അഗ്രചർമികളുടെ പട്ടാളത്തിന്റെ നേരേ ചെല്ലാം; പക്ഷേ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ എന്നു പറഞ്ഞു. ആയുധവാഹകൻ അവനോട്: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. അതിന് യോനാഥാൻ പറഞ്ഞത്: നാം അവരുടെ നേരേ ചെന്ന് അവർക്കു നമ്മെത്തന്നെ കാണിക്കാം; ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്ന് അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നെ നില്ക്കേണം. ഇങ്ങോട്ടു കയറിവരുവിൻ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇതു നമുക്ക് അടയാളം ആയിരിക്കും. ഇങ്ങനെ അവർ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന് തങ്ങളെത്തന്നെ കാണിച്ചപ്പോൾ: ഇതാ, എബ്രായർ ഒളിച്ചിരുന്ന പൊത്തുകളിൽനിന്ന് പുറപ്പെട്ടുവരുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു. പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോട്: എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു. യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഒരു കാണിനിലത്തിന്റെ പാതി നീളത്തിനകം ഇരുപതു പേർ വീണു. പാളയത്തിലും പോർക്കളത്തിലും സർവജനത്തിലും നടുക്കമുണ്ടായി; പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയൊരു നടുക്കം ഉണ്ടായി.
1 ശമൂവേൽ 14:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു ദിവസം ശൗലിന്റെ പുത്രനായ യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “അതാ, അവിടെയുള്ള ഫെലിസ്ത്യപാളയംവരെ നമുക്കു പോകാം.” എന്നാൽ ആ വിവരം പിതാവിനോടു പറഞ്ഞില്ല. ശൗൽ ഗിബെയായുടെ അതിർത്തിയിൽ മിഗ്രോനിലെ മാതളനാരകച്ചുവട്ടിൽ ഇരിക്കുകയായിരുന്നു; അദ്ദേഹത്തിന്റെ കൂടെ ഏകദേശം അറുനൂറു പടയാളികൾ ഉണ്ടായിരുന്നു. അഹീതൂബിന്റെ പുത്രനായ അഹീയാവായിരുന്നു ഏഫോദ് ധരിച്ചിരുന്നത്; ഫീനെഹാസിന്റെ പുത്രനും ശീലോവിൽ സർവേശ്വരന്റെ പുരോഹിതനായിരുന്ന ഏലിയുടെ പൗത്രനുമായ ഈഖാബോദിന്റെ സഹോദരനായിരുന്നു അഹീതൂബ്. യോനാഥാൻ പോയ വിവരം ജനം അറിഞ്ഞില്ല. ഫെലിസ്ത്യസൈന്യത്തെ നേരിടാൻ യോനാഥാനു കടന്നു പോകേണ്ടിയിരുന്ന ചുരത്തിന്റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നുമായിരുന്നു പേര്. ഒന്നു വടക്കുവശത്ത് മിക്മാസിനും മറ്റേത് തെക്കുവശത്ത് ഗിബെയായ്‍ക്കും അഭിമുഖമായി നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “വരിക, പരിച്ഛേദനം ഏറ്റിട്ടില്ലാത്ത ഫെലിസ്ത്യരുടെ പാളയത്തിനു നേരെ ചെല്ലാം; സർവേശ്വരൻ നമുക്കുവേണ്ടി പ്രവർത്തിക്കാതിരിക്കുമോ? നമ്മുടെ കൂടെയുള്ളവർ ഏറിയാലും കുറഞ്ഞാലും സർവേശ്വരനു രക്ഷിക്കാൻ തടസ്സമില്ലല്ലോ.” ആയുധവാഹകൻ യോനാഥാനോടു പറഞ്ഞു: “അങ്ങയുടെ ഇഷ്ടംപോലെ പ്രവർത്തിച്ചാലും; ഇതാ, ഞാൻ അങ്ങയുടെ കൂടെയുണ്ട്; അങ്ങയുടെ ഇഷ്ടംതന്നെ എൻറേതും.” അപ്പോൾ യോനാഥാൻ പറഞ്ഞു: “നമുക്കു നേരെ ചെന്ന് അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാം. “ഞങ്ങൾ വരുന്നതുവരെ അവിടെ നില്‌ക്കുവിൻ എന്ന് അവർ പറഞ്ഞാൽ നില്‌ക്കുന്നിടത്തുതന്നെ നമുക്കു നില്‌ക്കാം. ഇങ്ങോട്ടു കയറി വരുവിൻ എന്നു പറഞ്ഞാൽ നമുക്കു