1 ശമൂവേൽ 10:9-13

1 ശമൂവേൽ 10:9-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു. അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവനെതിരേ വരുന്നു; ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു. അവനെ മുമ്പേ അറിഞ്ഞവരൊക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന് എന്തു സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു. അതിന് അവിടത്തുകാരിൽ ഒരുത്തൻ: ആരാകുന്നു അവരുടെ ഗുരുനാഥൻ എന്നു പറഞ്ഞു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളത് പഴഞ്ചൊല്ലായിത്തീർന്നു. അവൻ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയിൽ എത്തി.

പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക

1 ശമൂവേൽ 10:9-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശമൂവേലിന്റെ അടുക്കൽനിന്നു പോകാൻ തിരിഞ്ഞപ്പോൾ ശൗലിനു ദൈവം മറ്റൊരു ഹൃദയം നല്‌കി; ശമൂവേൽ പറഞ്ഞ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു. അവർ ഗിബെയായിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവരുടെ നേരെ വരുന്നതു കണ്ടു. അപ്പോൾ ദൈവത്തിന്റെ ആത്മാവു ശക്തമായി ശൗലിന്റെമേൽ ആവസിച്ചു. അയാളും അവരോടൊത്തു പ്രവചിച്ചു. ശൗൽ പ്രവാചകഗണത്തോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോൾ അയാളെ മുമ്പ് അറിയാവുന്നവർ: “കീശിന്റെ മകനു എന്തു സംഭവിച്ചു? ശൗലും പ്രവാചകരുടെ കൂട്ടത്തിലായോ” എന്നു അന്യോന്യം ചോദിച്ചു. തത്സമയം സ്ഥലവാസികളിൽ ഒരാൾ മറുപടി പറഞ്ഞു: “ആരാണ് അവരുടെ പിതാവ്?” അങ്ങനെ ‘ശൗലും പ്രവാചകഗണത്തിലോ?’ എന്നത് ഒരു പഴഞ്ചൊല്ലായിത്തീർന്നു. ശൗൽ പ്രവചിച്ചശേഷം പൂജാഗിരിയിൽ എത്തി.

പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക

1 ശമൂവേൽ 10:9-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം ശൗലിന് വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു. അവർ അവിടെ പർവ്വതത്തിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവനെതിരെ വരുന്നു; ദൈവത്തിന്‍റെ ആത്മാവ് ശക്തിയോടെ അവന്‍റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു. അവനെ മുമ്പേ അറിയാവുന്നവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നത് കണ്ടപ്പോൾ: “കീശിന്‍റെ മകന് എന്ത് സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ?” എന്നു ജനം തമ്മിൽതമ്മിൽ പറഞ്ഞു. അതിന് അവിടെ ഉള്ള ഒരാൾ: “ആരാകുന്നു അവരുടെ പിതാവ്?” എന്നു ചോദിച്ചു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളത് പഴഞ്ചൊല്ലായി തീർന്നു. അവൻ പ്രവചിച്ച് കഴിഞ്ഞശേഷം ഗിബെയയിൽ എത്തി.

പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക

1 ശമൂവേൽ 10:9-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു. അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു. അവനെ മുമ്പെ അറിഞ്ഞവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു. അതിന്നു അവിടത്തുകാരിൽ ഒരുത്തൻ: ആരാകുന്നു അവരുടെ ഗുരുനാഥൻ എന്നു പറഞ്ഞു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളതു പഴഞ്ചൊല്ലായി തീർന്നു. അവൻ പ്രവചിച്ചുകഴിഞ്ഞശേഷം ഗിബെയയിൽ എത്തി.

പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക

1 ശമൂവേൽ 10:9-13 സമകാലിക മലയാളവിവർത്തനം (MCV)

ശമുവേലിന്റെ അടുത്തുനിന്നു പോകാനായി ശൗൽ തിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം നൽകി. അന്നുതന്നെ ഈ ചിഹ്നങ്ങളെല്ലാം നിറവേറി. അവർ ഗിബെയയിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവർക്കെതിരേ വന്നു. ദൈവാത്മാവ് ശക്തിയോടെ ശൗലിന്മേൽ വന്ന് ആവസിച്ചു. അവരോടൊത്ത് അദ്ദേഹവും പ്രവചിച്ചു. നേരത്തേ ശൗലിനെ അറിയാവുന്നവർ അദ്ദേഹവും പ്രവാചകന്മാരോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോൾ: “കീശിന്റെ മകന് എന്തുപറ്റി? ശൗലും പ്രവാചകഗണത്തിലുണ്ടോ?” എന്നു പരസ്പരം ചോദിച്ചു. അവിടത്തുകാരിൽ ഒരാൾ അതിനു മറുപടിയായി: “ആരാണ് അവരുടെ നേതാവ്?” എന്നു ചോദിച്ചു. അങ്ങനെ “ശൗലും പ്രവാചകഗണത്തിലോ?” എന്നത് ഒരു പഴഞ്ചൊല്ലായിത്തീർന്നു. ശൗൽ പ്രവചിച്ചുതീർന്നപ്പോൾ, അദ്ദേഹം ഗിബെയയിലെ മലയിലേക്കുപോയി.

പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക