1 ശമൂവേൽ 10:1-16
1 ശമൂവേൽ 10:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ ശമൂവേൽ തൈലപാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ചു പറഞ്ഞത്: യഹോവ തന്റെ അവകാശത്തിനു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. നീ ഇന്ന് എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറയ്ക്കരികെവച്ച് രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകനുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടൂ എന്നു പറഞ്ഞ് നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്ന് അവർ നിന്നോടു പറയും. അവിടെനിന്ന് നീ മുമ്പോട്ടു ചെന്ന് താബോറിലെ കരുവേലകത്തിനരികെ എത്തുമ്പോൾ ഒരുത്തൻ മൂന്ന് ആട്ടിൻകുട്ടിയെയും വേറൊരുത്തൻ മൂന്ന് അപ്പവും വേറൊരുത്തൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ട് ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്ക് എതിർപെടും. അവർ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ട് അപ്പവും തരും; നീ അത് അവരുടെ കൈയിൽനിന്നു വാങ്ങിക്കൊള്ളേണം. അതിന്റെശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്ക് എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും. യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്റെമേൽ വന്നിട്ട് നീയും അവരോടുകൂടെ പ്രവചിക്കയും ആൾമാറിയതുപോലെ ആയിത്തീരുകയും ചെയ്യും. ഈ അടയാളങ്ങൾ നിനക്കു സംഭവിക്കുമ്പോൾ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ട്. എന്നാൽ നീ എനിക്കു മുമ്പേ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്റെ അടുക്കൽ വന്ന് നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം. ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു. അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവനെതിരേ വരുന്നു; ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു. അവനെ മുമ്പേ അറിഞ്ഞവരൊക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന് എന്തു സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു. അതിന് അവിടത്തുകാരിൽ ഒരുത്തൻ: ആരാകുന്നു അവരുടെ ഗുരുനാഥൻ എന്നു പറഞ്ഞു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളത് പഴഞ്ചൊല്ലായിത്തീർന്നു. അവൻ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയിൽ എത്തി. ശൗലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാൻ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി എന്ന് അവൻ പറഞ്ഞു. ശമൂവേൽ നിങ്ങളോടു പറഞ്ഞത് എന്നെ അറിയിക്കേണം എന്ന് ശൗലിന്റെ ഇളയപ്പൻ പറഞ്ഞു. ശൗൽ തന്റെ ഇളയപ്പനോട്: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്ന് അവൻ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞത് അവൻ അവനോട് അറിയിച്ചില്ല.