കയറിച്ചെല്ലാം. കാരണം സർവേശ്വരൻ അവരെ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് അടയാളമായിരിക്കും.” അങ്ങനെ അവർ രണ്ടു പേരും ഫെലിസ്ത്യസൈന്യത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു; അവരെ കണ്ടപ്പോൾ “ഇതാ, ഒളിച്ചിരുന്ന ഗുഹകളിൽനിന്ന് എബ്രായർ പുറത്തു വരുന്നു” എന്നു ഫെലിസ്ത്യർ പറഞ്ഞു. ഫെലിസ്ത്യസൈനികർ യോനാഥാനോടും കൂടെയുണ്ടായിരുന്ന യുവാവിനോടും വിളിച്ചു പറഞ്ഞു: “ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ നിങ്ങൾക്ക് ഒരു കാര്യം കാണിച്ചുതരാം.” യോനാഥാൻ ആയുധവാഹകനോടു പറഞ്ഞു: ” എന്റെ പിന്നാലെ വരിക. സർവേശ്വരൻ അവരെ ഇസ്രായേലിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.” യോനാഥാനും അദ്ദേഹത്തിന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു മുകളിൽ കയറി; ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവരെ സംഹരിച്ചുകൊണ്ടു യോനാഥാന്റെ പിന്നാലെ ചെന്നു. യോനാഥാനും ആയുധവാഹകനും കൂടി നടത്തിയ ആദ്യസംഹാരത്തിൽ ഏകദേശം ഒരു ഏക്കർ സ്ഥലത്ത് ഇരുപതു പേർ വധിക്കപ്പെട്ടു. പാളയത്തിലും പോർക്കളത്തിലും സർവജനത്തിനും ഇടയിൽ അമ്പരപ്പുണ്ടായി; കാവൽസൈന്യവും കവർച്ചക്കാരും ഭയന്നു വിറച്ചു; ഭൂമി കുലുങ്ങി; സർവത്ര ഭീതി പരന്നു.
1 ശമൂവേൽ 14:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനോട്: “വരിക, നാം ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക” എന്നു പറഞ്ഞു. അവൻ അത് അപ്പനോട് പറഞ്ഞില്ല. ശൗല്‍ ഗിബെയയുടെ അതിർത്തിയിൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന ഭടന്മാർ ഏകദേശം അറുനൂറ് പേർ ആയിരുന്നു. ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ, ഫീനെഹാസിന്റെ മകനായ, ഈഖാബോദിന്റെ സഹോദരനായ, അഹീതൂബിന്റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയത് ജനം അറിഞ്ഞില്ല. ഫെലിസ്ത്യ സൈന്യത്തെ നേരിടുവാൻ യോനാഥാൻ പോകേണ്ടിയിരുന്ന വഴിയിൽ രണ്ടുവശത്തും മൂർച്ചയേറിയ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും ആയിരുന്നു പേർ. ഒന്ന് വടക്കുവശം മിക്മാസിന് അഭിമുഖമായും മറ്റേത് തെക്കുവശം ഗിബെയെക്ക് അഭിമുഖമായും നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനോട്: “വരിക, നമുക്ക് ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്ക് പ്രായസമില്ലല്ലോ” എന്നു പറഞ്ഞു. ആയുധവാഹകൻ അവനോട്: “നിന്‍റെ ഇഷ്ടംപോലെ പ്രവർത്തിക്കുക; നടന്നുകൊൾക; നിന്‍റെ മനസ്സുപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. അതിന് യോനാഥാൻ പറഞ്ഞത്: “നാം അവരുടെ നേരെ ചെന്നു അവർക്ക് നമ്മെത്തന്നെ കാണിക്കാം; ഞങ്ങൾ വരുന്നതുവരെ അവിടെ നില്പിൻ എന്നു അവർ പറഞ്ഞാൽ, നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നില്ക്കുന്നിടത്തു തന്നെ നമുക്ക് നില്ക്കാം. ഇങ്ങോട്ട് കയറിവരുവിൻ എന്നു പറഞ്ഞാൽ നമുക്ക് കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് നമുക്ക് അടയാളം ആയിരിക്കും.” ഇങ്ങനെ അവർ രണ്ടുപേരും ഫെലിസ്ത്യരുടെ പട്ടാളത്തിന് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ: “ഇതാ, എബ്രായർ ഒളിച്ചിരുന്ന ഗുഹകളിൽനിന്ന് പുറപ്പെട്ടു വരുന്നു” എന്നു ഫെലിസ്ത്യർ പറഞ്ഞു. പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: “ഇങ്ങോട്ട് കയറിവരുവിൻ; ഞങ്ങൾ നിങ്ങൾക്ക് ഒരു കാര്യം കാണിച്ചുതരാം” എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോട്: “എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും മുകളിലേക്ക് വലിഞ്ഞു കയറി; ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ നടന്ന് അവരെ കൊന്നു. യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഏകദേശം അര ഏക്കർ സ്ഥലത്ത് ഇരുപതു പേർ വീണു. പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി. പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ദൈവം അയച്ച വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമി കുലുങ്ങി.
1 ശമൂവേൽ 14:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ല താനും. ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേർ. ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവു ആയിരുന്നു അന്നു ഏഫോദ് ധരിച്ചിരുന്നതു. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല. യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന്നു ബോസേസ് എന്നും മറ്റേതിന്നു സേനെ എന്നും പേർ. ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നമുക്കു ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു. ആയുധവാഹകൻ അവനോടു: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. അതിന്നു യോനാഥാൻ പറഞ്ഞതു: നാം അവരുടെ നേരെ ചെന്നു അവർക്കു നമ്മെത്തന്നെ കാണിക്കാം; ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്നു അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്ക്കേണം. ഇങ്ങോട്ടു കയറിവരുവിൻ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന്നു ഇതു നമുക്കു അടയാളം ആയിരിക്കും. ഇങ്ങനെ അവർ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന്നു തങ്ങളെത്തന്നേ കാണിച്ചപ്പോൾ: ഇതാ, എബ്രായർ ഒളിച്ചിരുന്ന പൊത്തുകളിൽനിന്നു പുറപ്പെട്ടു വരുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു. പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോടു: എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവർ യോനാഥന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു. യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഒരു കാണിനിലത്തിന്റെ പാതി നീളത്തിന്നകം ഇരുപതുപേർ വീണു. പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.
1 ശമൂവേൽ 14:1-15 സമകാലിക മലയാളവിവർത്തനം (MCV)
