1 പത്രൊസ് 5:6-9

1 പത്രൊസ് 5:6-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട് ദൈവത്തിന്റെ ബലവത്തായ കരങ്ങൾക്ക് നിങ്ങളെത്തന്നെ കീഴ്പെടുത്തുക. എന്നാൽ അവിടുന്ന് യഥാവസരം നിങ്ങളെ ഉയർത്തും. സകല ചിന്താഭാരവും അവിടുത്തെമേൽ വച്ചുകൊള്ളുക. അവിടുന്നു നിങ്ങൾക്കുവേണ്ടി കരുതുന്നവനാണല്ലോ. നിങ്ങൾ സമചിത്തരും ജാഗരൂകരുമായിരിക്കുക. നിങ്ങളുടെ പ്രതിയോഗിയായ പിശാച് ആരെ വിഴുങ്ങണം എന്നുവച്ച് അലറുന്ന സിംഹത്തെപ്പോലെ ചുറ്റിത്തിരിയുന്നു. ലോകത്തെങ്ങുമുള്ള സഹോദരവർഗം ഇതേ പീഡാനുഭവങ്ങളിലൂടെയാണു കടന്നുപോകുന്നത്. അതുകൊണ്ട് വിശ്വാസത്തിൽ ഉറച്ചുനിന്ന് നിങ്ങളുടെ പ്രതിയോഗിയെ ചെറുക്കുക.

1 പത്രൊസ് 5:6-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതുകൊണ്ട് ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴ് താണിരിപ്പിൻ; അങ്ങനെ എങ്കിൽ അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തും. ദൈവം നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെമേൽ ഇട്ടുകൊൾവിൻ. ആത്മനിയന്ത്രണമുള്ളവർ ആയിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റി നടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള വിശ്വാസസഹോദരവർഗ്ഗത്തിന് ആ വക കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു എന്നറിയുവിൻ. വിശ്വാസത്തിൽ സ്ഥിരതയുള്ളവരായി അവനോട് എതിർത്ത് നില്പിൻ.

1 പത്രൊസ് 5:6-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ. നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.

1 പത്രൊസ് 5:6-9 സമകാലിക മലയാളവിവർത്തനം (MCV)

അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക. ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു. വിശ്വാസത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അവനെ ശക്തിയുക്തം എതിർക്കുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹോദരസമൂഹം ഇതേ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നുള്ള കാര്യം നിങ്ങളും അറിയുക.

1 പത്രൊസ് 5:6-9

1 പത്രൊസ് 5:6-9 MALOVBSI1 പത്രൊസ് 5:6-9 MALOVBSI