1 ശമൂവേൽ 10:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശമൂവേൽ ഒരു പാത്രം ഒലിവെണ്ണ എടുത്ത് അവന്റെ തലയിൽ ഒഴിച്ചു; അവനെ ചുംബിച്ചിട്ടു പറഞ്ഞു: “സർവേശ്വരൻ തന്റെ ജനത്തിന്റെ ഭരണകർത്താവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു; നീ സർവേശ്വരന്റെ ജനത്തെ ഭരിക്കുകയും ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് അവരെ രക്ഷിക്കുകയും ചെയ്യും. തന്റെ ജനത്തിനു രാജാവായി അവിടുന്നു നിന്നെ വാഴിച്ചിരിക്കുന്നതിന്റെ അടയാളം ഇതായിരിക്കും. ഇന്നു നീ എന്നെ വിട്ടുപോകുമ്പോൾ ബെന്യാമീന്റെ നാട്ടിലുള്ള സെൽസഹിലിൽ റാഹേലിന്റെ കല്ലറയ്‍ക്കരികിൽ വച്ചു രണ്ടാളുകളെ കാണും; ‘നീ അന്വേഷിക്കുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നും ഇപ്പോൾ കഴുതകളെക്കുറിച്ചല്ല, തന്റെ മകനുവേണ്ടി എന്തു ചെയ്യണം എന്നു വിചാരിച്ച് നിന്നെക്കുറിച്ചാണ് നിന്റെ പിതാവ് വിഷാദിച്ചിരിക്കുന്നതെന്നും’ അവർ പറയും. അവിടെനിന്നു മുമ്പോട്ടു പോകുമ്പോൾ താബോരിലെ കരുവേലകത്തിനടുത്തുവച്ചു ബേഥേലിൽ സർവേശ്വരസന്നിധിയിലേക്കു പോകുന്ന മൂന്നു പേരെ നീ കാണും. അവരിൽ ഒരാൾ മൂന്ന് ആട്ടിൻകുട്ടികളെ കൈയിലെടുത്തിരിക്കും; രണ്ടാമന്റെ കൈയിൽ മൂന്ന് അപ്പവും, മൂന്നാമന്റെ പക്കൽ ഒരു തോൽസഞ്ചി വീഞ്ഞും ഉണ്ടായിരിക്കും. അവർ നിന്നെ അഭിവാദനം ചെയ്തിട്ട് രണ്ടപ്പം നിനക്കു തരും; അതു നീ സ്വീകരിക്കണം. അതിനുശേഷം ഫെലിസ്ത്യർ പാളയമടിച്ചിരിക്കുന്ന ഗിബെയായിൽ ദൈവത്തിന്റെ പർവതത്തിൽ നീ എത്തണം; പട്ടണത്തിൽ കടക്കുമ്പോൾ വീണ, തംബുരു, കുഴൽ, കിന്നരം എന്നീ വാദ്യങ്ങളോടെ മലമുകളിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചക ഗണത്തെ നീ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും. അപ്പോൾ സർവേശ്വരന്റെ ആത്മാവ് ശക്തമായി നിന്റെമേൽ വരികയും നീ അവരോടൊത്തു പ്രവചിക്കുകയും ചെയ്യും; നീ മറ്റൊരു മനുഷ്യനായി മാറും. ഈ അടയാളങ്ങൾ കാണുമ്പോൾ യഥോചിതം പ്രവർത്തിക്കുക; ദൈവം നിന്റെ കൂടെയുണ്ട്. എനിക്കു മുമ്പേ നീ ഗില്ഗാലിലേക്കു പോകണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാൻ ഞാൻ അവിടെ വരും; ഞാൻ നിന്റെ അടുക്കൽ വന്ന് എന്തു ചെയ്യണമെന്നു പറഞ്ഞു തരുന്നതുവരെ ഏഴു ദിവസം നീ അവിടെ കാത്തിരിക്കണം.” ശമൂവേലിന്റെ അടുക്കൽനിന്നു പോകാൻ തിരിഞ്ഞപ്പോൾ ശൗലിനു ദൈവം മറ്റൊരു ഹൃദയം നല്‌കി; ശമൂവേൽ പറഞ്ഞ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു. അവർ ഗിബെയായിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവരുടെ നേരെ വരുന്നതു കണ്ടു. അപ്പോൾ ദൈവത്തിന്റെ ആത്മാവു ശക്തമായി ശൗലിന്റെമേൽ ആവസിച്ചു. അയാളും അവരോടൊത്തു പ്രവചിച്ചു. ശൗൽ പ്രവാചകഗണത്തോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോൾ അയാളെ മുമ്പ് അറിയാവുന്നവർ: “കീശിന്റെ മകനു എന്തു സംഭവിച്ചു? ശൗലും പ്രവാചകരുടെ കൂട്ടത്തിലായോ” എന്നു അന്യോന്യം ചോദിച്ചു. തത്സമയം സ്ഥലവാസികളിൽ ഒരാൾ മറുപടി പറഞ്ഞു: “ആരാണ് അവരുടെ പിതാവ്?” അങ്ങനെ ‘ശൗലും പ്രവാചകഗണത്തിലോ?’ എന്നത് ഒരു പഴഞ്ചൊല്ലായിത്തീർന്നു. ശൗൽ പ്രവചിച്ചശേഷം പൂജാഗിരിയിൽ എത്തി. ശൗലിന്റെ പിതൃസഹോദരൻ അയാളോടും ഭൃത്യനോടും: “നിങ്ങൾ എവിടെപ്പോയിരുന്നു” എന്നു ചോദിച്ചു. “കഴുതകളെ അന്വേഷിച്ചു പോയതായിരുന്നു; കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി” എന്നു ശൗൽ പറഞ്ഞു. “ശമൂവേൽ നിങ്ങളോടു എന്തു പറഞ്ഞു” എന്ന് അയാൾ ചോദിച്ചു. “കഴുതകളെ കണ്ടുകിട്ടിയ വിവരം അദ്ദേഹം ഞങ്ങളെ വ്യക്തമായി അറിയിച്ചു” എന്നു ശൗൽ പറഞ്ഞു. എന്നാൽ താൻ രാജാവാകാൻ പോകുന്നതിനെപ്പറ്റി ശമൂവേൽ പറഞ്ഞ കാര്യം ശൗൽ പിതൃസഹോദരനോടു പറഞ്ഞില്ല.
1 ശമൂവേൽ 10:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ ശമൂവേൽ ഒരു പാത്രം തൈലം എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ച് പറഞ്ഞത്: “യഹോവ തന്‍റെ അവകാശത്തിന് അധിപനായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. നീ ഇന്ന് എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്‍റെ അതിർത്തിയിലെ സെൽസഹിൽ റാഹേലിന്‍റെ കല്ലറക്കരികിൽവച്ച് രണ്ടാളുകളെ കാണും; നീ അന്വേഷിച്ചുകൊണ്ടിരുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ ഇപ്പോൾ കഴുതകളെക്കുറിച്ചല്ല: എന്‍റെ മകനു വേണ്ടി ഞാൻ എന്ത് ചെയ്യേണം? എന്നു പറഞ്ഞ്, നിങ്ങളെക്കുറിച്ച് വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോട് പറയും. “അവിടെനിന്ന് നീ മുമ്പോട്ട് ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോൾ ഒരുവൻ മൂന്നു ആട്ടിൻകുട്ടിയെയും, വേറൊരുവൻ മൂന്നു അപ്പവും, മറ്റൊരുവൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ട് ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്ക് എതിരെ വരും. അവർ നിന്നോട് കുശലം ചോദിക്കും; നിനക്ക് രണ്ടു അപ്പവും തരും; നീ അത് അവരുടെ കയ്യിൽനിന്ന് വാങ്ങിക്കൊള്ളണം. “അതിന്‍റെശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവത്തിന്‍റെ പർവ്വതത്തിൽ എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും. യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്‍റെമേൽ വരും. നീയും അവരോടുകൂടെ പ്രവചിക്കും. നീ വേറൊരു മനുഷ്യനായി മാറും. ഈ അടയാളങ്ങൾ നിനക്ക് സംഭവിക്കുമ്പോൾ നിനക്ക് ഉചിതം എന്നു തോന്നുന്നത് ചെയ്യുക; ദൈവം നിന്നോടുകൂടെ ഉണ്ട്. എന്നാൽ നീ എനിക്ക് മുമ്പെ ഗില്ഗാലിലേക്ക് പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുവാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്‍റെ അടുക്കൽവന്ന് നീ ചെയ്യേണ്ടതെന്തെന്ന് പറഞ്ഞുതരുംവരെ ഏഴു ദിവസം അവിടെ കാത്തിരിക്കേണം.” ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം ശൗലിന് വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു. അവർ അവിടെ പർവ്വതത്തിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവനെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു. അവനെ മുമ്പേ അറിയാവുന്നവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നത് കണ്ടപ്പോൾ: “കീശിന്റെ മകന് എന്ത് സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ?” എന്നു ജനം തമ്മിൽതമ്മിൽ പറഞ്ഞു. അതിന് അവിടെ ഉള്ള ഒരാൾ: “ആരാകുന്നു അവരുടെ പിതാവ്?” എന്നു ചോദിച്ചു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളത് പഴഞ്ചൊല്ലായി തീർന്നു. അവൻ പ്രവചിച്ച് കഴിഞ്ഞശേഷം ഗിബെയയിൽ എത്തി. ശൗലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: “നിങ്ങൾ എവിടെ പോയിരുന്നു?” എന്നു ചോദിച്ചു. “കഴുതകളെ അന്വേഷിക്കുവാൻ പോയിരുന്നു; അവയെ കാണാഞ്ഞതിനാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി” എന്നു അവൻ പറഞ്ഞു. “ശമൂവേൽ നിങ്ങളോട് പറഞ്ഞത് എന്നെ അറിയിക്കേണം” എന്നു ശൗലിന്റെ ഇളയപ്പൻ പറഞ്ഞു. ശൗല്‍ തന്‍റെ ഇളയപ്പനോട്: “കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവൻ ഞങ്ങളോട് വ്യക്തമായി അറിയിച്ചു” എന്നു പറഞ്ഞു. എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ച് പറഞ്ഞത് ശൗല്‍ അവനോട് അറിയിച്ചില്ല.
