1 പത്രൊസ് 4:7-14
1 പത്രൊസ് 4:7-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർഥനയ്ക്കു സുബോധമുള്ളവരും നിർമദരുമായിരിപ്പിൻ. സകലത്തിനും മുമ്പേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു. പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ. ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ. ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്ത്വപ്പെടുവാൻ ഇടവരട്ടെ. മഹത്ത്വവും ബലവും എന്നെന്നേക്കും അവനുള്ളത്. ആമേൻ. പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം നിങ്ങൾക്കു വന്നു കൂടി എന്നുവച്ച് അതിശയിച്ചു പോകരുത്. ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും. ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.
1 പത്രൊസ് 4:7-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാറ്റിന്റെയും അന്ത്യം അടുത്തിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ സമചിത്തരും ജാഗരൂകരുമായി പ്രാർഥനയിൽ മുഴുകുക. എല്ലാറ്റിനും ഉപരി, നിങ്ങൾ പരസ്പരം ഉറ്റ സ്നേഹം ഉള്ളവരായിരിക്കണം. എന്തുകൊണ്ടെന്നാൽ സ്നേഹം പാപങ്ങളുടെ ബഹുലതയെ മറയ്‍ക്കുന്നു. പിറുപിറുപ്പുകൂടാതെ നിങ്ങൾ അന്യോന്യം സൽക്കരിക്കുക. ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന വരദാനമനുസരിച്ച് വൈവിധ്യമാർന്ന ദൈവകൃപയുടെ ഉത്തമകാര്യസ്ഥന്മാർ എന്ന നിലയിൽ അന്യോന്യം ശുശ്രൂഷ ചെയ്യണം. പ്രസംഗിക്കുന്നത് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുന്നതുപോലെ ആയിരിക്കട്ടെ; ശുശ്രൂഷിക്കുന്നത് ദൈവം നല്കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആയിരിക്കണം. അങ്ങനെ എല്ലാറ്റിലും യേശുക്രിസ്തുവിലൂടെ ദൈവം വാഴ്ത്തപ്പെടുവാൻ ഇടയാകട്ടെ. മഹത്ത്വവും അധികാരവും എന്നും എന്നേക്കും അവിടുത്തേക്കുള്ളത്, ആമേൻ. പ്രിയപ്പെട്ടവരേ, നിങ്ങളെ ശോധന ചെയ്യുന്ന അഗ്നിപരീക്ഷണം ഒരു അപൂർവ കാര്യം എന്നു കരുതി വിസ്മയിക്കരുത്. ക്രിസ്തുവിന്റെ പീഡനങ്ങളിൽ പങ്കാളികളാകുന്തോറും നിങ്ങൾ ആനന്ദിക്കുക. അവിടുത്തെ തേജസ്സിന്റെ പ്രത്യക്ഷതയിൽ നിങ്ങൾ ആനന്ദിച്ച് ഉല്ലസിക്കുവാൻ ഇടവരും. ക്രിസ്തുവിന്റെ നാമം നിമിത്തം നിങ്ങൾ നിന്ദിക്കപ്പെടുന്നുവെങ്കിൽ, നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാകുന്നു. കാരണം, മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടേമേൽ ആവസിക്കുന്നു.
1 പത്രൊസ് 4:7-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ എല്ലാറ്റിൻ്റേയും അവസാനം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് പ്രാർത്ഥനയ്ക്കുവേണ്ടി സുബോധമുള്ളവരും ആത്മനിയന്ത്രണമുള്ളവരും ആയിരിപ്പിൻ. സകലത്തിനും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിക്കുവിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു. പരാതിപ്പെടാതെ പരസ്പരം അതിഥിസൽക്കാരം ആചരിപ്പിൻ. ഓരോരുത്തർക്കും വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപാവരങ്ങളുടെ നല്ല ഗൃഹവിചാരകന്മാരായി അവയെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ. ഒരുവൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുവൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിയ്ക്ക് ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തു മൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവനുള്ളത് ആമേൻ. പ്രിയമുള്ളവരേ, നിങ്ങൾക്ക് പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം സംഭവിച്ചു എന്നതിനാൽ അതിശയിച്ചുപോകരുത്. ക്രിസ്തുവിന്‍റെ കഷ്ടങ്ങളിൽ എത്രത്തോളം പങ്കുള്ളവരാകുമോ അത്രത്തോളം സന്തോഷിച്ചു കൊൾവിൻ. അങ്ങനെ നിങ്ങൾ അവന്‍റെ തേജസ്സിൻ്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിക്കുവാൻ ഇടവരും. ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.
1 പത്രൊസ് 4:7-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ. സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു. പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ. ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ. ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ. പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു. ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും. ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.
1 പത്രൊസ് 4:7-14 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, സകലത്തിന്റെയും അന്ത്യം ആസന്നമായിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥനയിൽ സമചിത്തതയും ജാഗ്രതയും പുലർത്തുക. സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു. പരാതികൂടാതെ പരസ്പരം ആതിഥ്യമര്യാദ കാണിക്കുക. ദൈവത്തിൽനിന്നു ലഭിച്ച വിവിധ കൃപാദാനങ്ങളുടെ നല്ല കാര്യസ്ഥരായി ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനങ്ങൾ മറ്റുള്ളവരെ സേവിക്കുന്നതിനായി ഉപയോഗിക്കുക. പ്രസംഗിക്കുന്നയാൾ ദൈവത്തിന്റെ അരുളപ്പാടുകൾ പ്രസ്താവിക്കട്ടെ. ശുശ്രൂഷിക്കുന്നയാൾ ദൈവം നൽകിയ ശക്തിക്കനുസൃതമായി അതു ചെയ്യട്ടെ. അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ നാമം എല്ലാവിധത്തിലും മഹത്ത്വപ്പെടട്ടെ. അവിടത്തേക്ക് മഹത്ത്വവും അധികാരവും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ. ആമേൻ. പ്രിയരേ, നിങ്ങളുടെ മാറ്റുരയ്ക്കുന്ന അഗ്നിപരീക്ഷകൾ നേരിടുമ്പോൾ അസാധാരണമായത് എന്തോ സംഭവിച്ചു എന്നതുപോലെ അത്ഭുതപ്പെടരുത്; ക്രിസ്തുവിന്റെ കഷ്ടതകളിൽ നിങ്ങൾ പങ്കാളികളാകുന്നതിൽ ആനന്ദിക്കുകയാണ് വേണ്ടത്. അങ്ങനെ അവിടത്തെ മഹത്ത്വം വെളിപ്പെടുമ്പോൾ നിങ്ങൾക്ക് അത്യധികം ആനന്ദിക്കാൻ സാധിക്കും. നിങ്ങൾ ക്രിസ്തുവിന്റെ നാമംമൂലം അവഹേളിക്കപ്പെടുന്നെങ്കിൽ, അനുഗ്രഹിക്കപ്പെട്ടവരാണ്. കാരണം, മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ അധിവസിക്കുന്നു.