1 പത്രൊസ് 3:13-22

1 പത്രൊസ് 3:13-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ? നീതി നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുത്; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിനു നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ. നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നത് ഏറ്റവും നന്ന്. ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിനു നീതിമാനായി നീതികെട്ടവർക്കുവേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏല്ക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു. ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു. ആ പെട്ടകത്തിൽ അല്പ ജനം, എന്നുവച്ചാൽ എട്ടു പേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന് ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. അവൻ സ്വർഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പെട്ടുമിരിക്കുന്നു.

1 പത്രൊസ് 3:13-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നന്മ ചെയ്യുന്നതിൽ നിങ്ങൾ ഉത്സുകരാണെങ്കിൽ ആരു നിങ്ങളെ ദ്രോഹിക്കും? എന്നാൽ നീതി നിമിത്തം കഷ്ടത സഹിക്കേണ്ടി വന്നാൽത്തന്നെയും നിങ്ങൾ ഭാഗ്യവാന്മാർ! നിങ്ങൾ ആരെയും ഭയപ്പെടേണ്ടാ; അസ്വസ്ഥചിത്തരാകുകയും വേണ്ടാ. നിങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ പരമനാഥനായി ആരാധിക്കുക. നിങ്ങൾക്കുള്ള പ്രത്യാശയെക്കുറിച്ച് ചോദ്യം ചെയ്യുന്നവരോട് സൗമ്യതയോടും ആദരത്തോടും കൂടി പ്രതിവാദം നടത്തുവാൻ സന്നദ്ധരായിരിക്കുക. ക്രിസ്തുവിന്റെ അനുയായികളായ നിങ്ങളുടെ സൽപ്രവൃത്തിയെ ദുഷിക്കുകയും നിങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നവർ ലജ്ജിച്ചുപോകത്തക്കവിധം നിങ്ങൾ നിർമ്മല മനസ്സാക്ഷിയുള്ളവരായിരിക്കണം. നിങ്ങൾ നന്മ ചെയ്യുന്നതുമൂലം കഷ്ടത സഹിക്കുന്നതു ദൈവഹിതമാണെങ്കിൽ, തിന്മ ചെയ്തിട്ടു കഷ്ടത സഹിക്കുന്നതിനെക്കാൾ നല്ലതാണ് അത്. ക്രിസ്തുവും എല്ലാവരുടെയും പാപങ്ങൾക്കുവേണ്ടി ഒരിക്കൽമാത്രം മരിച്ചു; നമ്മെ ദൈവത്തിങ്കലേക്കു നയിക്കുന്നതിന് നീതികെട്ടവർക്കുവേണ്ടി നീതിമാൻ ശരീരത്തിൽ മരണശിക്ഷ ഏല്‌ക്കുകയും ആത്മാവിൽ ഉയിർപ്പിക്കപ്പെടുകയും ചെയ്തു; ആ അവസ്ഥയിൽ അവിടുന്ന് തടവിൽ കിടന്നിരുന്ന ആത്മാക്കളോടു പ്രസംഗിച്ചു. പ്രളയത്തിനുമുമ്പ്, ദൈവം ക്ഷമയോടെ കാത്തിരുന്ന കാലത്ത് അനുസരിക്കാതിരുന്നവരാണ് അവർ. നോഹ കപ്പൽ നിർമിക്കുകയും വളരെ കുറച്ചുപേർ, അതായത് എട്ടു പേർ മാത്രം, പ്രളയത്തിൽനിന്നു രക്ഷപെടുകയും ചെയ്തു. അവർ വെള്ളത്തിലൂടെ രക്ഷപ്രാപിച്ചതിനു സമാനമാകുന്നു സ്നാപനം; അത് പുറമേയുള്ള അഴുക്കു കഴുകിക്കളയുന്നതിന് ഉള്ളതല്ല, പിന്നെയോ, യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ഒരു നല്ല മനസ്സാക്ഷിക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷ എന്ന നിലയിൽ ഇപ്പോൾ നിങ്ങളെ രക്ഷിക്കുന്നു. യേശുക്രിസ്തു സ്വർഗാരോഹണം ചെയ്ത്, ദൂതന്മാർക്കും അധികാരങ്ങൾക്കും ശക്തികൾക്കും അധീശനായി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു.

1 പത്രൊസ് 3:13-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്ക് ദോഷം ചെയ്യുന്നവൻ ആർ? നീതിനിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ അനുഗ്രഹീതർ. അവർ ഭയപ്പെടുന്നതിനെ ഭയപ്പെടുകയും, കലങ്ങുകയുമരുത്; പകരം ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയങ്ങളിൽ വേർതിരിപ്പിൻ. നിങ്ങൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നത് എന്ത് എന്നു ചോദിക്കുന്ന ഏവരോടും സൗമ്യതയോടും ബഹുമാനത്തോടുംകൂടി മറുപടി പറയുവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല ജീവിതത്തെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ച് പറയുന്നതിൽ ലജ്ജിക്കേണ്ടതിന് നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ. നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവം ഇച്ഛിക്കുന്നു എങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ട് സഹിക്കുന്നത് ഏറ്റവും നന്ന്. നീതിമാനായ ക്രിസ്തുവും ഒരിക്കൽ നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് നമ്മുടെ പാപംനിമിത്തം കഷ്ടം അനുഭവിക്കുകയും, ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു. ആത്മാവിൽ അവൻ ചെന്നു, പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോട് പ്രസംഗിച്ചു. ആ പെട്ടകത്തിൽ കുറച്ച് ജനം, എന്നുവച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷപ്രാപിച്ചു. അത് സ്നാനത്തിന് ഒരു പ്രതീകം. സ്നാനമോ ഇപ്പോൾ ശരീരത്തിന്‍റെ അഴുക്ക് നീക്കുന്നതിനായിട്ടല്ല, ദൈവത്തോട് നല്ല മനസ്സാക്ഷിയ്ക്കായുള്ള അപേക്ഷയത്രെ. അത് മുഖാന്തരം യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലൂടെ നാം രക്ഷപ്രാപിക്കുന്നു. അവൻ സ്വർഗ്ഗത്തിലേക്ക് പോയി ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പെട്ടുമിരിക്കുന്നു.

1 പത്രൊസ് 3:13-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ? നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ. നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു. ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു. ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു. ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.

1 പത്രൊസ് 3:13-22 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ നന്മചെയ്യാൻ വ്യഗ്രരാണെങ്കിൽ ആര് നിങ്ങളെ ഉപദ്രവിക്കും? നന്മ ചെയ്തിട്ടും കഷ്ടം സഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. “നിങ്ങളെ ഉപദ്രവിക്കുന്നവരുടെ ഭീഷണികൾ ഭയപ്പെടരുത്, അത് ഓർത്ത് വിഷണ്ണരാകരുത്.” നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ കർത്താവായി പ്രതിഷ്ഠിക്കൂ. നിങ്ങൾക്കുള്ള പ്രത്യാശയെ ആരെങ്കിലും ചോദ്യംചെയ്താൽ മാന്യതയോടും ബഹുമാനത്തോടും അതിന് പ്രതിവദിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം. നല്ല മനസ്സാക്ഷി ഉള്ളവരായിരിക്കുക; അങ്ങനെയെങ്കിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് അപവാദം പറയുന്നവർ ലജ്ജിതരായിപ്പോകും. നിങ്ങൾ കഷ്ടത സഹിക്കുന്നതു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടു സഹിക്കുന്നതിനെക്കാൾ, നന്മ ചെയ്തിട്ടു സഹിക്കുന്നതാണ് ഉത്തമം. അതുപോലെ നീതിമാനായ ക്രിസ്തു, നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന്, ഒരിക്കലായി നമ്മുടെ പാപംനിമിത്തം കഷ്ടത അനുഭവിച്ചു. അവിടന്ന് ശരീരത്തിൽ വധിക്കപ്പെട്ടുവെങ്കിലും ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു. ആത്മാവിൽ അവിടന്ന് ചെന്ന് തടവറയിലെ ആത്മാക്കളോടു പ്രസംഗിച്ചു. അവരാകട്ടെ, മുമ്പ് നോഹയുടെ കാലത്ത്, പെട്ടകം നിർമിച്ചു കൊണ്ടിരുന്നപ്പോൾ ദൈവം ദീർഘക്ഷമയോടെ കാത്തിരുന്നിട്ടും ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചവരാണ്. പെട്ടകത്തിന്റെ പണി പൂർത്തീകരിച്ചശേഷം, കുറച്ചുപേർ, എട്ടുപേർമാത്രം, പെട്ടകത്തിലൂടെ പ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു. ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോടു നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്. അവിടന്ന് സ്വർഗാരോഹണംചെയ്ത് ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും ക്രിസ്തുവിന് അധീനമായിരിക്കുന്നു.

1 പത്രൊസ് 3:13-22

1 പത്രൊസ് 3:13-22 MALOVBSI1 പത്രൊസ് 3:13-22 MALOVBSI