1 ശമൂവേൽ 10:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ ശമൂവേൽ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതു: യഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകന്നുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോടു പറയും. അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോൾ ഒരുത്തൻ മൂന്നു ആട്ടിൻകുട്ടിയെയും വേറൊരുത്തൻ മൂന്നു അപ്പവും വേറൊരുത്തൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്കു എതിർപെടും. അവർ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യിൽനിന്നു വാങ്ങിക്കൊള്ളേണം. അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പു, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും. യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും. ഈ അടയാളങ്ങൾ നിനക്കു സംഭവിക്കുമ്പോൾ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു. എന്നാൽ നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്റെ അടുക്കൽ വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം. ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു. അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു. അവനെ മുമ്പെ അറിഞ്ഞവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു. അതിന്നു അവിടത്തുകാരിൽ ഒരുത്തൻ: ആരാകുന്നു അവരുടെ ഗുരുനാഥൻ എന്നു പറഞ്ഞു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളതു പഴഞ്ചൊല്ലായി തീർന്നു. അവൻ പ്രവചിച്ചുകഴിഞ്ഞശേഷം ഗിബെയയിൽ എത്തി. ശൗലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാൻ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി എന്നു അവൻ പറഞ്ഞു. ശമൂവേൽ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൗലിന്റെ ഇളയപ്പൻ പറഞ്ഞു. ശൗൽ തന്റെ ഇളയപ്പനോടു: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവൻ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവൻ അവനോടു അറിയിച്ചില്ല.
1 ശമൂവേൽ 10:1-16 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ശമുവേൽ തൈലപാത്രമെടുത്ത് ശൗലിന്റെ തലയിൽ ഒഴിച്ചു; അവനെ ചുംബിച്ചിട്ട് അദ്ദേഹം പറഞ്ഞു: “യഹോവ തന്റെ അവകാശമായ ജനത്തിനു നായകനായി നിന്നെ അഭിഷേകംചെയ്തിരിക്കുന്നു. നീ ഇന്ന് എന്നെവിട്ടു യാത്രയാകുമ്പോൾ ബെന്യാമീൻദേശത്തിന്റെ അതിരിങ്കൽ, സെൽസഹിൽ, റാഹേലിന്റെ കല്ലറയ്ക്കരികിൽവെച്ച് രണ്ടു പുരുഷന്മാരെ കണ്ടുമുട്ടും. ‘നിങ്ങൾ തെരയുന്നതിന് പുറപ്പെട്ട കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു. ഇപ്പോൾ നിന്റെ പിതാവ് കഴുതകളുടെ കാര്യം വിട്ടിട്ട് നിങ്ങളെപ്പറ്റി ചിന്തിച്ച്, “എന്റെ മകനുവേണ്ടി ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചുകൊണ്ട് ആകുലചിത്തനായും കഴിയുന്നു,’ എന്ന് അവർ നിന്നോടു പറയും. “അവിടെനിന്ന് നീ മുമ്പോട്ടുപോയി താബോരിലെ കരുവേലകവൃക്ഷത്തിനരികെ എത്തുമ്പോൾ, ബേഥേലിൽ ദൈവസന്നിധിയിലേക്കു പോകുന്ന മൂന്നു പുരുഷന്മാരെ നീ കണ്ടുമുട്ടും. അവരിൽ ഒരാൾ മൂന്നു കോലാട്ടിൻകുട്ടികളെയും രണ്ടാമൻ മൂന്ന് അപ്പവും മൂന്നാമൻ ഒരു തുരുത്തി വീഞ്ഞും എടുത്തിട്ടുണ്ടാകും. അവർ നിന്നെ അഭിവാദ്യംചെയ്ത് രണ്ടപ്പം നിനക്കു നൽകും. അതു നീ അവരിൽനിന്ന് സ്വീകരിക്കണം. “അതിനുശേഷം നീ ദൈവത്തിന്റെ ഗിരിയായ ഗിബെയയിൽ എത്തണം. അവിടെ ഫെലിസ്ത്യരുടെ സൈനിക കാവൽത്താവളം സ്ഥിതിചെയ്യുന്നു. നീ പട്ടണത്തോടു സമീപിക്കുമ്പോൾ, മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവ വായിച്ചുകൊണ്ട് മലയിൽനിന്നിറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും. അവർ പ്രവചിച്ചുകൊണ്ടിരിക്കും. അപ്പോൾ യഹോവയുടെ ആത്മാവ് നിന്റെമേൽ ശക്തിയോടെ വന്ന് ആവസിക്കും; നീയും അവരോടൊത്തു പ്രവചിക്കും. അങ്ങനെ നീ മറ്റൊരാളായി മാറും. ഈ ചിഹ്നങ്ങളെല്ലാം നിറവേറുമ്പോൾ നിനക്കു യുക്തമെന്നു തോന്നുന്നതു ചെയ്യുക; ദൈവം നിന്നോടുകൂടെയുണ്ട്. “നീ എനിക്കുമുമ്പായി ഗിൽഗാലിലേക്കു പോകണം! ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനായി ഞാൻ തീർച്ചയായും അവിടെ നിന്റെയടുക്കൽ ഇറങ്ങിവരും. എന്നാൽ ഞാനവിടെ വന്നെത്തി നീ എന്തു ചെയ്യണം എന്നു പറയുന്നതുവരെ ഏഴുദിവസം എനിക്കായി കാത്തിരിക്കണം.” ശമുവേലിന്റെ അടുത്തുനിന്നു പോകാനായി ശൗൽ തിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം നൽകി. അന്നുതന്നെ ഈ ചിഹ്നങ്ങളെല്ലാം നിറവേറി. അവർ ഗിബെയയിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവർക്കെതിരേ വന്നു. ദൈവാത്മാവ് ശക്തിയോടെ ശൗലിന്മേൽ വന്ന് ആവസിച്ചു. അവരോടൊത്ത് അദ്ദേഹവും പ്രവചിച്ചു. നേരത്തേ ശൗലിനെ അറിയാവുന്നവർ അദ്ദേഹവും പ്രവാചകന്മാരോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോൾ: “കീശിന്റെ മകന് എന്തുപറ്റി? ശൗലും പ്രവാചകഗണത്തിലുണ്ടോ?” എന്നു പരസ്പരം ചോദിച്ചു. അവിടത്തുകാരിൽ ഒരാൾ അതിനു മറുപടിയായി: “ആരാണ് അവരുടെ നേതാവ്?” എന്നു ചോദിച്ചു. അങ്ങനെ “ശൗലും പ്രവാചകഗണത്തിലോ?” എന്നത് ഒരു പഴഞ്ചൊല്ലായിത്തീർന്നു. ശൗൽ പ്രവചിച്ചുതീർന്നപ്പോൾ, അദ്ദേഹം ഗിബെയയിലെ മലയിലേക്കുപോയി. അപ്പോൾ ശൗലിന്റെ പിതൃസഹോദരൻ ശൗലിനെയും ഭൃത്യനെയും കണ്ടിട്ട്, “നിങ്ങൾ എവിടെയായിരുന്നു?” എന്നു ചോദിച്ചു. “ഞങ്ങൾ കഴുതകളെ തെരയുകയായിരുന്നു. അവയെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ ഞങ്ങൾ ശമുവേൽ പ്രവാചകന്റെ അടുത്തുപോയി,” എന്നു ശൗൽ മറുപടി നൽകി. ശൗലിന്റെ പിതൃസഹോദരൻ: “ശമുവേൽ നിങ്ങളോടെന്തു പറഞ്ഞു? എന്നോടു പറയുക!” എന്നു പറഞ്ഞു. “കഴുതകളെ കണ്ടെത്തിയിരിക്കുന്നു എന്ന് അദ്ദേഹം ഞങ്ങളോട് ഉറപ്പായി പറഞ്ഞു” എന്ന് ശൗൽ മറുപടി പറഞ്ഞു. രാജത്വത്തെപ്പറ്റി ശമുവേൽ പറഞ്ഞതൊന്നും ശൗൽ തന്റെ പിതൃസഹോദരനെ അറിയിച്ചില്ല.