1 പത്രൊസ് 4:1-7
1 പത്രൊസ് 4:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവംതന്നെ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനത്രേ ജീവിക്കേണ്ടതിനു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി. ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നത് അപൂർവം എന്നുവച്ച് അവർ ദുഷിക്കുന്നു. ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന് അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. ഇതിനായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചത്. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവു സംബന്ധമായി ദൈവത്തിനൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിനുതന്നെ. എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർഥനയ്ക്കു സുബോധമുള്ളവരും നിർമദരുമായിരിപ്പിൻ.
1 പത്രൊസ് 4:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തു കായികമായ പീഡനം സഹിച്ചതുകൊണ്ട് നിങ്ങളും അവിടുത്തെ മനോഭാവം തന്നെ ആയുധമായി ധരിച്ചുകൊള്ളുക. ശരീരത്തിൽ പീഡനം സഹിച്ച ഏതൊരുവനും പാപത്തോടുള്ള ബന്ധം വിട്ടിരിക്കും. ഇനി അവശേഷിച്ച ജീവിതകാലം മാനുഷികമായ വികാരങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനുതന്നെ വിധേയരായി ജീവിക്കേണ്ടതാണ്. വിജാതീയർ ചെയ്യുന്നതുപോലെ കാമാസക്തിയിലും വികാരാവേശത്തിലും മദ്യലഹരിയിലും മദോന്മത്തതയിലും ധർമവിരുദ്ധമായ വിഗ്രഹാരാധനയിലും മുഴുകി കാലം പോക്കിയതു മതി. തങ്ങളുടെ അനിയന്ത്രിതമായ ദുർവൃത്തികളിൽ നിങ്ങൾ പങ്കുചേരാത്തതിൽ അവർ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു. എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാനിരിക്കുന്നവന്റെ മുമ്പിൽ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. ഇതിനായിട്ടാണല്ലോ മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിച്ചത്. അവർ ശാരീരികമായി മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും, ദൈവത്തെപ്പോലെ ആത്മാവിൽ ജീവിക്കേണ്ടതിനുതന്നെ. എല്ലാറ്റിന്റെയും അന്ത്യം അടുത്തിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ സമചിത്തരും ജാഗരൂകരുമായി പ്രാർഥനയിൽ മുഴുകുക.
1 പത്രൊസ് 4:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ട് നിങ്ങളും ആ മനോഭാവം തന്നെ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനത്രേ ജീവിക്കുന്നത്. ഭോഗേച്ഛകളിലും, കാമവികാരങ്ങളിലും, മദ്യപാനത്തിലും, മദോന്മത്തതയിലും, അറപ്പുളവാക്കുന്ന വിഗ്രഹാരാധനയിലും നടന്ന് മറ്റ് ജനതകളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ട് സമയം പാഴാക്കിയത് മതി. ഈ വക കാര്യങ്ങൾ അവരോടൊപ്പം ചേർന്ന് നിങ്ങൾ ചെയ്യാത്തത് അപൂർവകാര്യം എന്നുചിന്തിച്ച് അവർ നിങ്ങൾക്ക് എതിരെ ദൂഷണം പറയുന്നു. ജീവനുള്ളവരെയും മരിച്ചവരേയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്ന ദൈവത്തിന് അവർ കണക്ക് ബോധിപ്പിക്കേണ്ടിവരും. ഈ ലക്ഷ്യത്തോടെയല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചത്. അവർ ജഡസംബന്ധമായി മനുഷ്യരേപ്പോലെ വിധിക്കപ്പെടുകയും ആത്മാവ് സംബന്ധമായി ദൈവത്തിനൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന് തന്നെ. എന്നാൽ എല്ലാറ്റിൻ്റേയും അവസാനം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് പ്രാർത്ഥനയ്ക്കുവേണ്ടി സുബോധമുള്ളവരും ആത്മനിയന്ത്രണമുള്ളവരും ആയിരിപ്പിൻ.
1 പത്രൊസ് 4:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി. ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നതു അപൂർവ്വം എന്നുവെച്ചു അവർ ദുഷിക്കുന്നു. ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന്നു അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ. എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.
1 പത്രൊസ് 4:1-7 സമകാലിക മലയാളവിവർത്തനം (MCV)
ക്രിസ്തു ശരീരത്തിൽ കഷ്ടം സഹിച്ചതിനാൽ നിങ്ങളും അതുപോലെതന്നെ കഷ്ടം സഹിക്കാൻ സന്നദ്ധരായിരിക്കുക. കാരണം, ശാരീരിക കഷ്ടതകൾ പാപത്തിന് തടയിടുന്നു. തത്ഫലമായി ശാരീരിക കഷ്ടത അനുഭവിക്കുന്ന വ്യക്തി, പാപകരമായ മാനുഷികമോഹങ്ങൾ പൂർത്തീകരിക്കാനല്ല, മറിച്ച്, ശിഷ്ടായുസ്സ് ദൈവഹിതം അന്വേഷിക്കുന്നയാളായി ജീവിക്കും. കഴിഞ്ഞകാലങ്ങളിൽ, യെഹൂദേതരർ ഇഷ്ടപ്പെട്ടതും അവർ അനുവർത്തിച്ചുവന്നതുമായ, കുത്തഴിഞ്ഞ ജീവിതരീതി, ദുർമോഹം, മദ്യപാനം, മദിരോത്സവം, കൂത്താട്ടം, നിഷിദ്ധമായ വിഗ്രഹാരാധന തുടങ്ങിയവയിൽ നിങ്ങൾ ജീവിച്ചിരുന്നു. അവരുടെ അപരിഷ്കൃതവും നാശകരവുമായ ചര്യകളിൽ നിങ്ങൾ അവരോടൊപ്പം പങ്കു ചേരാത്തതിൽ അവർ അത്ഭുതപ്പെടുകയും നിങ്ങളെ ദുഷിക്കുകയുംചെയ്യുന്നു. എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ തയ്യാറായിരിക്കുന്ന ദൈവത്തിനുമുമ്പാകെ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ടാണ് ഇപ്പോൾ മൃതാവസ്ഥയിലിരിക്കുന്നവരോടും സുവിശേഷം പ്രസംഗിച്ചത്. അവർ സകലമനുഷ്യരെയുംപോലെ മരണത്തിന് വിധിക്കപ്പെടുന്നവരെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നു. എന്നാൽ, സകലത്തിന്റെയും അന്ത്യം ആസന്നമായിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥനയിൽ സമചിത്തതയും ജാഗ്രതയും പുലർത്തുക.