1 പത്രൊസ് 3:1-6

1 പത്രൊസ് 3:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൗമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻതന്നെ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ട് ദൈവത്തിൽ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നെ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നത്. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ച് അനുസരിച്ചിരുന്നു; നന്മ ചെയ്ത് യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു.

1 പത്രൊസ് 3:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഭാര്യാമാരേ, ഭർത്താക്കന്മാർക്ക് നിങ്ങൾ വിധേയരായിരിക്കുക. അവരിൽ ദൈവവചനം അനുസരിക്കാത്തവർ ഉണ്ടെങ്കിൽ, പതിഭക്തിയോടും സ്വഭാവനൈർമ്മല്യത്തോടുംകൂടി അവരോടു പെരുമാറുക. ഒന്നും പറയാതെതന്നെ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടിയെടുക്കുവാൻ കഴിയും. പിന്നിയ മുടി, സ്വർണാഭരണം, മോടിയുള്ള വസ്ത്രം തുടങ്ങി ബാഹ്യമായ ഒന്നുമല്ല നിങ്ങളുടെ യഥാർഥഭൂഷണം. സൗമ്യവും പ്രശാന്തവുമായ മനസ്സ് എന്ന അനശ്വരരത്നം ധരിക്കുന്ന അന്തരാത്മാവ് ആയിരിക്കട്ടെ നിങ്ങളുടെ അലങ്കാരം. ദൈവത്തിന്റെ ദൃഷ്‍ടിയിൽ വിലയുള്ളതായി കരുതപ്പെടുന്നത് അതാണ്. ദൈവത്തിൽ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്‍ത്രീകൾ മുൻകാലത്ത് ഇപ്രകാരമാണല്ലോ തങ്ങളെത്തന്നെ അലങ്കരിച്ച് ഭർത്താക്കന്മാർക്കു വിധേയരായിരുന്നത്. സാറാ അബ്രഹാമിനെ നാഥാ എന്നു വിളിച്ച് അദ്ദേഹത്തിനു കീഴ്പെട്ടിരുന്നല്ലോ. ഭീഷണി ഒന്നും ഭയപ്പെടാതെ നന്മ പ്രവർത്തിക്കുന്നതുകൊണ്ട് നിങ്ങൾ സാറായുടെ സന്തതികളായിത്തീരുന്നു.

1 പത്രൊസ് 3:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതുപോലെ, ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ പെരുമാറ്റം കണ്ടറിഞ്ഞ് വചനം കൂടാതെ ഭാര്യമാരുടെ പെരുമാറ്റത്താൽ അവരെ നേടിയെടുക്കുവാൻ ഇടയാകും. നിങ്ങളുടെ അലങ്കാരമാക്കേണ്ടത് തലമുടി പിന്നുന്നതും, പൊന്നണിയുന്നതും, മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, മറിച്ച് സൗമ്യതയും പ്രശാന്തവുമായ മനസ്സ് എന്ന നശിക്കാത്ത ആഭരണമായ അന്തരാത്മാവ് തന്നെ ആയിരിക്കട്ടെ; അത് ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ട് ദൈവത്തിൽ പ്രത്യാശ വച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നെ അലങ്കരിച്ച് തങ്ങളുടെ സ്വന്തം ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരുന്നത്. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ച് അനുസരിച്ചിരുന്നു; നന്മ ചെയ്യുകയും, യാതൊരുവിധ ബുദ്ധിമുട്ടുകളേയും ഭയപ്പെടാതെയും ഇരുന്നാൽ നിങ്ങളും അവളുടെ മക്കൾ ആയിത്തീരുന്നു.

1 പത്രൊസ് 3:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൗമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നതു. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു.

1 പത്രൊസ് 3:1-6 സമകാലിക മലയാളവിവർത്തനം (MCV)

ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക. വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും. വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം; പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം. ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്. സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.