1 പത്രൊസ് 3:8-16

1 പത്രൊസ് 3:8-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

തീർച്ചയ്ക്ക് എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ. ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിനു വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ. “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാൺമാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. കർത്താവിന്റെ കണ്ണ് നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ? നീതി നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുത്; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിനു നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ.

1 പത്രൊസ് 3:8-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ചുരുക്കത്തിൽ നിങ്ങൾക്കെല്ലാവർക്കും ഐകമത്യവും, സഹതാപവും, സഹോദരസ്നേഹവും, മനസ്സലിവും, വിനയവും ഉണ്ടായിരിക്കണം. തിന്മയ്‍ക്കു തിന്മയും, അധിക്ഷേപത്തിന് അധിക്ഷേപവും പകരം ചെയ്യാതെ അനുഗ്രഹിക്കുകയാണു വേണ്ടത്. നിങ്ങൾ ഇതുമൂലം അനുഗ്രഹം പ്രാപിക്കേണ്ടതിനു വിളിക്കപ്പെട്ടവരാണല്ലോ. സൗഭാഗ്യജീവിതം വാഞ്ഛിക്കുകയും സന്തോഷം നല്‌കുന്ന ദിവസങ്ങൾ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവൻ തിന്മയിൽനിന്നു തന്റെ നാവിനെയും വഞ്ചന സംസാരിക്കുന്നതിൽനിന്നു തന്റെ അധരങ്ങളെയും കാത്തു സൂക്ഷിക്കട്ടെ. അവൻ തിന്മ വിട്ടകന്ന് നന്മ പ്രവർത്തിക്കട്ടെ; സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. എന്തെന്നാൽ സർവേശ്വരൻ നീതിമാന്മാരെ കടാക്ഷിക്കുന്നു; അവരുടെ പ്രാർഥന ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ തിന്മ പ്രവർത്തിക്കുന്നവർക്ക് അവിടുന്ന് എതിരായിരിക്കും. നന്മ ചെയ്യുന്നതിൽ നിങ്ങൾ ഉത്സുകരാണെങ്കിൽ ആരു നിങ്ങളെ ദ്രോഹിക്കും? എന്നാൽ നീതി നിമിത്തം കഷ്ടത സഹിക്കേണ്ടി വന്നാൽത്തന്നെയും നിങ്ങൾ ഭാഗ്യവാന്മാർ! നിങ്ങൾ ആരെയും ഭയപ്പെടേണ്ടാ; അസ്വസ്ഥചിത്തരാകുകയും വേണ്ടാ. നിങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ പരമനാഥനായി ആരാധിക്കുക. നിങ്ങൾക്കുള്ള പ്രത്യാശയെക്കുറിച്ച് ചോദ്യം ചെയ്യുന്നവരോട് സൗമ്യതയോടും ആദരത്തോടും കൂടി പ്രതിവാദം നടത്തുവാൻ സന്നദ്ധരായിരിക്കുക. ക്രിസ്തുവിന്റെ അനുയായികളായ നിങ്ങളുടെ സൽപ്രവൃത്തിയെ ദുഷിക്കുകയും നിങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നവർ ലജ്ജിച്ചുപോകത്തക്കവിധം നിങ്ങൾ നിർമ്മല മനസ്സാക്ഷിയുള്ളവരായിരിക്കണം.

1 പത്രൊസ് 3:8-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഒടുവിൽ എല്ലാവരോടും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയവുമുള്ളവരായിരിപ്പിൻ. ദോഷത്തിന് ദോഷവും ശകാരത്തിന് ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ. “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്‍റെ നാവിനേയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. അവൻ ദോഷം വിട്ടകന്ന് ഗുണം ചെയ്കയും സമാധാനം അന്വേഷിച്ച് പിന്തുടരുകയും ചെയ്യട്ടെ. കർത്താവിന്‍റെ കണ്ണ് നീതിമാന്മാരുടെമേലും അവന്‍റെ ചെവി അവരുടെ പ്രാർത്ഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്‍റെ മുഖം ദുഷ്പ്രവൃത്തിക്കാർക്ക് പ്രതികൂലമായിരിക്കുന്നു.” നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്ക് ദോഷം ചെയ്യുന്നവൻ ആർ? നീതിനിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ അനുഗ്രഹീതർ. അവർ ഭയപ്പെടുന്നതിനെ ഭയപ്പെടുകയും, കലങ്ങുകയുമരുത്; പകരം ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയങ്ങളിൽ വേർതിരിപ്പിൻ. നിങ്ങൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നത് എന്ത് എന്നു ചോദിക്കുന്ന ഏവരോടും സൗമ്യതയോടും ബഹുമാനത്തോടുംകൂടി മറുപടി പറയുവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല ജീവിതത്തെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ച് പറയുന്നതിൽ ലജ്ജിക്കേണ്ടതിന് നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.

1 പത്രൊസ് 3:8-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

തീർച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ. “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ? നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.

1 പത്രൊസ് 3:8-16 സമകാലിക മലയാളവിവർത്തനം (MCV)

സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക. തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. “ജീവനെ സ്നേഹിക്കുകയും ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ അവരുടെ നാവിനെ തിന്മയിൽനിന്നും അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക. തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക. കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു, എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.” നിങ്ങൾ നന്മചെയ്യാൻ വ്യഗ്രരാണെങ്കിൽ ആര് നിങ്ങളെ ഉപദ്രവിക്കും? നന്മ ചെയ്തിട്ടും കഷ്ടം സഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. “നിങ്ങളെ ഉപദ്രവിക്കുന്നവരുടെ ഭീഷണികൾ ഭയപ്പെടരുത്, അത് ഓർത്ത് വിഷണ്ണരാകരുത്.” നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ കർത്താവായി പ്രതിഷ്ഠിക്കൂ. നിങ്ങൾക്കുള്ള പ്രത്യാശയെ ആരെങ്കിലും ചോദ്യംചെയ്താൽ മാന്യതയോടും ബഹുമാനത്തോടും അതിന് പ്രതിവദിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം. നല്ല മനസ്സാക്ഷി ഉള്ളവരായിരിക്കുക; അങ്ങനെയെങ്കിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് അപവാദം പറയുന്നവർ ലജ്ജിതരായിപ്പോകും.