ഒരു ദിവസം ശൗലിന്റെ മകനായ യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരിക, നമുക്ക് ഫെലിസ്ത്യരുടെ സൈനികകേന്ദ്രത്തിലേക്കൊന്നു പോകാം.” ഇക്കാര്യം അയാൾ തന്റെ പിതാവിനെ അറിയിച്ചിരുന്നില്ല. ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിന്റെകീഴിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തോടുകൂടി ഏകദേശം അറുനൂറ് ആൾക്കാരുമുണ്ടായിരുന്നു. അവരിൽ ഏഫോദ് ധരിച്ചിരുന്ന അഹീയാവും ഉണ്ടായിരുന്നു. അദ്ദേഹം ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകനായിരുന്നു. അഹീത്തൂബ് ഫീനെഹാസിന്റെ മകൻ; ഫീനെഹാസ് ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകൻ. യോനാഥാൻ അവരെ വിട്ടുപോയ കാര്യം ആരും അറിഞ്ഞിരുന്നില്ല. ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രത്തിൽ എത്തുന്നതിനായി യോനാഥാൻ കടക്കാൻ ഉദ്ദേശിച്ചിരുന്ന മലയിടുക്കിന്റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറക്കെട്ടുണ്ടായിരുന്നു. അവയിൽ ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേരായിരുന്നു. ഒരു പാറക്കെട്ടു വടക്കോട്ടു മിക്-മാസിന് അഭിമുഖമായും മറ്റേത് തെക്കോട്ട് ഗിബെയായ്ക്ക് അഭിമുഖമായും നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരൂ, പരിച്ഛേദനമേൽക്കാത്ത ഇവരുടെ സൈനികകേന്ദ്രത്തിലേക്കു നമുക്കു കടന്നുചെല്ലാം; ഒരുപക്ഷേ, യഹോവ നമുക്കുവേണ്ടി പ്രവർത്തിച്ചേക്കാം. അധികംകൊണ്ടോ അൽപ്പംകൊണ്ടോ പ്രവർത്തിക്കാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ” എന്നു പറഞ്ഞു. ആയുധവാഹകൻ അദ്ദേഹത്തോട്: “അങ്ങയുടെ ഇഷ്ടംപോലെ ചെയ്താലും! മുമ്പേ പൊയ്ക്കൊള്ളൂ; ഞാൻ അങ്ങയുടെ ഇഷ്ടപ്രകാരം പിന്നാലെതന്നെയുണ്ട്” എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ പറഞ്ഞു: “വരൂ, നമുക്കു നേരേചെന്ന് അവരുടെമുമ്പിൽ പ്രത്യക്ഷപ്പെടാം; അവർ നമ്മെ കാണട്ടെ! ‘ഞങ്ങൾ വരുന്നതുവരെ അവിടെ നിൽക്കുക,’ എന്ന് അവർ പറയുന്നപക്ഷം നമുക്കിവിടെത്തന്നെ നിൽക്കാം. അവരുടെ അടുത്തേക്കു പോകേണ്ടാ. എന്നാൽ ‘ഇങ്ങോട്ടു കയറിവരിക,’ എന്ന് അവർ പറയുന്നപക്ഷം നമുക്കു കയറിച്ചെല്ലാം. യഹോവ അവരെ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു എന്നതിനു നമുക്കുള്ള ചിഹ്നമായിരിക്കും ഇത്.” അങ്ങനെ അവരിരുവരും ഫെലിസ്ത്യരുടെ ആ കാവൽസേനാകേന്ദ്രത്തിനു തങ്ങളെത്തന്നെ കാണിച്ചു. ഉടനെ ഫെലിസ്ത്യർ വിളിച്ചുപറഞ്ഞു: “നോക്കൂ, എബ്രായർ ഒളിച്ചിരുന്ന മാളങ്ങളിൽനിന്ന് ഇതാ കയറിവരുന്നു.” സൈനികകേന്ദ്രത്തിലെ ഭടന്മാർ യോനാഥാനോടും അയാളുടെ ആയുധവാഹകനോടും “ഇവിടേക്കു കയറിവരിക, ഞങ്ങൾ ഒരു പാഠം പഠിപ്പിച്ചുതരാം,” എന്നു വിളിച്ചുപറഞ്ഞു. യോനാഥാൻ തന്റെ ആയുധവാഹകനോട്: “എന്റെ പിന്നാലെ കയറിവരൂ; യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യോനാഥാന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി. ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണുപോയി. ആയുധവാഹകൻ അവരുടെ പിൻവശത്തുനിന്ന് വന്നവരെ കൊന്നുകൊണ്ടിരുന്നു. ആദ്യ അക്രമത്തിൽത്തന്നെ ഏകദേശം അരയേക്കർ ഇടത്ത് ഇരുപതുപേരെ യോനാഥാനും ആയുധവാഹകനുംകൂടി കൊന്നുവീഴ്ത്തി. ഉടൻതന്നെ ഫെലിസ്ത്യരുടെ സകലസൈന്യത്തിന്മേലും പരിഭ്രാന്തിപിടിപെട്ടു—പാളയത്തിലും പടനിലത്തും കാവൽസേനാകേന്ദ്രത്തിലും കവർച്ചസംഘത്തിലും—വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമികുലുങ്ങി. ദൈവം അയച്ച ഒരു സംഭ്രമം ആയിരുന്നു അത്.